സംഘർഷം നടന്ന കിഴക്കമ്പലം കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിനു മുന്നിൽ സമീപവാസികൾ പ്രതിഷേധിച്ചപ്പോൾ
കൊച്ചി: കിറ്റക്സ് കമ്പനിയിലെ അതിഥിത്തൊഴിലാളികള്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കിഴക്കമ്പലത്തുകാര്‍. മദ്യവും ലഹരിയും ലേബര്‍ ക്യാമ്പിലേക്ക് ദിവസേന ഒഴുകുകയാണെന്ന് നാട്ടുകാര്‍. ചിലര്‍ ഇരട്ടി തുകയ്ക്ക് മദ്യം ക്യാമ്പിലെത്തിക്കുന്നുണ്ട്. ചില കടകളില്‍ അതിഥിത്തൊഴിലാളികള്‍ക്കായി കഞ്ചാവു വില്‍ക്കുന്നുമുണ്ട്. രാത്രിയായാല്‍ ക്യാമ്പിന് മുന്നിലൂടെ ആര്‍ക്കും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ലേബര്‍ ക്യാമ്പില്‍ അതിഥിത്തൊഴിലാളികള്‍ മാത്രമല്ല, മലയാളികളായ തൊഴിലാളികളുമുണ്ട്. ആയിരത്തിലധികം പേരാണ് ക്യാമ്പിലുള്ളത്. മദ്യം ഇരട്ടിവിലയ്ക്ക് ഇവര്‍ക്കെത്തിച്ച് ലാഭംനേടുന്ന സാമൂഹികവിരുദ്ധര്‍ ഇവിടെയുണ്ട്. മുമ്പ് ഒരു കട അടിച്ചുതകര്‍ത്ത സംഭവം ഇവിടെയുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ക്യാമ്പിനോടുചേര്‍ന്ന ഇടവഴിയില്‍ ഇവര്‍ സംഘംചേര്ന്നിരുന്ന് മദ്യപിക്കുന്നത് പതിവുകാഴ്ചയാണ്. യാത്രക്കാരെ ശല്യം ചെയ്യുന്നതും പതിവാണെന്ന് നാട്ടുകര്‍ ആരോപിക്കുന്നു.
അന്വേഷണത്തിന് പ്രത്യേക സംഘം
കൊച്ചി: കിഴക്കമ്പലത്ത് അതിഥിത്തൊഴിലാളികള്‍ പോലിസുദ്യോഗസ്ഥരെ ആക്രമിച്ച് വാഹനം തകര്‍ത്ത കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപവത്കരിച്ചു. പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പലിവാലിന്റെ നേതൃത്വത്തില്‍ 19 പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുളത്. രണ്ട് ഇന്‍സ്പെക്ടമാരും ഏഴ് സബ് ഇന്‍സ്പെക്ടര്‍മാരും ടീമിലുണ്ട്. സംഭവസ്ഥലം റേഞ്ച് ഡി.ഐ.ജി നീരജ്കുമാര്‍ ഗുപ്ത, ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 156 പേര് കസ്റ്റഡിയിലുണ്ട്. ഇവര്‍ ചെയ്ത കാര്യങ്ങള്‍ പോലീസ് പരിശോധിച്ചുവരുന്നു. 500 പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പരിക്കുപറ്റിയ ഉദ്യോഗസ്ഥരെ ഡി.ഐ.ജി, എസ്.പി. എന്നിവര്‍ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി.
കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു. സംഭവസ്ഥലത്ത് പോലീസ് പിക്കറ്റിങ് തുടരും, സുരക്ഷ ഉറപ്പാക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും എസ്.പി. പറഞ്ഞു.
ലേബര്‍ ക്യാമ്പ് നിരീക്ഷണത്തില്‍
കിഴക്കമ്പലത്ത് അക്രമമുണ്ടായ കിറ്റക്സിന്റെ ലേബര്‍ ക്യാമ്പ് വന്‍ പോലീസ്സംഘത്തിന്റെ നിരീക്ഷണത്തിലാണിപ്പോള്‍. ഞായറാഴ്ച രാവിലെ ഫൊറന്‍സിക് സംഘം ജീപ്പുകള്‍ പരിശോധിച്ചു.
ലഹരിയക്രമം മുമ്പും
ലഹരിയുപയോഗം അതിഥിതൊഴിലാളികള്‍ക്കിടയില്‍ വ്യാപകമാണെന്നും ക്യാമ്പ് റെയ്ഡുചെയ്ത് ഇത് കണ്ടെത്തണമെന്നുംപറഞ്ഞ് കിഴക്കമ്പലത്തെ നാട്ടുകാരും സംഘര്‍ഷസ്ഥലത്ത് സംഘടിച്ചെത്തി. ഇവരെ പോലീസ് ഇടപെട്ട് പിരിച്ചുവിട്ടു. അതിഥിതൊഴിലാളികള്‍ മുമ്പും ഈ പ്രദേശത്ത് മദ്യപിച്ചും കഞ്ചാവടക്കമുള്ള ലഹരിക്ക് അടിമപ്പെട്ടും അക്രമം നടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ആരോപണങ്ങളുമായി പി.വി. ശ്രീനിജിനും ബെന്നി ബഹനാനും
കിഴക്കമ്പലം: കിറ്റെക്സിലെ സംഭവങ്ങള്‍ക്കു പിന്നില്‍ മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ സമീപനമാണെന്ന് അഡ്വ. പി.വി. ശ്രീനിജിന്‍ എം.എല്‍.എ. പറഞ്ഞു. കമ്പനിയില്‍ നടന്നത് ഗുണ്ടാ വിളയാട്ടമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ കമ്പനി ലയങ്ങളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍, പരിശോധന രാഷ്ടീയലക്ഷ്യം വെച്ചാണെന്നും ഇവിടം വ്യവസായസൗഹൃദമല്ലെന്നും ആരോപിച്ച് വ്യവസായ ഗ്രൂപ്പ് കേരളം വിടുന്നതായി പ്രഖ്യാപിച്ചു.
ഇനി ഇവിടെ ഒരു പരിശോധനയും ഉണ്ടാകില്ലെന്ന വിശ്വാസത്തില്‍ തൊഴിലാളികള്‍ മദ്യവും മറ്റ് ലഹരിപദാര്‍ഥങ്ങളും അവരുടെ ലയങ്ങളില്‍ സൂക്ഷിക്കുന്ന സ്ഥിയിലേക്ക് എത്തി. തൊഴിലാളികള്‍ നടത്തിയ അക്രമങ്ങള്‍ക്കൊപ്പം മാനേജ്മെന്റിന്റെ ഭാഗത്തുണ്ടായ വീഴ്ചയും അന്വഷിക്കണമെന്ന് ശ്രീനിജിന്‍ എം.എല്‍. എ. ആവശ്യപ്പെട്ടു.
അക്രമത്തിന് പിന്നില്‍ ട്വന്റി-20 ഗുണ്ടകളാണെന്ന് ബെന്നി ബഹനാന് എം.പി. കുറ്റപ്പെടുത്തി. തൊഴില്‍ കേന്ദ്രങ്ങള്‍ കുറേനാളുകളായി സാമൂഹികവിരുദ്ധരുടെ താവളമാണ്. പൊതുപ്രവര്‍ത്തകര്‍ക്കെതിരേ ചെല്ലുംചെലവും നല്കി ഇവരെ സംരക്ഷിക്കുകയണ് ട്വന്റി-20 ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിനുത്തരാദികളായ മുഴുവന്‍ പേര്‍ക്കെതിരേയും നടപടി ഉണ്ടാകണമെന്ന് ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്. അഭിലാഷ് ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..