പിടിച്ചെടുത്ത പണവുമായി എ.എം.ഹാരിസ്
കോട്ടയം: കേരളത്തിലെ വിവിധ പട്ടണങ്ങളില്‍ ഫ്ലാറ്റും വീടും കെട്ടിടങ്ങളും. വലിയ സ്ഥാപനങ്ങളുടെ ഓഹരികള്‍. മാസം ശരാശരി ഒന്നരലക്ഷം രൂപവരെ ശമ്പളം കിട്ടുന്ന മലിനീകരണനിയന്ത്രണ ബോര്‍ഡിലെ രണ്ട് എന്‍ജിനിയര്‍മാരുടെ സമ്പാദ്യം കോടികളുടെ മൂല്യമുള്ളത്. കോട്ടയത്തെ എന്‍ജിനിയര്‍ എ.എം. ഹാരിസും തിരുവനന്തപുരത്തെ സീനിയര്‍ എന്‍ജിനിയര്‍ ജോസ്മോനും നേടിയത് എണ്ണിത്തിട്ടപ്പെടുത്തി തീര്‍ന്നിട്ടില്ല. 25,000 രൂപ അടിസ്ഥാനനിരക്കായി ഇവര്‍ ദിവസേന വാങ്ങിക്കൂട്ടുന്ന തുക തന്നെയാണ് ഈ 'സമ്പാദ്യ'ത്തിന് പിന്നിലെന്ന് ദുരനുഭവമുണ്ടായ സംരംഭകര്‍ പറയുന്നു.
മീന്‍തട്ട് മുതല്‍ നവരത്നസ്ഥാപനം വരെ
1974-ലെ ജലമലിനീകരണ നിയന്ത്രണനിയമം നടപ്പാക്കുന്നതിന് പ്രത്യേക ബോര്‍ഡ് രൂപവത്കരിച്ച സംസ്ഥാനത്ത് മീന്‍തട്ട് മുതല്‍ വന്‍കിട ഫാക്ടറികള്ക്കുവരെ മലിനീകരണ നിയന്ത്രണബോര്‍ഡ് എന്‍ജിനിയറുടെ സാക്ഷ്യപത്രം അനിവാര്യം. കോടികളുമായി പുതിയ സംരംഭം തുടങ്ങുന്നവരുടെയും ജീവിതസമ്പാദ്യം മുടക്കി വരവേല്‍പ്പ് മാതൃകയില്‍ ഒരു പുതിയ വഴി കണ്ടെത്തുന്നവരുടെയും മൂലധനത്തിലാണ് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ കണ്ണുവെക്കുന്നത്. ഉള്ളില്‍ പ്രതിഷേധമുണ്ടെങ്കിലും തുറന്ന് പറയാത്തത് ഇക്കൂട്ടര്‍ പിന്നീടും ഉപദ്രവിക്കുമെന്നത് കൊണ്ടാണെന്ന് ഒരു യുവസംരംഭകന് പറയുന്നു. കോഴിക്കട നടത്തുന്നവനെവരെ ഉപദ്രവിക്കാന്‍ സാധിക്കുന്നവരാണ് ഇവര്‍.
മൂലധനം മുടക്കിക്കഴിഞ്ഞാകും മലിനീകരണനിയന്ത്രണത്തിന് സാക്ഷ്യപത്രം വേണ്ടിവരുക. അപ്പോള്‍ എന്‍ജിനിയര്‍ ചോദിക്കുന്നത് കൊടുക്കേണ്ടിവരുമെന്ന് നന്ദിനി മില്‍ക്സ് എം.ഡി.യായിരുന്ന സെബാസ്റ്റ്യന്‍ കുര്യാക്കോസ് പറയുന്നു. തനിക്ക് ഉയര്‍ന്ന വ്യക്തിത്വങ്ങളുമായി ബന്ധമുണ്ടായിരുന്നതിനാല്‍ ഉപദ്രവം നേരിടേണ്ടിവന്നില്ല.
പണം കൊയ്യാന്‍ അവസരം
ഒരു ഫ്ലാറ്റ് കെട്ടി താമസിക്കാന്‍ നല്കണമെങ്കില് മാലിന്യപ്ലാന്റിനും ജനറേറ്റര്‍ യൂണിറ്റിനുമൊക്കെ ബോര്‍ഡിന്റെ അനുമതി വേണം. ഇടവേളകളില്‍ ഇത് പരിശോധിക്കുകയും വേണം. ഇത് നന്നായി നടന്നാലും ഇല്ലെങ്കിലും കാശ് വാങ്ങാന്‍ പഴുതുണ്ട്. കുറവുണ്ടെങ്കില്‍ അത് പരിഹരിച്ച് സംരംഭം നിലനിര്‍ത്തുകയാണ് ചെയ്യേണ്ടതെന്ന് ബോര്‍ഡിലെ മുന്‍ എന്‍ജിനിയറായിരുന്ന എം.പി. തൃദീപ് കുമാര്‍ പറയുന്നു. അഴിമതിക്കെതിരേ നിലപാട് എടുത്തതിന് എതിര്‍പ്പ് നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
അന്വേഷണം വിജിലന്‍സ് പ്രത്യേക യൂണിറ്റിന്...
കോട്ടയം: കൈക്കൂലിക്കേസില്‍ പ്രതികളായ മലിനീകരണനിയന്ത്രണ ബോര്‍ഡ് എന്‍ജിനിയര്‍മാരുടെ കോടികളുടെ സ്വത്ത് സമ്പാദനം സംബന്ധിച്ച് വിജിലന്‍സ് എറണാകുളം പ്രത്യേക യൂണിറ്റ് അന്വേഷണം നടത്തും. കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ കോട്ടയം ഓഫീസിലെ എന്‍ജിനിയര്‍ എ.എ. ഹാരിസ്, രണ്ടാംപ്രതി തിരുവനന്തപുരം ഓഫീസിലെ സീനിയര്‍ എന്‍ജിനിയര്‍ ജോസ് മോന് എന്നിവര്‍ക്കുനേരെയാണ് അന്വേഷണം. റിമാന്‍ഡിലുള്ള ഹാരിസ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്കിയ ജാമ്യാപേക്ഷ കോടതി തള്ളി. ഇയാളെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഇയാളുടെ ആലുവയിലെ താമസസ്ഥലത്തുനിന്ന് ഒളിപ്പിച്ചുവെച്ചനിലയില്‍ 20 ലക്ഷത്തോളം രൂപയാണ് പിടിച്ചെടുത്തത്. തിരുവനന്തപുരത്തും പന്തളത്തും വീടും സ്ഥലവും ആലുവയില്‍ ആഡംബര ഫ്ലാറ്റും കണ്ടെത്തിയിരുന്നു.
പാലാ പ്രവിത്താനത്തുള്ള സ്വകാര്യ ടയര്‍ റീട്രെഡിങ് കമ്പനിയുടെ കാലാവധി അവസാനിച്ച നോണ്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിനല്‍കുന്നതിന് കമ്പനിയുടമയില്‍നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.
ഇതേ ഓഫീസിലെത്തന്നെ മുന്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറായിരുന്ന ജോസ് മോന് കമ്പനിക്ക് എതിരായുള്ള ശബ്ദമലിനീകരണപരാതിയുമായി ബന്ധപ്പെട്ട് ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. കൊല്ലം ഏഴുകോണിലുള്ള വീട്ടിലെ റെയ്ഡിനുശേഷം, തിരുവനന്തപുരത്ത് സീനിയര്‍ എന്‍ജിനിയറായ ജോസ് മോനെക്കുറിച്ച് ഇപ്പോള്‍ വിവരമൊന്നുമില്ല. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടുലക്ഷത്തോളം രൂപയും വിദേശരാജ്യങ്ങളുടെ കറന്‍സികളും സ്വര്‍ണാഭരണങ്ങള്‍, ഓഹരിനിക്ഷേപരേഖകള് തുടങ്ങിയവയും പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ കിഴക്കന്‍ മേഖല വിജിലന്‍സ് സൂപ്രണ്ട് വി.ജി. വിനോദ് കുമാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ടുനല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ എന്‍ജിനിയര്‍മാരുടെ അമിത സ്വത്ത്സമ്പാദനം സംബന്ധിച്ച് വിജിലന്‍സ് എറണാകുളം പ്രത്യേക യൂണിറ്റും കൈക്കൂലിക്കേസ് സംബന്ധിച്ച് വിജിലന്‍സ് കോട്ടയം യൂണിറ്റും തുടരന്വേഷണം നടത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..