വിവാഹസംഘത്തിനുനേരേയുണ്ടായ ബോംബേറിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹത്തിനരികിൽ പൊട്ടാതെ ശേഷിച്ച ബോംബ് നിർവീര്യമാക്കാനായി ബോംബ് സ്ക്വാഡ് എടുത്തുമാറ്റുന്നു | ഫോട്ടോ: മാതൃഭൂമി
കണ്ണൂര്‍: തോട്ടടയില്‍ വിവാഹസംഘത്തിനുനേരേ എറിഞ്ഞ ബോംബ് സംഘടിപ്പിച്ചത് എവിടെനിന്നാണെന്നതില് ദുരൂഹത. രണ്ട് ബോംബാണ് എറിഞ്ഞത്. അതില്‍ ഒന്നാണ് പൊട്ടിയത്. പൊട്ടാത്ത ഒന്ന് ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി. ആദ്യത്തെ ബോംബ് പൊട്ടാത്തതിനെതുടര്‍ന്നാണ് രണ്ടാമത്തെ ബോംബെറിഞ്ഞതെന്നാണ് കരുതുന്നത്. സംഘം വന്ന വാഹനത്തില്‍ മറ്റ് ആയുധങ്ങളുമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ഒരു ബോംബിന് പുറമേ ഏഴ് ഗുണ്ടുപടക്കവും ലഭിച്ചതായി പോലീസ് പറഞ്ഞു.
തലേദിവസം ഉണ്ടായ നിസ്സാര തര്‍ക്കത്തിന് പ്രതികാരമായി പിറ്റേന്ന് ഉഗ്രശേഷിയുള്ള ബോംബുമായി യുവാക്കളുടെ സംഘം എത്തിയത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. വിവാഹസമയംതന്നെ ബോംബാക്രമണത്തിന് തയ്യാറെടുക്കാനുള്ള മാനസികാവസ്ഥ കൊടും ക്രിമിനലുകള്‍ക്കുപോലും ഉണ്ടാകില്ലെന്ന് നാട്ടുകാര്‍ പറയുന്നു. യുവാക്കള്‍ എവിടെനിന്നാണ് ബോംബ് സംഘടിപ്പിച്ചതെന്ന ചോദ്യം ബാക്കിയാണ്. കണ്ണൂരില്‍ രാഷ്ട്രീയസംഘര്‍ഷത്തിന്റെ ഭാഗമായി ചില സംഘങ്ങള്‍ ബോംബുകള്‍ നിര്‍മിക്കുന്നത് പരസ്യമായ രഹസ്യമാണ്.
അതിരില്ലാത്ത ആഭാസം
തോട്ടട : വിവാഹവീടുകളില് സൃഹുത്തുക്കളെന്ന പേരില്‍ ചിലര്‍ കാട്ടിക്കൂട്ടുന്ന ആഭാസത്തിന് ഇപ്പോഴും ശമനമില്ല. കല്യാണവീടുകളില്‍ കണ്ണീരിനിടയാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരുകാലത്ത് വ്യാപകമായിരുന്നു. തോട്ടടയില്‍ കഴിഞ്ഞ ദിവസം നടന്ന കൊലപാതകം ഈ ആഭാസത്തിന്റെ അതിഭീകരമായ പതിപ്പാണെന്ന് പറയാം.
വിവാഹത്തലേന്ന് പാട്ടും കൂത്തും ബഹളവും ഇപ്പോഴും പലയിടങ്ങളിലും നടക്കുന്നുണ്ട്. കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ അല്‍പ്പം സാമാധാനമുണ്ടാക്കിയെങ്കിലും നിയന്ത്രണങ്ങള്‍ കുറഞ്ഞുവരുന്നത് ഇത്തരം പ്രവൃത്തികള്‍ വീണ്ടും വഴിവെച്ചിട്ടുണ്ടെന്ന് തോട്ടടയിലെ നാട്ടുകാര്‍ പറയുന്നു.
വിവാഹശേഷം വധൂവരന്മാരെ വീട്ടിലേക്ക് ആനയിക്കുന്നതിലും ഇത്തരക്കാരുടെ ആഭാസങ്ങള്‍ നീളുന്നു. ഇതൊക്കെ പലപ്പോഴും പ്രതിഷേധത്തിന് കാരണമാകാറുണ്ട്. നേരത്തെ ചില പഞ്ചായത്തുകളും നാട്ടുകൂട്ടങ്ങളും ഇത്തരം ആഭാസത്തരങ്ങള്‍ ഒഴിവാക്കുന്നതിന് ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.
ദുരന്തവാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ ഏച്ചൂര്‍; നഷ്ടമായത് കുടുംബത്തിന്റെ ഏക ആശ്രയം
ഏച്ചൂര്‍: തോട്ടടയില്‍ പട്ടാപ്പകലുണ്ടായ ബോംബേറില്‍ ഏച്ചൂര്‍ പാതിരിക്കാട് സ്വദേശിയായ യുവാവിന്റെ ദാരുണാന്ത്യം ഉള്‍ക്കൊള്ളാനാവാതെ ഗ്രാമം. തോട്ടടയിലെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം എത്തിയ ഏച്ചൂര്‍ പാതിരിക്കാട് സി.എം.ജിഷ്ണു മരിച്ച സംഭവം പ്രദേശത്തുകാര്‍ ഞെട്ടലോടെയാണ് കേട്ടത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് ബോംബേറില്‍ ജിഷ്ണു കൊല്ലപ്പെട്ടത്. നിര്‍മാണപ്രവൃത്തികള്‍ കരാറടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്ന ജോലിചെയ്തുവരികയായിരുന്നു ഇയാള്‍. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു.
വരന്റെ അച്ഛന്റെ കുടുംബവീട് നേരത്തെ ഏച്ചൂരിലായിരുന്നു. പിന്നീടിവര്‍ തോട്ടടയിലേക്ക് മാറി. നേരത്തേയുണ്ടായിരുന്ന സൗഹൃദത്തിന്റെ ഭാഗമായാണ് ജിഷ്ണുവും സുഹൃത്തുക്കളും പ്രത്യേക വാഹനത്തില്‍ കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. വിവാഹം കഴിഞ്ഞ് വിവാഹസംഘം തോട്ടടയിലുള്ള വരന്റെ വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയില്‍ റോഡില്‍വെച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത്. നല്ലൊരു ഫുട്ബോള്‍ കളിക്കാരന് കൂടിയായിരുന്നു ജിഷ്ണു. പരേതനായ ബാലക്കണ്ടി മോഹനന്റെയും മുനിസിപ്പാലിറ്റി ജീവനക്കാരിയായി വിരമിച്ച ചന്ദ്രോത്ത് മടപ്പുര ശ്യാമളയുടെയും മകനാണ്. സഹോദരന് മേഘുല്‍ പഠനം കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്നു.
മൂന്നുകാര്യങ്ങള്‍ അന്വേഷണത്തില്‍-സിറ്റി പോലീസ് കമ്മിഷണര്‍
കണ്ണൂര്‍: ജിഷ്ണു മരിച്ച സംഭവത്തില്‍ സ്ഫോടനം നടന്നിട്ടുണ്ടെന്ന് വ്യക്തമായതായി സിറ്റി പോലീസ് കമ്മിഷണര്‍ ആര്. ഇളങ്കോ പറഞ്ഞു.
കല്യാണം കഴിഞ്ഞ് വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴുള്ള ആഹ്ളാദപ്രകടനത്തിനിടയ്ക്ക് നടന്ന സ്ഫോടനമാണിത്. അതിനപ്പുറമുള്ള അന്വേഷണത്തിലാണ് പോലീസ്. മൂന്നു പ്രധാന കാര്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ചില കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആരാണ്, ആരെ ലക്ഷ്യംവെച്ചാണ് ചെയ്തത്, മുന്‍വൈരാഗ്യം ഉണ്ടോ, ആഹ്ളാദപ്രകടനത്തിനിടയില്‍ അറിയാതെ പൊട്ടിയതാണോ ഇവയെല്ലാം പരിശോധിക്കുന്നുണ്ട്.
Content Highlights : Bomb Attack at Kannur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..