ഹരിയാണയിൽനിന്ന് എ.ടി.എം. കവർച്ചസംഘത്തെ അറസ്റ്റുചെയ്ത പോലീസ് സംഘം സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോയോടൊപ്പം. ഇൻസെറ്റിൽ അറസ്റ്റിലായ മുവീൻ, നുമാൻ, സജാദ്
കണ്ണൂര്‍: കല്യാശ്ശേരിയിലെ മൂന്ന് എ.ടി.എമ്മുകളില്‍ കവര്‍ച്ച നടത്തിയ ഹരിയാണ സ്വദേശികളായ മൂന്ന് മോഷ്ടാക്കളെ കേരള പോലീസ് അറസ്റ്റുചെയ്തു.
ഹരിയാണ മെവാലത്ത് വോജനാജില്ലയിലെ നുമാന്‍ (30), ജുര്‍ഹാദ് വില്ലേജിലെ മുവീന്‍ (30), തൗഡുവില്ലേജിലെ സജാദ് (33) എന്നിവരാണ് അറസ്റ്റിലായതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ അറിയിച്ചു.
എ.ടി.എമ്മുകള്‍മാത്രം കവര്‍ച്ചചെയ്യുന്ന പ്രൊഫഷണല്‍ സംഘമാണ് ഇവര്‍. വീടുകളില്‍നിന്ന് ഹരിയാണ പോലീസിന്റെ സഹായത്തോടെയാണ് പിടിച്ചത്. മൂന്ന് എ.ടി.എമ്മുകളില്‍നിന്ന് കവര്‍ച്ചചെയ്ത 24.11 ലക്ഷത്തില്‍ 16.40 ലക്ഷം രൂപ ഇവരില്‍നിന്ന് കണ്ടെടുത്തു. എ.ടി.എം. കാഷ് ബോക്‌സ് കടത്തിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവറാണ് നുമാന്‍. ബന്ധുക്കളായ ഏഴു പ്രതികളില്‍ നാലുപേര്‍ ഉടന്‍ പിടിയിലാകുമെന്നും കമ്മിഷണര്‍ അറിയിച്ചു.
ഫെബ്രുവരി 21-നാണ് കവര്‍ച്ച നടന്നത്. സമീപത്തെ സി.സി.ടി.വി.യില്‍ പതിഞ്ഞ കണ്ടെയ്നര്‍ ലോറി, വാഹനം എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം ഹരിയാണയിലെത്തിയത്. എ.സി.പി. പി.ബാലകൃഷ്ണന്‍ നായര്‍, കണ്ണപുരം ഇന്‍സ്‌പെക്ടര്‍ സി.എം.സുകുമാരന്‍, റാഫി അഹമ്മദ്, ടി.വി.മഹിജന്‍, എന്‍.മനേഷ്, എം.പി.നികേഷ്, എം.സതീശന്‍, സി.അര്‍ജിത്, സി.പി.മഹേഷ്, പി.സി.മിഥുന്‍, കെ.പി.സുജിത് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ഗൃഹപാഠംചെയ്ത് മോഷ്ടാക്കള്‍
കവര്‍ച്ചയുടെ എല്ലാ പ്രൊഫണലിസവും പഠിച്ചാണ് മൂന്ന് എ.ടി.എമ്മുകളിലെ പണം മിനിട്ടുകള്‍ക്കുള്ളില്‍ സംഘം കവര്‍ന്നത്. കാവല്‍ക്കാരനില്ലാത്തതും അലാറം ഇല്ലാത്തതുമായ എ.ടി.എമ്മുകളാണ് ഇവര്‍ നോക്കിവെക്കുന്നത്. കല്യാശ്ശേരിയിലെ എ.ടി.എമ്മുകളെക്കുറിച്ച് വ്യക്തമായി നിരീക്ഷിച്ച് നാട്ടിലെ സംഘാംഗങ്ങളെ വിവരം അറിയിച്ചു. വാഹനത്തില്‍ അവര്‍ വരികയും 15 മിനിട്ടിനുള്ളില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുക്കുകയും ചെയ്തു. ചെരുപ്പ് ഇറക്കി തിരിച്ചുവന്ന കണ്ടെയ്നറില്‍ കവര്‍ച്ചമുതല്‍ കടത്തുകയായിരുന്നു. വാഹനങ്ങള്‍ തലപ്പാടി അതിര്‍ത്തിവഴി കടന്നുപോയത് ട്രാക്ക് ചെയ്താണ് പോലീസ് ഇവരെ പിടികൂടിയത്. മാങ്ങാട് ബസാറിലെ ഇന്ത്യാ വണ്‍ എ.ടി.എം., കല്യാശ്ശേരി ഹൈസ്‌കൂളിന് സമീപത്തെ എസ്.ബി.ഐ. എ.ടി.എം., ഇരിണാവ് റോഡ് കവലയ്ക്ക് സമീപത്തെ പി.സി.ആര്‍. ബാങ്കിന്റെ എ.ടി.എം. എന്നിവയാണ് കവര്‍ന്നത്.
Content Highlights: kannur kalyassery atm robbery three accused arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..