മകളെ പുഴയിൽ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി കെ.പി. ഷിജുവിനെ പാത്തിപ്പാലം ചെക്ഡാമിലെത്തിച്ച് പോലീസ് തെളിവെടുക്കുന്നു
പാട്യം(കണ്ണൂര്‍): പാത്തിപ്പാലത്തിനടുത്ത് ഒന്നരവയസ്സുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊന്ന കേസില്‍ പ്രതിയായ പിതാവിനെ സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചു. തലശ്ശേരി കുടുംബകോടതി ജീവനക്കാരനായ പത്തായക്കുന്ന് കുപ്യാട്ട് വീട്ടില്‍ കെ.പി. ഷിജുവിനെ (41) ആണ് ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ വന്‍ പോലീസ് സന്നാഹത്തോടെ തെളിവെടുപ്പിനെത്തിച്ചത്.
സംഭവം നടന്ന പാത്തിപ്പാലം ചെക്ഡാമിലെത്തിച്ചശേഷം പോലീസ് പ്രതിയോട് സംഭവദിവസം നടന്ന കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു.
കൊലപാതകം നടന്ന ദിവസം ബൈക്ക് വഴിയരികില്‍ പാര്‍ക്ക് ചെയ്തശേഷം ഭാര്യയും മകളുമൊന്നിച്ച് ചെക്ഡാമിലേക്ക് എത്തിയ ഇടുങ്ങിയ വഴിയിലൂടെ നടത്തിയാണ് പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ചത്.
സംഭവമറിഞ്ഞ് കൂടുതല്‍ ആളുകളെത്തുമ്പോഴേക്കും പോലീസ് ഇവിടത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് സംഭവദിവസം സന്ദര്‍ശിച്ച വള്ള്യായി നവോദയ കുന്നിലേക്ക് കൊണ്ടുപോയി തെളിവെടുത്തു.
തിങ്കളാഴ്ച തെളിവെടുപ്പിനായി പ്രതിയെ പോലീസിന് വിട്ടുകിട്ടിയിരുന്നില്ല. തലശ്ശേരി എ.സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് ഷിജു മജിസ്ട്രേട്ടിന് മുമ്പാകെ ബോധിപ്പിച്ചു.
തുടര്‍ന്ന് പ്രതിയുടെ മാനസികനില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. കോടതിനിര്‍ദേശങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ചൊവ്വാഴ്ച ഉച്ചയ്ക്കാണ് രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡില്‍ വിട്ടുകിട്ടിയത്.
ഉച്ചയ്ക്കുശേഷം പ്രതിയെ കൂത്തുപറമ്പ് ഗവ. ആസ്പത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷമാണ് തെളിവെടുപ്പിന് സ്ഥലത്തെത്തിച്ചത്. കേസന്വേഷിക്കുന്ന കതിരൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി. മഹേഷും സംഘവും കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. എസ്.ഐ. ഉമേഷ് ഉള്‍പ്പെടെയുള്ള പോലീസ് സംഘവും കൂടെയുണ്ടായിരുന്നു.
ഒക്ടോബര്‍ 15-ന് വൈകിട്ട് ആറരയോടെയാണ് കേസിനാസ്പദമായ സംഭവം. പത്തായക്കുന്നിലെ വീട്ടില്‍നിന്ന് ഭാര്യ സോന(31)യേയും മകള്‍ അന്‍വിതയേയുംകൂട്ടി വള്ള്യായി നവോദയ കുന്ന് സന്ദര്‍ശിച്ചശേഷം തിരിച്ചുവരുന്ന വഴിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..