പ്രതീകാത്മക ചിത്രം | AFP
മൈസൂരു: കാമുകിക്ക് വേണ്ടി കൊലപാതകം, അതിനൊപ്പം കാമുകിയെ ഭീഷണിപ്പെടുത്തിയയാളുടെ ഭാര്യയെ ബലാത്സംഗം ചെയ്യൽ, കർണാടക ശിവമോഗയിലെ ഇരട്ടക്കൊല കേസിൽ പുതിയ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് നാട്ടുകാർ. യുവാവിനെയും മാതാവിനെയും കുത്തിക്കൊന്ന കേസിൽ പിടിയിലായ ഭരത് ഗൗഡയാണ് കൊലപാതകത്തിനൊപ്പം ബലാത്സംഗം കൂടി ചെയ്തതായി പോലീസ് വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയെയാണ് പ്രതി ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇതിനെല്ലാം ഒത്താശ ചെയ്ത് കൂട്ടുപ്രതിയും ഭരതിന്റെ കാമുകിയുമായ ശ്രുതിയും ഒപ്പമുണ്ടായിരുന്നു.
ഒക്ടോബർ പത്തിനാണ് ശിവമോഗ ഇക്കേരിയിൽ താമസിക്കുന്ന യുവാവും മാതാവും കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഭരത് ഗൗഡയെ അതിസാഹസികമായാണ് ബെംഗളൂരുവിൽനിന്ന് പോലീസ് പിടികൂടിയത്. ഇയാളുടെ കാമുകിയായ ശ്രുതിയെ നേരത്തെ തന്നെ പിടികൂടിയിരുന്നു. മുഖ്യപ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന് പുറമേ ബലാത്സംഗം നടന്ന വിവരവും പുറത്തറിയുന്നത്.
കൊല്ലപ്പെട്ട യുവാവ് ശ്രുതിയുടെ മുൻകാമുകനായിരുന്നു. നേരത്തെ അടുപ്പത്തിലായിരുന്ന ഇരുവരും പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറി. തുടർന്ന് യുവാവ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയും ശ്രുതി ജോലിക്കായി ബെംഗളൂരുവിലേക്ക് പോവുകയും ചെയ്തു. ഇവിടെവെച്ചാണ് ഭരത് ഗൗഡയുമായി അടുപ്പത്തിലായത്. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചു. എന്നാൽ ഇതിനിടെയാണ് മുൻകാമുകൻ ശ്രുതിയുടെ ജീവിതത്തിൽ ഭീഷണിയുമായി എത്തിയത്.
നേരത്തെ ചിത്രീകരിച്ച ചില സ്വകാര്യ വീഡിയോകൾ കാണിച്ചായിരുന്നു മുൻകാമുകന്റെ ഭീഷണി. ഇതോടെ ശ്രുതി ഭരതിന്റെ സഹായം തേടി. ശ്രുതിയുടെ നിർദേശപ്രകാരം ഒക്ടോബർ പത്താം തീയതി ഭരത് ശിവമോഗയിലെ ഇക്കേരിയിലെത്തി. ശ്രുതി തന്നെയാണ് ഇയാൾക്ക് മുൻകാമുകന്റെ വീട് കാണിച്ചുകൊടുത്തതും ഒപ്പം പോയതും.
യുവാവിന്റെ വീട്ടിലെത്തിയ ഭരത് കൈയിൽ കരുതിയിരുന്ന കുരുമുളക് സ്പ്രേ ഉപയോഗിച്ചാണ് ആക്രമണം തുടങ്ങിയത്. മകനെ ആക്രമിക്കുന്നത് തടയാനെത്തിയ മാതാവിനെയും മർദിച്ചു. ഒടുവിൽ രണ്ടുപേരെയും വീട്ടിനുള്ളിൽവെച്ച് കുത്തിക്കൊന്നു. ഇരുവരും മരിച്ചെന്ന് ഉറപ്പിച്ചതോടെ യുവാവിന്റെ ഭാര്യയ്ക്ക് നേരെയായിരുന്നു അതിക്രമം. യുവതിയുടെ വായിൽ തുണിതിരുകി അതിക്രൂരമായി ബലാത്സംഗം ചെയ്തു. ഇതിനുശേഷം വീട്ടിൽനിന്ന് രക്ഷപ്പെട്ടു.
മകനും അമ്മയും കൊല്ലപ്പെട്ട കേസിൽ പോലീസ് തുടക്കം മുതലേ അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിന്റെഭാഗമായാണ് യുവാവിന്റെ പൂർവകാല ജീവിതത്തെക്കുറിച്ചും അന്വേഷണം നടത്തിയത്. ശ്രുതിയുമായി അടുപ്പമുണ്ടായിരുന്നതും അടുത്തിടെ യുവതിയെ വിളിച്ചിരുന്നതും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ശ്രുതിയെ വിശദമായി ചോദ്യംചെയ്തതോടെ കേസിന്റെ ചുരുളഴിയുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ബെംഗളൂരുവിലേക്ക് രക്ഷപ്പെട്ട ഭരതിനെ അവിടെയെത്തി അതിസാഹസികമായാണ് പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Content Highlights:karnataka shivamoga double murder case accused raped victims wife
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..