Screengrab: Mathrubhumi News
തിരുവനന്തപുരം: സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളുമായി പോലീസ് ഊഷ്മള ബന്ധം ഉണ്ടാക്കണമെന്ന് സര്‍ക്കുലര്‍. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. വിജയ് സാഖറെയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളുകളുടെ സഹകരണം ഉറപ്പുവരുത്തണമെന്നും ഇവരോടുള്ള ഇടപെടല്‍ സൗഹൃദപരമാകണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്.
കിഴക്കമ്പലം സംഭവത്തിലെ ആശങ്കയെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളം വിട്ടുപോകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പോലീസുകാര്‍ക്കായി സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഡിവൈ.എസ്.പി.മാരും എസ്.എച്ച്.ഒ.മാരും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കണം. ഹിന്ദിയും ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥര്‍ അവരുമായി സംസാരിച്ച് വിവരങ്ങളറിയണം. എന്തെങ്കിലും മോശം സംഭവമുണ്ടായാല്‍ അത് എല്ലാ തൊഴിലാളികളെയും ബാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണം. പോലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ തൊഴിലാളികള്‍ക്ക് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ സേവനം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ആവശ്യമാണെന്നും സര്‍ക്കുലറില്‍ പറയുന്നു. ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന് ശേഷം അതിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക ഫോമും സര്‍ക്കുലറിനൊപ്പം നല്‍കിയിട്ടുണ്ട്.
അതിനിടെ, കിഴക്കമ്പലം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് നടക്കുന്ന യോഗത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും എസ്.പി.മാരും ഓണ്‍ലൈന്‍ വഴിയും പങ്കെടുക്കും. കിഴക്കമ്പലത്ത് അക്രമത്തിനിരയായ പോലീസുകാരുടെ ചികിത്സാചെലവ് സംസ്ഥാന പോലീസ് വഹിക്കുമെന്നും ഡി.ജി.പി. അറിയിച്ചിട്ടുണ്ട്.
Content Highlights: adgp circular for police about migrant labours issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..