വാനിനുള്ളില്‍ ചോരയില്‍കുളിച്ച് അധ്യാപിക, വീട്ടില്‍ കുഴിയെടുത്ത് ഡിങ്കന്‍ ശശി; തുമ്പില്ലാതെ 13 വര്‍ഷം


ദിനകരന്‍ കൊമ്പിലാത്ത്

കൊലപാതകത്തിന് കൂട്ടുനിന്ന സുഹൃത്ത് ഭയന്ന് ഓടിയതാണ് ശശീന്ദ്രന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. പിന്നെ എന്തു സംഭവിച്ചു എന്ന് കൂട്ടുപ്രതി ശശിക്കും അറിയില്ല.

ഹേമജ, ഡിങ്കൻ ശശി

ലരും മറന്നാലും തണുത്ത വെളുപ്പാന്‍കാലത്ത് നടന്ന ആ കൊലപാതകം ചിലര്‍ ഓര്‍ക്കും. കാരണം കൊല നടന്ന ദിവസം അധ്യാപകദിനമായിരുന്നു. കൊല്ലപ്പെട്ടത് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയാണ്. കൊന്നതാണെങ്കില്‍ അവരുടെ ഭര്‍ത്താവും. 13 വര്‍ഷമായിട്ടും പോലീസിന് ഇയാളെക്കുറിച്ച് ഒരു തുമ്പുമില്ല.

2009 സെപ്റ്റംബര്‍ 5

അധ്യാപകദിനമായ അന്ന് പുലര്‍ച്ചെ കണ്ണൂര്‍ ചൊവ്വ സ്പിന്നിങ് മില്ലിന് സമീപം നിര്‍ത്തിയിട്ട ഒരു വാനിനുള്ളില്‍ മുന്നിലത്തെ സീറ്റില്‍ ഒരു സ്ത്രീ കഴുത്തറുത്ത നിലയില്‍ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ട് പരിസരവാസികള്‍ ഭയന്നുവിറച്ചുപോയി. വാനിനുള്ളിലാകെ ചോരയാണ്. ചിലര്‍ ആ മുഖം തിരിച്ചറിഞ്ഞു. കണ്ണൂര്‍ ഗവ. സിറ്റി ഹൈസ്‌കൂള്‍ അധ്യാപിക കെ.വി. ഹേമജ (46) ആണെന്ന് അവര്‍ പഠിപ്പിച്ച ചില കുട്ടികള്‍തന്നെ തിരിച്ചറിഞ്ഞു.

കണ്ണൂര്‍ നഗരസഭാ ഓഫീസില്‍നിന്ന് റവന്യൂ ഇന്‍സ്പെക്ടറായി വിരമിച്ച ഉരുവച്ചാല്‍ ചന്ദ്രപുരത്തില്‍ അമ്പാടി ചന്ദ്രശേഖരന്റെയും ഇന്ദിരയുടെയും മകളാണ് ഹേമജ. വീട്ടില്‍നിന്ന് ഏതാണ്ട് 150 മീറ്റര്‍ അകലെ സഹോദരി ശ്രീജയുടെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് വാനില്‍ അവര്‍ കൊല്ലപ്പെട്ടത്. അവിടെവെച്ചാണോ അതോ മറ്റെവിടെയെങ്കിലുംവെച്ചാണോ കൊല നടന്നതെന്ന് ആര്‍ക്കും അറിയില്ല. സ്പിന്നിങ് മില്‍ അടുത്തുള്ളതിനാല്‍ രാത്രി പലരും അതുവഴി പോയിട്ടുണ്ടാകും. പക്ഷേ, അസാധാരണമായതൊന്നും അവിടെ കണ്ടതുമില്ല.

അന്വേഷണം തുടങ്ങുന്നു

കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവം നടന്ന് ഏറെ സമയമായിട്ടും ഹേമജയുടെ ഭര്‍ത്താവ് ഡിങ്കന്‍ ശശി എന്ന ശശീന്ദ്രന്‍ സംഭവസ്ഥലത്തോ വീട്ടിലോ എത്തിയില്ല. തലേന്നുവരെ ഹേമജയോടൊപ്പം വീട്ടിലുണ്ടായിരുന്ന അയാള്‍ എവിടെയോ മുങ്ങിയിരുന്നു. രാത്രി ഒരുമണിവരെ ഹേമജയും ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നു. പിന്നെ ഹേമജ എങ്ങനെയാണ് ഈ വാനില്‍ യാത്ര ചെയ്തത്. എവിടേക്കാണ് യാത്ര പോയത് എന്നീ സംശയങ്ങള്‍ പോലീസിനുണ്ടായി.

അതോടെ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ കൈകള്‍ പോലീസ് ഉറപ്പാക്കി. അധികമാരോടും അത്ര ബന്ധമില്ലാത്ത ശശീന്ദ്രന്‍ പരുക്കനായ മനുഷ്യനായിരുന്നു. വൈകിയായിരുന്നു അവരുടെ വിവാഹവും.

രാത്രി വൈകുംവരെ ഹേമജയും ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. രാവിലെയാണ് ഇവര്‍ വീട്ടിലില്ലെന്ന് അയല്‍വാസികളും ബന്ധുക്കളും അറിയുന്നത്. അപ്പോഴേക്കും മരണവാര്‍ത്ത എത്തിയിരുന്നു. മൃതദേഹത്തിലെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. അപ്പോള്‍ കൊലപാതകം മറ്റെന്തോ ഉദ്ദേശ്യത്തിനാണെന്ന് മനസ്സിലായി. അതിനിടെ പ്രതിയെ പിടിക്കാന്‍ വൈകുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്നു. ആക്ഷന്‍ കമ്മിറ്റി രൂപംകൊണ്ടു. പ്രക്ഷോഭമായി.

അഞ്ചാം ദിവസം കൂട്ടുപ്രതി പിടിയില്‍

കൊല നടന്ന് അഞ്ചാം ദിവസം ശശിയുടെ സുഹൃത്തും കൂട്ടുപ്രതിയുമായ ആലക്കോട് വള്ളാട് തോണക്കരയിലെ ടി.എന്‍. ശശി പിടിയിലായി. പേരാമ്പ്ര പശുക്കടവില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ഇയാള്‍ പിടിയിലാകുന്നത്. ശശിയെ ചോദ്യം ചെയ്തതിലൂടെ സംഭവങ്ങളുടെ ഏകദേശ രൂപം പോലീസിന് പിടികിട്ടി. കൊല ആസൂത്രണം ചെയ്തത് ഭര്‍ത്താവ് ശശിയാണെന്നും കൂട്ടുപ്രതി ആ കൊലയ്ക്ക് കൂട്ടായിനിന്നുവെന്നും തെളിഞ്ഞു.ഹേമജയുടെ സഹോദരിയുടെ ആഭരണങ്ങള്‍ ഡിങ്കന്‍ ശശിയെ ഏല്‍പ്പിച്ചിരുന്നു. അത് അയാള്‍ പണയംവെച്ചതായി പറയുന്നു. അത് എടുത്തുകൊടുക്കാന്‍ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണ് ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് തീരുമാനിച്ചതത്രെ. വളരെ ആസൂത്രിതമായിരുന്നു ഡിങ്കന്‍ ശശിയുടെ നീക്കം. ഹേമജയെ കൊന്ന് കുഴിച്ചുമുടാനായിരുന്നുവത്രെ ഇയാള്‍ പദ്ധതിയിട്ടത്. അതിനായി പന്നേന്‍പാറയിലെ തറവാട്ടുവീട്ടില്‍ കൊല നടക്കുന്നതിന്റെ തലേന്ന് വലിയ കുഴിയെടുത്തതായി പറയുന്നു.

കൊലപാതകത്തിലേക്ക്

സെപ്റ്റംബര്‍ നാലിന് രാത്രി ഉരുവച്ചാലിലെ വീട്ടില്‍ ശശിയും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. രാത്രി വൈകിയതോടെ ശശിക്ക് വയറുവേദന തുടങ്ങി. അതിശക്തമായ വയറുവേദനയെന്ന് അയാള്‍ അഭിനയിക്കുകയായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ പോകണമെന്നും ഭാര്യകൂടി വരണമെന്നും അയാള്‍ നിര്‍ബന്ധിച്ചു. ചതി അറിയാതെ ഹേമജ അയാള്‍ക്കൊപ്പം അര്‍ധരാത്രി വാനില്‍ കയറി യാത്രയായി. വഴിക്ക് കൂട്ടുപ്രതി ശശി കാത്തുനിന്നിരുന്നു. മുന്നിലത്തെ സീറ്റിലായിരുന്നു ഹേമജ ഇരുന്നത്. പിന്നിലത്തെ സീറ്റില്‍ കൂട്ടുപ്രതി ശശിയും. വിജനമായ റോഡിലൂടെ കാര്‍ ഓടി. പിന്നെ അവിടെ പോകാതെ വീടിന്റെ ഭാഗത്തേക്കും പോയി. അതിനിടെ ഹേമജയുടെ കഴുത്തില്‍ കയര്‍ കുരുക്കിയിരുന്നു. കൂട്ടുപ്രതിയാണ് അത് ചെയ്തത്. വഴിയില്‍വെച്ച് ഭര്‍ത്താവായ ശശി കത്തി ഉപയോഗിച്ച് ഹേമജയുടെ കഴുത്തറുക്കുകയായിരുന്നു. അതിനിടെ കൊലപാതകത്തിന് കൂട്ടുനിന്ന സുഹൃത്ത് ഭയന്ന് ഓടിയതാണ് ശശീന്ദ്രന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. പിന്നെ എന്തു സംഭവിച്ചു എന്ന് കൂട്ടുപ്രതി ശശിക്കും അറിയില്ല.

ഡിങ്കന്‍ ശശിയെ തേടി

പോലീസ് കേരളത്തിനകത്തും പുറത്തും അന്വേഷിച്ചു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പശുവളര്‍ത്തലില്‍ വലിയ താത്പര്യമുള്ളയാളാണ് ശശി. അയാള്‍ കൊങ്കണ്‍മേഖലയില്‍ പശുവളര്‍ത്തി കര്‍ഷകനായി ആള്‍മാറാട്ടം നടത്തി ജീവിക്കുന്നുണ്ടോ എന്ന് പോലീസിന് സംശയമുണ്ടായിരുന്നു. ആ രീതിയിലും പോലീസ് അന്വേഷണം നടത്തി. പക്ഷേ, ഫലം കണ്ടില്ല.

Content Highlights: kannur school teacher hemaja murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented