കണ്ണൂർ തോട്ടടയിൽ ബോംബ് സ്ഫോടനമുണ്ടായ സ്ഥലം. ഇൻസെറ്റിൽ കൊല്ലപ്പെട്ട ജിഷ്ണു. ഫോട്ടോ: ലതീഷ് പൂവത്തൂർ|മാതൃഭൂമി
കണ്ണൂര്‍: ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതികളിലൊരാളായ ഏച്ചൂര്‍ സ്വദേശി മിഥുന് പോലീസില്‍ കീഴടങ്ങി. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ഇയാള്‍, ചൊവ്വാഴ്ച രാവിലെ കണ്ണൂര്‍ എടക്കാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതായാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് പോലീസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
സംഭവത്തില്‍ പ്രതികളിലൊരാളായ അക്ഷയിനെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസിലെ പ്രധാന പ്രതിയെന്ന് കരുതുന്ന മിഥുന് ഞായറാഴ്ച ഉച്ചയോടെ തന്നെ കണ്ണൂരില്‍നിന്ന് മുങ്ങി. ഇയാളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ശനിയാഴ്ച രാത്രി പടക്കങ്ങള്‍ വാങ്ങാനും പിന്നീട് ഇതുപയോഗിച്ച് ബോംബ് നിര്‍മിക്കുന്നതിനും മിഥുന് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. വിവാഹച്ചടങ്ങിന് പോകുന്ന വാഹനത്തില്‍ ബോംബ് സൂക്ഷിച്ചതും മറ്റുള്ള യുവാക്കളെ തോട്ടടയിലെ വിവാഹത്തിന് കൊണ്ടുവന്നതും ബോംബെറിഞ്ഞതും ഇയാളാണെന്നും പോലീസ് കരുതുന്നു. പ്രതിയെ എടക്കാട് പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യംചെയ്തുവരികയാണ്.
ഞായറാഴ്ചയാണ് തോട്ടടയിലുണ്ടായ ബോംബേറില്‍ ഏച്ചൂര്‍ സ്വദേശിയായ ജിഷ്ണു കൊല്ലപ്പെട്ടത്. വിവാഹപാര്‍ട്ടി വരന്റെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ബോംബാക്രമണം. ശനിയാഴ്ച രാത്രി വിവാഹസത്കാരത്തിനിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ബോംബുമായി ഒരുസംഘം വിവാഹാഘോഷത്തിന് എത്തിയത്. തുടര്‍ന്ന് ഇവര്‍ ബോംബെറിഞ്ഞപ്പോള്‍ ഇതേസംഘത്തില്‍പ്പെട്ട ജിഷ്ണുവിന്റെ തലയില്‍ ബോംബ് വീണ് പൊട്ടി കൊല്ലപ്പെടുകയായിരുന്നു.
Content Highlights: kannur bomb attack murder one accused surrendered in police station
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..