കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ വാർത്താസമ്മേളനം | ഫോട്ടോ: ബി.മുരളീകൃഷ്ണൻ|മാതൃഭൂമി
കൊച്ചി: വൈഗയെ കൊലപ്പെടുത്തിയത് സനുമോഹനാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.നാഗരാജു. ഇക്കാര്യം സനുമോഹന് സമ്മതിച്ചിട്ടുണ്ടെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മകളുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ മകള്‍ ഇതിന് വിസമ്മതിച്ചതോടെ കൊലപ്പെടുത്തി. പിന്നീട് തനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായില്ലെന്നാണ് സനുവിന്റെ മൊഴി. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് ഏകദേശം സ്ഥിരീകരിച്ചതായും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
ചോദ്യംചെയ്യല്‍ നടക്കുകയാണ്. എങ്ങനെ ചെയ്തു എന്നത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. കടബാധ്യതയാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. കടബാധ്യത കാരണമുള്ള ടെന്‍ഷനും മറ്റുമാണ് കൊലപാതകത്തിലേക്കും ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിലേക്കും എത്തിച്ചത്. ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും പ്രതി തുടര്‍ച്ചയായി മൊഴി മാറ്റുന്നതും മൊഴികളിലെ പൊരുത്തക്കേടുകളും അന്വേഷിച്ചുവരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു.
സനുമോഹനെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വീണ്ടും ചോദ്യംചെയ്യും. കൊലപാതകം എങ്ങനെ ചെയ്തു എന്നത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. വാളയാറില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളായിരുന്നു സനു ജീവിച്ചിരിപ്പുണ്ടെന്നതിന്റെ ആദ്യ തെളിവ്. പോലീസ് സംഘങ്ങള്‍ തുടര്‍ന്ന് വിവിധയിടങ്ങളിലായി തിരച്ചില്‍ ആരംഭിച്ചു. ഒരുപാട് സ്ഥലങ്ങളില്‍ കറങ്ങിയതിന് ശേഷമാണ് സനുമോഹന് കൊല്ലൂര്‍ മൂകാംബികയില്‍ എത്തിയത്. ഒരുപാട് വെല്ലുവിളികള്‍ അഭിമുഖീകരിച്ചാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
വൈഗയുടെ ആന്തരാവയവങ്ങളില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയത് സംബന്ധിച്ച് ദുരൂഹതയുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടത്തണം. തെളിവുകള്‍ ശേഖരിക്കണം. സനുമോഹന്റെ ഭാര്യയെയും അടുത്തബന്ധുക്കളെയും നേരത്തെ പലതവണ ചോദ്യംചെയ്തിരുന്നു. സനുവിന്റേത് ഏറെ രഹസ്യങ്ങള്‍ നിറഞ്ഞ ജീവിതമാണെന്നായിരുന്നു ഇവരുടെ മൊഴി. ഒന്നും ആരോടും പങ്കുവെയ്ക്കാത്ത പ്രകൃതമായിരുന്നു. മുംബൈയില്‍ സനുവിനെതിരേ മൂന്ന് കോടി രൂപയുടെ വഞ്ചനാകേസ് നിലവിലുണ്ട്. ഫ്ളാറ്റില്‍ കണ്ട രക്തക്കറ ആരുടേതെന്ന് പറയാറായിട്ടില്ല. പ്രതി തുടര്‍ച്ചയായി മൊഴി മാറ്റി പറയുന്നതിനാല്‍ കേസില്‍ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും വേണമെന്നും എച്ച്.നാഗരാജു വിശദീകരിച്ചു.
Content Highlights: kochi city police press meet about vaiga murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..