ബിന്ദു | Screengrab: Mathrubhumi News
ആലപ്പുഴ: മാന്നാറില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് പാലക്കാട് നിന്നും കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ റോഡില്‍ ഇറക്കിവിടുകയായിരുന്നു. വടക്കഞ്ചേരി പോലീസ് യുവതിയുമായി ആലപ്പുഴയിലേക്ക് യാത്രതിരിച്ചു.
തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനടക്കം പരിശോധിച്ച് എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാല് ദിവസം മുമ്പ് ഗള്‍ഫില്‍നിന്നെത്തിയ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെ അജ്ഞാതസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. കമ്പിവടിയും വടിവാളുമായി 15 പേരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയതെന്നും ആദ്യം കോളിങ് ബെല്ലടിച്ച സംഘം പിന്നീട് വീടിന്റെ വാതില്‍ തകര്‍ത്ത് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയെന്നുമാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിന് പിന്നില്‍ കൊടുവള്ളി സംഘമാണെന്നും കുടുംബം ആരോപിച്ചിരുന്നു.
യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ആദ്യം ഖത്തറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു ഇടയ്ക്കിടെ കേരളത്തില്‍ വന്നുപോയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരുടെ പാസ്പോര്‍ട്ട് അടക്കം പരിശോധിച്ചതിന് പിന്നാലെയാണ് യുവതി ഇടയ്ക്കിടെ നാട്ടില്‍വന്നിരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞമാസം നാട്ടിലെത്തിയ യുവതി പിന്നീട് ദുബായിലേക്കാണ് പോയത്. തുടര്‍ന്ന് ഫെബ്രുവരി 19-ന് നാട്ടില്‍ തിരിച്ചെത്തിയതായും പോലീസ് പറഞ്ഞു.
Content Highlights: kidnapped woman abandoned in palakkad police investigation is going on
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..