ജിത്തു, സോണി
കൊച്ചി: കലൂരില്‍ കാറിന്റെ മരണപ്പാച്ചിലില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായ വിവരങ്ങള്‍ പുറത്ത്. അപകടമരണത്തിന് കാരണമായ കാറിലുണ്ടായിരുന്ന യുവാക്കള്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ലഹരിവസ്തുക്കള്‍ നല്‍കി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് തൃപ്പൂണിത്തുറ അരഞ്ഞാണിയില്‍ വീട്ടില്‍ ജിത്തു (29), തൃപ്പൂണിത്തുറ പെരുമ്പള്ളിയില്‍ വീട്ടില്‍ സോണി (25) എന്നിവര്‍ക്കെതിരേ എറണാകുളം നോര്‍ത്ത് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കെതിരേ നേരത്തെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു.
വ്യാഴാഴ്ച വൈകീട്ട് കലൂര്‍ പാവക്കുളം ക്ഷേത്രത്തിന് സമീപത്തായിരുന്നു കാര്‍ അപകടംവിതച്ചത്. ഇലക്ട്രിക് സ്‌കൂട്ടറും ഓട്ടോറിക്ഷയും ഉന്തുവണ്ടിയും ഇടിച്ചുതെറിപ്പിച്ച് പാഞ്ഞ കാര്‍, കലൂര്‍ ദേശാഭിമാനി ജങ്ഷനില്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ ശുചീകരണ തൊഴിലാളി ഉദയാ കോളനിയില്‍ താമസിക്കുന്ന വിജയന്‍ (40) മരിച്ചിരുന്നു. വലതുകാല്‍ ഒടിഞ്ഞ ഓട്ടോറിക്ഷ ഡ്രൈവര്‍ പോണേക്കര സ്വദേശി ഒമ്പക്കാട്ട് ഇ.എം. മനോഹരനും (47), തോളെല്ലിനും വാരിയെല്ലിനും പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ എളമക്കര കൊല്ലാട്ട് രാജശേഖരനും (63) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പോലീസ് നടത്തിയ പരിശോധനയില്‍ കാറിന്റെ ഡിക്കി, ഡാഷ് ബോക്‌സ് എന്നിവിടങ്ങളില്‍നിന്ന് അര ഗ്രാം എം.ഡി.എം.എ.യും കഞ്ചാവു ബീഡികളും കണ്ടെടുത്തിരുന്നു.
അമിതവേഗത്തില്‍ വാഹനം ഓടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയതിനു പുറമേ, ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിനും സോണിക്കും ജിത്തുവിനുമെതിരേ എന്‍.ഡി.പി.എസ്. കേസും ചുമത്തി അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.
അപകടത്തിനിടയാക്കിയ കാറില്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ തിരിച്ചറിഞ്ഞത്. മൂന്ന് വിദ്യാര്‍ഥിനികളായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെ അപകടശേഷം മുന്നോട്ടു പോകുന്നതിനിടെ കാറില്‍നിന്ന് ഇറക്കിവിടുകയായിരുന്നു എന്നും വ്യക്തമായി. വിദ്യാര്‍ഥിനികള്‍ ഉണ്ടായിരുന്നതിനാലാണ് അപകടമുണ്ടായപ്പോള്‍ നിര്‍ത്താതെ കാര്‍ പാഞ്ഞുപോയതെന്നും വ്യക്തമായി.
കാറിലുണ്ടായിരുന്ന ഒരു വിദ്യാര്‍ഥിനിയോട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് കഞ്ചാവ് നല്‍കി ജിത്തുവും സോണിയും പീഡിപ്പിച്ചതായി വിവരം ലഭിക്കുന്നത്. ഇതോടെ ഇവരെ വീണ്ടും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
മറ്റു രണ്ട് വിദ്യാര്‍ഥിനികളുടെയും മൊഴി വരുംദിവസം എടുക്കുമെന്ന് പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..