Screengrab: Mathrubhumi News
കാസര്‍കോട്: രാഷ്ട്രീയരംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ മുന്‍ എം.എല്‍.എ.യും മുസ്ലിം ലീഗ് നേതാവുമായ എം.സി. ഖമറുദ്ദീനെ അറസ്റ്റ് ചെയ്ത് ഒരുവര്‍ഷം തികയുമ്പോഴും പണം തിരിച്ചുകിട്ടാതെ നിക്ഷേപകര്‍. ഫാഷന്‍ ഗോള്‍ഡ് ചെയര്മാന് ഖമറുദ്ദീനെയും എം.ഡി. പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്തെങ്കിലും മൂന്നാം പ്രതിയും പൂക്കോയ തങ്ങളുടെ മകനുമായ ഹിഷാം ഇപ്പോഴും കാണാമറയത്താണ്.
അറസ്റ്റിനുവേണ്ടി മുറവിളികൂട്ടിയ രാഷ്ട്രീയപാര്‍ട്ടികളൊക്കെ വിഷയം മറന്ന മട്ടാണ്. ഖമറുദ്ദീന് അറസ്റ്റിലാകുന്ന സമയത്തുതന്നെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയാണ് എതിര് രാഷ്ട്രീയകക്ഷികള്‍ ശ്രമിക്കുന്നതെന്ന ആരോപണം നിലനിന്നിരുന്നു. കേസില്‍ അറസ്റ്റിലായി മൂന്നുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങിയ ഖമറുദ്ദീന് ഇപ്പോള്‍ മുസ്ലിം ലീഗ് വേദികളില്‍ സജീവമായിട്ടുമുണ്ട്.
നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളും ഖമറുദ്ദീനെ ഉപരോധിക്കുന്നതുള്‍പ്പടെയുള്ള സമരങ്ങളുമായി നിക്ഷേപകര്‍ മുന്നോട്ട് പോകുന്നുമുണ്ട്. നിക്ഷേത്തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകളാണ് നിലവിലുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവരാണ് പരാതിക്കാര്‍.
നിക്ഷേപത്തട്ടിപ്പ് കൂടാതെ നികുതിവെട്ടിപ്പിന് ജൂവലറിയുടെ ഡയറക്ടര്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ജി.എസ്.ടി. വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു.
പ്രതികള്‍ ഡയറക്ടര്‍മാരായിരുന്ന മൂന്ന് ജൂവലറികളിലായി 2.5 കോടി രൂപയാണ് നികുതി, പിഴ, പലിശ ഉള്‍പ്പെടെ ജി.എസ്.ടി. വകുപ്പിലേക്ക് അടയ്ക്കേണ്ടത്. ഇതടയ്ക്കാത്തപക്ഷം ഖമറുദ്ദീന് ഉള്‍പ്പടെയുള്ള ഡയറക്ടര്‍മാരുടെ സ്വകാര്യ ആസ്തി ജപ്തി ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
പൂക്കോയ തങ്ങള്‍ക്ക് ജാമ്യം
പയ്യന്നൂര്‍: പയ്യന്നൂരിലെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയായ പൂക്കോയ തങ്ങള്‍ക്ക് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യമനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. ഫാഷന്‍ ഗോള്‍ഡിനെതിരേ പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 25-ഓളം കേസുകളിലാണ് ജാമ്യമനുവദിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..