തിരുവനന്തപുരം റൂറൽ പോലീസിന്റെ പിടിയിലായവർ
തിരുവനന്തപുരം: ഗുണ്ടകളെയും സമൂഹവിരുദ്ധരെയും പിടികൂടാന്‍ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനവ്യാപക പരിശോധന. ശനിയാഴ്ച രാത്രി ആരംഭിച്ച പരിശോധനയില്‍ കാപ്പ കരുതല്‍ തടങ്കല്‍ ചുമത്തപ്പെട്ടവരും പിടികിട്ടാപ്പുള്ളികളും ഉള്‍പ്പെടെ 2641 പേര്‍ പിടിയിലായി. തലസ്ഥാന നഗരിയില്‍ നിന്നുതന്നെയാണ് ഏറ്റവുമധികം പേര്‍ പിടിയിലായത്.
'ഓപ്പറേഷന്‍ ആഗ്' (ആക്‌സിലറേറ്റഡ് ആക്ഷന്‍ എഗെന്‍സ്റ്റ് ആന്റിസോഷ്യല്‍സ് ആന്‍ഡ് ഗുണ്ടാസ്) എന്ന പേരിലായിരുന്നു നടപടി. 3501 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. 1673 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിടിയിലായവരുടെ വിരലടയാളം ശേഖരിച്ച് ഡേറ്റ തയ്യാറാക്കാനും തീരുമാനിച്ചു. പലരെയും ജാമ്യത്തില്‍വിട്ടു.
ഇത്രയേറെ പരിശോധനകള്‍ നടന്നിട്ടും കുപ്രസിദ്ധ ക്രിമിനലുകളായ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ പലരും ഇപ്പോഴും വലയ്ക്ക് പുറത്താണുള്ളത്.
പിടിയിലായവര്‍
തിരുവനന്തപുരം-361 കൊല്ലം-216 പത്തനംതിട്ട-81 ആലപ്പുഴ- 160 കോട്ടയം-109 ഇടുക്കി-117 എറണാകുളം-216 തൃശ്ശൂര്‍-208 പാലക്കാട്-137 മലപ്പുറം-267 കോഴിക്കോട്-283 വയനാട്-109 കണ്ണൂര്‍-264 കാസര്‍കോട്-113.
തിരുവനന്തപുരത്ത് പിടിയിലായത് 361 ക്രിമിനലുകള്‍
തിരുവനന്തപുരം: ഗുണ്ടകളെ നിയന്ത്രിക്കാന്‍ പോലീസ് രംഗത്തിറങ്ങിയതോടെ ജില്ലയില്‍ പിടിയിലായത് 361 ക്രമിനലുകള്‍. നഗരത്തില്‍ 144 പേരെയും റൂറല്‍ പോലീസ് പരിധിയില്‍ 217 പേരെയുമാണ് അറസ്റ്റു ചെയ്തത്. ഓപ്പറേഷന്‍ ആഗ് പദ്ധതിയുടെ ഭാഗമായാണ് പോലീസ് വ്യാപക പരിശോധന നടത്തിയത്.
റൂറലില്‍ ഗുണ്ടാ നിയമപ്രകാരമുള്ള ഉത്തരവ് ലംഘിച്ചതിന് ഒമ്പതുപേരെ അറസ്റ്റു ചെയ്തു. കഠിനംകുളം പോലീസ് സജീറിനെയും വര്‍ക്കല പോലീസ് വധശ്രമ കേസിലെ പ്രതിയായ സൈജുവിനെയും വെള്ളറട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വിശാഖ്, നെയ്യാര്‍ഡാം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രാജീവ്, സജിത്ത് എന്നിവരെയും വിതുര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുഹമ്മദ് ഷാഫി, പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ കിരണ്‍ജിത്ത്, വിഷ്ണു, മംഗലപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ രാഹുല്‍ എന്നിവരെയാണ് ഗുണ്ടാനിയമം ലംഘിച്ചതിന് പിടികൂടിയത്. കൂടാതെ വാറന്റ് കേസുകളിലെ 53 പേരും പിടിയിലായിട്ടുണ്ട്.
സിറ്റി പോലീസിന്റെ പരിധിയില്‍ കാപ്പ പ്രകാരം കരുതല്‍ തടങ്കലനുഭവിച്ച ഒരാളടക്കം 144 പേരാണ് പിടിയിലായത്. വെങ്ങാനൂര്‍ മുട്ടക്കാട് കൈലിപാറ കോളനിയില്‍ കിച്ചു എന്നു വിളിക്കുന്ന നിധി(24)നെയാണ് കോവളം പോലീസ് പിടികൂടിയത്. ഇയാളെ കരുതല്‍ തടങ്കലിലാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു.
മംഗലപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ ഗുണ്ടാ ആക്രമണങ്ങളെ തുടര്‍ന്നാണ് ക്രിമിനലുകള്‍ക്കും ഇവരുമായി ബന്ധമുള്ള പോലീസുകാര്‍ക്കും എതിരേയുള്ള നടപടി പോലീസ് ശക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറിയുടെ സഹോദരനെ ആക്രമിച്ച സംഭവത്തോടെ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു. പോലീസുകാരെ സ്ഥലം മാറ്റുകയും മൂന്ന് സി.ഐ.മാരെ സസ്പെന്‍ഡ് ചെയ്യുകയും മൂന്ന് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പിരിച്ചുവിടുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് ഓപ്പറേഷന്‍ ആഗ് ആരംഭിച്ചത്.
കൊല്ലത്ത് 198 പേര്‍ പിടിയില്‍
കൊല്ലം/കൊട്ടാരക്കര: സംസ്ഥാനമൊട്ടാകെ ഗുണ്ടകളെയും സമൂഹവിരുദ്ധരെയും പിടികൂടാനായി പോലീസ് നടത്തിയ പ്രത്യേക തിരച്ചിലില്‍ കൊല്ലംജില്ലയില്‍നിന്ന് 198 പേര്‍ പിടിയില്‍. കൊല്ലം റൂറല്‍ ജില്ലയില്‍ 120 പേരും സിറ്റി പരിധിയില്‍നിന്ന് 78 പേരുമാണ് അറസ്റ്റിലായത്. സ്ഥിരമായി സമൂഹവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് കാപ്പ നിയമപ്രകാരം നടപടി നേരിട്ടവരും മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുമായ 37 പേരെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്നു പിടികൂടിയിട്ടുണ്ട്. 105 പേരുേടത് കരുതല്‍ തടങ്കലാണ്. ശനിയാഴ്ച അര്‍ദ്ധരാത്രിമുതല്‍ ഞായറാഴ്ച പുലര്‍ച്ചെവരെയായിരുന്നു പരിശോധന.
കാപ്പ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ചടയമംഗലം ആക്കോണം സ്വദേശി ഷാനവാസ്, പുനലൂര്‍ ശിവന്‍കോവില്‍ സ്വദേശി നിസാം, കൊട്ടിയം സ്റ്റേഷന്റെ പരിധിയില്‍നിന്ന് കാപ്പ പ്രകാരം അറസ്റ്റിലായ ഇര്‍ഷാദ് എന്നിവരെ കരുതല്‍ തടങ്കലിലാക്കി. ഇര്‍ഷാദിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
രണ്ടു ബലാത്സംഗക്കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന പൂയപ്പള്ളി കോട്ടയ്ക്കാവിള അനില്‍ ഭവനത്തില്‍ അനീഷ് (26), വിദേശമദ്യവ്യാപാരം നടത്തിയ കേസില്‍ ഒളിവിലായിരുന്ന പട്ടാഴി മീനം സ്വദേശി പ്രസന്നന്‍ (56), കൊലപാതകശ്രമക്കേസില്‍ പ്രതിയായി ഒളിവിലായിരുന്ന തേവലക്കര അരിനല്ലൂര്‍ സ്വദേശി ശ്രീകുമാര്‍, പോക്‌സോ കേസില്‍ ഉള്‍പ്പെട്ട് ഒളിവിലായിരുന്ന തടിക്കാട് കോട്ടുമല സ്വദേശി വിഷ്ണു എന്നിവര്‍ അറസ്റ്റിലായവരില്‍പ്പെടുന്നു.
കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് എട്ടുപേരും ശക്തികുളങ്ങര, അഞ്ചാലുംമൂട്, കിളികൊല്ലൂര്‍, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍നിന്ന് ഏഴുവീതംപേരും ഇരവിപുരം പോലീസ് സ്റ്റേഷന്റെ പരിധിയില്‍നിന്ന് ആറുപേരും പള്ളിത്തോട്ടം, കൊല്ലം ഈസ്റ്റ്, ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍നിന്ന് അഞ്ചുവീതംപേരും കൊല്ലം വെസ്റ്റ്, കൊട്ടിയം പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍നിന്ന് നാലുവീതംപേരും ചവറ, തെക്കുംഭാഗം, പാരിപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍നിന്ന് മൂന്നുവീതംപേരും ഓച്ചിറ, പരവൂര്‍ സ്റ്റേഷന്‍ പരിധിയില്‍നിന്ന് രണ്ടുവീതംപേരുമാണ് പിടിയിലായത്. സിറ്റി പരിധിയില്‍ 157 പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. കൊല്ലം എ.സി.പി. എ.അഭിലാഷ്, കരുനാഗപ്പള്ളി എ.സി.പി. വി.എസ്.പ്രദീപ്കുമാര്‍, ചാത്തന്നൂര്‍ എ.സി.പി. ബി.ഗോപകുമാര്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ഷൈനു തോമസ്, പുനലൂര്‍ ഡിവൈ.എസ്.പി. വിനോദ്, കൊട്ടാരക്കര ഡിവൈ.എസ്.പി. ജി.ഡി.വിജയകുമാര്‍, ശാസ്താംകോട്ട ഡിവൈ.എസ്.പി.ഷെരീഫ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.
പത്തനംതിട്ടയില്‍ പിടിയിലായത് 81 ഗുണ്ടകള്‍...
ഓപ്പറേഷന്‍ ആഗ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍നിന്ന് 81 പേരെ കസ്റ്റഡിയിലെടുത്തു.
ആലപ്പുഴയില്‍ പിടിയിലായത് 160 പേര്‍; രണ്ടുപേരെ നാടുകടത്തി
ആലപ്പുഴ: ഗുണ്ടകളെയും ക്രിമിനലുകളെയും പിടികൂടാന്‍ 'ഓപ്പറേഷന്‍ ആഗ്' എന്നപേരില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ജില്ലയില്‍ 160 പേര്‍ അറസ്റ്റില്‍. ഇതില്‍ രണ്ടുപേരെ കാപ ചുമത്തി നാടുകടത്തിയെന്ന് ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണ്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജാമ്യമില്ലാവകുപ്പ് പ്രകാരം വാറണ്ട് ഉണ്ടായിരുന്ന 57 പേരെയും ദീര്‍ഘകാലമായി വാറണ്ടുള്ള 13 പേരെയും അന്വേഷണം നടക്കുന്ന വിവിധകേസുകളിലെ പ്രതികളായ 26 പേരെയും അറസ്റ്റുചെയ്തു. സമൂഹവിരുദ്ധരായ 64 പേരെ കരുതല്‍ തടങ്കലിലാക്കി. ഇതിനൊപ്പം കാപ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ 33 പേരുടെ വീടുകളില്‍ നിരീക്ഷണവും ശക്തമാക്കി.
കായംകുളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ എരുവ പുല്ലംപ്ലാവ് ചെമ്പകനിവാസില്‍ അമല്‍ (ചിന്തു-23), കീരിക്കാട് കണ്ണമ്പള്ളി ഭാഗം നന്ദനം വീട്ടില്‍ അഭിജിത്ത് എസ്. കുമാര്‍ (21) എന്നിവരെയാണു നാടുകടത്തിയത്. ഇവര്‍ ഒരു വര്‍ഷക്കാലത്തേക്കു ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല.
ശനിയാഴ്ച രാത്രിമുതല്‍ ഞായറാഴ്ച പുലര്‍ച്ചേ വരെയായിരുന്നു പരിശോധന. സമൂഹവിരുദ്ധ/ഗുണ്ടാ പ്രവര്‍ത്തനം തടയുക, കാപ നിയമപ്രകാരം നടപടിയെടുത്തവരുടെ പ്രവര്‍ത്തനം വിലയിരുത്തുക, കുറ്റകൃത്യങ്ങള്‍ തടയുക എന്നിവയാണ് ഓപ്പറേഷന്‍ ആഗിലൂടെ ലക്ഷ്യമിടുന്നത്.
രാത്രി ഗുണ്ടകളെത്തേടി പോലീസിറങ്ങി; കോട്ടയത്ത് നൂറിലേറെ പേര്‍ പിടിയില്‍
കോട്ടയം: ഗുണ്ടകളെത്തേടിയിറങ്ങിയ പോലീസ് ഒരു രാത്രികൊണ്ട് പിടിച്ചത് നൂറിലേറെ ഗുണ്ടകളെ. ഗുണ്ടകള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ആഗ് എന്നപേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ജില്ലയില്‍ ശനിയാഴ്ച രാത്രി മിന്നല്‍ പരിശോധന നടത്തിയത്.
ശനിയാഴ്ച രാത്രിമുതല്‍ 185-ലേറെ ഗുണ്ടകളെ പരിശോധിച്ചതില്‍ ഞായറാഴ്ച പുലര്‍ച്ചയോടെ 109 പേരെ പിടികൂടി സ്റ്റേഷനിലെത്തിച്ച് കരുതല്‍ തടങ്കലിലാക്കി. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു വ്യാപക പരിശോധന. പ്രത്യേകം മഫ്തി പോലീസും, ബൈക്ക് പട്രോളിങ്ങും പരിശോധനയില്‍ ഉണ്ടായിരുന്നു.
ഇടുക്കിയില്‍ പിടിയിലായത് 117 പേര്‍
തൊടുപുഴ(ഇടുക്കി): ജില്ലയിലെ കുറ്റകൃത്യങ്ങള്‍ തടയാനും ഗുണ്ടകളെയും സമൂഹവിരുദ്ധരെയും അമര്‍ച്ച ചെയ്യുന്നതിനുമായി വ്യാപക പരിശോധനയുമായി പോലീസ്. ഓപ്പറേഷന്‍ ആഗ് എന്ന് പേരില്‍ നടന്ന പരിശോധനയില്‍ ജില്ലയില്‍ ആകെ 117-പേര്‍ പിടിയിലായി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന 86 പേരെ അറസ്റ്റ് ചെയ്തു. 52 പേരെ കരുതല്‍ത്തടങ്കലിലാക്കി. കൂടാതെ വിവിധ കേസുകളില്‍ 13 പിടികിട്ടാപ്പുള്ളികളെയും പിടികൂടി. വിവിധ സ്റ്റേഷനുകളില്‍ അന്വേഷണം പുരോഗമിക്കുന്ന കേസുകളിലെ 18 പ്രതികളും പിടിയിലായി.
ജില്ലാ പോലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയും പ്രത്യേക പരിശോധന നടത്തിയത്. പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയ 27 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചു. കൂടാതെ ഡി.ജെ.പാര്‍ട്ടികള്‍ നടന്നിരുന്ന ജില്ലയിലെ ആറ് കേന്ദ്രങ്ങളിലും പോലീസ് പരിശോധന നടത്തി. എന്നാല്‍, ഇവിടങ്ങളില്‍നിന്ന് നിയമലംഘനങ്ങളൊന്നും കണ്ടെത്താനായില്ല. ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പ്രത്യേക പരിശോധന നടത്തിയത്. എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
കാപ്പയിലും പരിശോധന
ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് കാപ്പ നടപടിക്ക് വിധേയരായവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തി. കാപ്പ പട്ടകയില്‍നിന്ന് ഒഴിവാക്കപ്പെട്ട അഞ്ചുപേരെക്കുറിച്ചാണ് പ്രത്യേക പരിശോധന നടത്തിയത്.
ഇവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോയെന്നാണ് പോലീസ് പരിശോധിച്ചത്. വിവിധ സ്റ്റേഷനുകളില്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 11 പേരെക്കുറിച്ചും പോലീസ് പരിശോധന നടത്തി.
എറണാകുളം ജില്ലയില്‍ 216 പേര്‍ അറസ്റ്റില്‍...
കൊച്ചി: ഒറ്റരാത്രികൊണ്ട് ജില്ലയില്‍ ഗുണ്ടകളും പിടികിട്ടാപ്പുള്ളികളുമുള്‍പ്പെടെ 216 പേര്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രിയിലെ പോലീസ് ഓപ്പറേഷനില്‍ പിടിയിലായതില്‍ 86 പേരും ഗുണ്ടകളാണ്. പിടികിട്ടാപ്പുള്ളികളും ജാമ്യമില്ലാ വാറന്റുള്ളവരും പിടിയിലായതിലുണ്ട്. കൊച്ചി സിറ്റി പോലീസ് പരിധിയില്‍ 109 പേരും റൂറല്‍ പരിധിയില്‍ 107 പേരുമാണ് പിടിയിലായത്.
നഗരപരിധിയില്‍ നിന്ന് പിടിയിലായതില്‍ 49 പേരും റൂറല്‍ പരിധിയില്‍ പിടിയിലായ 37 പേരും ഗുണ്ടകളാണ്. റൂറല്‍ പോലീസ് ഓപ്പറേഷന്റെ ഭാഗമായി ഒരാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കാപ്പ നിയമം ലംഘിച്ചതിന് ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. ഇതിനു പുറമേ മദ്യപിച്ച് വാഹനമോടിച്ച 280 പേരെയും പോലീസ് ശനിയാഴ്ച പിടികൂടി.
റൂറലില്‍ ഓപ്പറേഷന്‍ ആഗ്
റൂറല്‍ ജില്ലാ പോലീസ് നടത്തിയ 'ഓപ്പറേഷന്‍ ആഗില്‍' 37 ഗുണ്ടകള്‍ ഉള്‍പ്പെടെ 107 പേരാണ് അറസ്റ്റിലായത്. ഇതില്‍ ഒമ്പതുപേര്‍ ഒളിവില്‍ കഴിഞ്ഞിരുന്നവരാണ്. ജാമ്യമില്ലാ വാറന്റുള്ള 61 പേരും പിടിയിലായതില്‍ ഉണ്ട്. ഇതില്‍ ഞാറയ്ക്കല്‍ എളങ്കുന്നപ്പുഴ പണിക്കശ്ശേരി വീട്ടില്‍ ലെനീഷി (37) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. കാപ്പ നിയമം ലംഘിച്ചതിന് ചേലാമറ്റം വല്ലം സ്രാമ്പിക്കല്‍ വീട്ടില്‍ ആദില്‍ ഷാ (26) യെയാണ് അറസ്റ്റ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം റേഞ്ച് ഡി.ഐ.ജി. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഒട്ടേറെ കേസുകളിലെ പ്രതിയായ നാല് പേരെ കാപ്പ ചുമത്തി നാടുകടത്താന്‍ തീരുമാനമായിട്ടുണ്ട്. സാമൂഹിക വിരുദ്ധരുടെ പട്ടികയിലുള്ള ഇരുനൂറിലേറെ പേരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഹോട്ടലുകളിലും ബാറുകളിലും ലോഡ്ജുകളിലും പരിശോധനയുണ്ടായി. ബാറുകള്‍ സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. ഡി.ജെ. പാര്‍ട്ടികള്‍ നടത്തുന്നയിടങ്ങളിലും പരിശോധനയുണ്ടായിരുന്നു.
സിറ്റി പോലീസ് ഓപ്പറേഷന്‍
കൊച്ചി നഗരത്തില്‍ ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി പോലീസ് സംശയിക്കുന്ന 76 പേരുടെ വീടുകളിലാണ് ശനിയാഴ്ച രാത്രി ഒരേസമയം പരിശോധന നടന്നത്. ഇതിലാണ് 49 ഗുണ്ടകള്‍ അറസ്റ്റിലായത്. ഒട്ടേറെ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ കോടതി പ്രഖ്യാപിച്ചിട്ടുള്ള ആറുപേരെയും ഇതിനു പുറമേ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട 41 കേസുകളിലാണ് 42 പേര്‍ പിടിയിലായത്. വിവിധ കേസുകളില്‍ പ്രതികളായ 12 പേരെയും ഇതിനു പുറമേ അറസ്റ്റ് ചെയ്തു.
ഗുണ്ടകള്‍ക്കെതിരേ നിയമനടപടി ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ശനിയാഴ്ച രാത്രി പോലീസിന്റെ വ്യാപകമായ കോമ്പിങ് ഓപ്പറേഷന്‍ ഒരേസമയം നടന്നത്. സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എസ്. ശശിധരന്റെ നേതൃത്വത്തിലായിരുന്നു കോമ്പിങ്. മട്ടാഞ്ചേരി, എറണാകുളം, എറണാകുളം സെന്‍ട്രല്‍, തൃക്കാക്കര എന്നിവിടങ്ങളിലെ അസിസ്റ്റന്റ് കമ്മിഷണര്‍മാരെ ഏകോപിപ്പിച്ചും പോലീസുദ്യോഗസ്ഥരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചുമായിരുന്നു ശനിയാഴ്ച രാത്രി പരിശോധന. വരും ദിവസങ്ങളിലും ഇത്തരം ശക്തമായ പരിശോധനകള്‍ ഉണ്ടാകുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എസ്. ശശിധരന്‍ പറഞ്ഞു.
തൃശ്ശൂരിലും വ്യാപക പരിശോധന; അറസ്റ്റിലായത് 208 പേര്‍
തൃശ്ശൂര്‍: ഗുണ്ടകള്‍ക്കെതിരേ സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായി ജില്ലയില്‍ വ്യാപക പരിശോധന. സിറ്റിയിലും റൂറലിലുമായി 208 പേര്‍ അറസ്റ്റിലായി.
92 സ്ഥിരം ക്രിമിനലുകള്‍, 12 പിടികിട്ടാപ്പുള്ളികള്‍, ജാമ്യംനേടി മുങ്ങിനടന്നിരുന്ന 46 പേര്‍ എന്നിവരുള്‍പ്പെടെ 150 പേരെയാണ് റൂറല്‍ പോലീസ് അറസ്റ്റു ചെയ്യത്.
വിവിധ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട 10 പേരും കോടതിയില്‍നിന്ന് ജാമ്യമെടുത്ത് മുങ്ങി നടന്നിരുന്ന 48 വാറന്റ് പ്രതികളും ഉള്‍പ്പെടെ 58 പേരെ സിറ്റി പോലീസും അറസ്റ്റുചെയ്തു. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ താമസിക്കുന്ന 221 കേന്ദ്രങ്ങളില്‍ സിറ്റിപോലീസ് പരിശോധന നടത്തി. 127 കേസുകള്‍ എടുത്തു.
മുന്‍കാലങ്ങളില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍, ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ളവര്‍, പോലീസ് സ്റ്റേഷനുകളിലെ കെ.ഡി. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, ക്രമസമാധാന ലംഘനം സൃഷ്ടിക്കാന്‍ സാധ്യതയുള്ളവര്‍ തുടങ്ങിയവരുടെ താമസസ്ഥലങ്ങളിലും മയക്കുമരുന്ന് വില്‍പ്പനക്കാരും ഗുണ്ടകളും തമ്പടിക്കാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളിലുമാണ് പരിശോധനകള്‍ നടത്തിയത്.
വെള്ളിയാഴ്ച രാത്രി തുടങ്ങിയ പരിശോധന ശനിയാഴ്ച പുലര്‍ച്ചവരെ തുടര്‍ന്നു. ലൈസന്‍സ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നറിയുന്നതിനായി 15 ആയുധലൈസന്‍സുകളും സ്‌ഫോടകവസ്തു നിര്‍മാണ കേന്ദ്രങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. തൃശ്ശൂര്‍ സിറ്റിപോലീസ് പരിധിയിലെ 20 പോലീസ് സ്റ്റേഷനുകളിലായി നടത്തിയ റെയ്ഡിന് അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കി.
പോലീസ് പരിശോധന നടത്തുമ്പോള്‍ സ്ഥലത്തില്ലാതിരുന്ന ഗുണ്ടകളെക്കുറിച്ച് കൂടുതല്‍ വിവരശേഖരണം നടത്തുമെന്നും ക്രമസമാധാനലംഘനം സൃഷ്ടിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ തുടരുമെന്നും തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍ അറിയിച്ചു.
കമ്മിഷണര്‍ക്കു പുറമേ തൃശ്ശൂര്‍, ഒല്ലൂര്‍, ഗുരുവായൂര്‍, കുന്നംകുളം അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
റൂറലിലെ പരിശോധനയ്ക്ക് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രേ, ഡിവൈ.എസ്.പി.മാരായ ബി. സന്തോഷ്, സി.ആര്‍. സന്തോഷ്, ബാബു കെ. തോമസ്, സലീഷ് എന്‍. ശങ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പാലക്കാട് ഒമ്പതുപേര്‍ അറസ്റ്റില്‍, 137 പേരെ കസ്റ്റഡിയിലെടുത്തു
പാലക്കാട്: സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന് പോലീസിന്റെ പട്ടികയിലുള്ള ഒമ്പതുപേരെ അറസ്റ്റുചെയ്തു. വിഷ്ണു വടക്കന്തറ, സുരേഷ് വടക്കന്തറ, കൃഷ്ണദാസ് മങ്കര, പവിത്രദാസ് അകത്തേത്തറ, മിഥുന്‍ പഴമ്പാലക്കോട്, രാമചന്ദ്രന്‍ പനമണ്ണ, റഫീക്ക് പിലാത്തറ, ഫൈസല്‍ മാരായമംഗലം, സജിത്ത് കരിമ്പുഴ എന്നിവരാണ് അറസ്റ്റിലായത്.
137 പേരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നിലവില്‍ 130 ഓളം കേസുകളില്‍ പ്രതിപ്പട്ടികയിലുള്ളവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. കോടതി വാറന്റുള്ളവരും പോലീസ് സ്റ്റേഷനുകളില്‍ ഹാജരാകാതെ നടക്കുന്നവരും ഇവരിലുണ്ട്.
സ്ഥിരം കുറ്റവാളികളുടെ വിവരരേഖയിലേക്ക് പുതിയകാര്യങ്ങള്‍ ചേര്‍ക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം ജില്ലയില്‍നിന്ന് മാറ്റിനിര്‍ത്തിയവര്‍ നിയമംലംഘിച്ച് തിരികെ വന്നിട്ടുണ്ടോയെന്നും അവര്‍ക്ക് മറ്റു ജില്ലകളിലെ കേസുകളുമായി ബന്ധമുണ്ടോയെന്നും പരിശോധിച്ചു.
സംസ്ഥാനത്താകെ നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തില്‍ 165-ഓളം വീടുകളില്‍ പരിശോധന നടത്തി. പ്രതികളെ അതത് സ്റ്റേഷനുകളില്‍ കൊണ്ടുവന്ന് വിവരശേഖരണം നടത്തി ജാമ്യത്തില്‍ വിട്ടയച്ചു. സംസ്ഥാന പോലീസ് മേധാവിയും എ.ഡി.ജി.പി.യും ജില്ലയിലുണ്ടായിരുന്ന ദിവസമാണ് ഈ പരിശോധന നടന്നത്.
മലപ്പുറത്ത് 836 കേസുകള്‍, അറസ്റ്റിലായത് 267 പേര്‍
മലപ്പുറം: കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായുള്ള ഓപ്പറേഷന്‍ 'ആഗ്' പരിശോധനയില്‍ കര്‍ശന നടപടിയുമായി ജില്ലാ പോലീസ്. ശനിയാഴ്ച നടന്ന പരിശോധനയില്‍ മാത്രം സമൂഹവിരുദ്ധര്‍ക്കെതിരേ 836 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. 267 പേര്‍ അറസ്റ്റിലുമായി. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസിന്റെ നിര്‍ദേശപ്രകാരം മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി, തിരൂര്‍, താനൂര്‍ ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
2895 വാഹനങ്ങള്‍ പരിശോധിക്കുകയും നിയമലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്ന് 9,80,750 രൂപ പിഴചുമത്തുകയും ചെയ്തു. നിരവധി കേസുകളില്‍ പ്രതിയായി കോടതിജാമ്യമെടുത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന 35 പേരെ പിടികൂടി. രാത്രികാല പരിശോധനയില്‍ ജാമ്യമില്ലാ വാറന്റ് പ്രകാരം 80 പേരെയും മറ്റു കേസുകളില്‍ 40 പേരെയും പിടികൂടി.
സമൂഹവിരുദ്ധ പ്രവര്‍ത്തന പശ്ചാത്തലമുള്ള 122 പേരില്‍ 53 പേരെ കരുതല്‍ തടങ്കലിലാക്കി. മയക്കുമരുന്ന്, ലഹരി ഉപയോഗം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് 88 കേസുകളും രജിസ്റ്റര്‍ചെയ്തു. സംസ്ഥാന അതിര്‍ത്തിവഴി എം.ഡി.എം.എ. കടത്തിയതിന് പൂക്കോട്ടുംപാടം സ്വദേശികളായ രണ്ടുപേരെ അറസ്റ്റുചെയ്തു.
അനധികൃത മദ്യവില്‍പ്പനയ്‌ക്കെതിരേ 103 കേസുകള്‍, എക്സ്പ്ലോസീവ് ആക്ട് പ്രകാരം ഒരു കേസ്, അനധികൃത മണല്‍ക്കടത്തിനെതിരേ 18 കേസുകള്‍ എന്നിവയും രജിസ്റ്റര്‍ചെയ്തു. മൂന്നക്കനമ്പര്‍ ചൂതാട്ടംപോലുള്ള സമാന്തര ലോട്ടറി നടത്തുന്നവര്‍ക്കെതിരേ ലോട്ടറി ആക്ട് പ്രകാരം 43 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്.
നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയ്‌ക്കെതിരേ ലഹരിവിരുദ്ധ നിയമപ്രകാരം 61 കേസുകളും ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലായി 212 കേസുകളും രജിസ്റ്റര്‍ചെയ്തു.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസ് അറിയിച്ചു.
കോഴിക്കോട്ട് പിടിയിലായത് 283 പേര്‍
കോഴിക്കോട്: ഗുണ്ടകള്‍ക്കും സമൂഹവിരുദ്ധര്‍ക്കുംനേരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'ഓപ്പറേഷന്‍ ആഗി'ല്‍ ജില്ലയില്‍ 283 പേര്‍ പിടിയില്‍.നഗരപരിധിയില്‍ 97 പേരെയും റൂറലില്‍ 186 പേരെയുമാണ് കരുതല്‍തടങ്കലിലാക്കിയത്..
നഗരത്തില്‍ 69 സമൂഹവിരുദ്ധരെയും വാറന്റ് കേസില്‍ ഉള്‍പ്പെട്ട 18 പേരെയും പിടികിട്ടാപ്പുള്ളികളായ മൂന്നുപേരെയും അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസില്‍ ഏഴുപേരെയും പിടികൂടി. കോഴിക്കോട് റൂറലില്‍ 147 ഗുണ്ടകളെയും വാറന്റ് നിലനില്‍ക്കുന്ന 26 പേരെയും 13 പിടികിട്ടാപ്പുള്ളികളെയുമാണ് ശനിയാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
സിറ്റി പോലീസ് മേധാവി രാജ്പാല്‍ മീണ,ഡി.സി.പി. കെ.ഇ. ബൈജു, മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്‍, ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി. ബിജുരാജ്, ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ സിദ്ദിഖ്, സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എ. ഉമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. കോഴിക്കോട് റൂറല്‍ എസ്.പി. ആര്‍. കറുപ്പസ്വാമിയുടെയും നാല് ഡിവൈ.എസ്.പി.മാരുടെയും നേതൃത്വത്തിലാണ് റൂറലില്‍ പരിശോധന നടത്തിയത്.
വയനാട്ടില്‍ 109 പേര്‍ പിടിയില്‍, കൂടുതല്‍ അറസ്റ്റ് ബത്തേരി സ്റ്റേഷന്‍ പരിധിയില്‍
കല്പറ്റ(വയനാട്): സാമൂഹികവിരുദ്ധര്‍, ലഹരി വില്‍പ്പനക്കാര്‍ എന്നിവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനായി റെയ്ഡില്‍ (ആക്ഷന്‍ എഗൈന്‍സ്റ്റ് ആന്റി സോഷ്യല്‍ ഗ്യാങ്‌സ്) ജില്ലയില്‍ വിവിധ സ്റ്റേഷന്‍ പരിധികളിലായി 109 പേരെ പോലീസ് അറസ്റ്റുചെയ്തു. സുല്‍ത്താന്‍ബത്തേരി സ്റ്റേഷന്‍പരിധിയിലാണ് കൂടുതല്‍ അറസ്റ്റ്. 15 പേരാണ് അറസ്റ്റിലായത്. കല്പറ്റ (ഏഴ്) മേപ്പാടി (മൂന്ന്), വൈത്തിരി (അഞ്ച്), പടിഞ്ഞാറത്തറ (മൂന്ന്), കമ്പളക്കാട് (അഞ്ച്), മാനന്തവാടി (ഏഴ്) പനമരം (രണ്ട്), വെള്ളമുണ്ട (ആറ്) തൊണ്ടര്‍നാട് (നാല്) തലപ്പുഴ (അഞ്ച്) തിരുനെല്ലി (മൂന്ന്), അമ്പലവയല്‍ (എട്ട്) മീനങ്ങാടി (ഒമ്പത്) പുല്പള്ളി (എട്ട്) കേണിച്ചിറ (10) നൂല്‍പുഴ (ഒമ്പത്) എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളിലെ അറസ്റ്റ്. സംസ്ഥാനവ്യാപകമായി നടക്കുന്ന റെയ്ഡിന്റെ ഭാഗമായാണ് ശനിയാഴ്ച രാത്രി ജില്ലയിലും റെയ്ഡ് നടത്തിയത്. സാമൂഹികവിരുദ്ധര്‍/ലഹരി വില്‍പ്പനക്കാര്‍ എന്നിവര്‍ക്കെതിരേയുള്ള മുന്‍കരുതല്‍ പ്രകാരമാണ് കേസെടുത്ത് അറസ്റ്റുചെയ്തത്.
പിടിയിലായവര്‍ക്ക് നേരത്തെയും അടിപിടി കേസുകള്‍ പോലുള്ളവയില്‍ ഉള്‍പ്പെട്ടവരാണെന്നും ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് പറഞ്ഞു. പിടിയിലായവരെക്കുറിച്ച് പോലീസ് വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. പിടിയിലായവരുടെ തൊഴില്‍, മുമ്പ് പ്രതിയായ കേസുകള്‍, പ്രവര്‍ത്തനമേഖല, സുഹൃത്തുക്കള്‍, ഇടപാടുകള്‍, സന്ദര്‍ശനസ്ഥലങ്ങള്‍ തുടങ്ങിയവയെല്ലാം അന്വേഷണപരിധിയില്‍ വരും.
ഇത്തരം സംഘങ്ങള്‍ക്കെതിരേ മുന്‍കരുതല്‍ എടുക്കാനും നടപടി കര്‍ശനമാക്കാനുമാണ് ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. അറസ്റ്റിലായവരുടെമേല്‍ പോലീസിന്റെ നിരീക്ഷണവും ഉണ്ടാവും.
പൊതുസമാധാനത്തിന് അപകടംവരുത്തുന്ന സമൂഹവിരുദ്ധരായ ഗുണ്ടകള്‍ക്കെതിരേയും ലഹരി ഉപയോഗത്തിനെതിരേയും വില്‍പ്പനക്കെതിരേയുമുള്ള പോലിസ് നടപടിയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. ബാറുകളിലും റിസോര്‍ട്ട്, ഹോം സ്റ്റേ, ഹോട്ടല്‍സ് തുടങ്ങിയ ഇടങ്ങളിലും റെയ്ഡ് നടത്തി.
കൂടുതല്‍ അപകടകാരികളായ ഗുണ്ടകള്‍ക്കെതിരേയും ലഹരി മാഫിയയ്‌ക്കെതിരേയും കാപ്പ നിയമപ്രകാരം നടപടിയെടുക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആര്‍. ആനന്ദ് പറഞ്ഞു. ജില്ലയിലെ റിസോര്‍ട്ടുകള്‍ അടക്കം പോലീസ് നിരീക്ഷിക്കുന്നുണ്ട്.
കണ്ണൂരില്‍ ഒറ്റരാത്രി പിടിയിലായത് 264 ഗുണ്ടകള്‍
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ ഓപ്പറേഷന്‍ 'ആഗ്' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഒറ്റരാത്രികൊണ്ട് 264 ഗുണ്ടകളെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍നിന്ന് 130 പേരെയും റൂറല്‍ പരിധിയില്‍നിന്ന് 134 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ 12 പേര്‍ കാപ്പ നിയമപ്രകാരമുള്ള ജാമ്യവ്യവസ്ഥ ലംഘിച്ചവരും ഏഴുപേര്‍ പിടികിട്ടാപ്പുള്ളികളുമാണ്.
വീടുകള്‍, ബാറുകള്‍, ഹോട്ടലുകള്‍, വാഹനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ പിടിച്ചത്. കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ അഞ്ഞൂറോളം വാഹനങ്ങള്‍ പരിശോധിച്ചു. 225 പേരെ കസ്റ്റഡിയിലെടുത്തതില്‍ 130 പേരൊഴികെയുള്ളവരെ വിട്ടയച്ചു.
മൂന്നും അതിലധികവും കേസുകളില്‍ പ്രതികളായവരെ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും സമൂഹവിരുദ്ധരെ കണ്ടെത്താന്‍ നടപടി തുടരുമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ അജിത് കുമാര്‍ പറഞ്ഞു.
പിടിയിലായവരില്‍ പകുതിയിലേറെയും ലഹരിക്കേസുകളില്‍പ്പെട്ടവരാണ്. കസ്റ്റഡിയിലുള്ള ചിലരെ റിമാന്‍ഡ് ചെയ്യും. കേസിന്റെ സ്വഭാവം നോക്കി മറ്റു ചിലരെ കരുതല്‍ തടങ്കലില്‍ വെക്കും.
റൂറല്‍ പരിധിയില്‍നിന്ന് പിടിയിലായവരില്‍ ആറുപേര്‍ വാറണ്ട് പ്രതികളും ഒരാള്‍ പിടികിട്ടാപ്പുള്ളിയുമാണെന്ന് റൂറല്‍ എസ്.പി. എം.ഹേമലത പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വിനോദ് കുമാറും സംബന്ധിച്ചു.
കാസര്‍കോട്ട് 113 പേര്‍ അറസ്റ്റില്‍; 24 വാറന്റ് പ്രതികളും നാല് പിടികിട്ടാപ്പുള്ളികളും പിടിയില്‍
കാഞ്ഞങ്ങാട്(കാസര്‍കോട്) സമൂഹവിരുദ്ധര്‍ക്കും ഗുണ്ടകള്‍ക്കുമെതിരേയുള്ള പോലീസിന്റെ ഓപ്പറേഷന്‍ 'ആഗ്'-ല്‍ 113 പേര്‍ അറസ്റ്റില്‍. ഇതില്‍ 24 പേര്‍ വാറന്റ് പ്രതികളും നാലുപേര്‍ പിടികിട്ടാപ്പുള്ളികളുമാണ്. ശനിയാഴ്ച വൈകീട്ട് മുതല്‍ ഞായറാഴ്ച പുലര്‍ച്ചെവരെ ജില്ലയിലൊട്ടുക്കും നടത്തിയ പരിശോധനയിലാണ് ഇത്രയുംപേരെ അറസ്റ്റുചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന പത്രസമ്മേളനത്തില്‍ പറഞ്ഞു.
210 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. സമൂഹവിരുദ്ധ-ഗുണ്ടാ പ്രവര്‍ത്തനത്തില്‍ ഒന്നിലധികം തവണ പിടിക്കപ്പെടുകയും അറസ്റ്റിലാകുകയുംചെയ്തവരെയാണ് പരിശോധിച്ചത്. ഇപ്പോഴും ഇത് തുടരുന്നവരെയാണ് അറസ്റ്റുചെയ്തത്. പിടികിട്ടാപ്പുള്ളികളെയും വാറന്റ് പ്രതികളൊഴികെയുള്ളവരെയും സി.ആര്‍.പി.സി. 151 വകുപ്പ് പ്രകാരം മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.
ജില്ലയിലെ ഡിവൈ.എസ്.പി.മാരായ പി. ബാലകൃഷ്ണന്‍ നായര്‍, സി.കെ. സുനില്‍കുമാര്‍, സി.എ. അബ്ദുള്‍റഹിം, അതത് സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍, എസ്.ഐ.മാര്‍, നൂറ്റന്‍പതിലേറെ പോലീസുകാര്‍ എന്നിവര്‍ വിവിധ സംഘങ്ങളായി വീടുകളിലും മറ്റും പരിശോധനനടത്തുകയായിരുന്നു. സമൂഹവിരുദ്ധരെയും ഗുണ്ടകളെയും പിടിക്കാനുള്ള ഓപ്പറേഷനില്‍ പിടികിട്ടാപ്പുള്ളികളെയും വാറന്റ് പ്രതികളെയും പിടിക്കാനായത് പോലീസിന് നേട്ടമായി. അര്‍ധരാത്രിയിലും പുലര്‍ച്ചെയും വീടുകളിലെത്തിയതിനാലാണ് ഇവരെ കിട്ടിയതെന്ന് പോലീസ് മേധാവി വ്യക്തമാക്കി.
കാപ്പ: കഴിഞ്ഞവര്‍ഷം ജയിലിലടച്ചത് 24 പേരെ
കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞവര്‍ഷം കാപ്പ ചുമത്തി ജയിലിലടച്ചത് 24 പേരെ. 2021-ല്‍ രണ്ടുപേരെയാണ് ഈ നിയമപ്രകാരം ജയിലിലടച്ചത്. ഈവര്‍ഷം ഒരുമാസം പിന്നിട്ടപ്പോഴേക്കും രണ്ടുപേര്‍ക്കെതിരേ കാപ്പ ചുമത്തി. ജില്ലയില്‍ 422 റൗഡികളുടെ പേരുകള്‍ ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം 1504 കേസുകളും ഈവര്‍ഷം ഇതുവരെ 150 കേസുകളുമെടുത്തു. കഴിഞ്ഞവര്‍ഷമെടുത്ത കേസുകളില്‍ 21 എണ്ണവും വാണിജ്യാടിസ്ഥാനത്തില്‍ മയക്കുമരുന്ന് ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ടാണ്.
ഗോവ, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് മയക്കുമരുന്ന് കൂടുതലായെത്തുന്നതെന്നും പോലീസ് മേധാവി പറഞ്ഞു.
Content Highlights: kerala police operation aaag against criminals goons and anti socials
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..