അറസ്റ്റിലായ പ്രതികൾ
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ ഏഴുപേരെ പോലീസ് പിടികൂടി. മലപ്പുറം നിലമ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തലവനും കൂട്ടാളികളുമാണ് പിടിയിലായത്.
നിലമ്പൂര്‍ ചക്കാലക്കുത്ത് തെക്കില്‍ ഷബാദ് (40) വടപുറം പിലാത്തോടന്‍ ആരിഫ് (32) വടപുറം തൈക്കരത്തൊടിക റനീസ് (32) വാണിയമ്പലം കാട്ടുപറമ്പത്ത് സുനില്‍ (39) എടക്കര പയ്യന്‍കേറില്‍ ജിന്‍സന്‍ വര്‍ഗ്ഗീസ് (29) ചന്തക്കുന്ന് തെക്കേത്തൊടിക ഹാരിസ് ബാബു (43) താനൂര്‍ സ്വദേശി സക്കീര്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കര്‍ണാടകയിലേയും വഴിക്കടവിലെയും രഹസ്യകേന്ദ്രങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇവര്‍ കവര്‍ച്ചക്കായി വന്ന 3 ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് കൊടുവള്ളി സ്വദേശികളെ രണ്ടാഴ്ച മുന്‍പും നാലുപേരെ കഴിഞ്ഞദിവസവും അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 13 ആയി.സ്വര്‍ണം അനധികൃതമായി കടത്തിയതിന് കസ്റ്റംസും കേസ് എടുത്തിട്ടുണ്ട്.
1.5 കിലോ സ്വര്‍ണമാണ് പ്രതികളില്‍നിന്ന് കണ്ടെടുത്തത്. പിടികൂടിയ ഷബാദിനെ കാപ്പ ചുമത്തി നാടുകടത്തിയതായിരുന്നു. എന്നാല്‍ നിബന്ധനകള്‍ ലംഘിച്ച് നിലമ്പൂരില്‍ എത്തിയ ഇയാള്‍ ഗവ. ആശുപത്രിയില്‍ അതിക്രമിച്ച് കയറി ഡ്യൂട്ടി ഡോക്ടറെ അക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ കേസെടുത്തതോടെ വീണ്ടും ഒളിവില്‍പോയി. ഇയാളുടെ പേരില്‍ പത്തിലധികം കേസുകളുണ്ടെന്നും കാപ്പാ നിയമപ്രകാരം ഇയാളെ ജയിലിലടയ്ക്കുമെന്നും പോലീസ് പറഞ്ഞു. റിമാന്‍ഡ് ചെയ്ത പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവിരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി. അഷറഫിന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ ഇന്‍സ്പക്ടര്‍ ഷിബു, കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ പ്രമോദ് , പ്രത്യേക അന്വേഷണ സംഘങ്ങളായ സത്യനാഥന്‍ മനാട്ട്, അസൈനാര്‍, പ്രമോദ് ശശി കുണ്ടറക്കാട്, അസീസ്, ഉണ്ണികൃഷ്ണന്‍,സഞ്ജീവ്, രതീഷ്, അഭിലാഷ്,ജിയോ ജേക്കബ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Content Highlights: karippur gold robbery case seven more accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..