-
കാൻപുർ: സുഹൃത്തുക്കളും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ലാബ് ജീവനക്കാരന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല. മൃതദേഹം പാണ്ഡു നദിയിൽ ഉപേക്ഷിച്ചെന്ന പ്രതികളുടെ മൊഴിയെ തുടർന്ന് പോലീസും മുങ്ങൽ വിദഗ്ദരും തിരച്ചിൽ തുടരുകയാണ്. അതിനിടെ, സംഭവത്തിൽ ഉത്തർപ്രദേശ് പോലീസിനെതിരേ രൂക്ഷവിമർശനം നടത്തി കുടുംബം വീണ്ടും രംഗത്തെത്തി.
കൊല്ലപ്പെട്ട സഞ്ജീത് യാദവിന്റെ മൃതദേഹമെങ്കിലും പോലീസ് കണ്ടെത്തണമെന്നും അവസാനമായി സഞ്ജീതിന്റെ കൈയിൽ തനിക്ക് രാഖി കെട്ടണമെന്നും സഹോദരി രുചി യാദവ് മാധ്യമങ്ങളോട് പറഞ്ഞു. 'എന്റെ സഹോദരനെ ജീവനോടെ തിരികെ എത്തിക്കാമെന്ന് പറഞ്ഞവർക്ക് അത് നിറവേറ്റാനായില്ല. അവരോട് ഞാൻ വീണ്ടും വിനീതമായി അപേക്ഷിക്കുകയാണ്. എന്റെ സഹോദരന്റെ മൃതദേഹമെങ്കിലും അവർ കണ്ടെത്തിത്തരണം. അവസാനമായി ആ കൈകളിൽ എനിക്ക് രാഖി കെട്ടണം', രുചി യാദവ് പറഞ്ഞു.
സഞ്ജീതിന്റെ കൊലപാതകത്തിൽ കുടുംബത്തിന് പങ്കുണ്ടെന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ആരോപണത്തോടും അവർ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
ഒരുമാസം മുമ്പാണ് മെഡിക്കൽ ലാബ് ടെക്നീഷ്യനായ സഞ്ജീത് യാദവിനെ കാണാതായത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. ഇതിനിടെ തട്ടിക്കൊണ്ടുപോയവർ മോചനദ്രവ്യമായി 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. സംഘത്തിന്റെ നിർദേശപ്രകാരം റെയിൽവേ മേൽപ്പാലത്തിൽനിന്ന് പണമടങ്ങിയ ബാഗ് താഴേക്ക് ഇട്ടുനൽകിയെന്നും പോലീസുകാരുടെ സാന്നിധ്യത്തിലാണ് പണം നൽകിയതെന്നും കുടുംബം പറഞ്ഞിരുന്നു. എന്നാൽ തട്ടിക്കൊണ്ടുപോയ സഞ്ജീതിനെ മോചിപ്പിച്ചില്ല.
ഇതിനിടെ സംഭവം വിവാദമായതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് അന്വേഷണം നടത്തി. തുടർന്ന് സഞ്ജീതിനെ തട്ടിക്കൊണ്ടുപോയ സുഹൃത്തിനെയും സ്ത്രീയടക്കം മറ്റ് നാല് പേരെയും പിടികൂടി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് സഞ്ജീതിനെ കൊലപ്പെടുത്തി മൃതദേഹം നദിയിൽ ഉപേക്ഷിച്ചെന്ന വിവരം ലഭിച്ചത്. എന്നാൽ കഴിഞ്ഞദിവസം മുതൽ പോലീസ് നദിയിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല.
അതിനിടെ, തട്ടിക്കൊണ്ടുപോയവർക്ക് പണം കൈമാറാൻ പോലീസുകാരും കൂട്ടുനിന്നെന്ന ആരോപണം വൻ വിവാദത്തിനിടയാക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആരോപണം നിഷേധിച്ചെങ്കിലും അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് 11 പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
Content Highlights:kanpur kidnap and murder case victims sister las wish to tie rakhi on his body
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..