കൊന്ന് കുഴിച്ചിട്ടത് പണിനടക്കുന്ന കെട്ടിടത്തില്‍,കോണ്‍ക്രീറ്റ് ചെയ്തു; ദൃശ്യം കണ്ടിട്ടില്ലെന്ന് മൊഴി


അഷിക്കുൽ ഇസ്ലാമിന്റെ മൃതദേഹം പ്രതിയുടെ സാന്നിധ്യത്തിൽ പുറത്തെടുക്കുന്നു(ഇടത്ത്) മൃതദേഹം കുഴിച്ചിട്ട കെട്ടിടത്തിന് മുന്നിൽ തടിച്ചുകൂടിയ നാട്ടുകാർ(വലത്ത്) ഫോട്ടോ: മാതൃഭൂമി

ഇരിക്കൂര്‍(കണ്ണൂര്‍): കാണാതായ മറുനാടന്‍ തൊഴിലാളി അഷിക്കുല്‍ ഇസ്ലാമിനെ സുഹൃത്തുക്കള്‍ തന്നെ കൊന്ന് കുഴിച്ചുമൂടിയതറിഞ്ഞ് ഞെട്ടലിലായിരുന്നു പെരുവളത്ത്പറമ്പ് കുട്ടാവിലെ നാട്ടുകാര്‍. കുട്ടാവിലെ പണി നടക്കുന്ന കെട്ടിടത്തിന്റെ ശൗചാലയത്തില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തപ്പോള്‍ നിരവധിപേരാണ് തടിച്ചുകൂടിയത്.

'ദൃശ്യം' സിനിമയെ ഓര്‍മിപ്പിക്കുംവിധം പണി നടക്കുന്ന ശൗചാലയത്തില്‍ ചാക്കില്‍ കെട്ടി കുഴിച്ചിട്ട് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു. 'ദൃശ്യം' സിനിമയുടെ മലയാള പതിപ്പോ ഹിന്ദി പതിപ്പോ കണ്ടിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ പ്രതി പരേഷ് നാഥ് മണ്ഡല്‍ പോലീസിനോട് പറഞ്ഞത്.

ഇരിക്കൂര്‍ പെരുവളത്ത്പറമ്പില്‍ താമസിച്ച് തേപ്പുപണി ചെയ്തുവരികയായിരുന്നു അഷിക്കുല്‍ ഇസ്ലാമും പരേഷ്നാഥ് മണ്ഡലും ഉള്‍പ്പെട്ട സംഘം. കഴിഞ്ഞ ജൂണ്‍ 28-നാണ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചും ശ്വാസംമുട്ടിച്ചും പ്രതികള്‍ അഷിക്കുല്‍ ഇസ്ലാമിനെ കൊലപ്പെടുത്തിയത്. പണത്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

Read Also: ഇരിക്കൂറില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; മറുനാടന്‍ തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി; സുഹൃത്ത് അറസ്റ്റില്‍...

തുടര്‍ന്ന് ചാക്കിലാക്കി പണി നടന്നുകൊണ്ടിരിക്കുന്ന ശൗചാലയത്തില്‍ ഒരു മീറ്ററോളം ആഴത്തില്‍ കുഴിച്ചിട്ടു. അന്നേദിവസംതന്നെ ഇവര്‍ നിലം കോണ്‍ക്രീറ്റ് ഇടുകയും ചെയ്തു. തൊട്ടടുത്ത ദിവസം പതിവുപോലെ രണ്ടുപേരും അവിടെ പണിക്കെത്തിയതായും പറയുന്നു. ബാത്ത്‌റൂമില്‍ കുഴിച്ചിടാമെന്ന് ഗണേഷാണ് പറഞ്ഞതെന്ന് പരേഷ് നാഥ് പോലീസിനോട് പറഞ്ഞു. അഷിക്കുല്‍ ഇസ്ലാമിനെ കാണാതായതോടെ അന്നുതന്നെ സഹോദരന്‍ മോമിന്‍ ഇരിക്കൂര്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയതോടെ പരേഷും ഗണേഷും മുങ്ങുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇവരെക്കുറിച്ച് തുമ്പും ലഭിച്ചിരുന്നില്ല. സംഭവത്തിനുശേഷം സ്വിച്ചോഫ് ചെയ്ത പരേഷ്നാഥിന്റെ മൊബൈല്‍ ഇടക്കിടെ ഓണ്‍ ചെയ്തപ്പോള്‍ പിന്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മുംബൈയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. ഗണേഷിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും പോലീസ് അറിയിച്ചു.

സമാന കൊലപാതകം മുന്‍പും

പണത്തിനായി ഒന്നിച്ച് താമസിക്കുന്നയാളെ കൊലപ്പെടുത്തിയ സംഭവം മുന്‍പും ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നിട്ടുണ്ട്. മൂന്നുവര്‍ഷം മുന്‍പ് ഊരത്തൂര്‍ പറമ്പില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ജൂലായിലാണ് അസം സ്വദേശി സാദിഖലിയെ പോലീസ് അറസ്റ്റുചെയ്തത്.

പണത്തിനായി സ്വന്തം മുറിയില്‍ താമസിച്ചിരുന്ന സ്വന്തം നാട്ടുകാരനായ സയ്യിദലിയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് 100 മീറ്റര്‍ അകലെയുള്ള ചെങ്കല്‍പ്പണയില്‍ കുഴിച്ചിടുകയും ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം 2018 ഫെബ്രുവരി 24-ന് ഊരത്തൂര്‍ പി.എച്ച്.സിയുടെ സമീപത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതാണ് ഈ കേസില്‍ വഴിത്തിരിവായത്.

ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി, പക്ഷേ, കണക്കുക്കൂട്ടലുകള്‍ തെറ്റി

കണ്ണൂര്‍: ഇനിയൊരിക്കിലും പിടികൂടില്ലെന്ന് ഉറപ്പാക്കി കെട്ടിടനിര്‍മാണ ജോലിയില്‍ മുഴുകിയിരിക്കെയാണ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാമിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതി പരേഷ്‌നാഥ് മണ്ഡല്‍ പോലീസിന്റെ പിടിയിലായത്.

ജൂണ്‍ 28 മുതലാണ് ഈ യുവാവിനെ കാണാതായത്. അന്നുതന്നെ പ്രതികളായ പരേഷ്‌നാഥ് മണ്ഡലിനെയും ഗണേഷിനെയും കാണാതായി. മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ പോയശേഷം ഇസ്ലാമിനെ കാണാനില്ലെന്ന് ഇയാളുടെ സഹോദരന്‍ മോമിനെ മണ്ഡല്‍ വിളിച്ചറിയിച്ചിരുന്നു. മട്ടന്നൂരില്‍ കെട്ടിട നിര്‍മാണത്തൊഴിലാളിയായ മോമിന്‍ ഇരിക്കൂറിലെത്തി പോലീസില്‍ പരാതിയും നല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തില്‍, ഇസ്ലാം മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ നല്‍കിയ ഷോപ്പിനടുത്ത നിരീക്ഷണ ക്യാമറയില്‍ അയാള്‍ നടന്നുപോകുന്ന ദൃശ്യം കണ്ടു.

ഇസ്ലാമിനെ കാണാതായ ദിവസം തന്നെ ഒരുമിച്ച് താമസിക്കുന്ന മറ്റു രണ്ടുപേരും മുങ്ങിയത് ഇവരെ ചുറ്റിപ്പറ്റിയുള്ള സംശയത്തിന് ബലം നല്‍കി.ഇതിനുശേഷം രണ്ടുപേരുടെയും ഫോണുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. കുറേനാള്‍ കഴിഞ്ഞശേഷം മണ്ഡലിന്റെ ഫോണ്‍ ഇടയ്ക്ക് പ്രവര്‍ത്തിക്കുന്നതായി അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇയാള്‍ മഹാരാഷ്ടയിലുണ്ടെന്ന് വ്യക്തമായി.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇരിക്കൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. എം.വി.ഷീജുവിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. റോയി ജോണ്‍, പോലീസുകാരായ ഷംഷാദ്, ശ്രീലേഷ് എന്നിവരും ആളെ തിരിച്ചറിയാന്‍ കൊല്ലപ്പെട്ട അഷിക്കുല്‍ ഇസ്ലാമിന്റെ സഹോദരന്‍ മോമിനും കഴിഞ്ഞ ശനിയാഴ്ച മുംബൈയിലേക്ക് പുറപ്പെട്ടു. മുംബൈയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ പാല്‍ഗര്‍ എന്ന സ്ഥലത്തെ ടവറിന്റെ പരിധിയിലാണ് മണ്ഡലിന്റെ ഫോണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കി.

മഹാരാഷ്ട്ര പോലീസിന്റെ ഒരു കോണ്‍സ്റ്റബിളിനുപുറമെ, ഈ പ്രദേശം നന്നായി അറിയാവുന്ന മലപ്പട്ടം സ്വദേശിയും മുംബൈയിലെ ബിസിനസുകാരനുമായ നാരായണന്‍ നമ്പ്യാരുടെ സഹായവും കിട്ടിയെന്ന് മലപ്പട്ടംകാരനായ പ്രിന്‍സിപ്പല്‍ എസ്.ഐ. ഷീജു പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പോലീസ് സംഘമെത്തുമ്പോള്‍ പ്രതി കെട്ടിടനിര്‍മാണ ജോലിയിലായിരുന്നു.

ഇസ്ലാമിന്റെ സഹോദരന്‍ മോമിന്‍ പ്രതിയെ തിരിച്ചറിഞ്ഞു. പോലീസ് വളഞ്ഞപ്പോള്‍ രക്ഷപ്പെടാനൊന്നും ശ്രമിക്കാതെ മണ്ഡല്‍ കീഴടങ്ങി. സംഭവങ്ങളെല്ലാം വിവരിക്കുകയും ചെയ്തു. പ്രതിയുമായി തിങ്കളാഴ്ചയാണ് പോലീസ് സംഘം വിമാനത്തില്‍ നാട്ടിലെത്തിയത്.

Content Highlights: kannur irikkur drishyam model murder case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented