അൻവിതയുടെ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കുന്ന അമ്മ സോന(ഇടത്ത്) മരിച്ച അൻവിത(വലത്ത്)
പാട്യം(കണ്ണൂര്‍): പിതാവ് പുഴയില്‍ തള്ളിയിട്ട് കൊന്ന ഒന്നരവയസ്സുകാരി അന്‍വിതയുടെ മരണവാര്‍ത്ത വിശ്വസിക്കാനാവാതെ പത്തായക്കുന്ന് ഗ്രാമം. വെള്ളിയാഴ്ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ വാര്‍ത്തയെത്തിയത്. പാത്തിപ്പാലത്തിനടുത്ത് പുഴയില്‍നിന്ന് നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് കണ്ടെത്തിയ മൃതദേഹം തലശ്ശേരി ജനറല്‍ ആസ്പത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചയ്ക്കാണ് പത്തായക്കുന്ന് കനാലിനടുത്ത് അന്‍വിതയും അച്ഛന്‍ കെ.പി. ഷിജുവും അമ്മ സോനയും അമ്മമ്മയുമൊത്ത് താമസിച്ചിരുന്ന വാടകവീട്ടിലെത്തിച്ചത്.
ദുരന്തവാര്‍ത്തയറിഞ്ഞ് രാവിലെമുതല്‍ വന്‍ ജനാവലിയാണ് ഇവിടേക്ക് എത്തിയത്. അമ്മ സോനയുടെ ഹൃദയംനുറുങ്ങുന്ന നിലവിളി കേട്ട് കൂടിനില്ക്കുന്നവരും നിയന്ത്രണംവിട്ട് വിതുമ്പി. 'എന്റെ പൊന്നുമോളോട് എന്തിനിത് ചെയ്തു... എനിക്കൊന്ന് പറഞ്ഞുതരാമോ...'
വിലപിക്കുന്ന സോനയില്‍നിന്ന് വളരെ പണിപ്പെട്ടാണ് മൃതദേഹം വീട്ടിനുള്ളില്‍നിന്ന് പുറത്തേക്കെത്തിച്ചത്.
സൗമ്യശീലനായ ഒരു യുവാവിന്റെ ചിത്രമാണ് തലശ്ശേരി കുടംംബകോടതി ജീവനക്കാരനായ ഷിജുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ നാട്ടുകാരുടെ മനസ്സിലെത്തുന്നത്. ഭാര്യ സോന ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപികയാണ്. ഇവരുടെ ഇടയില്‍ അസ്വാരസ്യങ്ങളുള്ളതായി സംസാരമേയില്ല. പിന്നെയെന്തിനീ കടുംകൈ ചെയ്തുവെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല.
നാട്ടുകാരും ബന്ധുക്കളും അന്ത്യോപചാരമര്‍പ്പിച്ചശേഷം രണ്ടുമണിയോടെ മൃതദേഹം സോനയുടെ അമ്മയുടെ വീടായ പൊന്ന്യം പുല്യോടിയിലെ സുനിതാ നിവാസിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു.
കെ.പി. മോഹനന്‍ എം.എല്‍.എ., പാട്യം പഞ്ചായത്ത് പ്രസിഡന്റ് എന്‍.വി. ഷിനിജ, വൈസ് പ്രസിഡന്റ് കെ.പി. പ്രദീപ്കുമാര്‍, വില്ലേജ് ഓഫീസര്‍ സൂര്യകുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, സി.കെ. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ പത്തായക്കുന്നിലെ വീട്ടിലെത്തി അനുശോചനമറിയിച്ചു.
പ്രതി അറസ്റ്റില്‍
തലശ്ശേരി പാത്തിപ്പാലം ചെക്ക് ഡാമില്‍നിന്ന് ഭാര്യയെയും മകളെയും പുഴയില്‍ തള്ളിയിടുകയും മകള്‍ മരിക്കുകയുംചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തലശ്ശേരി കുടുംബക്കോടതി ജീവനക്കാരന്‍ പത്തായക്കുന്നിലെ കുപ്യാട്ട് കെ.പി. ഷിജുവിനെ (37) ആണ് ശനിയാഴ്ച ഉച്ചയ്ക്ക് മട്ടന്നൂരില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ മഹാദേവ ക്ഷേത്രക്കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഇന്‍സ്പെക്ടര്‍ എം. കൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കതിരൂര്‍ ഇന്‍സ്പെക്ടര്‍ കെ.വി. മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മട്ടന്നൂരില്‍നിന്ന് പ്രതിയെ കതിരൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രിമുതല്‍ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. ചോദ്യംചെയ്യലില്‍ ഷിജു കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു. ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപികയായ ഭാര്യ സോന (25) യെയും മകള്‍ ഒന്നവരയസ്സുകാരി അന്‍വിതയെയുമാണ് ഇയാള്‍ പുഴയില്‍ തള്ളിയിട്ടത്. അന്‍വിത മുങ്ങിമരിച്ചു. സോനയെ സമീപവാസികള്‍ രക്ഷപ്പെടുത്തി.
സംഭവശേഷം സ്ഥലത്തുനിന്ന് ഓടിപ്പോയ ഷിജു ഓട്ടോറിക്ഷയില്‍ മുത്താറിപ്പീടികയിലെത്തി അവിടെനിന്ന് കൂത്തുപറമ്പ്, തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, മാനന്തവാടി, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ശനിയാഴ്ച ഉച്ചയോടെ മട്ടന്നൂരിലെത്തുകയായിരുന്നു. ഭാര്യയുടെ മൊഴിപ്രകാരം വെള്ളിയാഴ്ചതന്നെ ഷിജുവിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സോനയുടെ ആഭരണങ്ങള്‍ പണയംവെച്ചത് തിരിച്ചെടുത്തുകൊടുക്കാത്തതുമായി ബന്ധപ്പെട്ട് വീട്ടില്‍ വഴക്കുണ്ടായതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഭാര്യയുടെ ശമ്പളം കൈകാര്യം ചെയ്തിരുന്നതും ഷിജുവാണ്. പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച രാവിലെ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ സംഭവസ്ഥലം സന്ദര്‍ശിച്ചു.
കൊല ആസൂത്രിതമെന്ന് സൂചന
ഭാര്യയെയും കുഞ്ഞിനെയും കൊലപ്പടുത്താന്‍ ദിവസങ്ങള്‍ക്കുമുന്‍പുതന്നെ ഷിജു തീരുമാനിച്ചതായി പോലീസ് സംശയിക്കുന്നു. വെള്ളിയാഴ്ച ഭാര്യയും മകളുമൊത്ത് ക്ഷേത്രദര്‍ശനം നടത്തി തിരിച്ച് സന്ധ്യയോടെയാണ് ബൈക്കില്‍ പാത്തിപ്പാലം ചെക്ക് ഡാം പരിസരത്തെത്തിയത്. ബൈക്ക് കുറച്ചകലെ നിര്‍ത്തി പുഴയുടെ ഒഴുക്ക് കാണാമെന്ന് പറഞ്ഞ് ചെക്ക് ഡാമിലെത്തി. മകള്‍ അന്‍വിതയെയുമെടുത്ത് മുന്നില്‍ നടന്ന ഷിജു ഡാമിന്റെ മധ്യത്തിലെത്തിയപ്പോള്‍ മുണ്ട് അഴിച്ചുടുക്കട്ടെയെന്ന് പറഞ്ഞ് കുഞ്ഞിനെ ഭാര്യയുടെ കൈയില്‍ കൊടുത്തു. ഉടന്‍ രണ്ടുപേരെയും പുഴയില്‍ തള്ളിയിട്ടു. സോനയുടെ കൈയില്‍നിന്ന് തെറിച്ചുവീണ കുഞ്ഞ് ശക്തമായ ഒഴുക്കില്‍പ്പെട്ടു. ചെക്ക് ഡാമിന്റെ വശങ്ങളില്‍ പിടിച്ചുനിന്ന സോനയെ ഷിജു തന്റെ ചെരിപ്പഴിച്ച് കൈയിലടിച്ച് പിടിവിടുവിച്ച് ഒഴുക്കില്‍പ്പെടുത്തുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട താന്‍ കുറച്ചകലെയുള്ള കൈതക്കാട്ടില്‍ പിടിച്ചുനില്ക്കുകയായിരുന്നുവെന്നും സോന പോലീസിന് മൊഴി നല്‍കി. വെള്ളിയാഴ്ച രാവിലെ ഷിജുവിന്റെ ജ്യേഷ്ഠന്റെ മകന്റെ വിദ്യാരംഭച്ചടങ്ങില്‍ ഇയാളും ഭാര്യയും കുഞ്ഞും പങ്കെടുത്തിരുന്നു. ഇവര്‍ക്കായി പുതിയ വീടിന്റെ പണി നടക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..