Screengrab: Mathrubhumi News
കല്പറ്റ: വയനാട്ടില്‍ ലഹരിമരുന്നുമായി കിര്‍മാണി മനോജ് അടക്കം 16 പേര്‍ പിടിയിലായത് മറ്റൊരു ഗുണ്ടാനേതാവിന്റെ വിവാഹവാര്‍ഷികാഘോഷത്തിനിടെ. ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാനേതാവായ കമ്പളക്കാട് മുഹ്‌സിന്റെ വിവാഹവാര്‍ഷികാഘോഷത്തിനാണ് കിര്‍മാണി മനോജ് അടക്കമുള്ള ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ വയനാട്ടിലെ റിസോര്‍ട്ടില്‍ ഒത്തുകൂടിയത്. ഇതിനിടെ രഹസ്യവിവരം ലഭിച്ചതോടെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം റിസോര്‍ട്ടില്‍ പരിശോധന നടത്തുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍നിന്ന് കിര്‍മാണി മനോജ് അടക്കം 16 ഗുണ്ടകളെ പോലീസ് പിടികൂടിയത്. എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയില്‍ തുടങ്ങിയ ലഹരിമരുന്നുകളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. ടി.പി. വധക്കേസിലെ പ്രതിയായ കിര്‍മാണി മനോജ് പരോളിലിറങ്ങിയതാണ്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കമ്പളക്കാട് മുഹ്‌സിനാണ് വിവിധ ജില്ലകളിലെ ഗുണ്ടകളെ തന്റെ വിവാഹവാര്‍ഷികാഘോഷത്തിനായി വയനാട്ടിലേക്ക് ക്ഷണിച്ചത്. ഏകദേശം നൂറോളം പേരെ മുഹ്‌സിന്‍ പാര്‍ട്ടിക്കായി ക്ഷണിച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഇവരില്‍ എല്ലാവരും വയനാട്ടിലേക്ക് വന്നില്ല. പാര്‍ട്ടിക്കെത്തിയവരില്‍ 16 പേരാണ് കഴിഞ്ഞദിവസം പിടിയിലായത്.
ഗുണ്ടാനേതാവായ കമ്പളക്കാട് മുഹ്‌സിന്‍ നിലവില്‍ ഗോവ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മറ്റു ക്വട്ടേഷന്‍ സംഘാംഗങ്ങളെ ഇയാള്‍ വയനാട്ടിലേക്ക് ക്ഷണിച്ചതിന് പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഓരോരുത്തരെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം.
അതിനിടെ, ഗുണ്ടകളെ പിടികൂടിയ റിസോര്‍ട്ടില്‍ ചൊവ്വാഴ്ചയും പോലീസ് സംഘം പരിശോധന നടത്തി. കല്പറ്റ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. ഡോഗ് സ്‌ക്വാഡും പരിശോധനയ്ക്കുണ്ടായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Content Highlights: kirmani manoj and 15 others arrested with drugs in wayanad party conducted by kambalakkad muhsin
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..