Photo: Mathrubhumi
മൂവാറ്റുപുഴ: സര്‍ക്കാര്‍ നിബന്ധനകള്‍ ലംഘിച്ച് കേരള ലോട്ടറിയില്‍ അനധികൃത 'സെയിം സെറ്റ്' വില്പന വ്യാപകമാകുന്നു. വിവിധ സീരീസുകളിലായി ഒരുമിച്ച് വില്ക്കാന് അനുവദിച്ചിട്ടുള്ളത് പരമാവധി 12 സെയിം ലോട്ടറി മാത്രമാണ്. എന്നാല്‍, അവസാനത്തെ നാല് നമ്പറുകള്‍ ഒരേപോലെ വരുന്ന പല സീരീസിലുള്ള ടിക്കറ്റുകള്‍ വിവിധ ജില്ലകളില്‍നിന്നായി വിവിധ ഏജന്‍സികളിലൂടെ വാങ്ങിക്കൂട്ടി സെറ്റുകളാക്കി ഒരുമിച്ച് വിറ്റഴിക്കുന്ന സംഘമാണ് 'സെറ്റ് ലോട്ടറി'ക്കു പിന്നില്‍.
ജനുവരി 22-ന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ 913125, 413125, 583125, 673125, 903125 എന്നീ നമ്പറുകളില്‍ പെട്ട 12 എണ്ണം വീതമുള്ള സെയിം സീരീസ് ടിക്കറ്റുകള്‍ ഒറ്റ സെറ്റാക്കി എറണാകുളം ജില്ലയില്‍ വില്പനയ്ക്കെത്തിയിരുന്നു. 60 ടിക്കറ്റാണ് ഒരുമിച്ച് വില്പനയ്ക്കെത്തിയത്.
ഭാഗ്യക്കുറിയുടെ ആറക്ക നമ്പറിലെ ആദ്യത്തെ രണ്ടക്കം മാറുന്ന മുറയ്ക്ക് വിവിധ ജില്ലകളിലേക്കാണ് ടിക്കറ്റ് വില്പനയ്ക്കായി പോകുന്നത്. ഇവ ചൂതാട്ടം നടത്തുന്ന ചില ഏജന്‍സികള്‍ പരസ്പരം വെച്ചു മാറുകയാണ് ചെയ്യുന്നത്. ഇതിനായി ബിനാമി പേരിലും ബന്ധുക്കളുടെ പേരിലും ലോട്ടറി മൊത്ത വ്യാപാര ഏജന്സികളെടുത്തിട്ടുള്ളവരുമുണ്ട്. ഒരേ നാലക്കങ്ങളില്‍ അവസാനിക്കുന്ന 60 മുതല്‍ 108 ടിക്കറ്റ് വരെ ഇത്തരത്തില്‍ ഒരുമിച്ച് വില്‍ക്കുന്നതായാണ് വിവരം. 60-108 പേരിലേക്ക് പോകേണ്ട സമ്മാനങ്ങളാണ് ഇതിനാല്‍ ഒരിടത്തേക്ക് കേന്ദ്രീകരിക്കുന്നത്. കോതമംഗലം, ആലുവ, വൈറ്റില ഹബ്ബ് എന്നിവിടങ്ങളിലേക്ക് പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ടിക്കറ്റുകള്‍ എത്തുന്നുണ്ട്. അവസാന നാലക്ക നമ്പര്‍ ഒരേപോലെ വരുന്ന ലോട്ടറി ടിക്കറ്റുകള്‍ സമാഹരിച്ച് സെറ്റാക്കി വില്പന നടത്തുന്നത് നിയമ വിരുദ്ധമാണെന്നും തടയണമെന്നും ഉത്തരവുണ്ട്.
വകുപ്പ് കണ്ണടയ്ക്കുന്നു
സെയിം സെറ്റ് സമാഹരിക്കുന്നതിനായി ഏജന്‍സികളും ബിനാമി ഏജന്റുമാരും കൂടുതല്‍ ടിക്കറ്റുകള്‍ വിവിധ ലോട്ടറി ഓഫീസുകളില്‍നിന്ന് വാങ്ങിക്കൂട്ടുന്നു. ആകെ അച്ചടിക്കുന്ന 1.08 കോടിയില്‍ ജനുവരി 31-ന് വിറ്റത് 1.045 കോടി ടിക്കറ്റാണ്. ഈ വര്‍ധന വ്യാജ സെയിം വില്പന വ്യാപകമാകുന്നതുകൊണ്ടുകൂടിയാണെന്ന് തൊഴിലാളികള്‍ പറയുന്നു. അനധികൃത വില്പന തെളിവുസഹിതം ചൂണ്ടിക്കാട്ടി പരാതികള്‍ നല്‍കിയിട്ടും നടപടിയില്ല. അനധികൃത സെറ്റ് വില്പന തടയാന്‍ 2021 ഒക്ടോബര്‍ ഒന്നിന് എറണാകുളം ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ നോട്ടീസും ഒക്ടോബര്‍ 26-ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ ഉത്തരവും ഇറക്കി. പക്ഷേ ഫലം കണ്ടില്ല.
സെറ്റ് ലോട്ടറിയില്‍ വില്പന ഏജന്‍സി സീലില്ലാതെ
സെറ്റ് ലോട്ടറി വാങ്ങുന്നവരും വ്യാപാരികളും അടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്. ടിക്കറ്റിന്റെ ഫോട്ടോ എടുത്തയച്ച് കച്ചവടം ഉറപ്പിക്കും. തുക ഓണ്‍ലൈനായി കൈമാറും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെയുണ്ട് ഈ ലോട്ടറി ചൂതാട്ടത്തില്‍.
40 രൂപ മുഖവിലയുള്ള 108 ടിക്കറ്റുകളുടെ ഒരു സെറ്റ് എടുക്കുന്ന ആള് മുടക്കുന്നത് 4320 രൂപയാണ്. ഇതര സംസ്ഥാന ലോട്ടറി നിര്‍ത്തലാക്കാനുള്ള പ്രധാന ആക്ഷേപം ഈ ചൂതാട്ടമാണ്. അന്ന് 10 രൂപ മുഖവിലയുള്ള അഞ്ച് സെയിം സീരീസ് മാത്രമാണ് ഉണ്ടായിരുന്നത്. അവസാനത്തെ മൂന്ന് അക്കങ്ങള്‍ ഒരേപോലെ വരുന്ന 150 ടിക്കറ്റുകള്‍ വരെ ഇത്തരത്തില്‍ വിറ്റഴിക്കാന്‍ തുടങ്ങിയപ്പോഴാണ് സര്‍ക്കാര്‍ കോടതിയില്‍ പോയത്. അന്ന് ഇതര സംസ്ഥാന ടിക്കറ്റിനായി പരമാവധി 1500 രൂപ വരെ ഒരാള്‍ ചെലവഴിക്കുമായിരുന്നെങ്കില് ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ ടിക്കറ്റിനായി 4320 രൂപ ചെലവഴിക്കുന്നതിലേക്കാണ് ചൂതാട്ടം മാറിയത്
സെറ്റ് ലോട്ടറി എന്ന ചൂതാട്ടം
: വിവിധ സീരീസുകളിലായാണ് ലോട്ടറി ടിക്കറ്റ് ഇറക്കുന്നത്. രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങളാണ് ഒരു സീരീസിന്റെ പേരായി വരിക. സീരീസിനു പുറമേ ആറ് അക്കങ്ങളും ഉണ്ടാവും ടിക്കറ്റ് നമ്പറായി.
ഒരു നിശ്ചിത എണ്ണം ടിക്കറ്റുകളില്‍ അവസാനത്തെ നാല് അക്കങ്ങള്‍ എല്ലാ സീരീസിലും ഒരുപോലെ വരും. അവസാനത്തെ നാല് അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടാം സമ്മാനം മുതല്‍ താഴേക്കുള്ളതെല്ലാം നിശ്ചയിക്കുന്നത്.
അവസാനത്തെ നാല് അക്കങ്ങള്‍ക്ക് ചെറിയ സമ്മാനമാണ് അടിക്കുന്നതെങ്കിലും അത്തരം ഒട്ടേറെ ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നത് വലിയ നേട്ടമുണ്ടാക്കും.
ഉദാഹരണത്തിന് 1234 എന്ന നമ്പറുകളില്‍ അവസാനിക്കുന്ന ടിക്കറ്റുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനം ഉണ്ടെന്നു കരുതുക. 12 സീരീസുകളിലായി അത്തരം 100 ടിക്കറ്റുകള്‍ വാങ്ങിയ ഒരാള്‍ക്ക് സമ്മാനം അടിച്ചാല്‍ 100 ലക്ഷം രൂപയായി. ആയിരം രൂപയുടെ സമ്മാനമേ അടിച്ചുള്ളൂ എങ്കിലും 100 ടിക്കറ്റിന് ഒരു ലക്ഷം രൂപ സമ്മാനമായി കിട്ടും.
സമ്മാനം അടിച്ചില്ലെങ്കില്‍ അത്രയധികം ടിക്കറ്റിനായി മുടക്കിയ പണം പോവുകയും ചെയ്യും. കൂടുതല്‍ പണം മുടക്കി സെറ്റ് മുഴുവന്‍ വാങ്ങി വലിയ തുക ലഭിക്കാനുള്ള സാധ്യതയാണ് ഇതിനെ ചൂതാട്ടമാക്കുന്നത്. കിട്ടിയാല്‍ ഭാഗ്യം. പോയാല്‍ അത്രയേറെ ടിക്കറ്റിന്റെ തുക നഷ്ടം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..