
സംഭവസ്ഥലത്ത് പ്രതികളെ എത്തിച്ചപ്പോൾ കൊല്ലപ്പെട്ട സംഗീതിന്റെ ബന്ധുക്കൾ അലമുറയിടുന്നു(ഇടത്ത്)
കാട്ടാക്കട: കാട്ടാക്കട അമ്പലത്തിന്‍കാലയില്‍ സ്വന്തം പുരയിടത്തില്‍നിന്നു അനുമതിയില്ലാതെ മണ്ണ് കടത്തുന്നതു തടഞ്ഞ യുവാവിനെ മണ്ണുമാന്തിയന്ത്രം കൊണ്ട് ഇടിച്ചുകൊന്ന കേസിലെ പ്രതികളെ സംഭവസ്ഥലത്ത് ഉള്‍പ്പെടെയെത്തിച്ച് തെളിവെടുത്തു. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് ഡിവൈ.എസ്.പി. സ്റ്റുവര്‍ട്ട് കീലര്‍, കാട്ടാക്കട ഇന്‍സ്പെക്ടര്‍ ഡി.ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തില്‍ പ്രതികളെ കൊല്ലപ്പെട്ട സംഗീതിന്റെ പുരയിടത്തിലും, സമീപത്തും എത്തിച്ച് തെളിവെടുത്തത്.
പ്രധാന പ്രതികളായ ഉത്തമന്, സജു എന്നിവരുള്‍പ്പെടെ പത്തു പ്രതികളെയും കൊല്ലപ്പെട്ട സംഗീതിന്റെ വീട്ടുവളപ്പിലെത്തിച്ചിരുന്നു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ആറ് പേരെ മാത്രമാണ് പുറത്തിറക്കിയത്. ആദ്യം മണ്ണ് മാന്തിയന്ത്രത്തിന്റെ ഡ്രൈവര്‍ വിജിനെ വാഹനത്തില്‍ നിന്നും പുറത്തെത്തിച്ചു. മണ്ണെടുത്ത സ്ഥലവും പ്രത്യേകവഴി ഉണ്ടാക്കി യന്ത്രം പുറത്തിറക്കിയതും വിജിന് പറഞ്ഞുകൊടുത്തു. പിന്നീട് ഉത്തമനെയും സജുവിനേയും ബിനുവിനെയും പുറത്തിറക്കി തെളിവെടുത്തു. ഇവരെ പുറത്തിറക്കിയതോടെ സംഗീതിന്റെ അമ്മയും വീട്ടുകാരും ബഹളം വച്ചു. കൊലപാതകത്തിനുത്തരവാദികള്‍ പോലീസാണെന്നും പ്രതികളെ പോലീസ് സഹായിക്കുകയാണെന്നുമുള്ള ശാപവാക്കുകള്‍ അവര്‍ വിളിച്ചു പറഞ്ഞു.
പ്രതികളെ പുലര്‍ച്ചെ എത്തിച്ചതിനാല്‍ സംഗീതിന്റെ വീടിന്റെ പരിസരത്തുള്ളവരായ ചിലരും വീട്ടുകാരും മാത്രമാണ് വിവരം അറിഞ്ഞത്. അര മണിക്കൂര്‍ കൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതികളുമായി പോലീസ് അവിടെനിന്നും മടങ്ങി.
തുടര്‍ന്ന് പ്രതികളെ തമിഴ്നാട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. ആദ്യം പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ തൃപ്പരപ്പിലെ ലോഡ്ജ്, ശേഷം കന്യാകുമാരിയില്‍ എത്തി താമസിച്ച ലോഡ്ജിലും തെളിവെടുപ്പ് നടന്നു. ഇവിടെ പ്രതികള്‍ ഉപേക്ഷിച്ച ഫോണിനായുള്ള തിരച്ചിലും നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. ഇനി സംഭവശേഷം വാഹനങ്ങള്‍ ഒളിപ്പിച്ച സ്ഥലങ്ങളിലും തെളിവെടുക്കും. കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് പേര് കൂടി ഇനിയും പിടിയിലാവാന്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു ടിപ്പര്‍, ഒരു ജെ.സി.ബി, ഒരു ബൈക്ക് എന്നിവയ്ക്ക് പുറമെ പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ഒരു സ്കൂട്ടറും മറ്റൊരു ജീപ്പും തിരിച്ചറിഞ്ഞു.
ഇതില്‍ സ്കൂട്ടര്‍ കസ്റ്റഡിയില്‍ എടുത്തെങ്കിലും ജീപ്പ് ഉടമ വീട് പൂട്ടിപ്പോയതിനാല്‍ കസ്റ്റഡിയില്‍ എടുക്കാനായിട്ടില്ല.
പോലീസ് അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്നും എത്രയും വേഗം തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഇന്‍സ്പെക്ടര്‍ ബിജുകുമാര്‍ പറഞ്ഞു.
അന്വേഷണത്തില്‍ പോലീസിന് ആത്മാര്‍ഥതയില്ല
:തെളിവെടുപ്പിന് കൊണ്ടുവന്ന പ്രധാന പ്രതികളെ ദൃക്സാക്ഷിയായ തന്നെ കാണിച്ച് വിവരങ്ങള്‍ തിരക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് കൊല്ലപ്പെട്ട സംഗീതിന്റെ ഭാര്യ സംഗീത ആരോപിച്ചു. സംഭവം നടന്നത് എങ്ങനെയെന്നറിയണമെങ്കില്‍ യഥാര്‍ഥ ദൃക്സാക്ഷിയായ എന്നെയല്ലേ കാണിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതിലും കാട്ടാക്കട പോലീസിന്റെ അന്വേഷണത്തിലും സംശയമുണ്ടെന്ന് സ്ഥലത്തുണ്ടായിരുന്ന ബന്ധുക്കളും മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: kattakada murder; police conducted evidence taking
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..