മുഹ്സിൻ(ഇടത്ത്) കൊല്ലപ്പെട്ട മൻസൂർ(വലത്ത്)
കോഴിക്കോട്: തന്നെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് സിപിഎം പ്രവര്‍ത്തകര്‍ വന്നതെന്ന് കൊലപ്പെട്ട മന്‍സൂറിന്റെ സഹോദരന് മുഹ്സിന്. തന്നെ ലക്ഷ്യമിട്ടാണ് അവര്‍ വന്നത്. പേര് ചോദിച്ചുറപ്പിച്ച ശേഷം തന്നെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട മന്‍സൂര്‍ തടയാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് മന്‍സൂറിനെ ബോംബെറിഞ്ഞ ശേഷം ആക്രമിച്ചതെന്നും മുഹ്സിന് മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. അക്രമികളെ കണ്ടാലറിയാമെന്നും സംഘത്തില്‍ ഇരുപതോളം പേരുണ്ടായിരുന്നുവെന്നും ഇതിലൊരാളെ നാട്ടുകാര്‍ പിടിച്ചുവെച്ചെന്നും മന്‍സൂര്‍ പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ മുഹ്സിന് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞദിവസം കണ്ണൂര്‍ പാനൂരിലെ പോളിങ് ബൂത്തില്‍ ഓപ്പണ്‍ വോട്ട് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. മന്‍സൂറിന്റെ സഹോദരന് മുഹ്സിന് ലീഗിന്റെ ബൂത്ത് ഏജന്റായിരുന്നു. രാവിലെ ഓപ്പണ്‍ വോട്ട് ചെയ്യുന്നവരെ വാഹനങ്ങളില്‍ എത്തിച്ചത് സംബന്ധിച്ച് ബൂത്തിന് സമീപം സി.പി.എം-മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനു പിന്നാലെയാണ് സിപിഎം പ്രവര്ത്തകന് വാട്സാപ്പിലൂടെ ഭീഷണി സ്റ്റാറ്റസ് പുറത്തുവിട്ടത്. രാത്രി സിപിഎം പ്രവര്‍ത്തകര്‍ മുഹ്സിനെ തിരഞ്ഞെത്തി. തുടര്‍ന്ന് മുഹ്സിനെ ആക്രമിച്ചതോടെ മന്‍സൂര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി. പിന്നാലെ ബോംബെറിഞ്ഞ ശേഷം വീടിന് മുന്നിലിട്ട് മന്സൂറിനെയും വെട്ടിപരിക്കേല്‍പ്പിച്ചു. സഹോദരന് മുഹ്സിനും വെട്ടേറ്റു. ബോംബേറിലും ആക്രമണത്തിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റതായാണ് ലീഗിന്റെ ആരോപണം. ഗുരുതരമായി പരിക്കേറ്റ മന്സൂറിനെയും മുഹ്സിനെയും ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മന്‍സൂര്‍ മരിച്ചു.
അതിനിടെ, പാനൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമികള്‍ ഉപയോഗിച്ച നാല് ബൈക്കുകളും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. സംഭവസ്ഥലത്തുനിന്ന് വാളും കണ്ടെടുത്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..