-
കൂത്തുപറമ്പ്: സ്വർണ ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യപ്രതി രക്ഷപ്പെട്ടു. പേരാമ്പ്രയിലെ ദിൻഷാദാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച ദിൻഷാദിനെ പോലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് രക്ഷപ്പെട്ടതറിയുന്നത്. ആശുപത്രിയിൽ പോലീസ് കാവലേർപ്പെടുത്തിയിരുന്നില്ല.
ഞായറാഴ്ച വൈകീട്ടാണ് രണ്ടാഴ്ച മുൻപ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ദുബായിൽനിന്നെത്തി കൂത്തുപറമ്പിലെ സ്വകാര്യ ലോഡ്ജിൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന ദിൻഷാദിനെ തട്ടിക്കൊണ്ടുപോകാൻ മലപ്പുറത്തുനിന്നെത്തിയ സംഘം ശ്രമിച്ചത്. സംഘത്തിന് നൽകേണ്ട 38 ലക്ഷം രൂപയുടെ സ്വർണം ദിൻഷാദ് കടത്തിക്കൊണ്ടുവരികയാണെന്നാണ് പറയുന്നത്. തുടർന്ന് ദിൻഷാദിന്റെ ബന്ധുകളും സഹൃത്തുക്കളുമായി സംഘം ഏറ്റുമുട്ടി. തുടർന്ന് പരിക്കേറ്റ ദിൻഷാദിനെ തിങ്കളാഴ്ച ആശുപത്രിയിലാക്കിയിരുന്നു.
സംഭവത്തിൽ 10 പേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ആറുപേർ റിമാൻഡിലുമായി. ഉളിക്കൽ നുച്ചിയാട് സ്വദേശികളും സഹോദരങ്ങളുമായ കെ.സി. സന്തോഷ്, കെ.സി. സനീഷ്, മാങ്ങാട്ടിടം കണ്ടേരിയിലെ പി.കെ. സജീർ, ചിറ്റാരിപറമ്പിലെ പി.പി. സജീർ, കോട്ടയം മലബാർ കൂവപ്പാടിയിലെ ടി.വി. റംഷാദ്, കൈതേരി വട്ടപ്പാറയിലെ കെ.കെ. റിനാസ് എന്നിവരാണ് റിമാൻഡിലായത്.
ദിൻഷാദിനെ പിടികൂടാനായി പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അതേസമയം കേസിൽ ഉൾപ്പെട്ടവർ സംഭവത്തിന് സ്വർണ ഇടപാടുമായി ബന്ധമില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ കൂത്തുപറമ്പ് കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ ഇടപാട് സംഘങ്ങൾക്ക് സംഭവത്തിൽ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേർക്കെതിരേ കോവിഡ് ഭീഷണി മൂലം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാനാവാത്തതും പോലീസിനെ വലയ്ക്കുന്നുണ്ട്.
Content Highlights:kidnapping attempt and clash in koothuparamba main accused escaped from hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..