അനസ് | ഫൊട്ടൊ: കേരള പോലീസ്
കൊച്ചി: നിരവധി കേസുകളിലെ പ്രതിയായ ഗുണ്ടാത്തലവൻ പെരുമ്പാവൂർ അനസി(36)നെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പറവൂർ കവലയിലെ ലോഡ്ജിൽ നടന്ന വധശ്രമത്തിലും നോർത്ത് പറവൂരിലെ ആത്മഹത്യാക്കേസിലും ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരികെയാണ് വീണ്ടും കാപ്പ ചുമത്തിയത്. 2019-ലും ഇയാൾക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ജയിൽ മോചിതനായ അനസ് തുടർന്നും കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് ഇയാൾക്കെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി സ്വീകരിച്ചത്.
സ്വർണ്ണക്കടത്ത്, പെരുമ്പാവൂർ ഉണ്ണിക്കുട്ടൻ വധക്കേസ്, പുക്കടശ്ശേരി റഹിം വധശ്രമക്കേസ് , അനധികൃതമായി ആയുധം കൈവശം വച്ച കേസ്, തട്ടിക്കൊണ്ടു പോകൽ , സംസ്ഥാനത്തിനകത്തും പുറത്തും സ്ഥലമിടപാടുകൾ തുടങ്ങിയ കേസുകളിലെ പ്രതിയാണ് പെരുമ്പാവൂർ അനസ്.
പെരുമ്പാവൂർ, എടത്തല, കുറുപ്പംപടി, നോർത്ത് പറവൂർ, വലിയതുറ, ആലുവ ഈസ്റ്റ്, കർണ്ണാടകയിലെ ഉപ്പിനങ്ങാടി തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിൽ അനസിനെതിരെ കേസുകളുണ്ട്. കാശ്മീർ റിക്രൂട്ട്മെന്റ് കേസിൽ രണ്ടു വർഷം ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. അനസിന്റെ കൂട്ടാളികൾക്കെതിരെയും കാപ്പ പ്രകാരം നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ട് പ്രകാരം റൂറൽ ജില്ലയിൽ ഗുണ്ടകൾക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ജില്ലാ പോലീസ് മേധാവി
പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പത്ത് ക്രിമനലുകൾക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചിട്ടുണ്ട്. 23 പേരെ നാടുകടത്തി. സുരക്ഷാ മുൻകരുതൽ നടപടികളുടെ ഭാഗമായി 1024 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. ക്രിമിനൽ സ്വഭാവമുള്ളവരുടേയും ഒന്നിലധികം കേസുകളിൽ പെടുന്നവരുടേയും പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണ്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ശക്തമായ പ്രവർത്തനങ്ങൾ കൊണ്ട് റൂറൽ ജില്ലയിലെ ഗുണ്ടാ പ്രവർത്തനങ്ങൾ അടിച്ചമർത്താൻ കഴിഞ്ഞെന്നും എസ്.പി കെ. കാർത്തിക് പറഞ്ഞു.
Content Highlights:kapa charged against perumbavoor anas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..