ഹരികൃഷ്ണൻ, അൻഷ, വിഷ്ണു, അനീഷ
കാട്ടാക്കട: ഉടമയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് ജൂവലറിയില്‍നിന്ന് ആറു പവന്‍ സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ പിടിയിലായ നാല് പ്രതികളെ റിമാന്‍ഡ് ചെയ്തു. മലയിന്‍കീഴ് വിഷ്ണുഭവനില്‍ വിഷ്ണു(22), ഭാര്യ കുറ്റിച്ചല്‍ തച്ചന്‍കോട് ഷാജി മന്‍സിലില്‍ അന്‍ഷ(24), മലയിന്‍കീഴ് മടത്തിങ്കര രമ്യനിലയത്തില്‍ ഹരികൃഷ്ണന്‍(25), ഭാര്യ വിഴിഞ്ഞം പനയറക്കുന്ന് കിടാരകുഴി ശ്രീനിലയത്തില്‍ അനീഷ(23) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ കുറ്റിച്ചല്‍ ജങ്ഷനിലെ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള വൈഗാ ജൂവലറിയിലാണ് മോഷണം നടന്നത്. കാറില്‍ കടന്ന പ്രതികളെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മലയിന്‍കീഴില്‍ വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
മലയിന്‍കീഴ് സ്വദേശികളായ ഇവര്‍ ബാലരാമപുരം പനയറക്കുന്ന് ഭാഗത്ത് വാടകയ്ക്കു താമസിച്ചുവരികയാണ്. വ്യാഴാഴ്ച ഉച്ചയോടെ കുറ്റിച്ചലില്‍ ജൂവലറിയിലെത്തി ആഭരണങ്ങളെടുത്തെങ്കിലും പണം തികയില്ലെന്ന് പറഞ്ഞ് തിരിച്ചുപോയി. വീണ്ടും രാത്രി ഏഴുമണിയോടെ തിരിച്ചെത്തിയ സംഘം കടയ്ക്കു സമീപം കാത്തുനിന്നു. കടയില്‍ ഉടമ സന്തോഷ് മാത്രമായതോടെ വിഷ്ണുവും ഭാര്യ അന്‍ഷയും കടയില്‍ കയറി. കടയില്‍ നിന്നവര്‍ മൂന്നുപവന്റെ രണ്ട് സ്വര്‍ണമാല വാങ്ങി. പണം നല്‍കാനായി എത്തിയതിന് പിന്നാലെ സന്തോഷിന്റെ മുഖത്ത് മുളകുപൊടിയെറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു.
പിടികൂടുന്ന സമയം പ്രതികളില്‍ രണ്ടുപേര്‍ വാഹനം റോഡിന് സമീപമിട്ടശേഷം മോഷ്ടിച്ചെടുത്ത മൂന്നുപവന്‍ സ്വര്‍ണം മലയിന്‍കീഴിലെ ഒരു പണയസ്ഥാപനത്തില്‍ പണയപ്പെടുത്താന്‍ പോയിരുന്നു. 60,000 രൂപയ്ക്കാണ് ആഭരണം പണയം വെച്ചത്. ഇവര്‍ തിരിച്ചെത്തിയതോടെയാണ് പോലീസ് പിടികൂടിയത്.
ബാക്കി ആഭരണം ഇവരില്‍നിന്നു കണ്ടെടുത്തു. ഇക്കഴിഞ്ഞ ഒന്‍പതിന് ബാലരാമപുരത്തെ ഒരു ജൂവലറിയില്‍ ഹരികൃഷ്ണനും ഭാര്യ അനീഷയും എത്തി ഒന്നേമുക്കാല്‍ പവന്‍ തൂക്കം വരുന്ന മാല കവര്‍ന്നിരുന്നു. മാല വാങ്ങാനെത്തിയ ഇവര്‍ ഡ്യൂപ്ലിക്കേറ്റ് സാധനം വെച്ചിട്ട് ജൂവലറി ഉടമയെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..