അതിഥിത്തൊഴിലാളികളുടെ ആക്രമണത്തിൽ പരിക്കേറ്റ സി.പി.ഒ. സുബൈർ, ഇൻസ്പെക്ടർ വി.ടി. ഷാജൻ, എ.എസ്.ഐ. സാജൻ, സി.പി.ഒ. രാജേന്ദ്രൻ, എ.എസ്.ഐ. ശിവദാസൻ എന്നിവർ ആശുപത്രിയിൽ
കോലഞ്ചേരി (കൊച്ചി): ''അവരോട് സംസാരിച്ചു നില്‍ക്കുകയായിരുന്നു, പെട്ടെന്നാണ് കല്ലുകള്‍ നാലുപാടുനിന്നും തലയ്ക്കുനേരെ വന്നത്...''- കിഴക്കമ്പലത്ത് കിറ്റെക്സ് കമ്പനിയിലെ അതിഥിതൊഴിലാളികളുടെ ആക്രമണത്തില്‍ പരിക്കേറ്റ പെരുമ്പാവൂര്‍ സ്റ്റേഷനിലെ സി.പി.ഒ. സുബൈറിന്റെ വാക്കുകള്‍. മുഖത്ത് കരിങ്കല്ലുകൊണ്ടുള്ള ഏറില്‍ കവിളും ചുണ്ടുംമുറിഞ്ഞ പരിക്കുമായി കോലഞ്ചേരി ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് സുബൈര്‍ ക്രിസ്മസ് രാത്രിയിലെ സംഭവങ്ങള്‍ വിവരിച്ചു.
''കണ്ട്രോള് റൂമില്‍നിന്നുള്ള നിര്‍ദേശം വന്നിട്ടാണ് ഞങ്ങളങ്ങോട്ടു ചെന്നത്. കുന്നത്തുനാട് സി.ഐ. ഉള്‍പ്പെടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. അവര്‍ പല സ്ഥലത്തായി കൂടിനില്ക്കുകയായിരുന്നു. അവരോട് പിരിഞ്ഞുപോകാന്‍ പറഞ്ഞപ്പോള്‍ അവര്‍ കുറേ പരാതികള്‍ പറഞ്ഞു. പലരും അക്രമാസക്തരായിരുന്നു, നന്നായി മദ്യപിച്ചിട്ടുമുണ്ടായിരുന്നു. സ്വബോധമില്ലാത്തതു പോലെതോന്നിച്ചു. സെക്യൂരിറ്റിക്കാര്‍ മര്ദിച്ചെന്നാണുപറഞ്ഞത്. പരാതി തന്നാല്‍ നടപടിയെടുക്കാമെന്ന് സി.ഐ. സാര്‍ പറഞ്ഞു. ഇങ്ങനെ സംസാരിച്ചു നില്‍ക്കവേയാണ് ഇവര്‍ പെട്ടെന്ന് ആക്രമിക്കുന്നത്. കരിങ്കല്ലുകൊണ്ട് ഏറുവന്നു, അതോടെ എന്തുചെയ്യണം എന്നറിയാതായി...''
അതിഥിത്തൊഴിലാളികളുടെ കൈകളില്‍ കല്ലുമാത്രമായിരുന്നില്ല വടിയും കത്തിയുമെല്ലാം ഉണ്ടായിരുന്നതായി സുബൈര്‍ പറയുന്നു. ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകുന്നതിനു മുമ്പാണ് സുബൈര്‍ 'മാതൃഭൂമി'യോടു സംസാരിച്ചത്.
മൂന്നു വണ്ടികളിലായി ഇരുപതോളം പോലീസുകാര്‍ മാത്രമാണ് ആദ്യമെത്തിയത്. എങ്ങനെയൊക്കെയോ അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു ആദ്യമെത്തിയ പോലീസുകാര്‍. തകര്‍ന്ന ജീപ്പില്വരെ പോലീസുകാരെ ആശുപത്രിയില്‍ എത്തിച്ചു. ഇന്‍സ്പെക്ടര്‍ വി.ടി. ഷാജനും എ.എസ്.ഐ. സാജനും തലയ്ക്കും കൈകള്‍ക്കുമാണ് പരിക്ക്. സി.പി.ഒ. രാജേന്ദ്രനും എ.എസ്.ഐ. ശിവദാസനും കൈക്കാണ് പരിക്ക്.
പേടിയുടെ 'കൂട്ടില്‍ ' അതിഥികള്‍...
കിഴക്കമ്പലം (കൊച്ചി): 'മുച്ഛേ കുച്ഛ് മാലും നഹി, കുച്ഛ് നഹി ദേഖാ, സോ രഹാ ഥാ... (എനിക്കൊന്നുമറിയില്ല, ഒന്നും കണ്ടില്ല, ഉറങ്ങുകയായിരുന്നു)' -കിഴക്കമ്പലം കിറ്റെക്സ് കമ്പനിയുടെ ലേബര്‍ ക്യാമ്പിലെ തൊഴിലാളികളുടെ മുഖത്ത് ഭയമാണ്. മതിലിനിപ്പുറത്തുനിന്ന് വിളിച്ച് സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒഴിഞ്ഞുമാറുന്നു. ചിലര്‍ക്ക് സംസാരിക്കണമെന്നുണ്ട്, പക്ഷേ, സെക്യൂരിറ്റി ജീവനക്കാരെ പേടി...
അക്രമത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയില്‍ എടുത്തവരെ കൊണ്ടുപോയിക്കഴിഞ്ഞപ്പോള്‍ ബാക്കിയുള്ളവര്‍ ഭയാശങ്കയിലാണ്. കൊല്‍ക്കത്തയില്‍ നിന്നുള്ള രഞ്ജിത്ത് മാത്രമാണ് എന്തെങ്കിലും പറയാന്‍ തയ്യാറായത്: ''വലിയ ബഹളം നടക്കുന്നുണ്ടായിരുന്നു, അടി കിട്ടുമെന്നു പേടിച്ച് ഞാനങ്ങോട്ട് പോയില്ല. ജീവനില്‍ കൊതിയുണ്ട്. നാലുമാസമേ ആയുള്ളൂ എത്തിയിട്ട്... മുറിയില്‍ കയറി വാതിലടച്ചിരുന്നു...''
പേരുവെളിപ്പെടുത്തരുതെന്ന അപേക്ഷയോടെ ലേബര്‍ ക്യാമ്പിലെ ഒരു മലയാളി മതിലിനരികില്‍ വന്നു: ''കരോളിന്റെ പേരില്‍ വലിയ ഒച്ചപ്പാടായിരുന്നു. കുറേപ്പേര് ഉറങ്ങുകയായിരുന്നു. അവര്‍ എഴുന്നേറ്റു വന്നു. ബഹളമുണ്ടാക്കാതിരിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ബഹളമുണ്ടാക്കിയവര്‍, 'ഞായറാഴ്ചയല്ലേ പണിയില്ലല്ലോ' എന്നു പറഞ്ഞു. പിന്നെ പൊരിഞ്ഞ വാക്കുതര്‍ക്കമായി. വെള്ളമടിച്ച ഹിന്ദിക്കാര് വലിയ പ്രശ്നമായി. ഒമ്പതര മണി മുതല്‍ ബഹളം തുടങ്ങി...' -അപ്പോഴേക്കും സെക്യൂരിറ്റി വരുന്നതുകണ്ട് അയാള്‍ ഓടി മുറിയില്‍ക്കയറി.
ഷീറ്റുമേഞ്ഞ് നിരനിരയായുള്ള മുറികള്‍ പല ബ്ലോക്കുകളായി തിരിച്ചിരിക്കുന്നതാണ് ലേബര്‍ ക്യാമ്പ്. കിറ്റെക്സ് കമ്പനിയുടെ തൊട്ടരികില്‍ തന്നെയാണിത്. വലിയൊരു ഗേറ്റും സെക്യൂരിറ്റി ജീവനക്കാരും ക്യാമ്പിന് മാത്രമായുണ്ട്. ഇതിനു പുറമേ, തൊട്ടടുത്തുള്ള കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരുടെയും കണ്ണെത്തുന്ന സ്ഥലമാണിത്. സ്പോട്ട്ലൈറ്റുകളും സി.സി.സി.ടി.വി. ക്യാമറകളും നിരീക്ഷണത്തിനായുണ്ട്.
തൊട്ടരികില്‍ കാടുപിടിച്ച പറമ്പാണ്. തൈക്കാവ്-ചൂരക്കോട് റോഡ് ലേബര്‍ ക്യാമ്പിന് മുന്നിലൂടെയാണ്. പകല്‍ യാത്രക്കാരുണ്ടെങ്കിലും രാത്രിയില്‍ ഈവഴിയുള്ള സഞ്ചാരം മിക്കവരും ഒഴിവാക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരില്‍ പലര്‍ക്കും അതിഥിത്തൊഴിലാളികളെ പേടിയുമാണ്.
അക്രമം യാദൃച്ഛികമെന്ന് സാബു എം.ജേക്കബ്
കിഴക്കമ്പലം: ക്രിസ്മസ് രാത്രിയിലുണ്ടായ അക്രമസംഭവം അപ്രതീക്ഷതവും യാദൃച്ഛികവുമാണെന്ന് കിറ്റെക്സ് എം.ഡി. സാബു എം. ജേക്കബ്. സംഭവത്തിന് പിന്നില്‍ 40-ല്‍ താഴെ അതിഥിത്തൊഴിലാളികള്‍ മാത്രമാണുള്ളത്. ലഹരിവസ്തുക്കള്‍ അക്രമിസംഘം ഉപയോഗിച്ചതായാണ് സംശയം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ കമ്പനി ഒരുതരത്തിലും സംരക്ഷിക്കുകയില്ല. എല്ലാവിധ സഹായവും പോലീസിന് നല്‍കും.
അതിഥിത്തൊഴിലാളികള്‍ക്ക് ലഹരിവസ്തുക്കള്‍ ലഭിക്കുന്നത് ഗൗരവമായി പരിശോധിക്കണം. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നവര്‍ കമ്പനി അടച്ചുപൂട്ടാന്‍ നിരന്തരം ശ്രമിക്കുന്നവരാണെന്നും സാബു എം. ജേക്കബ് ആരോപിച്ചു.
കമ്പനിയില്‍ ജോലിക്കെടുക്കുന്ന അതിഥിത്തൊഴിലാളികള്‍ക്ക് പോലീസ് വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതിഥിത്തൊഴിലാളികളെ ജോലിക്കെടുക്കുമ്പോള്‍ ഒരു തൊഴില്‍ദാതാവ് ചെയ്യേണ്ട എല്ലാ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാറുണ്ട്.
സംഭവത്തില്‍ 155 പേരേയാണ് പോലീസ് പിടിച്ചുകൊണ്ടുപോയത്. എല്ലാവരും കുറ്റക്കാരാണെന്ന് തോന്നുന്നില്ല. പോലീസ് ജീപ്പ് തീവെച്ച പ്രധാന കുറ്റവാളിയെ കമ്പനിയുടെ സി.സി.ടി.വി. ക്യാമറ പരിശോധനയില്‍ തിരിച്ചറിഞ്ഞ് തങ്ങള്‍ തന്നെയാണ് ഞായറാഴ്ച പോലീസിന് കൈമാറിയതെന്നും സാബു എം. ജേക്കബ് പറഞ്ഞു.
ഈ സംഭവത്തെ രാഷ്ട്രീയ സങ്കുചിത താത്പര്യത്തോടെ ഉപയോഗിക്കുന്നവര്‍ കഴിഞ്ഞ ആറുമാസമായി കിറ്റെക്സ് പൂട്ടിക്കാന്‍ ശ്രമിക്കുന്നവരാണ്. കുന്നത്തുനാട് എം.എല്‍.എ. അടക്കം കിറ്റെക്സിനോടുള്ള വിരോധംവെച്ച് പ്രകോപനപരമായി സംസാരിക്കുന്നത് ഗുണകരമല്ല.
എല്ലാ അതിഥിത്തൊഴിലാളികളുടേയും ക്രിമിനല്‍ പശ്ചാത്തലം അടക്കം പരിശോധിക്കുന്നതില്‍ പരിമിതികള്‍ ഉണ്ട്, എന്നാല്‍ കുറച്ചുപേര്‍ ചെയ്ത തെറ്റിന്റെ പേരില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന എല്ലാവരേയും സംശയത്തിന്റെ കണ്ണുകൊണ്ട് കാണുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..