പ്രതീകാത്മക ചിത്രം
കൊച്ചി: മയക്കുമരുന്ന് പിടിക്കാനായി പ്രത്യേകം രൂപവത്കരിച്ച കൊച്ചിയിലെ പോലീസിന്റെയും എക്‌സൈസിന്റെയും സ്‌ക്വാഡുകള്‍ ഏതാണ്ട് പൊളിഞ്ഞ നിലയിലായി. 15 ദിവസത്തിനിടെ രണ്ട് സ്‌ക്വാഡിലെയും ഉദ്യോഗസ്ഥര്‍ക്ക് നടപടികള്‍ നേരിടേണ്ടി വന്നതോടെയാണിത്.
പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കുന്ന മേലുദ്യോഗസ്ഥര്‍തന്നെ തിരിച്ചടി വരുമ്പോള്‍ ഒഴിഞ്ഞുമാറുകയും റെയ്ഡില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷാ നടപടികള്‍ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യുന്നതാണ് പതിവെന്ന് താഴെ നിരയിലുള്ള ഉദ്യോഗസ്ഥര്‍ പറയുന്നു.
മുന്‍പും രണ്ട് വിഭാഗത്തിനും സമാനമായ അനുഭവം ഉണ്ടായിട്ടുമുണ്ട്. മയക്കുമരുന്നു പിടിക്കുന്ന കേസുകളില്‍ വീഴ്ച വരുമ്പോള്‍ സ്‌ക്വാഡിന്റെ തലവന്‍മാര്‍ക്കെതിരേ ശക്തമായ നടപടിയാണ് ഉണ്ടാകാറുള്ളത്.
ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്സി (ഡാന്‍സാഫ്) നാണ് അടുത്തിടെ ആദ്യം നടപടി നേരിടേണ്ടി വരുന്നത്. സി.പി.എം. നേതാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയെന്ന പരാതിയാണ് ഡാന്‍സാഫിന് വിനയായത്. സ്‌ക്വാഡിന്റെ തലവനായ എസ്.ഐ.ക്ക് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റം ലഭിച്ചു. മറ്റുദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്കായി അന്വേഷണം നടക്കുകയാണ്.
ഇതിനു പിന്നാലെ എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്കും നടപടികള്‍ നേരിടേണ്ടി വന്നിരിക്കുകയാണ്. അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌ക്വാഡിലെ സി.ഐ.ക്ക് കാസര്‍കോട്ടേക്ക് സ്ഥലംമാറ്റവും ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷനും മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റവും കിട്ടി.
ഡാന്‍സാഫിനു മുന്‍പ് ഉണ്ടായിരുന്ന കൊച്ചി സിറ്റി ഷാഡോ പോലീസിനെയും നേരത്തെ പിരിച്ചു വിട്ടിരുന്നു. ഇതിന് നേതൃത്വം വഹിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്ക് റേഞ്ച് വിട്ടുള്ള സ്ഥലംമാറ്റവും വന്നു. അങ്കമാലിയില്‍ 13 ഗ്രാം കഞ്ചാവ് പിടികൂടിയ കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ എക്‌സൈസ് ആലുവ സ്‌ക്വാഡിലെ എല്ലാ ഉദ്യോഗസ്ഥരെയും കൂട്ടത്തോടെ സ്ഥലംമാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..