നാപ്പച്ചാൽ പുഴയിൽ നിന്ന് കണ്ടെടുത്ത നാടൻതോക്ക്
ചെറുവത്തൂര്‍: പിലിക്കോട് തെരു സോമേശ്വേരി ക്ഷേത്രത്തിന് സമീപത്തെ കെ.സി.സുരേന്ദ്രനെ വെടിവെച്ച് കൊല്ലാനുപയോഗിച്ച നാടന്‍തോക്ക് നാപ്പച്ചാല്‍ പുഴയില്‍നിന്ന് അന്വേഷണസംഘം കണ്ടെടുത്തു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ പ്രതി സനല്‍ കാട്ടിക്കൊടുത്ത സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് തോക്ക് രണ്ട് ഭാഗങ്ങളായി വേര്‍പെട്ട നിലയില്‍ കണ്ടെത്തിയത്. മുഴക്കോത്തെ സി.വി.അജേഷും പുതിയകണ്ടത്തെ ഇ.ടി.കുമാരനും തോക്ക് കണ്ടെടുക്കാന്‍ പുഴയിലിറങ്ങി പോലീസിനെ സഹായിച്ചു.
നേരത്തേ തോക്ക് സൂക്ഷിച്ച സ്ഥലത്തും സനലിനെയെത്തിച്ച് പോലീസ് തെളിവെടുത്തു. സംഭവം നടന്ന പിലിക്കോട്ടെ വീടിന് 100 മീറ്റര്‍ പടിഞ്ഞാറ് മാറി സനലിന് പണിയുന്ന വീടിന്റെ മതിലിനോടുചേര്‍ന്ന് തോക്ക് സൂക്ഷിച്ച സ്ഥലം അന്വഷണസംഘത്തിന് കാട്ടിക്കൊടുത്തു. ചന്തേര ഇന്‍സ്പെക്ടര്‍ കെ.പി.സുരേഷ്ബാബു, ചീമേനി ഇന്‍സ്പെക്ടര്‍ എ.അനില്‍കുമാര്‍, ചന്തേര സ്റ്റേഷന് ഹൗസ് ഓഫീസര്‍ മെല്ബിന് ജോസ് എന്നിവരടങ്ങുന്ന സംഘമാണ് തോക്ക് കണ്ടെടുക്കുന്നതിന് നേതൃത്വം നല്‍കിയത്.
ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അതിര്‍ത്തി സംബന്ധമായും ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചതുമായും ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. സുരേന്ദ്രനെ വെടിവെച്ചിട്ടയുടന് സ്വന്തം കാറില്‍ പുതയകണ്ടം വഴി നാപ്പച്ചാല്‍ പാലത്തിന് മുകളിലെത്തുകയും തോക്ക് പുഴയിലേക്ക് വലിച്ചെറിയുകയും ചെയ്തു.
തുടര്‍ന്ന് ചീമേനി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. രാത്രി 10ന് സനലിനെ ചന്തേര ഇന്‍സ്പെക്ടര്‍ മെല്ബിന് ജോസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി പി.സാബു തിങ്കളാഴ്ച രാവിലെ ചന്തേരയിലെത്തി സനലിനെ ചോദ്യംചെയ്തു. തുടര്‍ന്ന് ഡിവൈ.എസ്.പി. പി.കെ.സുധാകരനൊപ്പം അദ്ദേഹം സംഭവസ്ഥലം സന്ദര്‍ശിച്ചു.
സനലിന് പണിയുന്ന പുതിയവീടും പരിസരവും ജില്ലാ പോലീസ് മേധാവി പരിശോധിച്ചു. തെളിവെടുപ്പിനുശേഷം ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ടില്‍) ഹാജരാക്കിയ സനലിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. രാവിലെ എട്ടിന് കണ്ണൂര്‍ ജില്ലാ ഫൊറന്‍സിക് യൂനിറ്റിലെ സയന്റിഫിക് ഓഫീസര്‍ എ.കെ.ഹെല്‍ന സ്ഥലത്തെത്തി ശാസ്ത്രീയപരിശോധന നടത്തി.
തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് ചന്തേര ഇന്‍സ്പെക്ടര്‍ കെ.പി.സുരേഷ് ബാബു ഇന്‍ക്വസ്റ്റ് നടത്തി. ശേഷം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ മൃതദേഹ പരിശോധന നടത്തി. ഉച്ചയോടെ നാട്ടിലെത്തിച്ച് ലോക്ക് ഡൗണ്‍ മാനദണ്ഡം പാലിച്ച് കാലിക്കടവ് സമുദായ ശ്മശാനത്തില്‍ സുരേന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു.
Content Highlights: kasaragod murder case, police found gun using for murder
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..