-
കൂത്തുപറമ്പ്: ഗൾഫിൽനിന്നെത്തി കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ കഴിയുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ സംഘത്തിന്റെ ശ്രമം. പേരാമ്പ്ര സ്വദേശി ബിൻഷാദിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. യുവാവിന്റെ ബന്ധുക്കളും സ്ഥലത്തെത്തിയതോടെ ഇരുവിഭാഗത്തിലും പെട്ടവർ നഗരമധ്യത്തിൽ പരസ്യമായി ഏറ്റുമുട്ടി. പോലീസെത്തി പത്തോളം പേരെ കസ്റ്റഡിയിലെടുത്തു.
സംഭവത്തിനുപിന്നിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കമെന്നാണ് വിവരം. ഞായറാഴ്ച വൈകീട്ടാണ് പാറാലിലെ സ്വകാര്യ ലോഡ്ജിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവിനെത്തേടി മലപ്പുറത്തുനിന്ന് മൂന്ന് വാഹനങ്ങളിലായി സംഘമെത്തിയത്. കൂത്തുപറമ്പിൽ ബന്ധുക്കളുള്ള യുവാവ് കൊച്ചി വിമാനത്താവളത്തിലിറങ്ങി ലോഡ്ജിൽ കഴിയുകയായിരുന്നു. സംഘത്തെ ഏൽപ്പിക്കാനായി യുവാവ് ഗൾഫിൽനിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കടത്തിക്കൊണ്ടുവന്നതായും എന്നാൽ ഇത് നൽകാത്തതിനെത്തുടർന്ന് സംഘം യുവാവിനെ തേടിയെത്തുകയായിരുന്നുവെന്നുമാണ് വിവരം.
ക്വട്ടേഷൻ സംഘം എത്തുന്ന വിവരമറിഞ്ഞ് യുവാവിന്റെ ബന്ധുക്കളും കൂട്ടാളികളും സ്ഥലത്തെത്തി. തുടർന്ന് നടന്ന വാക്തർക്കം സംഘർഷത്തിൽ കലാശിച്ചു. വാഹനങ്ങൾ കുറുകെയിട്ട് യുവാവിനെ പോകാൻ അനുവദിക്കാത്തതിനെത്തുടർന്ന് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി.
പോലീസെത്തിയതിനെത്തുടർന്ന് ക്വട്ടേഷൻ ടീമിലെയും യുവാവിന്റെയും സംഘത്തിലുണ്ടായിരുന്നവർ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിസ സംബന്ധമായ വിഷയമാണ് പ്രശ്നത്തിൽ കലാശിച്ചതെന്നാണ് പിടിക്കപ്പെട്ടവർ മൊഴി നൽകിയത്. സംഘത്തിന്റെ കൈയിൽ ആയുധങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പോലീസ് തയ്യാറായില്ല.
Content Highlights:kidnapping attempt in covid center in koothuparamba


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..