-
തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗ കേസില്‍ നാല് പ്രതികള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു. മന്‍സൂര്‍, അക്ബര്‍ ഷാ, അര്‍ഷദ്, നൗഫല്‍ എന്നിവര്‍ക്കെതിരേയാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ മകനെ ഇവര്‍ തള്ളിയിട്ടെന്നും മര്‍ദിച്ചെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിന് പുറമേയാണിത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ആറ് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസിലെ മറ്റൊരു പ്രതിയായ നൗഫലിനെ ഇനിയും പിടികൂടിയിട്ടില്ല.
ബീച്ചിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് വ്യാഴാഴ്ച വൈകീട്ട് പോത്തന്‍കോട്ടെ വീട്ടില്‍നിന്ന് യുവതിയെയും രണ്ടു മക്കളെയും ഭര്‍ത്താവ് കഠിനംകുളത്തെ രാജന്‍ സെബാസ്റ്റ്യന്റെ വീട്ടിലെത്തിച്ചത്. അവിടെവെച്ച് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു.
സംഘത്തിലെ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ മൂത്ത മകനെയുമെടുത്ത് യുവതി ഇറങ്ങിയോടി. ഇളയമകന്‍ നേരത്തേ ഭര്‍ത്താവിനൊപ്പം പുറത്തേക്ക് പോയിരുന്നു. പിറകേയെത്തിയവര്‍ ഭര്‍ത്താവ് പ്രശ്‌നമുണ്ടാക്കുകയാണെന്നും തിരികെയെത്തണമെന്നും നിര്‍ബന്ധിച്ചു. അവിടെനിന്ന് യുവതിയെ ഇവര്‍ ഓട്ടോയില്‍ക്കയറ്റി തൊട്ടടുത്ത കാട്ടിലെത്തിച്ച് പീഡിപ്പിച്ചു. മുഖത്തടിക്കുകയും ദേഹത്ത് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു.
ഒപ്പമുണ്ടായിരുന്ന മകന്റെ മുന്നില്‍വെച്ചാണ് യുവതി ക്രൂരമായ പീഡനത്തിനിരയായത്. ബോധം നഷ്ടപ്പെട്ട യുവതി മകന്റെ കരച്ചില്‍കേട്ട് ഉണര്‍ന്നു. മകനെ വീട്ടിലാക്കണമെന്ന് പറഞ്ഞ് ഇവരുടെ വാഹനത്തില്‍ക്കയറാതെ റോഡിലേക്ക് ഓടി. വഴിയില്‍ക്കണ്ട കാറിന് കൈകാണിച്ച് അതില്‍ക്കയറുകയായിരുന്നു. അവരോട് സംഭവങ്ങള്‍ പറയുകയും പോത്തന്‍കോട്ടുള്ള വീട്ടിലെത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. യുവതിയെ വീട്ടിലെത്തിച്ചശേഷം കാര്‍ യാത്രക്കാര്‍ കഠിനംകുളം പോലീസില്‍ അറിയിച്ചു.
സംഭവത്തിനുശേഷം മകനുമായി വീട്ടിലെത്തിയ ഭര്‍ത്താവ് സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. യുവതിയുടെ അമ്മയാണ് പോലീസില്‍ പരാതിനല്‍കിയത്.
Content Highlights: kadinamkulam gang rape case; pocso case registered against four
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..