കൊച്ചി പുറംകടലിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് തുറമുഖത്ത് എത്തിച്ചപ്പോൾ(ഇടത്ത്) അറസ്റ്റിലായ വിദേശി (വലത്ത്) ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ/മാതൃഭൂമി
പുറംകടലില്‍ കപ്പലില്‍നിന്ന് പിടിച്ചെടുത്തത് 2525 കിലോ മെത്താഫിറ്റമിന്‍, പിടിയിലായത് ഒരു വിദേശി. രാജ്യം ഞെട്ടിയ 25,000 കോടി രൂപയുടെ ലഹരിമരുന്ന് വേട്ട നടന്നിട്ട് രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.)യുടെ അന്വേഷണം തുടരുകയാണ്. പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ വിവരങ്ങള്‍ പൂര്‍ണമല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചതും അപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചതും ചില ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കിയെങ്കിലും ഒടുവില്‍ പ്രതിയെ അഞ്ചു ദിവസത്തേക്കാണ് എന്‍.സി.ബി. കസ്റ്റഡിയില്‍ കിട്ടിയിട്ടുള്ളത്. കേസിലെ പ്രതിയായ സുബൈര്‍ ദെരക്ഷാന്‍ദേയെ വിശദമായി ചോദ്യംചെയ്യുന്നതോടെ അന്താരാഷ്ട്ര ലഹരിക്കടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍.സി.ബിയുടെ പ്രതീക്ഷ. പക്ഷേ, ഇയാള്‍ പാക് പൗരനാണോ അതോ ഇറാന്‍ സ്വദേശിയാണോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല. മാത്രമല്ല, പിടിയിലായ സുബൈര്‍ ഒരു കാരിയര്‍ മാത്രമാണെന്നതും അന്വേഷണത്തില്‍ വെല്ലുവിളിയാകുമെന്നാണ് സൂചന. കപ്പല്‍ പിടിച്ചെടുത്തത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്തുവെച്ചാണെങ്കില്‍ അതും കേസില്‍ തിരിച്ചടിയാകുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും എവിടെവെച്ചാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് എന്‍.സി.ബി. വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളൂവെന്നായിരുന്നു എന്‍.സി.ബി. അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നത്.
വന്‍ലഹരിവേട്ട, 25,000 കോടി രൂപ മൂല്യം
അറബിക്കടലില്‍ നാവികസേന കപ്പല്‍ വളഞ്ഞ് നടത്തിയ ലഹരിവേട്ടയെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത് മേയ് 13-ന് വൈകീട്ടോടെയായിരുന്നു. കപ്പലില്‍ കടത്തുകയായിരുന്ന 15,000 കോടിയിലേറെ രൂപ മൂല്യമുള്ള മെത്താംഫിറ്റമിന്‍ നാവികസേന പിടിച്ചെടുത്തെന്നായിരുന്നു ആദ്യവിവരം. ഈ ലഹരിമരുന്ന് ശേഖരം പിന്നീട് എന്‍.സി.ബിക്ക് കൈമാറി.

കൊച്ചി തീരത്ത് എത്തിച്ച ലഹരിമരുന്ന് ശേഖരം കണ്ടവരെല്ലാം ആദ്യമൊന്ന് അമ്പരന്നു. നിരവധി ബസ്മതി അരിച്ചാക്കുകളിലാക്കിയാണ് കോടികള്‍ വിലവരുന്ന മെത്താംഫിറ്റമിന്‍ ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ഈ ചാക്കുകളില്‍ ചില പ്രത്യേക അടയാളങ്ങളുമുണ്ടായിരുന്നു. തേളിന്റെയും ബിറ്റ്‌കോയിനിന്റെയും അടയാളങ്ങള്‍. ഇതിനൊപ്പം ചില ഇംഗ്ലീഷ് വാചകങ്ങളും ചാക്കുകളില്‍ കണ്ടു.
പിന്തുടര്‍ന്ന് നാവികസേന, കപ്പല്‍ മുക്കി രക്ഷപ്പെടാന്‍ ശ്രമം
ലഹരിമരുന്ന് കടത്തുന്ന കപ്പലിനെ നാവികസേന പിന്തുടര്‍ന്നതോടെ കപ്പല്‍ മുക്കി രക്ഷപ്പെടാനാണ് ലഹരിക്കടത്തുകാര്‍ ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കപ്പല്‍ മുക്കിയ ശേഷം ചെറുബോട്ടുകളില്‍ കയറി രക്ഷപ്പെടാനായിരുന്നു ഇവരുടെ ശ്രമം. ഇതിലൊരു ബോട്ടില്‍നിന്നാണ് സുബൈര്‍ എന്നയാളെ പിടികൂടിയത്. മുങ്ങിത്തുടങ്ങിയ കപ്പലില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ മെത്താംഫിറ്റമിനും പിടിച്ചെടുത്തു.
പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാജി സലീം ഗ്രൂപ്പാണ് കൊച്ചി പുറംകടലിലെ ലഹരിക്കടത്തിന് പിന്നിലെന്നാണ് എന്‍.സി.ബി. നല്‍കുന്ന വിവരം. നേരത്തെ കൊച്ചി തീരക്കടലിലും ഗുജറാത്തിലും നടത്തിയ ലഹരിവേട്ടയിലും ഹാജി സലീം തന്നെയായിരുന്നു പ്രതിക്കൂട്ടില്‍. പക്ഷേ, പാകിസ്താനിലെ പുതിയ ദാവൂദ് ഇബ്രാഹിം എന്ന കുപ്രസിദ്ധി നേടിയ ഹാജി സലീമിനെക്കുറിച്ച് അന്വേഷണ ഏജന്‍സികളുടെ കൈവശവും കൂടുതല്‍വിവരങ്ങളില്ല.
ആരാണ് ഹാജി സലീം എന്ന ഹാജി അലി
അന്താരാഷ്ട്ര ലഹരിക്കടത്ത് കേസുകളില്‍ 2015-ന് ശേഷമാണ് ഹാജി സലീം എന്ന പേര് കുപ്രസിദ്ധി നേടുന്നത്. അഫ്ഗാന്‍ സ്വദേശിയാണെന്ന് കരുതുന്ന ഹാജി സലീം എന്ന ഹാജി അലിയുടെ ഓപ്പറേഷനെല്ലാം പാകിസ്താന്‍ കേന്ദ്രീകരിച്ചാണ്. നേരത്തെ പാക്-അഫ്ഗാന്‍ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് ചെറിയ രീതിയില്‍ ലഹരിക്കടത്ത് നടത്തിയിരുന്ന ഹാജി സലീം ഗ്രൂപ്പ് പിന്നീടങ്ങോട്ട് തങ്ങളുടെ ലഹരിശൃംഖല വിപുലമാക്കുകയായിരുന്നു. നിലവില്‍ പാകിസ്താന്‍, അഫ്ഗാനിസ്താൻ എന്നിവിടങ്ങളില്‍നിന്ന് നിരവധി രാജ്യങ്ങളിലേക്ക് ഹാജി സലീമിന്റെ ലഹരിക്കടത്ത് നിര്‍ബാധം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

2016-ന് ശേഷം ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ പിടിച്ച വന്‍കിട ലഹരികേസുകളുടെ അവസാനം എത്തിച്ചേരുന്നത് ഹാജി സലീം എന്ന ഒറ്റപ്പേരിലായിരുന്നു. നാലു വര്‍ഷം മുന്‍പ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയേറ്റ്(എന്‍.എസ്.സി.എസ്.) വഴിയാണ് ഹാജി സലീമിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.സി.ബിക്ക് ലഭിക്കുന്നത്.
കടല്‍വഴിയുള്ള ലഹരിക്കടത്തില്‍ 'സ്‌പെഷ്യലൈസേഷന്‍' നേടിയവരാണ് ഹാജി സലീം ഗ്രൂപ്പെന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായും ഹാജി സലീമിന് ബന്ധമുണ്ടെന്നും ഐ.എസ്.ഐയ്ക്ക് ഫണ്ടിങ് നല്‍കുന്ന പുതിയ ദാവൂദ് ഇബ്രാഹിം എന്നാണ് ഹാജി സലീം അറിയപ്പെടുന്നതെന്നും നേരത്തെ പുറത്തുവന്ന പല റിപ്പോര്‍ട്ടുകളിലും സൂചിപ്പിച്ചിരുന്നു.
കടല്‍മാര്‍ഗമുള്ള ലഹരിക്കടത്ത് തടയാനായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി.) ആവിഷ്‌കരിച്ച 'ഓപ്പറേഷന്‍ സമുദ്രഗുപ്തി'ന്റെ ഭാഗമായുള്ള അഞ്ചാമത്തെ ദൗത്യമാണ് കൊച്ചി പുറംകടലിലെ 25,000 കോടി രൂപയുടെ ലഹരിവേട്ട. നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സഹായത്തോടെ ഓപ്പറേഷന്‍ സമുദ്രഗുപ്തിന് എന്‍.സി.ബി. തുടക്കം കുറിക്കുന്നത് കഴിഞ്ഞ വര്‍ഷമാണ്. 2022 ഫെബ്രുവരിയില്‍ നാവികസേനയുമായി നടത്തിയ ആദ്യത്തെ ദൗത്യത്തില്‍ 529 കിലോ ഗ്രാം ഹാഷിഷ്, 221 കിലോ മെത്താംഫിറ്റമിന്‍, 13 കിലോ ഹെറോയിന്‍ എന്നിവയാണ് ഗുജറാത്തിലെ പുറംകടലില്‍നിന്ന് പിടികൂടിയത്. അഫ്ഗാനിസ്താൻ, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് കടത്തിയ ലഹരിമരുന്നുകളായിരുന്നു ഇത്.
2022 ഒക്ടോബറിലായിരുന്നു 'ഓപ്പറേഷന്‍ സമുദ്രഗുപ്തി'ന്റെ രണ്ടാം ദൗത്യം. കേരളത്തിലെ തീരക്കടലില്‍ നടത്തിയ ഓപ്പറേഷനില്‍ 200 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. ഇറാനില്‍നിന്നുള്ള ബോട്ടില്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് കടത്തിയ ലഹരിമരുന്നായിരുന്നു ഇത്. അഞ്ച് ഇറാന്‍ സ്വദേശികളും അന്ന് പിടിയിലായി.
2022 ഒക്ടോബറിലെ ലഹരിവേട്ടയ്ക്ക് പിന്നിലും ഹാജി സലീം ഗ്രൂപ്പാണെന്നായിരുന്നു എന്‍.സി.ബി.യുടെ കണ്ടെത്തല്‍. ഐ.എസ്.ഐയ്ക്ക് ഉള്‍പ്പെടെയുള്ള ഫണ്ടിങ്ങിനായാണ് ലഹരിക്കടത്തെന്നും ഇതിനായി ഐ.എസ്.ഐയുടെ സഹായം ഹാജി സലീമിന് ലഭിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലഹരിമരുന്ന് വരുന്നത് അഫ്ഗാനില്‍നിന്ന്, പുതിയ കേസില്‍ നിയമപ്രശ്‌നങ്ങള്‍ നിരവധി
അഫ്ഗാനിസ്താനില്‍നിന്നാണ് വന്‍തോതില്‍ ലഹരിമരുന്ന് ഉത്പാദിപ്പിച്ച് കടല്‍മാര്‍ഗം മറ്റുരാജ്യങ്ങളിലേക്ക് കടത്തുന്നതെന്നാണ് നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് നാര്‍ക്കോട്ടിക്‌സ് മുന്‍ ഡയറക്ടര്‍ ജനറലായ ഡോ. ജി. ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. അതേസമയം, പുറംകടലില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുക്കുമ്പോള്‍ വലിയ നിയമപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. നിയമങ്ങളെക്കുറിച്ച് പല ഉദ്യോഗസ്ഥര്‍ക്കും വ്യക്തതയില്ല. കേസുകള്‍ പിടിക്കുമ്പോള്‍ കിട്ടുന്ന പ്രശസ്തി മാത്രമാണ് അവര്‍ ലക്ഷ്യമിടുന്നത്. അതിനാല്‍ കേസുകള്‍ പിന്നീട് എന്താകുമെന്നത് വലിയ ചോദ്യമാണെന്നും ഡോ. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
ലഹരിക്കടത്തിന്റെ വഴികളെക്കുറിച്ചും നിയമങ്ങളുടെ നൂലാമാലകളെക്കുറിച്ചും ഡോ.ശ്രീകുമാര്‍ മേനോന്‍ പറയുന്നതിങ്ങനെ:-
''അമേരിക്കന്‍ സേന വിട്ടുപോയതോടെ അഫ്ഗാനിസ്താനില്‍ ലഹരിക്കടത്ത് നിയന്ത്രിക്കാന്‍ ആരുമുണ്ടായില്ല. നേരത്തെ അമേരിക്കന്‍ സൈന്യം ഉണ്ടായിരുന്ന സമയത്തും താലിബാന്‍ ലഹരിമരുന്ന് ഉത്പാദനവും ലഹരിക്കടത്തും നടത്തിയിരുന്നെങ്കിലും അതിന് ഏറെ നിയന്ത്രണങ്ങളുണ്ടായിരുന്നു. അമേരിക്കന്‍ സേനയുടെ സാന്നിധ്യത്തില്‍ കടല്‍മാര്‍ഗമുള്ള ലഹരിക്കടത്തും വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ അമേരിക്ക അഫ്ഗാനിസ്താന്‍ വിട്ടതോടെ ലഹരിമരുന്ന് ഉത്പാദനം കുത്തനെ വര്‍ധിച്ചു. ഒപ്പിയം, മെത്താംഫിറ്റമിന്‍, ഹെറോയിന്‍ അടക്കമുള്ള ലഹരിമരുന്നുകളുടെ വന്‍തോതിലുള്ള നിര്‍മാണവും കൂടി.

അഫ്ഗാനില്‍നിന്ന് കടല്‍മാര്‍ഗമാണ് പ്രധാനമായും ലഹരിക്കടത്ത് നടക്കുന്നത്. അഫ്ഗാനിസ്താനിലെ കാണ്ഡഹാറില്‍നിന്ന് ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തേക്കാണ് ലഹരിമരുന്ന് ആദ്യം എത്തുന്നത്. അവിടെനിന്ന് ബോട്ടുകളിലും കപ്പലുകളിലുമായി പലഭാഗങ്ങളിലേക്ക് കടത്തുന്നു. ലഹരിമരുന്ന് അറബിക്കടലിലൂടെ ഇന്ത്യ വഴി ശ്രീലങ്കയിലേക്കും മാലദ്വീപിലേക്കും എത്തിക്കുന്നുണ്ട്. അതുംകഴിഞ്ഞാല്‍ മഡഗാസ്‌കറിനോട് ചേര്‍ന്നുള്ള കൊമറോസ് ദ്വീപുകളിലേക്കും ഇവ എത്തുന്നു. ഇവിടങ്ങളില്‍ ആള്‍താമസമില്ലാത്ത ഒരുപാട് ദ്വീപുകളുണ്ട്. ഇവിടെയാണ് ലഹരിമരുന്ന് വന്‍തോതില്‍ ഒളിച്ചുവെയ്ക്കുന്നതെന്നാണ് കരുതുന്നത്.
ലഹരിക്കടത്തിന്റെ ട്രാന്‍സിറ്റ് പോയിന്റ് എന്നറിയപ്പെടുന്ന കേന്ദ്രവും കൊമറോസ് ദ്വീപുകളാണ്. ഇവിടെനിന്നാണ് മറ്റിടങ്ങളിലേക്ക് ലഹരിമരുന്ന് കടത്തുന്നത്. ഇതില്‍ ഒരുഭാഗം ആഫ്രിക്കന്‍ തീരങ്ങളിലേക്കും ബാക്കി ഓസ്ട്രേലിയയിലേക്കും എത്തുന്നു. ഇന്ത്യ കഴിഞ്ഞാല്‍ മെത്താംഫിറ്റമിന്‍ ലഹരിമരുന്നിന്റെ വലിയൊരു വിപണി ഓസ്‌ട്രേലിയയാണ്. കൊച്ചിയിലെ പുറംകടലില്‍ പിടിച്ച കപ്പല്‍ ഓസ്‌ട്രേലിയ ലക്ഷ്യമാക്കിയുള്ളതാണെന്നാണ് പറയപ്പെടുന്നത്.''
കൊച്ചി കേസിലെ നിയമത്തിന്റെ നൂലാമാലകള്‍
കൊച്ചി പുറംകടലില്‍ ലഹരിമരുന്ന് പിടിച്ചെടുത്ത കേസുകളില്‍ നിയമപരമായ വലിയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായാണ് ഡോ. ശ്രീകുമാര്‍ മേനോന്റെ വിലയിരുത്തല്‍. അതേക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ:-
''പുറംകടലില്‍പോയി ലഹരിമരുന്ന് പിടിക്കുമ്പോള്‍ നിയമപരമായ പല പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ട്. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈലാണ് നമ്മുടെ അതിര്‍ത്തി. 12 നോട്ടിക്കല്‍ മൈലില്‍ കസ്റ്റംസിന്റെയും കോസ്റ്റ്ഗാര്‍ഡിന്റെയും അധികാരപരിധി കഴിഞ്ഞു. അതിനപ്പുറം 200 നോട്ടിക്കല്‍ മൈല്‍ വരെ എക്സ്‌ക്ലൂസിവ് എക്കണോമിക്ക് സോണ്‍(EEZ) ആണ്. അതും നമ്മുടെ അധികാരപരിധിയില്‍വരും. എന്നാല്‍, അതിനും അപ്പുറം ഒരു രാജ്യത്തിന്റെയും അധികാരസീമയില്‍ ഉള്‍പ്പെടാത്ത പുറംകടലില്‍നിന്ന് ഒരു കപ്പല്‍ പിടിച്ചെടുക്കാന്‍ പല നിയന്ത്രണങ്ങളുമുണ്ട്. പുറംകടലില്‍ പോയി ഒരു കപ്പല്‍ പിടിച്ചെടുത്ത് തീരത്ത് കൊണ്ടുവരാനൊന്നും നമുക്ക് അധികാരമില്ല. പല നിയന്ത്രണങ്ങളും അന്താരാഷ്ട്ര നിയമങ്ങളും അവിടെ നിലവിലുണ്ട്. ഇവിടെ പുറംകടലില്‍വെച്ചാണ് നാവികസേന കപ്പല്‍ പിടിച്ചത്. ലഹരിമരുന്ന് കണ്ടെത്തിയപ്പോള്‍ അത് കൊച്ചി തീരത്തേക്ക് കൊണ്ടുവന്നു. എന്‍.സി.ബിക്ക് കൈമാറി. പക്ഷേ, കേസില്‍ തയ്യാറാക്കിയ മഹസറില്‍ എവിടെനിന്നാണ് കപ്പല്‍ കണ്ടെത്തിയതെന്നോ ലഹരിമരുന്ന് പിടിച്ചെടുത്തതെന്നോ പറയുന്നില്ല. ഇതേകാര്യമാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചത്. മഹസറില്‍ കൃത്യമായി സ്ഥലം പറയുന്നില്ലെന്ന് മജിസ്‌ട്രേറ്റും ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണോ അതോ അന്താരാഷ്ട്രനിയമങ്ങളുടെ ഭാഗമായ പുറംകടലില്‍വെച്ചാണോ കപ്പല്‍ പിടിച്ചതെന്ന ചോദ്യമുണ്ടായി. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ ലോഗ് ബുക്ക് പരിശോധിച്ചാല്‍ ആ കപ്പല്‍ ഏതുവഴിയാണ് സഞ്ചരിച്ചതെന്ന് കൃത്യമായി മനസിലാക്കാനാകും. അന്താരാഷ്ട്ര നിയമങ്ങളുടെ ഭാഗമായുള്ള പുറംകടലില്‍നിന്നാണ് പിടിച്ചതെങ്കില്‍ കേസില്‍ ഇന്ത്യന്‍ നിയമങ്ങള്‍ ഒരിക്കലും ചുമത്താന്‍ കഴിയില്ല.
പുറംകടലില്‍ നടത്തുന്ന ഓപ്പറേഷനുകള്‍ക്കാണ് ഇത്തരത്തിലുള്ള നിയമപ്രശ്നങ്ങളും നൂലാമാലകളുമുള്ളത്. കൊച്ചി കേസില്‍ പിടിയിലായ ആള്‍ ഒരു പക്ഷേ ഒരു കാരിയര്‍ മാത്രമാകും. ഈ ലഹരിക്കടത്തിന്റെ തുടക്കം എവിടെനിന്നാണ്, ആരാണ് പിന്നിലുള്ളത്, അടുത്തതായി കൈമാറേണ്ടത് ആര്‍ക്കാണ് എന്നൊന്നും കാരിയര്‍ക്ക് അറിയാന്‍ വഴിയുണ്ടാകില്ല. പക്ഷേ, അതെല്ലാം അറിയാന്‍ വഴിയുണ്ട്. പക്ഷേ, ആരും അതൊന്നും ചെയ്യാറില്ല. പല ഏജന്‍സികള്‍ക്കും ഇത്തരത്തിലുള്ള രഹസ്യവിവരങ്ങള്‍ കിട്ടുന്നതിനാല്‍ ഓരോ ഏജന്‍സിയും എത്രയും വേഗം കേസ് പിടിക്കാനുള്ള ശ്രമിക്കുക. ഏജന്‍സികള്‍ തമ്മില്‍ കേസ് പിടിക്കാനുള്ള മത്സരമാണ്.
കണ്‍ട്രോള്‍ ഡെലിവറി എന്നൊരു സംവിധാനത്തിലുടെ ലഹരിശൃംഖലയുടെ വഴികള്‍ കൃത്യമായി മനസിലാക്കാം. എന്തെങ്കിലും രഹസ്യവിവരം കിട്ടിയാല്‍ ഇവരെ ട്രാക്ക് ചെയ്ത് എങ്ങോട്ട് പോകുന്നു, ആരെല്ലാം എടുക്കുന്നു എന്നതെല്ലാം കണ്ടെത്താന്‍ പറ്റും. അത് ആരും ചെയ്യുന്നില്ല. കാരണം ഒരു വിവരം പല ഏജന്‍സികള്‍ക്കും ലഭിക്കും. അപ്പോള്‍ അവര്‍ എത്രയും വേഗം അത് പിടിക്കാനാകും ശ്രമിക്കുക. നേരത്തെ മുന്ദ്ര തുറമുഖത്ത് പിടിച്ച കണ്ടെയ്‌നര്‍ വിജയവാഡയിലേക്കുള്ളതായിരുന്നു. അത് മുന്ദ്ര തുറമുഖത്തുനിന്ന് ക്ലിയര്‍ ചെയ്താല്‍ ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന വഴിയാണ് വിജയവാഡയില്‍ എത്തേണ്ടത്. കണ്‍ട്രോള്‍ ഡെലിവറി അനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ കണ്ടെയ്‌നറില്‍നിന്ന് എവിടെയെല്ലാം സാധനം ഇറക്കുന്നു, ആരെല്ലാമാണ് ഇത് വാങ്ങിക്കാനെത്തുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം കണ്ടെത്താമായിരുന്നു. പക്ഷേ, ഒരു ഏജന്‍സിക്ക് വിവരം കിട്ടിയാല്‍ അവര്‍ വേഗം എത്തി അത് പിടിച്ചെടുക്കുകയാണ്. കാരണം മറ്റു ഏജന്‍സികള്‍ക്കും ഈ വിവരം ലഭിച്ചേക്കാം. അതിനാല്‍ തങ്ങളുടെ കൈയില്‍നിന്ന് കേസ് പോകുമോ എന്നതിനാല്‍ അവര്‍ വേഗം അത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ട് ആരും 'കണ്‍ട്രോള്‍ ഡെലിവറി' ചെയ്യുന്നില്ല. അതിനാല്‍ ഫൈനല്‍ പോയിന്റ് ആരാണ് എന്നറിയുന്നില്ല.
കേസ് പിടിക്കുമ്പോള്‍ കിട്ടുന്ന പ്രശസ്തിയാണ് ഉദ്യോഗസ്ഥര്‍ ആഗ്രഹിക്കുന്നത്. അതുമാത്രമേ നടക്കുന്നുള്ളൂ. അതിനുശേഷമുള്ള കേസും അതിന്റെ തുടര്‍ച്ചയായ നടപടികളൊന്നും നടക്കുന്നില്ല. മാത്രമല്ല വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ കേസ് പിടിച്ച ഉദ്യോഗസ്ഥന്‍ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയിട്ടുണ്ടാകും. എന്‍.സി.ബി.യിലെ ഉദ്യോഗസ്ഥരില്‍ കൂടുതലും മറ്റു ഏജന്‍സികളില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തുന്നവരാണ്. മൂന്നോ അഞ്ചോ വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷനില്‍ എത്തുന്ന ഇവരില്‍ പലരും നാര്‍ക്കോട്ടിക്‌സ് വിഷയങ്ങളില്‍ വിദഗ്ധരാകണമെന്നില്ല. അതിനുള്ള പരിശീലനം അവര്‍ക്ക് നല്‍കുന്നുണ്ടെങ്കിലും മൂന്നോ അഞ്ചോ വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ചിലര്‍ അതിനൊന്നും താത്പര്യവും കാണിക്കാറില്ല. അതിനുള്ള പരിശീലനവും കൃത്യമായി ലഭിക്കുന്നില്ല. ഒരുകേസ് കോടതിയില്‍ പോകുമ്പോള്‍ 'ലീഗൽ ഡ്രാഫ്റ്റിങ്' നിര്‍ണായകമാണ്. പക്ഷേ, എന്‍.സി.ബി, കസ്റ്റംസ്, ഡി.ആര്‍.ഐ. തുടങ്ങിയ ഏജന്‍സികളിലൊന്നും അത്തരമൊരു ലീഗല്‍ ഡ്രാഫ്റ്റിങ്ങിന് സഹായിക്കാന്‍ പ്രത്യേകമായി ആരുമില്ല. പോലീസ് സ്‌റ്റേഷനിലാണെങ്കില്‍ 'റൈറ്റര്‍' എന്നൊരു പോസ്റ്റില്‍ ആളുണ്ടാകും. ഇദ്ദേഹം സി.ആര്‍.പി.സി. അടക്കമുള്ള എല്ലാ നിയമവശങ്ങളെക്കുറിച്ചും അറിയുന്നയാളാകും. എന്നാല്‍, മറ്റു അന്വേഷണ ഏജന്‍സികളില്‍ ലീഗല്‍ ഡ്രാഫ്റ്റിങ്ങിന് പ്രത്യേകം ഉദ്യോഗസ്ഥരോ നിയമവിദഗ്ധരോ ഇല്ല. അതിനാല്‍ കേസിന്റെ പ്രാഥമികഘട്ടത്തില്‍ പലകാര്യങ്ങളും വിട്ടുപോയേക്കാം. പിന്നീട് കോടതിയില്‍ എത്തുമ്പോളായിരിക്കും ഇതെല്ലാം തിരിച്ചറിയുക. ഇതിനായി വിദഗ്ധരായ അഭിഭാഷകരെ കരാര്‍ വ്യവസ്ഥയില്‍ നിയമിച്ചാല്‍ പരിഹാരമുണ്ടാകും''- ഡോ. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
കടല്‍മാര്‍ഗം ഒഴുകുന്ന ലഹരി, അമ്പരപ്പിക്കുന്ന കപ്പലുകള്‍
കടല്‍മാര്‍ഗം ലഹരിക്കടത്ത് നടത്തുന്ന സംഘങ്ങള്‍ കോസ്റ്റ്ഗാര്‍ഡിന്റേയും മറ്റ് ഉദ്യോഗസ്ഥരില്‍നിന്നും രക്ഷനേടാന്‍ കപ്പലിനുള്ളില്‍ വരുത്തുന്ന മാറ്റങ്ങളും പുതുതായി കൂട്ടിച്ചേര്‍ക്കുന്ന സംവിധാനങ്ങളും അതിശയിപ്പിക്കുന്നതാണ്. കൊച്ചിയിലെ കേസില്‍ ഒരു കിലോയുടെ പാക്കറ്റുകളിലാക്കി ബസ്മതി അരിക്കമ്പനികളുടെ ചാക്കുകളിലാക്കിയാണ് ലഹരിമരുന്ന് കപ്പലില്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍, ലോകത്തെ വിവിധയിടങ്ങളിലായി പിടിച്ച പല കേസുകളിലും ആരെയും അമ്പരിപ്പിക്കുന്ന രീതിയിലായിരുന്നു ലഹരിക്കടത്ത് സംഘങ്ങളുടെ ഓപ്പറേഷന്‍.
ഒറ്റത്തവണ ഉപയോഗത്തിന് നാര്‍ക്കോ അന്തര്‍വാഹിനികള്‍; കടത്തുന്നത് കോടികളുടെ കൊക്കെയ്ന്‍
നിയമവിരുദ്ധമായി പണം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് എല്ലായ്‌പ്പോഴും ലാഭകരമാണ് ലഹരിക്കടത്ത്. വന്‍കിട അധോലോക സംഘങ്ങള്‍ മുതല്‍ ചെറുകിട സംഘങ്ങള്‍ വരെ അനധികൃതമായ ലഹരി വ്യാപാരത്തിന് പിന്നില്‍ അണിനിരക്കുന്നുണ്ട്. ഇത്തരം അനധികൃത ചരക്കുകളുടെ കടത്ത് വര്‍ധിച്ചതോടെ കടിഞ്ഞാണിടാന്‍ നിയമപാലകരും മുന്നിട്ടിറങ്ങി. പരിശോധനയും ശിക്ഷയും കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചതോടെ തങ്ങളുടെ കള്ളക്കടത്ത് രീതികള്‍ നവീകരിക്കാന്‍ ഇത്തരം സംഘങ്ങളും നിര്‍ബന്ധിതരായി. കൂറ്റന്‍ കപ്പലുകള്‍ക്കുള്ളില്‍ വിവിധ രീതികളില്‍ ഒളിപ്പിച്ചും പല ഉദ്യോഗസ്ഥരെ സ്വാധീനിച്ചും കടത്ത് തുടര്‍ന്നുകൊണ്ടേയിരുന്നു. തങ്ങളുടെ നീക്കങ്ങള്‍ സുഗമമാക്കാന്‍ ഇവര്‍ തിരഞ്ഞെടുത്ത സമര്‍ഥമായ വഴികളിലൊന്നായിരുന്നു 'നാര്‍ക്കോ അന്തര്‍വാഹിനികള്‍' നിര്‍മിക്കാനുള്ള നീക്കം.
റഷ്യ, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നിയമിക്കുന്ന എന്‍ജിനീയര്‍മാരാണ് പലപ്പോഴും ഇത്തരം നിര്‍മിതികള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടിക്കണക്കിന് രൂപ നിര്‍മാണച്ചെലവ് വരുന്ന ഈ മുങ്ങിക്കപ്പലുകള്‍ പലപ്പോഴും ഒറ്റത്തവണ ഉപയോഗിക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതാണ്. അനധികൃതമായ ചരക്കുകളുടെ വിതരണമെന്ന ഒറ്റ ഉദ്ദേശ്യത്തിനായി നിര്‍മിക്കുന്ന ഇവ ആവശ്യം കഴിഞ്ഞാല്‍ കടലില്‍ ഉപേക്ഷിക്കുന്നതാണ് പതിവ്.
സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് പാതിയായോ പൂര്‍ണമായോ താഴ്ന്ന് സഞ്ചരിക്കാനാകുന്ന അന്തര്‍വാഹിനികളാണ് ഇത്തരം കടത്തുകാര്‍ നിര്‍മിക്കുന്നത്. തിരമാലകള്‍ക്കിടെയിലൂടെ സഞ്ചരിക്കുന്ന ഇവയെ കണ്ടെത്തുക ദുഷ്‌കരമാണ്. ഉപ്പുവെള്ളം കൊണ്ടുണ്ടായേക്കാവുന്ന തേയ്മാനത്തെ പ്രതിരോധിക്കാനും കൊക്കെയ്ന്‍ പരമാവധി കൊള്ളിക്കാനാകുന്ന തരത്തിലുള്ള ഫൈബര്‍ ഗ്ലാസ് ഉപയോഗിച്ചാണ് ഇവയുടെ നിര്‍മാണം.
എന്‍ജിനീയറിങ് മികവും അത്യാധുനിക നാവിഗേഷന്‍ സംവിധാനങ്ങളുമടങ്ങുന്നതാണ് ഇത്തരം കപ്പലുകള്‍. ഇതിനോടൊപ്പം കൃത്യമായ പരിശീലനം ലഭിച്ച ജീവനക്കാര്‍ കൂടെ ഭാഗമാകുന്നതോടെ ഇത്തരം സംഘങ്ങളെ പ്രതിരോധിക്കുക ശ്രമകരമാകുന്നു. എതിരാളികളായ മറ്റ് കടത്തുകാരില്‍ നിന്നോ നിയമപാലകരില്‍ നിന്നോ ഉണ്ടോയേക്കാവുന്ന തടസ്സങ്ങള്‍ നേരിടാന്‍ കപ്പലിലെ ജീവനക്കാര്‍ക്ക് ആയുധങ്ങളും സംഘം നല്‍കാറുണ്ട്.
1990 മുതല്‍ ഇത്തരം നാര്‍ക്കോ അന്തര്‍വാഹിനികള്‍ നിലവിലുണ്ടെങ്കിലും സമീപ വര്‍ഷങ്ങളില്‍ ഇവയുടെ ഉപയോഗം വ്യാപകമായിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2021-ല്‍ മാത്രം ഇത്തരത്തിലുള്ള 31 അന്തര്‍വാഹിനികളാണ് അധികൃതര്‍ പിടിച്ചെടുത്തത്. 2019-ല്‍ പിടിച്ചെടുത്ത അന്തര്‍വാഹിനികളുടെ എണ്ണം 23 ആയിരുന്നു. ഇത്തരം അനധികൃത നീക്കങ്ങളുടെ വര്‍ധന വിരല്‍ ചൂണ്ടുന്നത് ലോകത്ത് വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് വ്യാപാരത്തിലേക്കാണ്. ലോകമെമ്പാടും മയക്കുമരുന്നിന് ആവശ്യക്കാരേറുന്നതോടെ കള്ളക്കടത്തുകാരുടെ ആയുധശേഖരത്തിലെ ശക്തമായ സാന്നിധ്യമായി നാര്‍ക്കോ അന്തര്‍വാഹിനികള്‍ നിലനില്‍ക്കുമെന്നത് നിസ്സംശയം ഉറപ്പിക്കാവുന്നതാണ്.
കൂറ്റന്‍ കപ്പലുകളുടെ നങ്കൂരം മുതല്‍ ക്യാപ്റ്റന്റെ കാബിനുകള്‍ വരെ
വളരെ കുറച്ച് ആളുകള്‍ക്ക് മാത്രം പ്രവേശനമുള്ള സ്ഥലമാണ് കപ്പലിന്റെ നങ്കൂരവുമായി ബന്ധപ്പെട്ട കമ്പാര്‍ട്ട്‌മെന്റുകള്‍. ഇത്തരം കമ്പാര്‍ട്ട്‌മെന്റുകള്‍ കൊക്കെയ്ന്‍ അടക്കമുള്ള ലഹരിക്കടത്തിനായി ഉപയോഗിച്ച നിരവധി ഉദാഹരണങ്ങള്‍ ലോകത്തിന് മുന്നിലുണ്ട്. കയറുപയോഗിച്ച് നങ്കൂരങ്ങളോട് ബന്ധിപ്പിച്ച രീതിയിലും ലഹരിക്കടത്ത് പലയിടങ്ങളിലും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
നങ്കൂരങ്ങളിലൂടെ ലഹരിമരുന്ന് കടത്തുന്നത് ഏറെ പ്രായോഗികമാണെന്നതാണ് ഈ രീതിയില്‍ കടത്ത് നടത്താല്‍ ഇവരെ പ്രേരിപ്പിക്കുന്നത്. പലപ്പോഴും ഇത്തരം നീക്കങ്ങള്‍ കപ്പലിലെ ക്രൂ അംഗങ്ങള്‍ അറിഞ്ഞുകൊണ്ടായിരിക്കുമെന്നതാണ് ഭയപ്പെടുത്തുന്ന വസ്തുത. പരിശോധന നടത്താനെത്തുന്ന അധികൃതരില്‍നിന്നു ഇത്തരം ചരക്കുകള്‍ എളുപ്പത്തില്‍ കടലിലേക്ക് വലിച്ചെറിയാനാകുമെന്നാണ് ഈ രീതി കടത്തിനുപയോഗിക്കുന്നതിലൂടെ അവര്‍ക്ക് ലഭിക്കുന്ന പ്രയോജനം.
കണ്ടെയ്‌നറുകള്‍
വിദേശ രാജ്യങ്ങളിലേക്ക് ലഹരിമരുന്ന് കടത്താന്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് കണ്ടെയ്‌നറുകള്‍. കപ്പലിലെ ചരക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് പലപ്പോഴും ലഹരിമരുന്നടക്കമുള്ള അനധികൃത വസ്തുക്കള്‍ മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമായതിന് ശേഷമാണ് ഇത്തരത്തില്‍ കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ ലഹരിമരുന്നുകള്‍ ഒളിപ്പിക്കുന്നത്.
കണ്ടെയ്‌നറുകളില്‍ തന്നെ സ്‌ക്രാപ്പ് മെറ്റല്‍ കയറ്റുമതിയാണ് അധികാരികള്‍ക്ക് തലവേദനയുണ്ടാക്കുന്ന പ്രധാന പ്രശ്‌നം. വലിയ അളവുകളില്‍ അയക്കുന്ന സ്‌ക്രാപ്പുകള്‍ക്കും മെറ്റലുകള്‍ക്കമിടയില്‍ ചെറിയ അളവില്‍ മറഞ്ഞിരിക്കുന്ന ലഹരിമരുന്ന് പാക്കറ്റുകള്‍ കണ്ടെത്തുക ദുഷ്‌കരമാണ്. സ്‌കാനറുകള്‍ക്ക് പോലും ഈ രീതിയില്‍ ഒളിപ്പിച്ചിരിക്കുന്ന അനധികൃത വസ്തുക്കള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്.
ഇതിന് പുറമെ ഭക്ഷ്യവസ്തുക്കള്‍ക്കിടയില്‍ നിയമവിരുദ്ധമായി ലഹരിവസ്തുക്കള്‍ കടത്തുന്നത് സാധാരണമാണ്. 2022 ഒക്ടോബറില്‍ ബ്രസീലില്‍നിന്നു സ്‌പെയ്‌നിലേക്ക് പോവുകയായിരുന്ന കപ്പലിലെ ചോളത്തിന്റെ ചാക്കുകള്‍ക്കിടയില്‍ നിന്നും ഒരു ടണ്ണിലധികം കൊക്കെയ്‌നാണ് അധികൃതര്‍ കണ്ടെത്തിയത്. ഇറ്റലിയില്‍നിന്നും ഹോണ്ടുറാസില്‍നിന്നും സമാനമായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കിടയില്‍ ഒളിപ്പിച്ച രീതിയില്‍ വലിയ തോതില്‍ ലഹരിമരുന്ന് കണ്ടെത്തിയിട്ടുണ്ട്.
ക്യാബിന്‍ ക്രൂ
കപ്പലിലെ ക്യാബിന്‍ ക്രൂ തന്നെ ഇത്തരം കടത്തുകള്‍ക്ക് കൂട്ടുനില്‍ക്കുന്നതാണ് അധികൃതരെ കുഴപ്പിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. കഴിഞ്ഞ വര്‍ഷം ഒരു ബ്രസീലിയന്‍ കപ്പലിലെ ക്യാപ്റ്റന്റെ ക്യാബിനില്‍നിന്നു യുറഗ്വായുടെ നാവികസേന കണ്ടെത്തിയത് അഞ്ച് കിലോഗ്രാം കൊക്കെയ്‌നായിരുന്നു. 2018-ല്‍ പരാഗ്വേയിലും സമാനമായ സംഭവം നടന്നു.വളരെ അപൂര്‍വ്വമായി മാത്രമാണ് ഇത്തരം ശ്രമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളൂവെങ്കിലും ഇത്തരം റിപ്പോര്‍ട്ടുകള്‍ മുന്നോട്ട് വയ്ക്കുന്ന ആശങ്ക ചെറുതല്ല.
ഇന്ധന ടാങ്ക്
2022 ഏപ്രിലില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ ദ്വീപില്‍ വച്ച് ഒരു കപ്പലിലെ ഇന്ധന ടാങ്കില്‍നിന്നു കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത് 140 മില്യണ്‍ ഡോളര്‍ വില മതിക്കുന്ന കൊക്കെയ്‌നായിരുന്നു. ഇന്ധനടാങ്കില്‍ വാട്ടര്‍പ്രൂഫ് വസ്തുക്കള്‍ ഉപയോഗിച്ച് രഹസ്യമായി സൂക്ഷിച്ചിരുന്ന ലഹരിവസ്തുക്കള്‍ കണ്ടെത്താന്‍ അന്ന് ആ ഉദ്യോഗസ്ഥര്‍ക്ക് വ്യാപകമായ തിരച്ചില്‍ തന്നെ നടത്തേണ്ടി വന്നിരുന്നു.
2015-ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍നിന്നും ഇതേ രീതിയില്‍ ഘടിപ്പിച്ച കൊക്കെയ്ന്‍ പാക്കറ്റുകള്‍ കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് നിറച്ച ബക്കറ്റുകളുടെ രൂപത്തിലും പൊതിഞ്ഞ് കെട്ടിയ രീതിയിലും കപ്പലിന്റെ ഇന്ധന കംപാര്‍ട്ട്‌മെന്റിനെ ദുരുപയോഗപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
വെന്റുകള്‍
കപ്പലിന്റെ താഴെഭാഗത്തായുള്ള വെന്റുകളില്‍ ഒളിപ്പിച്ചും കുറ്റവാളികള്‍ മയക്കുമരുന്ന് കടത്തുന്നുണ്ട്. ഇത്തരത്തിലുള്ള വെന്റുകളിലേക്ക് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ലഹരിമരുന്നിന്റെ സീല്‍ ചെയ്ത പാക്കറ്റുകള്‍ ഒളിപ്പിക്കുന്നതായാണ് അധികൃതര്‍ കണ്ടെത്തിയത്. ഈ രീതിയില്‍ ജീവനക്കാരുടെ സഹായമോ അറിവോ ഇല്ലാതെ കൊളംബിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം 600 കിലോ ഗ്രാം ലഹരിമരുന്ന് വരെ കടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.സമാനമായ രീതിയില്‍ കപ്പല്‍ ഡെക്കിന്റെ താഴത്തെ വെന്റുകളില്‍ ഒളിപ്പിച്ചിരുന്ന 300 കിലോ ഗ്രാം കൊക്കെയ്ന്‍ ഇക്വഡോര്‍ പോലീസും കണ്ടെത്തിയിരുന്നു. അനധികൃത വസ്തുക്കളുടെ കടത്തിന് മാത്രമല്ല ഇത്തരം വെന്റുകള്‍ ഉപയോഗിക്കുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന കടത്തുകാര്‍ക്ക് ഒളിച്ചിരിക്കാനും വെന്റുകള്‍ ഉപയോഗിക്കാറുണ്ട്.
Content Highlights: kochi drugs haul and links with haji salim group pakistan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..