സാമൂഹികമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളുടെ സ്‌ക്രീൻഷോട്ടുകൾ(ഇടത്ത്) പ്രതീകാത്മകചിത്രം(വലത്ത്)
ഏറെ കോളിളക്കം സൃഷ്ടിച്ച 'പങ്കാളികളെ കൈമാറല്‍' കേസിലെ പരാതിക്കാരിയുടെ അരുംകൊലയില്‍ നടുങ്ങിയിരിക്കുകയാണ് കേരളം. പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം സംസ്ഥാനത്തും സജീവമാണെന്ന വാര്‍ത്ത ഒന്നരവര്‍ഷം മുന്‍പ് ഞെട്ടലോടെയാണ് കേരളം കേട്ടത്.
കോട്ടയത്തെ യുവതിയാണ് ഭര്‍ത്താവിനെതിരേ അന്ന് പോലീസില്‍ പരാതിപ്പെട്ടത്. അന്നത്തെ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അടക്കമുള്ള പ്രതികളെ പോലീസ് പിടികൂടുകയും റിമാന്‍ഡിലാവുകയും ചെയ്തു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവ് യുവതിയുമായി രമ്യതയിലെത്തുകയും വീണ്ടും ഒരുമിച്ച് താമസം ആരംഭിക്കുകയുമായിരുന്നു. ഇതിനിടെ ഭര്‍ത്താവ് വീണ്ടും പങ്കാളികളെ കൈമാറുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യയെ വീണ്ടും നിര്‍ബന്ധിച്ചു. ഇതോടെ ഭര്‍ത്താവുമായി തെറ്റിയ യുവതി സ്വന്തം വീട്ടിലേക്ക് തിരികെയെത്തി. തുടര്‍ന്ന് യുവതിയെ കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിമുഴക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി ഭര്‍ത്താവ് യുവതിയെ വെട്ടിക്കൊന്നത്.
യുവതിയുടെ മാതാപിതാക്കളും സഹോദരങ്ങളും സംഭവസമയം ജോലിക്ക് പോയതായിരുന്നു. രണ്ടുമക്കള്‍ വീടിന് സമീപത്ത് കളിക്കാനും പോയി. ഈ സമയത്ത് വീട്ടിലെത്തിയ പ്രതി ഭാര്യയെ ആക്രമിച്ചു. ഭയന്നോടിയ യുവതി കുളിമുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചെങ്കിലും ഇത് ചവിട്ടിത്തുറന്ന് അകത്തുകയറുകയും കുളിമുറിക്കുള്ളില്‍വെച്ച് വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു. വെട്ടേറ്റ യുവതി കുളിമുറിയില്‍നിന്ന് ഇറങ്ങിയോടിയെങ്കിലും വീടിന്റെ സിറ്റൗട്ടില്‍ വീണു. പിന്നാലെ ഭര്‍ത്താവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
കുട്ടികള്‍ വിവരമറിയിച്ചതിനുസരിച്ച് അയല്‍ക്കാര്‍ വീട്ടിലെത്തിയപ്പോള്‍ സിറ്റൗട്ടില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടത്. ഉടന്‍തന്നെ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവിനെ അല്പസമയത്തിന് ശേഷം മറ്റൊരിടത്ത് വിഷംകഴിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ ചങ്ങനാശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരുത്തന്റെ കൂടെകിടക്കുന്നത് കാണുന്നതാണ് ഭര്‍ത്താവിന്റെ സന്തോഷം, അന്ന് യുവതി പറഞ്ഞത്
ഭര്‍ത്താവ് ഉള്‍പ്പെട്ട, പങ്കാളികളെ കൈമാറുന്ന സംഘത്തെക്കുറിച്ച് ഒരു വ്‌ളോഗറോടാണ് യുവതി ആദ്യം വെളിപ്പെടുത്തിയത്. വ്‌ളോഗര്‍ യുവതിയുടെ സംഭാഷണം പുറത്തുവിട്ടതോടെ സംശയം തോന്നിയ സഹോദരന്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയും പിന്നീട് യുവതിയുമായെത്തി കോട്ടയം കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
താന്‍ മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കാണുന്നതാണ് ഭര്‍ത്താവിന്റെ സന്തോഷമെന്നായിരുന്നു യുവതി അന്ന് വ്‌ളോഗറോട് വെളിപ്പെടുത്തിയിരുന്നത്. 'ഇതൊക്കെ എന്റെ മനസില്‍വെച്ചാല്‍ മാനസികമായി ബുദ്ധിമുട്ട് തോന്നും. അതുകൊണ്ട് വിളിച്ചതാണ്. കല്യാണം കഴിഞ്ഞത് തൊട്ട് ഒരുപാട് ഉപദ്രവങ്ങള്‍ നടക്കുന്നുണ്ട്. ഭര്‍ത്താവും മക്കളുമായി ഒരുമിച്ചാണ് താമസം. എന്നാല്‍ ഭര്‍ത്താവില്‍നിന്ന് ഉപദ്രവം മാത്രമേ കിട്ടിയിട്ടുള്ളൂ. മക്കളുമായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ജീവിച്ചുപോകുവാണ്'', യുവതിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
2018 മുതല്‍ ഭര്‍ത്താവ് ഉപദ്രവിക്കുന്നുണ്ടെന്നായിരുന്നു യുവതി അന്ന് പറഞ്ഞിരുന്നത്. ലൈഫ് എന്‍ജോയ് ചെയ്ത് പോകണമെന്നാണ് പുള്ളിയുടെ ആഗ്രഹം. ലൈഫ് എന്‍ജോയ് ചെയ്യണമെന്നതിലൂടെ പുള്ളി ഉദ്ദേശിക്കുന്നത് ത്രീസം, ഫോര്‍സം എന്നതൊക്കെയാണ്. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ് പുള്ളിയുടെ എന്‍ജോയ്‌മെന്റ്. നീ വേറെ ഒരാളുടെ കൂടെ കിടക്കുന്നത് എനിക്ക് കാണണമെന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. ഇക്കാര്യം വീട്ടുകാരോട് പറഞ്ഞപ്പോള്‍ താന്‍ തമാശയ്ക്ക് പറഞ്ഞതാണെന്നായിരുന്നു അയാളുടെ മറുപടി. ഒരിക്കല്‍ പോലീസില്‍ കേസ് കൊടുത്തിരുന്നു. അന്ന് കൗണ്‍സിലിങ് എല്ലാം നല്‍കി പറഞ്ഞയച്ചു. പിന്നെ കുഴപ്പമുണ്ടായില്ല. എന്നാല്‍ പിന്നീട് വീണ്ടും തുടങ്ങി. ഞങ്ങള്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇനി ഭര്‍ത്താവിനൊപ്പം പോകേണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു'', യുവതി വെളിപ്പെടുത്തി.
കപ്പിള്‍സ് മീറ്റ് നടത്തണം, മറ്റുള്ളവര്‍ ഭാര്യമാരുമായി വരും, നമ്മളും പോകണം എന്നെല്ലാമാണ് ഭര്‍ത്താവ് യുവതിയോട് പറഞ്ഞിരുന്നത്. അത്രയുംകാലം ഇതൊക്കെ പറയുകയേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് തന്നെക്കൊണ്ട് ചെയ്യിക്കാന്‍ തുടങ്ങി. കുറേപേരെ വിളിച്ചുവരുത്തി തന്റെ കൂടെ കിടത്തി. ഒന്നുംരണ്ടും അല്ല, കുറേപ്രാവശ്യം. ബഹളമുണ്ടാക്കിയാല്‍ തന്റെ ജീവിതം നരകിക്കും എന്നായിരുന്നു ഭീഷണി. ഇപ്പോഴും അതുപോലെ ചെയ്തുകൊണ്ടിരിക്കുകയാണെന്നും യുവതി വ്‌ളോഗറുമായുള്ള സംഭാഷണത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതൊന്നും വേണ്ട, നിര്‍ത്തിയേക്കാം എന്ന് പറഞ്ഞപ്പോള്‍ നീ ഒരുത്തന്റെ കൂടെ കിടക്കുന്നത് കണ്ടാലാണ് എനിക്ക് സന്തോഷം കിട്ടുന്നതെന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്നും ആത്മഹത്യാഭീഷണി മുഴക്കിയതായും യുവതി അന്ന് വ്യക്തമാക്കിയിരുന്നു.
പോലീസില്‍ പരാതി, കേസ്; ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍
യുവതിയുടെ പരാതി ലഭിച്ചതോടെ ഭര്‍ത്താവ് അടക്കമുള്ള പ്രതികളെ പോലീസ് പിടികൂടി. പങ്കാളികളെ കൈമാറുന്ന സംഘത്തില്‍പ്പെട്ട ഒമ്പതു പേര്‍ യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാണെന്നും സാമൂഹികമാധ്യമങ്ങളില്‍ ഒട്ടേറെ ഗ്രൂപ്പുകള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പരാതിക്കാരിയെ പീഡിപ്പിച്ച ഒമ്പതു പേരില്‍ അഞ്ചു പേരും ഭാര്യമാരുമായാണ് എത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഭാര്യമാരെ പരസ്പരം കൈമാറി ഇവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. ബാക്കി നാലുപേര്‍ തനിച്ചാണ് വന്നത്. ഇങ്ങനെ വരുന്നവരെ സ്റ്റഡ് എന്നാണ് വിളിക്കുന്നത്. യുവതികളുമായി ശാരീരികബന്ധത്തിലേര്‍പ്പെടണമെങ്കില്‍ ഇവര്‍ 14,000 രൂപയാണ് നല്‍കേണ്ടത്. ഇത്തരത്തില്‍ നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളിലെ ഗ്രൂപ്പുകള്‍ വഴി ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നതെന്നും പോലീസ് പറഞ്ഞിരുന്നു.
ഫെയ്സ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവിടങ്ങളിലാണ് പങ്കാളികളെ കൈമാറുന്നവരുടെ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മീറ്റ് അപ്പ് കേരള, കപ്പിള്‍ മീറ്റ് കേരള, കക്കോള്‍ഡ് കേരള, റിയല്‍ മീറ്റിങ് തുടങ്ങിയ പേരുകളിലാണ് ഈ ഗ്രൂപ്പുകള്‍. ഇതില്‍ അംഗമാകുന്നവര്‍ ചിത്രങ്ങള്‍ അയച്ചുനല്‍കിയും സന്ദേശങ്ങള്‍ അയച്ചും പരസ്പരം പരിചയപ്പെടും. തുടര്‍ന്ന് പങ്കാളികളെ കൈമാറാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കും. എത്തിച്ചേരുന്ന സ്ഥലവും മറ്റുവിവരങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറുകയും ചെയ്യും. ആയിരക്കണക്കിന് പേരാണ് ഇത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ളത്. ഫെയ്സ്ബുക്ക് ഗ്രൂപ്പുകളില്‍ പലരും വ്യാജ ഐ.ഡി.കളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള 14 സംഘങ്ങള്‍ സജീവമാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വീടുകളില്‍ വിരുന്ന് എന്നപേരിലാണ് ദമ്പതിമാര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാനായി ഒത്തുചേരുന്നത്. കുട്ടികളുമായാണ് ഇവര്‍ വീടുകളില്‍ എത്തുക. വീടുകള്‍ക്ക് പുറമേ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും ഇത്തരം ഒത്തുച്ചേരലുകള്‍ നടക്കുന്നുണ്ട്. കുടുംബവുമായി വരുന്നതിനാല്‍ ആളുകള്‍ക്ക് സംശയം തോന്നില്ലെന്നതും ഇവര്‍ക്ക് സഹായകരമാണ്.
കുടുംബ കൂട്ടായ്മകളെന്ന പേരില്‍ ഒത്തുചേരല്‍, പങ്കാളികളെ കൈമാറും
കുടുംബ കൂട്ടായ്മകളെന്ന പേരില്‍ ഇവര്‍ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും ഒത്തുകൂടലുകള്‍ സംഘടിപ്പിച്ചിരുന്നു. കുട്ടികളെ ഉള്‍പ്പെടെ കൂടെക്കൂട്ടുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് സംശയം ഉണ്ടായിരുന്നില്ല. കക്കോള്‍ഡ്
കേരള, കക്കോള്‍ഡ് കമ്പനി, മീറ്റ് അപ്പ് കേരള, കപ്പിള്‍ മീറ്റ് അപ്പ് കേരള തുടങ്ങിയ പേരുകളിലാണ് ഇത്തരം സംഘങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ നിര്‍മിച്ചിരുന്നത്. അയ്യായിരത്തിലേറെ പേര്‍ ഇത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളാണെന്നാണ് പോലീസ് നല്‍കുന്നവിവരം.
വൈഫ് സ്വാപ്പിങ് അഥവാ ഭാര്യമാരെ കൈമാറല്‍
ഭാര്യമാരെ പരസ്പരം കൈമാറുന്ന 'വൈഫ് സ്വാപ്പിങ്' നേരത്തെയും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലടക്കം കണ്ടുവരുന്ന ഇത്തരം രീതികള്‍ കേരളത്തിലും നടക്കുന്നുണ്ടെന്ന കാര്യം അന്ന് ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. 2013-ല്‍ കൊച്ചിയിലെ നേവി ഉദ്യോഗസ്ഥനെതിരേ അദ്ദേഹത്തിന്റെ ഭാര്യയാണ് പങ്കാളികളെ കൈമാറുന്ന 'വൈഫ് സ്വാപ്പിങ്' നാവികസേന ഉദ്യോഗസ്ഥര്‍ക്കിടയില്‍ നടക്കുന്നുണ്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. അതിഗുരുതരമായ ആരോപണങ്ങളാണ് യുവതി പരാതിയില്‍ ഉന്നയിച്ചിരുന്നത്. ഭര്‍ത്താവിന്റെ സമ്മതത്തോടെ തന്നെ മറ്റു ഉദ്യോഗസ്ഥര്‍ കൂട്ടബലാത്സംഗം ചെയ്തതായും തന്റെ ഭര്‍ത്താവ് മറ്റൊരു കമാന്‍ഡന്റിന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് താന്‍ സാക്ഷിയായെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ചെന്നും യുവതി പറഞ്ഞു.
കായംകുളത്തും സമാനകേസ്, 2019-ല്‍
നേരത്തെ കായംകുളത്തും സമാനകേസില്‍ നാലുപേര്‍ പിടിയിലായിരുന്നു. 2019-ലായിരുന്നു ഈ സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നല്‍കിയ പരാതിയിലാണ് അന്നും പോലീസ് അന്വേഷണം നടത്തിയത്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി രണ്ടുപേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നും വീണ്ടും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി.
കായംകുളത്ത് പിടിയിലായ യുവാക്കള്‍ ഷെയര്‍ ചാറ്റ് എന്ന ആപ്പ് വഴിയാണ് പരസ്പരം പരിചയപ്പെട്ടത്. പിന്നീട് വൈഫ് സ്വാപ്പിങ്ങിന് (ഭാര്യമാരെ കൈമാറല്‍) താത്പര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓരോരുത്തരുടെയും വീടുകളിലെത്തിയാണ് ഇവര്‍ ഭാര്യമാരെ കൈമാറിയിരുന്നത്.
കായംകുളത്തെ കേസിന് പിന്നാലെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ നടക്കുന്നതായി പോലീസ് തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ വരുമ്പോള്‍ മാത്രമേ പോലീസിന് അന്വേഷണം നടത്താനാകൂ. ഇതില്‍ ഉള്‍പ്പെട്ട പലരും പരസ്പര സമ്മതത്തോടെയാണ് ഇതിന് തയ്യാറാകുന്നതെന്നും പോലീസ് കേന്ദ്രങ്ങള്‍ പറയുന്നു.
അന്ന് കീ ചെയിന്‍ തിരഞ്ഞെടുക്കും, ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍
രഹസ്യമായി ഇന്ത്യയിലെ പലയിടങ്ങളിലും പങ്കാളികളെ കൈമാറി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സംഘങ്ങള്‍ സജീവമാണെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മെട്രോ നഗരങ്ങളില്‍ ഇതിനുവേണ്ടി മാത്രം ചില ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നതായും വിവരങ്ങള്‍ പുറത്തുവന്നു. ക്ലബ്ബുകളില്‍ പാര്‍ട്ടിക്ക് വരുന്നവര്‍ കാറിന്റെ കീ ചെയിനുകള്‍ കൂട്ടിയിട്ട് അതിലൊരു കീ ചെയിന്‍ തിരഞ്ഞെടുക്കുന്നതായിരുന്നു രീതി.
ഭാര്യയോടൊപ്പം പാര്‍ട്ടിക്ക് വരുന്നവര്‍ കാറിന്റെ കീ ചെയിന്‍ ഒരിടത്ത് വെയ്ക്കും. അങ്ങനെ എല്ലാവരുടെയും കീ ചെയിനുകള്‍ കൂട്ടിയിട്ട സ്ഥലത്തുനിന്ന് ഓരോരുത്തരും ഒരോ കീ ചെയിന്‍ തിരഞ്ഞെടുക്കും. ഏത് കീ ചെയിനാണോ ഒരാള്‍ക്ക് ലഭിക്കുന്നത് അതിന്റെ ഉടമയുടെ ഭാര്യ കീ ചെയിന്‍ എടുത്തയാള്‍ക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്നതായിരുന്നു ക്ലബുകളിലെ നിയമം. കാലം മാറിയതോടെ ഇത്തരം കൂടിക്കാഴ്ചകള്‍ സാമൂഹികമാധ്യമങ്ങളിലേക്ക് മാറി. പങ്കാളികളെ കൈമാറാന്‍ താത്പര്യമുള്ളവര്‍ ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ചായി ഇടപാടുകള്‍.
സാമൂഹികമാധ്യമങ്ങളില്‍ നിരവധി ഗ്രൂപ്പുകളും പേജുകളും
പങ്കാളികളെ കൈമാറി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരുടെ നിരവധി പേജുകളും ഗ്രൂപ്പുകളുമാണ് സാമൂഹികമാധ്യമങ്ങളിലുള്ളത്. ഈ ഗ്രൂപ്പുകള്‍ക്കെല്ലാം അഡ്മിന്‍മാരുണ്ടെങ്കിലും ഇതിലെ അംഗങ്ങള്‍ക്കിടയില്‍ നടക്കുന്ന ഇത്തരം ഒത്തുച്ചേരലുകള്‍ക്ക് പിന്നില്‍ ഇവര്‍ക്ക് പങ്കില്ലെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ പറയുന്നത്.
ഫെയ്‌സ്ബുക്ക്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ പലപേരുകളില്‍ ഇത്തരത്തിലുള്ള ഗ്രൂപ്പുകളും പേജുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കക്കോള്‍ഡ് കേരള, കക്കോള്‍ഡ്
കമ്പനി, കക്കോള്‍ഡ് ഹബ്ബ്, മല്ലു കക്കോള്‍ഡ്, കപ്പിള്‍ ഷെയറിങ്, കപ്പിള്‍ മീറ്റിങ് തുടങ്ങിയവയാണ് ഇതിന്റെ പേരുകള്‍. ഗ്രൂപ്പുകളില്‍ ചേരുന്നവര്‍ ആദ്യം ഭാര്യമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സ്വയം പരിചയപ്പെടുത്തും. തുടര്‍ന്ന് പങ്കാളികളെ കൈമാറാന്‍ താത്പര്യമുള്ളവരുമായി ആശയവിനിമയം നടത്തി സ്ഥലവും തീയതിയുമെല്ലാം ഉറപ്പിക്കും. പലരും വ്യാജ ഐ.ഡി.കള്‍ ഉപയോഗിച്ചാണ് ഈ ഗ്രൂപ്പുകളില്‍ ചേരുന്നത്. അതിനാല്‍തന്നെ പരിചയപ്പെടുന്നവര്‍ക്ക് തമ്മില്‍ യഥാര്‍ഥ പേരോ മറ്റുവിവരങ്ങളോ അറിഞ്ഞിരിക്കണമെന്നില്ല. അശ്ലീലവും അസഭ്യവും നിറഞ്ഞ പോസ്റ്റുകളും ചിത്രങ്ങളുമാണ് ഇത്തരം ഗ്രൂപ്പുകളില്‍ അധികവും പങ്കുവെച്ചിരുന്നത്. ഭാര്യമാരുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അശ്ലീലരീതിയില്‍ വിവരിക്കുന്നതും പല ഗ്രൂപ്പുകളിലും നടക്കുന്നു.
ഭാര്യമാരെ മാത്രമല്ല, കാമുകിമാരെയും പെണ്‍സുഹൃത്തുക്കളെയും പരസ്പരം കൈമാറുന്ന സംഘങ്ങളും ഈ ഗ്രൂപ്പുകളില്‍ സജീവമാണെന്നാണ് സൂചന. ഇവര്‍ക്ക് വേണ്ടിയുള്ള സീക്രട്ട് ഗ്രൂപ്പുകളും സാമൂഹികമാധ്യമങ്ങളിലുണ്ട്. പങ്കാളികളില്ലാത്ത നിരവധിപേരും ഈ ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. സ്റ്റഡ് എന്ന പേരിൽ അറിയപ്പെടുന്ന ഇവര്‍ക്ക് മറ്റുള്ളവരുടെ പങ്കാളികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണമെങ്കില്‍ പണം നല്‍കണം. കോട്ടയത്തെ കേസില്‍ യുവതിയെ പീഡിപ്പിച്ച ഒമ്പത് പേരില്‍ നാലുപേര്‍ ഇങ്ങനെ തനിച്ചെത്തിയവരായിരുന്നു. ഇവര്‍ 14,000 രൂപ നല്‍കിയാണ് യുവതിയെ പീഡിപ്പിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Content Highlights: kerala wife swapping case complainant brutally killed by husband wife swap couple swap cases
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..