പ്രതീകാത്മക ചിത്രം | Photo:Pixabay
ബെംഗളൂരു: വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെ സ്‌ക്രീനില്‍ അര്‍ധനഗ്‌നതാ പ്രദര്‍ശനം നടത്തിയ വ്യക്തിയുടെ മാപ്പ് കര്‍ണാടക ഹൈക്കോടതി സ്വീകരിച്ചു.
തീരദേശ കര്‍ണാടകത്തിലെ സ്വകാര്യ കോളേജിലെ ഉദ്യോഗസ്ഥനാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ക്ക് നോട്ടീസ് അയക്കാനും നിയമനടപടി സ്വീകരിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥന്‍ മാപ്പു പറഞ്ഞതിനാല്‍ ഇയാള്‍ക്കെതിരായ നിയമനടപടികള്‍ റദ്ദാക്കാനും മാപ്പ് സ്വീകരിക്കാനും കോടതി തീരുമാനിക്കുകയായിരുന്നു.
കോളേജ് ഉദ്യോഗസ്ഥന്‍ ഉപാധികളില്ലാതെ മാപ്പുചോദിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചത് കോടതി നിരീക്ഷിച്ചു. ഇയാള്‍ മനഃപൂര്‍വമല്ല അര്‍ധനഗ്‌നനായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതെന്ന് കോടതി വിലയിരുത്തി. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതെ ശ്രദ്ധിക്കണമെന്നും കോടതി ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ നവംബര്‍ 30-ന് ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെയാണ് സ്‌ക്രീനില്‍ അര്‍ധനഗ്‌നനായ ആളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. മുന്‍മന്ത്രി രമേഷ് ജാര്‍ക്കിഹോളി ഉള്‍പ്പെട്ട അശ്ലീല വീഡിയോ കേസിലായിരുന്നു വാദം. ഇതിനിടെ ഒരാള്‍ കുളിക്കുന്ന ദൃശ്യമാണ് കണ്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..