അഫ്‌സല്‍ SDPI വിട്ട് CPM-ല്‍ എത്തിയ ആള്‍; മയക്കുമരുന്ന് കേസില്‍ അന്വേഷണം ബെംഗളൂരു കേന്ദ്രീകരിച്ച്


കണ്ണൂരിൽ മയക്കുമരുന്നുകളുമായി പിടിയിലായ അഫ്‌സലും ഭാര്യ ബൾക്കീസും

കണ്ണൂര്‍: കണ്ണൂരില്‍ എം.ഡി.എം.എ. ഉള്‍പ്പെടെ ഒന്നരക്കോടിയോളം രൂപയുടെ മയക്കുമരുന്ന് പിടിച്ച കേസിന്റെ തുടരന്വേഷണം ബെംഗളൂരു കേന്ദ്രീകരിച്ച്. തിങ്കളാഴ്ച അറസ്റ്റിലായ കോയ്യോട് തൈവളപ്പില്‍ വീട്ടില്‍ അഫ്‌സല്‍ (37), ഭാര്യ കാപ്പാട് ഡാഫൊഡില്‍സ് വില്ലയില്‍ ബള്‍ക്കീസ് (28) എന്നിവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുത്തത് ബെംഗളൂരുവില്‍നിന്നാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.

കേസിന്റെ അന്വേഷണച്ചുമതല കണ്ണൂര്‍ സിറ്റി ആന്റി നാര്‍ക്കോട്ടിക് വിഭാഗം എ.സി.പി. ജസ്റ്റിന്‍ ഏബ്രഹാമിന് കൈമാറി. ഇതിനുപുറമേ, സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘവും കേസ് അന്വേഷിക്കും. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് ആസ്ഥാനത്തുനിന്നുള്ള പ്രത്യേക നിര്‍ദേശപ്രകാരമാണിത്.

കേസില്‍ രണ്ട് പ്രധാന പ്രതികളെ ഇനി കണ്ടെത്താനുണ്ട്. ഇവര്‍ക്കായി അന്വേഷണം തുടങ്ങി. മയക്കുമരുന്ന് കടത്ത് കേസിലെ പ്രധാന കണ്ണികളില്‍ ഒരാള്‍ ബള്‍ക്കീസിന്റ സഹോദരീ ഭര്‍ത്താവ് നിസാം ആണെന്നും വ്യക്തമായി. പ്രധാന കണ്ണിയായ രണ്ടാമത്തെയാളും ഇവരുടെ അടുത്ത ബന്ധുതന്നെ. ഇതില്‍ ഒരാളുടെ ബാങ്ക് അക്കൗണ്ടില്‍ ഒന്നരക്കോടിയോളം രൂപ നിക്ഷേപമുള്ളതായും കണ്ടെത്തി.

നിസാമിന് കണ്ണൂര്‍ തെക്കിബസാറില്‍ സി.സി.ടി.വി. നന്നാക്കുന്ന കടയുണ്ടായിരുന്നു. ഇപ്പോള്‍ ഈ കട പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഇതിന്റെ വിലാസത്തില്‍ ബെംഗളൂരുവില്‍നിന്ന് പാഴ്‌സല്‍ വരികയും അത് അഫ്‌സലോ ബള്‍ക്കീസോ എത്തി സ്വീകരിക്കുകയും ചെയ്യുകയാണ് പതിവ്. അഫ്‌സല്‍ ബെംഗളൂരുവില്‍ ജ്യൂസ് കട നടത്തുകയായിരുന്നു. കോവിഡ് വ്യാപിച്ചതിനെത്തുടര്‍ന്ന് കടപൂട്ടി നാട്ടിലേക്ക് വന്നു.

ബെംഗളൂരുവില്‍നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നത് ബള്‍ക്കീസാണ്. മയക്കുമരുന്ന് ചെറിയ പൊതികളാക്കി പ്രത്യേക സ്ഥലത്തുവെച്ച് അതിന്റെ ഫോട്ടോ വാട്‌സാപ്പ് വഴി ആവശ്യക്കാര്‍ക്ക് അയക്കുകയാണ് പതിവ്. പണം ഗൂഗിള്‍ പേ വഴി സ്വീകരിക്കും.

അഫ്‌സലിനും ബള്‍ക്കീസിനും ബാങ്കുകളില്‍ ലക്ഷങ്ങളുടെ സാമ്പത്തികബാധ്യതയുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അറസ്റ്റിലായ രണ്ടുപേരെയും കോടതി റിമാന്‍ഡ് ചെയ്തു.

അഫ്‌സല്‍ എസ്.ഡി.പി.ഐ. വിട്ട് സി.പി.എമ്മിലെത്തിയ ആള്‍...

കണ്ണൂര്‍: മാരക മയക്കുമരുന്ന് കടത്തുന്നതിനിടയില്‍ ഭാര്യയോടൊപ്പം കണ്ണൂരില്‍ അറസ്റ്റിലായ കോയ്യോട് സ്വദേശി അഫ്‌സല്‍ ഏഴുവര്‍ഷം മുമ്പ് എസ്.ഡി.പി.ഐ. വിട്ട് സി.പി.എമ്മിലേക്ക് സ്വീകരിക്കപ്പെട്ട ആള്‍. കോയ്യോട് പ്രദേശത്തുനിന്ന് മറ്റുപാര്‍ട്ടികളില്‍പ്പെട്ട പതിനഞ്ചോളംപേര്‍ സി.പി.എമ്മുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. അവരുടെ കൂട്ടത്തില്‍ അഫ്‌സലും ഉണ്ടായിരുന്നു.

സി.പി.എം. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോയ്യോട് ഹസ്സന്‍മുക്കില്‍നടന്ന പൊതുയോഗത്തില്‍ അഫ്‌സല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വീകരണം നല്‍കുകയും അന്നത്തെ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇവരെ ഹാരമണിയിച്ച് സ്വീകരിക്കുകയുംചെയ്തിരുന്നു.

അതേസമയം, അന്ന് പാര്‍ട്ടിയിലേക്ക് സ്വീകരിക്കപ്പെട്ടവരില്‍ ആരും പാര്‍ട്ടി അംഗത്വത്തിലേക്ക് വന്നിട്ടില്ലെന്നും അഫ്‌സലിനെ പിന്നീടൊരിക്കലും പാര്‍ട്ടിയുടെ പരിപാടികളില്‍ പങ്കെടുത്തതായി കണ്ടിട്ടില്ലെന്നും പ്രദേശത്തെ സി.പി.എം. വായനശാല എ. ബ്രാഞ്ച് സെക്രട്ടറി എന്‍. സജീവന്‍ പറഞ്ഞു. ബെംഗളൂരുവില്‍ ഒരു ചെറിയകട നടത്തുന്ന ഇയാള്‍ നാട്ടില്‍ അപൂര്‍വമായേ വരാറുള്ളൂവെന്നും ഇദ്ദേഹം പറഞ്ഞു.

കോയ്യോട് സര്‍വീസ് സഹകരണബാങ്കിലും മൗവ്വഞ്ചേരി സഹകരണബാങ്കിലും അഫ്‌സലിന് വന്‍ കടബാധ്യതയുണ്ടെന്നാണ് അറിയുന്നത്. മയക്കുമരുന്ന് കടത്തുസംഘത്തിലെ കണ്ണികള്‍മാത്രമാണ് അഫ്‌സലും ഭാര്യ ബള്‍ക്കീസുമെന്ന് പോലീസ് അറിയിച്ചു.

സൂക്ഷ്മപരിശോധന അംഗത്വം നല്‍കുമ്പോള്‍മാത്രം -പി. ജയരാജന്‍

പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നവരില്‍ പലതരക്കാരും ഉണ്ടാവും. അവരുടെ സ്വകാര്യജീവിതത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നത് പാര്‍ട്ടി അംഗത്വം നല്‍കുന്നുണ്ടെങ്കില്‍മാത്രം. ഇവിടെ പരാമര്‍ശിക്കുന്ന വ്യക്തി പാര്‍ട്ടി അംഗമല്ല. അതിനാല്‍ അയാളുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്വവുമില്ല. പാര്‍ട്ടിയിലേക്ക് പലരും വരുന്നുണ്ട്. അവരെ സ്വാഗതംചെയ്യുന്നുമുണ്ട്. അവരില്‍ കുറ്റക്കാരുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കണം.

അന്താരാഷ്ട്ര ബന്ധം സംശയിച്ച് പോലീസ്...

സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എം.എ. ശേഖരം കണ്ണൂരില്‍ പിടികൂടിയതിന് പിന്നാലെ ലഹരി കടത്തില്‍ അന്താരാഷ്ട്രബന്ധം സംശയിച്ച് പോലീസ്. എം.ഡി.എം.എ., എല്‍.എസ്.ഡി. തുടങ്ങിയ പുതുതലമുറ ലഹരികളുടെ ഉറവിടം പ്രധാനമായും നൈജീരിയ പോലുള്ള രാജ്യങ്ങളാണെന്നാണ് പോലീസ് സംശയിക്കുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ലഹരികള്‍ സംസ്ഥാനത്ത് നിര്‍മിക്കുന്നുണ്ടെന്നതരത്തിലുള്ള സംശയങ്ങളും സജീവമാണ്. ഇതുസംബന്ധിച്ച് പോലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

ജില്ലയില്‍ തുടര്‍ച്ചയായി ലഹരിമരുന്നുകള്‍ പിടികൂടുന്ന സാഹചര്യത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കുന്നത്. ബെംഗളൂരു, മംഗളൂരു, ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍നിന്നാണ് സിന്തറ്റിക്ക് ലഹരിമരുന്നുകള്‍ കൂടുതലും കേരളത്തിലേക്കെത്തുന്നത്.

കഞ്ചാവാണെങ്കില്‍ ആന്ധ്രാപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതലും എത്തുന്നത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ലഹരികടത്തിന് കാരിയര്‍മാരായി മാറുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.

ആവശ്യക്കാരെ നേരിട്ട് എല്‍പ്പിക്കാതെ വാട്ട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയ നവമാധ്യമങ്ങളുടെ സഹായത്തോടെയാണ് ലഹരിക്കടത്ത് നടക്കുന്നത്. വിവിധ ആപ്പുകള്‍ ഉപയോഗിച്ച് ലഹരി കൈമാറുന്നത് സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഫോണിലൂടെ പങ്കുവെക്കും. ലഹരിയുടെ ഫോട്ടോയെടുത്ത് ആവശ്യക്കാര്‍ക്ക് അയച്ചുകൊടുക്കും. ശേഷം പായ്ക്കറ്റ് നിക്ഷേപിക്കേണ്ട സ്ഥലം ഗൂഗിള്‍ ലൊക്കേഷന്‍ മുഖേന കൈമാറുകയും ചെയ്യും. മറ്റുള്ളവര്‍ക്ക് മനസ്സിലാകാതിരിക്കാനായി കോഡുഭാഷകളും മറ്റുമാണ് ലഹരികടത്തിന് ഉപയോഗിക്കുന്നത്. ആധുനികമാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള കൈമാറ്റരീതിയായതിനാല്‍ കുറ്റവാളികളെ പിടികൂടുന്നതും കണ്ടെത്തുന്നതും അധികൃതര്‍ക്ക് തലവേദനയും സൃഷ്ടിക്കുന്നു.

ഇന്ദ്രിയങ്ങളെ തകരാറിലാക്കുന്ന എം.ഡി.എം.എ.

ലോകത്ത് ഇന്നുപയോഗിക്കുന്ന ലഹരിമരുന്നുകളില്‍ ഏറ്റവും അപകടകാരിയാണ് എം.ഡി.എം.എ. മെത്ത്, മോളി, എക്‌സ്, എക്സ്റ്റസി എന്നീ പേരുകളിലൊക്കെ ഇത് അറിയപ്പെടുന്നു. ഇന്ദ്രിയങ്ങളില്‍ ഉന്മാദാവസ്ഥയും വിഭ്രാന്തിജനകമായ അനുഭവങ്ങളുമുണ്ടാക്കുന്ന ലഹരിവസ്തുവാണിത്. മെത്തിലീന്‍ ഡയോക്‌സി മെത്താംഫിറ്റമിന്‍ എന്നതാണ് മുഴുവന്‍ പേര്. സിന്തറ്റിക് വിഭാഗത്തില്‍പ്പെടുന്ന ലഹരിവസ്തുവാണിത്.

മുന്‍പ് വിദേശരാജ്യങ്ങളിലും വന്‍നഗരങ്ങളിലും മാത്രമേ കിട്ടിയിരുന്നുള്ളൂ. ഇപ്പോള്‍ കേരളത്തിലും വ്യാപകമായി. സംസ്ഥാനത്ത് സമീപകാലത്തായി കൂടുതല്‍ പിടിച്ചെടുക്കുന്ന ലഹരിവസ്തു ഇതാണ്. കഴിഞ്ഞദിവസം കണ്ണൂരില്‍ ഒന്നരക്കോടിയോളം രൂപ വിലവരുന്ന രണ്ടുകിലോയിലധികം എം.ഡി.എം.എ. ആണ് പിടിച്ചെടുത്തത്. സംസ്ഥാനത്ത് വില്പനയും ഉപയോഗവും മാത്രമല്ല ഉത്പാദനവുമുണ്ടോ എന്ന് സംശയിക്കുന്ന നിലയിലാണ് കാര്യങ്ങള്‍.

കുപ്പിച്ചില്ല് പൊടിച്ചതുപോലുള്ള ക്രിസ്റ്റല്‍ രൂപമാണിതിന്. കുത്തിവെച്ചും വായിലൂടെയും മൂക്കിലൂടെയും പുകരൂപത്തിലുമൊക്കെ ആളുകള്‍ ഉപയോഗിക്കാറുണ്ട്. 20 മുതല്‍ 90 മിനിറ്റിനുള്ളില്‍ ലഹരി തലയ്ക്കുപിടിക്കും. എം.ഡി.എം.എ. ഉണ്ടാക്കുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഈ ലഹരിവസ്തുവിന് അടിപ്പെട്ട് ഗുരുതര പ്രശ്‌നങ്ങളുമായി ചികിത്സതേടുന്നവരുടെ എണ്ണം കൂടുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

''എം.ഡി.എം.എ. ഇന്ദ്രിയങ്ങളെ മയക്കും. ചിന്തകളെ മാറ്റിമറിക്കും. തലച്ചോറിലെ ആശയവിനിമയസംവിധാനത്തെയാകെ തകരാറിലാക്കും'' - കോഴിക്കോട്ടെ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. പി.എന്‍. സുരേഷ് കുമാര്‍ പറയുന്നു. ' രാസപരിവാഹകരായ ഡോപ്പമിന്‍, സിറട്ടോണിന്‍ പോലുള്ളവയുടെ ശരീരത്തിലെ സന്തുലിതാവസ്ഥ തകര്‍ത്തുകളയും ഈ ലഹരിപദാര്‍ഥം. സ്ഥിരമായ ഉപയോഗം സൈക്കോസിസ്, പാനിക്ക് അറ്റാക്ക്, സംശയം, ചിന്താപ്രശ്‌നങ്ങള്‍ എന്നിവയുണ്ടാക്കും. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കാം. പരിധിവിട്ട ഉപയോഗം അമിതരക്തസമ്മര്‍ദം, സ്‌ട്രോക്ക് എന്നിവയിലേക്ക് നയിക്കാം. മദ്യത്തോടൊപ്പം ഉപയോഗിച്ചാല്‍ ശ്വാസം നിലച്ചുപോകാം. കോമവരെയെത്താം'' -ഡോ. സുരേഷ് കുമാര്‍ പറഞ്ഞു.

നിശാപാര്‍ട്ടികളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ലഹരിമരുന്നാണിത്. നീലച്ചിത്ര നിര്‍മാണകേന്ദ്രങ്ങളിലും ഈ ലഹരിമരുന്ന് വ്യാപകമായി ഉപയോഗിക്കാറുണ്ട്.

Content Highlights: kannur mdma drugs case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented