ബോംബ് പൊട്ടി യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് പോലീസ് സംഘം പരിശോധന നടത്തുന്നു. ഫോട്ടോ: ലതീഷ് പൂവത്തൂർ|മാതൃഭൂമി
കണ്ണൂര്‍: തോട്ടടയില്‍ വിവാഹാഘോഷത്തിനിടെ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ബോംബ് നിര്‍മിക്കാനുപയോഗിച്ച വെടിമരുന്ന് പുറത്തുനിന്നെത്തിച്ചതാണെന്ന് വ്യക്തമായതായി പോലീസ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി.
ഇയാളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. പള്ളിക്കുന്ന് സ്വദേശിയായ ഒരാളില്‍നിന്നാണ് ബോംബിനാവശ്യമായ വെടിമരുന്ന് വാങ്ങിയതെന്ന് പറയുന്നുണ്ട്.
കേസില്‍ അറസ്റ്റിലായ മിഥുന്, അക്ഷയ്, ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന് മിഥുനിന്റെ പഴയ വീട്ടില്‍വെച്ചാണ് ബോംബുണ്ടാക്കിയത്. ഇതിന് ഉപയോഗിച്ച വെടിമരുന്നിന്റെയും മറ്റും അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന്റെ തലേന്ന് രാത്രി താഴെചൊവ്വയിലെ പടക്കക്കടയില്‍നിന്ന് വാങ്ങിയ പടക്കത്തിന്റെ വെടിമരുന്നല്ല ബോംബിന് ഉപയോഗിച്ചതെന്ന് പരിശോധനയില്‍ വ്യക്തമായി. അവിടെനിന്ന് വാങ്ങിയ പടക്കം അവര്‍ കല്യാണദിവസം വഴിനീളെ പൊട്ടിച്ച് തീര്‍ത്തിരുന്നു.
'പച്ചക്കെട്ട്' എന്ന് പേരുള്ള ശക്തിയേറിയ പടക്കത്തിനും പനയോലയില്‍ പൊതിഞ്ഞുണ്ടാക്കുന്ന ഓലപ്പടക്കത്തിനും ഉപയോഗിക്കുന്ന വെടിമരുന്ന് പലയിടങ്ങളിലും ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കാറുണ്ട്. ഇവിടെ ഇത് ഉപയോഗിച്ചിട്ടില്ല. മൂന്ന് ബോംബുകളാണ് ഉണ്ടാക്കിയത്. ഒന്ന് പഴയ വീട്ടിനുസമീപത്ത് പരീക്ഷിച്ചുനോക്കിയിരുന്നു. ബോംബില്‍ കരിങ്കല്‍ച്ചീളുകള്‍ ഉപയോഗിച്ചതാണ് മാരകമാകാന്‍ കാരണം.
വിവാഹപ്പാര്‍ട്ടിക്ക് നേരെ മിഥുന് വീശിയ വടിവാള്‍ സനാദാണ് കറുത്ത കാറില്‍ എത്തിച്ചുകൊടുത്തത്. സംഭവത്തിനുശേഷം മിഥുന് സംസ്ഥാനം വിട്ടതായി വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഇയാള്‍ ദൂരെ എവിടെയും പോയിരുന്നില്ല. ചൊവ്വാഴ്ച രാവിലെത്തന്നെ ഇയാള്‍ പോലീസിന്റെ വലയിലായിരുന്നു.
പ്രതികാരം വന്ന വഴി
തോട്ടടയിലെ വരന്റെ വീട്ടില്‍ വിവാഹത്തലേന്ന് നടന്ന ഗാനമേളയ്ക്ക് പാട്ടുപാടി നൃത്തം ചെയ്യാന്‍ ഏച്ചൂരില്നിന്നും പോയവരുടെ കൂട്ടത്തില്‍ പ്രൊഫഷണല്‍ നര്‍ത്തകരും ഉണ്ടായിരുന്നു. ഇവര്‍ക്ക് നൃത്തം ചെയ്യാനുള്ള പാട്ടിന്റെ പെന്‍ഡ്രൈവ് മൈക്ക് ഓപ്പറേറ്ററെ ഏല്‍പ്പിച്ച് ഏറെനേരം കാത്തിരുന്നിട്ടും അത് ഉപയോഗിക്കാന്‍ വരന്റെ വീട്ടില്‍ നൃത്തംചെയ്യുന്ന സംഘം അനുവദിച്ചില്ല. ഏച്ചൂരില്‍നിന്ന് പോയ പ്രൊഫഷണല്‍ നര്‍ത്തകര്‍ക്ക് നൃത്തംചെയ്യാന്‍ പറ്റുന്ന തരത്തില്‍ പാട്ടിന് ശബ്ദംകിട്ടാന് വേണ്ടത്ര സൗണ്ട് ബോക്സ് എത്തിച്ചുകൊടുത്തത് മിഥുനായിരുന്നു. മൈക്ക് അനുവദിക്കാത്തതില്‍ പ്രകോപിതനായ മിഥുന് സൗണ്ട് ബോക്സിന്റെ ബന്ധം വിച്ഛേദിച്ചു. ഇതിനെത്തുടര്‍ന്ന് വാക്കേറ്റവും അടിപിടിയും നടന്നു. വീട്ടിലെ ജനാലച്ചില്ല് തകര്‍ന്നു. മിഥുനും അക്ഷയ്ക്കും മര്‍ദനമേറ്റു. അവര്‍ തിരിച്ചുംകൊടുത്തു. എല്ലാവരും നല്ല ലഹരിയിലായിരുന്നു.
ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം പറഞ്ഞുതീര്‍ത്തു. എന്നാല്‍, ഏച്ചൂരില്‍നിന്ന് പോയ സംഘത്തിന്റെ മനസ്സിലെ പ്രതികാരത്തിന്റെ കനല് അടങ്ങിയിരുന്നില്ല. അപമാനിതരായി, അര്‍ധരാത്രിയോടെ തിരിച്ച് ഏച്ചൂരിലെത്തിയ സംഘം വിവാഹം ബഹിഷ്കരിക്കാനാണ് ആദ്യം തീരുമാനിച്ചത്.
ഒടുവില്‍ കല്യാണത്തിന് പോയി തിരിച്ചടി കൊടുക്കാന്‍ അക്ഷയും മിഥുനും ഗോകുലും ചേര്‍ന്ന് തീരുമാനിച്ചു. തുടര്‍ന്നാണ് ആയുധങ്ങള്‍ സംഭരിച്ചത്. മിഥുന് ആവശ്യപ്പെട്ടത് പ്രകാരം സനാദ് വടിവാള്‍ എത്തിച്ചുകൊടുത്തു.
കല്യാണത്തിന് പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിച്ച് പോയവരെല്ലാം കേസില്‍ പ്രതികളല്ലെന്നാണ് കേസന്വേഷണത്തിന് നേതൃത്വം നല്കുന്ന എ.സി.പി. പി.പി.സദാനന്ദന് പറയുന്നത്. എല്ലാവര്ക്കും സംഭവത്തില്‍ പങ്കില്ലെന്ന വിലയിരുത്തലിലാണ് പോലീസ്.
കല്യാണവീടുകളിലെ ആഭാസം: ചട്ടങ്ങള്‍ കടുപ്പിച്ച് പോലീസ്
കണ്ണൂര്‍: കല്യാണ ആഭാസങ്ങള്‍ക്കെതിരേ ചട്ടങ്ങള്‍ കടുപ്പിച്ച് തളിപ്പറമ്പ് പോലീസ്. ഇതുസംബന്ധിച്ച് തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ.രത്നകുമാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അറിയിപ്പ് നല്കി. വിവാഹ ആഘോഷങ്ങളില്‍ ഉച്ചഭാഷിണിവെച്ച് ഗാനമേള നടത്തുന്നത് പൂര്‍ണമായും നിരോധിച്ചു. കല്യാണങ്ങള്‍ മാതൃകാപരമായി നടത്തുന്നത് സംബന്ധിച്ച് അതത് വാര്‍ഡ് അംഗങ്ങള്‍ പ്രദേശത്തെ സാംസ്കാരിക പ്രവര്‍ത്തകരുമായി ചര്‍ച്ചചെയ്യണം. കല്യാണവീട്ടുകാരെ ഈ വിഷയം മുന്‍കൂട്ടി അറിയിക്കുകയും വേണം. വിവരങ്ങള്‍ യഥാസയം തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ അയിച്ചാല്‍ പോലീസ് സേവനം ലഭ്യമാക്കും.
വിവാഹ ആഘോഷങ്ങളില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം ആപത്കരമായി വര്‍ധിച്ചുവരികയും ആഘോഷങ്ങള്‍ ആഭാസമായി മാറുകയും ചെയ്യുന്നുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു
എടക്കാട്: ചാല പന്ത്രണ്ട് കണ്ടിയിലെ ബോംബേറുണ്ടായ സ്ഥലത്ത് ഉടമസ്ഥനില്ലാതെ കഴിഞ്ഞ മൂന്നുദിവസമായി കണ്ടെത്തിയ സ്കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹവീട്ടിനടുത്താണ് ബൈക്ക് ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രി മുതല്‍ റോഡരികില്‍ കിടക്കുന്നുണ്ടായിരുന്നു. ഏച്ചൂരില്‍നിന്നെത്തിയ സംഘത്തിന്റേതാണോ എന്ന് പരിശോധിച്ചുവരികയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..