എൻ.വി.സീമ
പിലാത്തറ(കണ്ണൂര്‍): അതിയടം ശ്രീസ്ഥയിലെ കരാറുകാരന്‍ പി.വി.സുരേഷ്ബാബുവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിനുപിന്നില്‍ ബാങ്ക് ജീവനക്കാരിയായ എന്‍.വി.സീമയെ (52) പ്രേരിപ്പിച്ചത് വൈരാഗ്യം മൂത്തുണ്ടായ പ്രതികാരദാഹമാണെന്ന് പോലീസ്. അറസ്റ്റുചെയ്ത് ചോദ്യംചെയ്തപ്പോഴാണ് ഇവരുടെ പ്രതികാരകഥ പുറത്തുവന്നത്. അയല്‍വാസിയും ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തുമായ ശ്രീസ്ഥയിലെ പി.വി.സുരേഷ്ബാബുവിനെ അടക്കിയിരുത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
ഭര്‍ത്താവുമായി പിണങ്ങി കണ്ണൂരില്‍ താമസിച്ചുവരുന്നതിനിടെയാണ് ഇവരുടെ മനസ്സില്‍ പ്രതികാരബുദ്ധി കൂടിയത്. ഭര്‍ത്താവിനെ കരാറുകാരന്‍ വഴിതെറ്റിക്കുന്നുവെന്ന ചിന്ത സീമയില്‍ കൂടിക്കൂടി വന്നു.
ക്വട്ടേഷന്‍ സംഘത്തിലെ അഞ്ച് പേരെ പിടികൂടുകയും ചോദ്യംചെയ്യലില്‍ സീമ ക്വട്ടേഷന്‍ നല്‍കിയതായുള്ള പ്രതികളുടെ മൊഴി പുറത്തുവരികയുംചെയ്തതോടെ ഒളിവില്‍ക്കഴിഞ്ഞ ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍
അതിയടം ശ്രീസ്ഥയിലെ കരാറുകാരനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് പറയുന്ന ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍. കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെ ഉദ്യോഗസ്ഥ ശ്രീസ്ഥ പട്ടുവളപ്പില്‍ എന്‍.വി.സീമ (52)യാണ് അറസ്റ്റിലായത്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പരിയാരം എസ്.ഐ. കെ.വി.സതീശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കോറോം കാനായിയിലെ വീടിനടുത്തുനിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
പരിയാരം പോലീസ് സ്റ്റേഷനിലെത്തിച്ച സീമയെ ഇന്‍സ്പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തു. കുറ്റങ്ങളെല്ലാം ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. രണ്ടുപേര്‍കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
ഏപ്രില്‍ 18- നാണ് കേസിനാസ്പദമായ സംഭവം. ശ്രീസ്ഥയിലെ വീട്ടുവരാന്തയിലിരിക്കുകയായിരുന്ന കരാറുകാരന്‍ പി.വി.സുരേഷ് ബാബു (52)വിനെ രാത്രിയിലെത്തിയ ക്വട്ടേഷന്‍ സംഘം പിടിച്ചിറക്കി വെട്ടുകയായിരുന്നു.
കണ്ണൂര്‍ പടന്നപ്പാലത്ത് ഫ്ലാറ്റില്‍ താമസിക്കുന്ന സീമ ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തുമായ ഇയാളെ അക്രമിക്കാന്‍ സംഭവത്തിന് രണ്ടുമാസംമുമ്പാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നുവെന്ന ധാരണയിലാണ് പ്രതികാരം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് സീമ മൊഴി നല്‍കി. കടം വാങ്ങിയ പണം തിരികെ നല്‍കാത്തതും 10 ലക്ഷം രൂപയുടെ സ്ഥലം വിറ്റ വകയില്‍ പറഞ്ഞ കമ്മിഷന്‍ തരാത്തതും മകന് ബൈക്കപകടം സംഭവിക്കാന്‍ കാരണക്കാരന്‍ സുരേഷ് ബാബുവാണെന്നതുമാണ് ഇയാളോടുള്ള വൈരാഗ്യത്തിന് കാരണമെന്നും ഇവര്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
സീമ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് സമീപത്തെ നീതി മെഡിക്കല്‍ സ്റ്റോറില്‍ ജോലിചെയ്യുമ്പോള്‍ പരിചയപ്പെട്ട മേലതിയടം പാലയാട്ടെ കെ.രതീഷി(39)നെയാണ് ദൗത്യമേല്‍പ്പിച്ചത്. 10,000 രൂപ അഡ്വാന്‍സ് കൈപ്പറ്റിയ രതീഷ് ക്വട്ടേഷന്‍ സംഘത്തിന് ദൗത്യം കൈമാറി. നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39), നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല സ്വദേശി കൃഷ്ണദാസ് (20) എന്നിവരടങ്ങിയ സംഘമാണ് സുരേഷ് ബാബുവിനെ വീട്ടില്‍ക്കയറി വെട്ടിയത്. ഇവര്‍ അഞ്ചുപേരും റിമാന്‍ഡിലാണ്. ക്വട്ടേഷന്‍ നടപ്പാക്കിയ വകയില്‍ മൂന്നുലക്ഷം രൂപ ഇവര്‍ വാങ്ങിയതായും പോലീസ് കണ്ടെത്തി. എസ്.ഐ. ദിനേശന്‍, എ.എസ്.ഐ.മാരായ നൗഫല്‍ അഞ്ചില്ലത്ത്, നികേഷ്, സി.പി.ഒ. മാരായ കെ.വി.മനോജ്, വി.വി.മഹേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
സീമയ്ക്കെതിരേ നടപടിയെടുക്കും -ബാങ്ക് ഡയറക്ടര്‍
പരിയാരം: ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയ കേരള ബാങ്ക് ജീവനക്കാരി എന്‍.വി.സീമയ്ക്കെതിരേ നിയമപരമായി നടപടിയെടുക്കുമെന്ന് കേരള ബാങ്ക് ഡയറക്ടര്‍ കെ.ജി.വത്സലകുമാരി പറഞ്ഞു.
ബാങ്കിന്റെ യശസ്സിന് നിരക്കുന്നതല്ല ചെയ്തത്. നേരത്തേ ചെറുതാഴത്തെ ബാങ്കില്‍ ജോലി ചെയ്ത അവസരത്തിലും ഇടപാടുകാരുടെ ഇടയില്‍നിന്ന് ഇവരെക്കുറിച്ച് നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടായിരുന്നു -അവര്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..