1. അജികുമാറിന്റെ വീട്, 2. ബിനുരാജിന്റെ ജിംനേഷ്യത്തിൽ പോലീസ് പരിശോധന നടത്തുന്നു. ഇൻസെറ്റിൽ മരിച്ച അജികുമാർ, അജിത്ത്, ബിനുരാജ്
തിരുവനന്തപുരം: കല്ലമ്പലത്ത് മണിക്കൂറുകള്‍ക്കിടെ സുഹൃത്തുക്കളായ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു. മൂന്ന് മരണങ്ങളും പരസ്പരം ബന്ധമുണ്ടെന്ന് കണ്ടെത്തിയ പോലീസ്, ഇതില്‍ രണ്ടെണ്ണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. പി.ഡബ്യൂ.ഡി. ഉദ്യോഗസ്ഥനായ അജികുമാറിനെ കൊലപ്പെടുത്തിയത് പിന്നീട് ആത്മഹത്യചെയ്ത ബിനുരാജാണെന്നും പോലീസ് പറഞ്ഞു. ഇവരുടെ മറ്റൊരു സുഹൃത്തായ അജിത്തിനെ പിക്കപ്പ് വാന്‍ ഓടിച്ചുകയറ്റി കൊലപ്പെടുത്തിയത് കസ്റ്റഡിയിലുള്ള സജീവ്കുമാറാണ്. അജികുമാറിന്റെ കൊലപാതകത്തില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് ബിനുരാജ് ബസിന് മുന്നില്‍ ചാടി ജീവനൊടുക്കിയതെന്നും പോലീസ് പറയുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് പി.ഡബ്യൂ.ഡി. ഹെഡ് ക്ലാര്‍ക്കായ അജികുമാറിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നെഞ്ചിലുള്‍പ്പെടെ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഇതോടെ സംഭവം കൊലപാതകമാണെന്ന് പോലീസും ഉറപ്പിച്ചു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് അജികുമാറിന്റെ സുഹൃത്തായ അജിത്ത് വാഹനമിടിച്ച് കൊല്ലപ്പെടുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.
ഇവരുടെ സുഹൃത്ത് സംഘത്തില്‍ ഉള്‍പ്പെട്ട സജീവ്കുമാറാണ് അജിത്തിനെ പിക്കപ്പ് വാന്‍ ഓടിച്ചുകയറ്റി കൊലപ്പെടുത്തിയത്. ഈ സംഭവമുണ്ടായി മൂന്ന് മണിക്കൂറിന് ശേഷം ബിനുരാജ് ബസ് ഇടിച്ചും മരിച്ചു. ദേശീയപാതയില്‍ നാവായിക്കുളം മങ്ങാട്ടുവാതുക്കലിനു സമീപം കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റിടിച്ചാണ് ബിനുരാജ് മരിച്ചത്. ഇയാള്‍ ബസിനു മുന്നിലേക്കെടുത്തു ചാടുകയായിരുവെന്നാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവറും യാത്രക്കാരും മൊഴിനല്‍കിയത്.
അജിത്തിന്റെ കൊലപാതകത്തില്‍ സജീവ്കുമാര്‍ കസ്റ്റഡിയിലായതോടെയാണ് മറ്റു രണ്ട് മരണങ്ങളിലും ചുരുളഴിഞ്ഞത്. ഇവരുടെ സുഹൃത്ത് സംഘത്തില്‍പ്പെട്ട മറ്റുള്ളവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. തുടര്‍ന്നാണ് അജികുമാറിനെ കൊലപ്പെടുത്തിയത് ബിനുരാജാണെന്നും ഈ കേസില്‍ പിടിക്കപ്പെടുമെന്ന ഭയമാണ് ബിനുരാജിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി അജികുമാറിന്റെ വീട്ടില്‍ സുഹൃത്തുക്കളെല്ലാം ഒത്തുചേര്‍ന്ന് മദ്യപിച്ചിരുന്നു. പിന്നീട് ബാക്കിയെല്ലാവരും പിരിഞ്ഞുപോവുകയും അജികുമാറും ബിനുരാജും മറ്റൊരാളും മാത്രം വീട്ടില്‍ അവശേഷിക്കുകയും ചെയ്തു. പിന്നാലെ മൂന്നാമത്തെയാളും ഇവിടെനിന്ന് പോയെന്നും ഇതിനുശേഷമാണ് അജികുമാറും ബിനുരാജും തമ്മില്‍ തര്‍ക്കമുണ്ടായതെന്നും കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം.
അജികുമാര്‍ കൊല്ലപ്പെട്ട സമയത്ത് ബിനുരാജ് മാത്രമേ വീട്ടിലുണ്ടായിരുന്നുളളൂവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അടക്കം പരിശോധിച്ചാണ് മറ്റുള്ളവരാരും സംഭവസമയം അജികുമാറിന്റെ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ശാസ്ത്രീയമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
അജികുമാറിന്റെ മരണവിവരമറിഞ്ഞതിന് പിന്നാലെയാണ് സുഹൃത്തുക്കള്‍ക്കിടയില്‍ വീണ്ടും തര്‍ക്കമുണ്ടായത്. ഈ തര്‍ക്കമാണ് അജിത്തിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. അജിത്തിനെ സജീവ്കുമാര്‍ വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ വിവരം അറിഞ്ഞതോടെയാണ് ബിനുരാജ് ബസിന് മുന്നില്‍ ചാടി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം. അജിത്തിന്റെ കൊലപാതകത്തില്‍ സജീവ് പിടിയിലായതോടെ, അജികുമാറിന്റെ കൊലപാതകത്തില്‍ താനും പിടിയിലാകുമെന്ന ഭയമാകാം ബിനുരാജിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് കരുതുന്നു.
മൂന്നുപേരുടെ മരണങ്ങളില്‍ നടുങ്ങി കല്ലമ്പലം
കല്ലമ്പലം: അടുത്തടുത്ത വീടുകളിലായി മൂന്നുപേരുടെ മരണം നടന്നത് നാട്ടുകാര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. കല്ലമ്പലത്തിനു സമീപം മുള്ളറംകോട്ട് മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് സുഹൃത്തുക്കളായ രണ്ടുപേരുടെ കൊലപാതകത്തിലും ഒരാള്‍ ആത്മഹത്യചെയ്യുന്നതിലേക്കും നയിച്ചത്. മരിച്ച മൂന്നുപേരും അജികുമാറിന്റെ വീട്ടില്‍ ഒത്തുകൂടുകയും മദ്യപിക്കാറുമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പലപ്പോഴും വാക്കുതര്‍ക്കവും മറ്റും ഉണ്ടാകാറുണ്ടെങ്കിലും കൊലപാതകത്തില്‍ കലാശിക്കുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.
കൊല്ലപ്പെട്ട പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥനായ അജികുമാറിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി മദ്യസത്കാരം നടന്നത്. പിന്നീടാണ് മൂന്നുപേരുടെ മരണം വ്യത്യസ്ത സംഭവങ്ങളില്‍ ഉണ്ടാകുന്നത്.
അജികുമാറിന്റെ മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിച്ചു. അജിത്തിന്റെയും ബിനുരാജിന്റെയും മൃതദേഹങ്ങള്‍ ബുധനാഴ്ച വൈകീട്ടോടെയും വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Content Highlights: kallambalam deaths police says two killed and one committed suicide
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..