ഡി.സി.പി. ഐശ്വര്യ ഡോങ്‌റെ
കൊച്ചി: ഡ്രഗ് ഫ്രീ കൊച്ചി കാമ്പയിനിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 368 കേസുകള്‍. 406 പ്രതികളെയും അറസ്റ്റ് ചെയ്തു.
രാജ്യത്തുതന്നെ ഏറ്റവും അധികം മയക്കുമരുന്ന് ഉപയോഗമുള്ള നഗരമായി കൊച്ചി മാറുകയാണെന്നും പോലീസ് നടപടികള്‍ കര്‍ശനമാക്കിയെന്നും ഡി.സി.പി. ഐശ്വര്യ ഡോങ്റെ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മൂന്നുമാസം കൊണ്ട് 26.34 കിലോ കഞ്ചാവ്, 733 എല്‍.എസ്.ഡി. സ്റ്റാമ്പ്, 108 നൈട്രോസെപാം ഗുളികകള്‍, 116.59 ഗ്രാം എം.ഡി.എം.എ., 1.34 കിലോഗ്രാം ഹാഷിഷ് ഓയില്‍, അഞ്ച് ഗ്രാം ഹാഷിഷ്, 8,04,500 രൂപ എന്നിവ പിടിച്ചെടുത്തു. യോദ്ധാവ് ആപ്പ് മുഖേന ലഭിച്ച 267 പരാതികളില്‍ 240 പരാതികളില്‍ നടപടി സ്വീകരിച്ചു. 15 കേസുകളെടുത്തു.
എക്‌സൈസ്, സി.ഐ.എസ്.എഫ്., ആര്‍.പി.എഫ്., റെയില്‍വേ പോലീസ്, മയക്കുമരുന്നു കണ്ടെത്തുന്നതിന് പരിശീലനം ലഭിച്ച ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട സ്നിഫര്‍ ഡോഗ് (ബ്രാവോ), എന്നിവരുടെ സഹകരണത്തോടെ റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, മെട്രോ സ്റ്റേഷനുകള്‍, തുറമുഖം, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 12 തവണ സംയുക്ത പരിശോധന നടത്തി. നാലുതവണ വിജയം കണ്ടു.
മയക്കുമരുന്ന് കേസുകളില്‍ പിടികൂടുന്ന വാഹനങ്ങളും മയക്കുമരുന്നുകളും തീര്‍പ്പാക്കുന്നതിന് ഡി.സി.പി. അധ്യക്ഷയായി ഡ്രഗ് ഡിസ്പോസല്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം നാലു വാഹനങ്ങള്‍ ഇതുവഴി ലേലം ചെയ്തു. കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിന്റെ നിര്‍ദേശപ്രകാരം ഡി.സി.പി. ഐശ്വര്യ ഡോങ്റെയുടെ മേല്‍നോട്ടത്തില്‍ നര്‍കോട്ടിക് സെല്‍ എസ്.പി. കെ.എ. തോമസിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
വിവരം അറിയിക്കാം
യോദ്ധാവ് ആപ്പ്: 99959 66666
നാര്‍കോട്ടിക് സെല്‍ എ.സി.പി.: 94979 90065
ഡാന്‍സാഫ് നമ്പര്‍: 94979 80430
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..