Photo: Mathrubhumi
തൃശ്ശൂര്‍:കരുവന്നൂര്‍ ബാങ്കില്‍നിന്ന് തട്ടിയെടുത്ത പണം എവിടെ നിക്ഷേപിച്ചെന്നും കൊടകരയില്‍ കവര്ന്നതില് ഒരുകോടി എവിടെ ഒളിപ്പിച്ചെന്നുമുള്ള വിവരങ്ങളിലേക്ക് അന്വേഷണസംഘങ്ങള്‍. വ്യത്യസ്തസംഭവങ്ങളാണെങ്കിലും യാദൃച്ഛികമായാണ് അന്വേഷണങ്ങളുടെ ക്ലൈമാക്സിലേക്ക് ഒരേസമയം അന്വേഷണസംഘങ്ങള്‍ എത്തിയിരിക്കുന്നത്.
കരുവന്നൂര്‍ സഹകരണബാങ്കില്‍നിന്ന് ജീവനക്കാരും ഇടനിലക്കാരുമായ ആറുപേരാണ് 104 കോടി തട്ടിപ്പിലൂടെ കവര്‍ന്നത്. ഇതില്‍ മുഖ്യതട്ടിപ്പുകാരനായ പി.പി. കിരണിനെ പിടികൂടിയതോടെയാണ് തുക എവിടെയാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന സൂചന ലഭിച്ചത്. കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ചോദ്യംചെയ്യലിനായി കിരണിനെ കസ്റ്റഡിയില്‍ വാങ്ങി. റിസോര്‍ട്ടുകളിലും റിയല്‍ എസ്റ്റേറ്റിലും ഓഹരികളിലുമായി പണം നിക്ഷേപിച്ചുവെന്നാണ് സൂചന.
ഇത് കണ്ടെത്തി വില കണക്കാക്കി കണ്ടുകെട്ടാനുള്ള നടപടി വേഗം സ്വീകരിക്കാനാണ് നീക്കം. അതുവഴി ബാങ്കിലേക്ക് പരമാവധി പണമെത്തിച്ച് പ്രവര്ത്തനപ്രതിസന്ധി ദൂരീകരിക്കാനാണ് ഉദ്ദേശ്യം.
ബാങ്കില്‍ ഏറ്റവും കൂടുതല്‍ തുക തട്ടിച്ചതും എല്ലാവരും ചേര്‍ന്ന് തട്ടിയെടുത്ത തുക വിവിധയിടങ്ങളില്‍ നിക്ഷേപിച്ചതും കിരണാണ്. ഒളിവില്‍ കഴിഞ്ഞ കാലത്ത് ഇവയെല്ലാം ബിനാമി പേരുകളിലേക്ക് മാറ്റാനുള്ള ശ്രമവും നടത്തി. കിരണിന്റെ നിക്ഷേപപങ്കാളികളില് സി.പി.എം. പ്രാദേശികനേതാക്കളുമുണ്ടെന്നാണ് സൂചന.
കൊടകരയില്‍ കവര്‍ന്ന മൂന്നരക്കോടിയില്‍ ഒരുകോടി ഇതുവരെ പ്രത്യേക അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല. ഇതിന്റെ വിവരം കിട്ടാനാണ് രണ്ടാംഘട്ട അന്വേഷണം തുടങ്ങിയത്. ഒരുകോടി രൂപ ആരാണ് ഒളിപ്പിച്ചിരിക്കുന്നതെന്നും എവിടെയാണുള്ളതെന്നും 19-ാം പ്രതി എഡ്വിന് അറിയാമെന്നാണ് അന്വേഷണസംഘത്തിന് കിട്ടിയ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പലതവണ േചാദ്യംചെയ്തത്.
വിവരം പറഞ്ഞാല്‍ കൊല്ലപ്പെടുമെന്ന ഭീഷണി എഡ്വിനുണ്ടെന്നാണ് അറിയുന്നത്. രാഷ്ട്രീയ-മാഫിയാസംഘത്തിന്റെ പക്കലാണ് പണമുള്ളതെന്നാണ് സൂചന. അന്വേഷണസംഘത്തിന്റെ സമ്മര്‍ദം മാത്രമല്ല, മാഫിയാസംഘത്തിന്റെ വധഭീഷണിയുമുള്ളതിനാലാണ് എഡ്വിന് കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചതത്രെ. തട്ടിയെടുത്ത മുഴുവന്‍ പണവും കണ്ടെത്തിയാലേ കേസ് ശക്തമായി നിലനില്‍ക്കൂ. അതുവഴി മാത്രമേ പണം കൊണ്ടുവന്ന ബി.ജെ.പി. ബന്ധങ്ങളിലേക്ക് കേസ് എത്തിക്കാനുമാകൂ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..