വിവാഹ ആഘോഷത്തിനിടെ ബോബെറിഞ്ഞ് ജിഷ്ണു എന്ന യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു. | ഫോട്ടോ: ലതീഷ് പൂവത്തൂർ
കണ്ണൂര്‍: തോട്ടടയില്‍ വിവാഹാഘോഷത്തിനിടെ ബോംബുമായി വന്ന സംഘം 'പ്ലാന്‍ ബി'യും ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തല്‍. ബോംബ് പൊട്ടിയില്ലെങ്കില്‍ വാള് ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇതനുസരിച്ച് ഒരു കാറില്‍ നാലംഗസംഘം വാളുകളുമായി വിവാഹവീടിന് സമീപത്ത് എത്തുകയും വാള് വീശുകയും ചെയ്തു. ഇവരെ നാലുപേരെയും എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. കാടാച്ചിറ സ്വദേശി സനാദ് അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ആയുധവുമായി വന്ന കാറും പോലീസിന്റെ കസ്റ്റഡിയിലാണ്.
ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ മിഥുന്, അക്ഷയ്, ഗോകുല്‍ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ മിഥുനാണ് ബോംബ് പൊട്ടിയില്ലെങ്കില്‍ വാള് ഉപയോഗിച്ചും എതിര്‍സംഘത്തെ നേരിടണമെന്ന പദ്ധതി തയ്യാറാക്കിയത്. ഇതുപ്രകാരം സുഹൃത്തായ കാടാച്ചിറ സ്വദേശി സനാദിനെ മിഥുന് ഫോണില്‍വിളിച്ചു. ആയുധങ്ങളുമായി തോട്ടടയില്‍ എത്തണമെന്നായിരുന്നു നിര്‍ദേശം. തുടര്‍ന്ന് സനാദ് മറ്റ് മൂന്നുപേരുമായി കാറില്‍ തോട്ടടയില്‍ എത്തുകയായിരുന്നു.

വിവാഹവീട്ടിലെ തര്‍ക്കത്തിന് പിന്നാലെ തോട്ടടയിലെ സംഘത്തിനെ നേരിടാന്‍ മിഥുനും കൂട്ടാളികളും വലിയരീതിയിലുള്ള ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 'പ്ലാന്‍ ബി' അടക്കം ആസൂത്രണം ചെയ്ത പ്രതികള്‍, വലിയതോതിലുള്ള ആക്രമണത്തിനാണ് കോപ്പുകൂട്ടിയതെന്നും പോലീസ് കരുതുന്നു. അതിനാല്‍തന്നെ വിവാഹവീട്ടില്‍ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: Kannur bomb attack murder case; Another gang involved in the case is in police custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..