
1.ഇ.വി തങ്കപ്പൻ 2.സുരേഷ് 3.കൊല്ലപ്പെട്ട മണി
കല്പറ്റ: നാലുവര്‍ഷം മുമ്പ് കവുങ്ങിന് തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേണിച്ചിറ അതിരാറ്റുപാടി കോളനിയിലെ മണിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാന്‍ ക്രൈബ്രാഞ്ചിന് നിര്‍ണായകമായത് സാക്ഷിമൊഴികളും മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച ഫ്യൂരിഡാനും.
2016 ഏപ്രില്‍ നാലിനാണ് തങ്കപ്പനും മകന് സുരേഷും ചേര്‍ന്ന് മണിയെ കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയത്. കൊല നടത്തിയശേഷം രാത്രി ഒമ്പതുമണിയോടെ തങ്കപ്പന്റെ വീടിന് 200 മീറ്റര്‍ അകലെ തങ്കപ്പന്റെ തന്നെ കവുങ്ങിന് തോട്ടത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നാണ് മൃതദേഹം കൊണ്ടിട്ടത്. ശേഷം മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ സമീപത്ത് ഫ്യൂരിഡാന്‍ കൊണ്ടുവെക്കുകയും അല്പം മുഖത്ത് തളിക്കുകയുമാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍, തങ്കപ്പനും സുരേഷും ചേര്‍ന്ന് മണിയെ അപായപ്പെടുത്തുന്നതിന് രണ്ടു സാക്ഷികളുണ്ടായിരുന്നു. സാമ്പത്തിക ഭദ്രതയും സ്വാധീനവുമുള്ള തങ്കപ്പനും സുരേഷും തങ്ങളെയും അപായപ്പെടുത്തുമോ എന്ന ഭയം കാരണം ഇരുവരും സംഭവം പുറത്തു പറഞ്ഞില്ല. എന്നാല്‍, ക്രൈബ്രാഞ്ച് ഇടപ്പെട്ടതോടെയാണ് സാക്ഷികള്‍ മൊഴിനല്‍കാന്‍ തയ്യാറായത്. വിഷം ഉള്ളില്‍ച്ചെന്നല്ല മണി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
2016 മേയ് 28-ന് പുല്പള്ളി ഇന്‍സ്പെക്ടറാണ് കേസ് ഏറ്റെടുത്ത് നടത്തിയത്. അന്വേഷണത്തിനിടെ തങ്കപ്പന്റെ വീട്ടില്‍നിന്നും പത്തുഗ്രാം ഫ്യൂരിഡാനും പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് കേസില്‍ സംശയിക്കപ്പെട്ട തങ്കപ്പന്, സുരേഷ്, മരുമകള്‍ ദിവ്യ എന്നിവരുടെ പോളിഗ്രാഫ് ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. കൂടാതെ മണിയുടെ മരണത്തില്‍ നാട്ടുകാര്‍ സംശയിച്ചിരുന്ന രാജുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. രണ്ടുവര്‍ഷം ലോക്കല്‍ പോലീസ് അന്വേഷിച്ചിട്ടും ഒരു തുമ്പും ലഭിക്കാതെ വന്നതോടെയാണ് 2018-ല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കൊന്നത് പത്തുവര്‍ഷം കൂടെ നിന്നയാളെ
കേണിച്ചിറയില്‍ പത്തേക്കറോളം തോട്ടവും കല്പറ്റയിലും മറ്റും വാടകക്കെട്ടിടങ്ങളും കേണിച്ചിറയില്‍ രണ്ട് പടക്കകടകളുമുള്ള തങ്കപ്പന്റെ തോട്ടത്തില്‍ പത്തുവര്‍ഷം പണിയെടുത്തിരുന്ന ആളായിരുന്നു മണി. തങ്കപ്പന്റെ വീടിനടുത്തുള്ള ഷെഡിലായിരുന്നു മണി താമസിച്ചിരുന്നത്. എന്നാല്‍, മണിയും തങ്കപ്പനും തമ്മില്‍ ഒട്ടേറെ തവണ തര്‍ക്കമുണ്ടായിരുന്നു. പണിയെടുത്താലും കൂലി കൃത്യമായി കൊടുക്കാന്‍ തയ്യാറാവാത്ത സ്വഭാവക്കാരനായിരുന്നു തങ്കപ്പനെന്ന് പോലീസ് പറഞ്ഞു. 2016 ഏപ്രില്‍ നാലിന് വൈകുന്നേരം വീട്ടിലെ ചടങ്ങ് നടത്തുന്നതിനായി പണം വെണമെന്നാവശ്യപ്പെട്ടാണ് മണി എത്തിയത്.
എന്നാല്‍, കൂലി കൊടുക്കാന്‍ തങ്കപ്പനും സുരേഷും തയ്യാറായില്ല. ഇതേ തുടര്‍ന്ന് വാക് തര്‍ക്കമായി, കൈയാങ്കളിയായി. ഒടുവില്‍ കൊലപാതകത്തിലുമെത്തി. വീടിന്റെ മുന്‍ഭാഗത്തുള്ള ഷെഡിന്റെ മുന്‍വശത്തുവെച്ചായിരുന്നു സംഭവം. മണിയെ തങ്കപ്പന് മര്‍ദിച്ചു. ഈ സമയം സ്ഥലത്തെത്തിയ സുരേഷും ചേര്‍ന്ന് വീണ്ടും മര്‍ദിച്ചു. ശേഷം സുരേഷ് മണിയെ ബലമായി പിടിച്ചുവെക്കുകയും തങ്കപ്പന് ഒരു കൈകൊണ്ട് മണിയുടെ മുഖത്ത് ബലമായി പിടിച്ച് അമര്‍ത്തുകയും ഒരു കൈകൊണ്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയുമാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.
മരണം ആത്മഹത്യയാണെന്ന് തെളിയിക്കാന്‍ ഫ്യൂരിഡാന്‍ പാത്രത്തില്‍ കലക്കി മുഖത്ത് തളിക്കുകയും ബാക്കിയുള്ളത് പ്ലാസ്റ്റിക് കവറിലാക്ക് മൃതദേഹത്തിനുസമീപം വെക്കുകയും ചെയ്തു. മറ്റു തെളിവുകളും നശിപ്പിച്ചു. പിറ്റേദിവസം മുതല്‍ മണി വിഷം കഴിച്ച് മരിച്ചെന്ന് തങ്കപ്പന് എല്ലാവരോടും പറഞ്ഞു നടക്കുകയും ചെയ്തു.
പണിയെടുത്താല്‍ പണമില്ല, പകരം മദ്യം
പണിയെടുത്താലും തങ്കപ്പന് പണിക്കാര്‍ക്ക് പണത്തിനുപകരം മദ്യമായിരുന്നു കൂലിയായി നല്‍കിയിരുന്നത്. നല്കുന്ന മദ്യത്തിന്റെ പണം പണിക്കാരുടെ കൂലിയില്‍ നിന്നും ഈടാക്കും. മദ്യം നല്‍കിയാണ് തങ്കപ്പന് പണിക്കാരെ തനിക്കൊപ്പം നിര്‍ത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. മദ്യത്തിന്റെ കണക്ക് പറഞ്ഞ് ഒരാഴ്ച പണിയെടുത്താന്‍ പോലും 200 രൂപയാണ് കൂലിയായി മണിക്ക് കിട്ടിയിരുന്നത്.
കോഴിക്കോട് റെയ്ഞ്ച് ക്രൈംബ്രാഞ്ച് എസ്.പി. ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഡിക്ടറ്റീവ് ഇന്‍സ്പെക്ടര്‍ ഇ.കെ. ഷിജു, സബ് ഇന്‍സ്പെക്ടര്‍മാരായ ബിജു ആന്റണി, സി. ഖാദര്‍കുട്ടി, കെ.എസ്. അജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹസന് ബാരിക്കല്‍, ടി.എം. പത്മകുമാര്‍, ജയ വേണുഗോപാല്‍, എ.എം. ആയിഷ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Content Highlights: Kenichira Tribal Youth Mani's Murder
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..