പ്രതി മുഹമ്മദ് ഷരീഫ് |Screengrab: Mathrubhumi News
പാലക്കാട്: മലപ്പുറം കാടാമ്പുഴയില്‍ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷരീഫാ(42)ണ് ബുധനാഴ്ച രാവിലെ പാലക്കാട് ജില്ലാ ജയിലില്‍വെച്ച് കൈഞരമ്പ് മുറിച്ചത്. കേസില്‍ ബുധനാഴ്ച ശിക്ഷ വിധിക്കാനിരിക്കെയാണ് പ്രതിയുടെ ആത്മഹത്യാശ്രമം. ഷരീഫിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കല്‍ ഉമ്മുസല്‍മ (26), മകന്‍ മുഹമ്മദ് ദില്‍ഷാദ് (ഏഴ്) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് ഷരീഫ് കുറ്റക്കാരനാണെന്ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടില്‍ അതിക്രമിച്ചുകയറല്‍, ഗര്‍ഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരില്‍ ചുമത്തിയിരുന്നത്. ഇവയെല്ലാം പ്രോസിക്യൂഷന് തെളിയിക്കാനായി. യുവതിയും മകനും ആത്മഹത്യചെയ്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ കല്‍പ്പകഞ്ചേരി പോലീസ് ശേഖരിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയ കണ്ടെത്തലുകളുമാണ് നിര്‍ണായകമായത്.
2017-ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. കരാറുകാരനായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഭര്‍ത്താവുമായി പിരിഞ്ഞ് വീട്ടില്‍ കഴിയുകയായിരുന്ന ഉമ്മുസല്‍മയെ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ അടുപ്പത്തിലായി. ഉമ്മുസല്‍മ ഗര്‍ഭിണിയാകുകയും പ്രസവശേഷം ഷരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയുംചെയ്തു. ഭാര്യയും മക്കളുമുള്ള ഷരീഫ് തന്റെ രഹസ്യബന്ധം പുറത്തറിയാതിരിക്കാന്‍ ആസൂത്രിതമായി കൊലപാതകം നടത്തിയെന്നാണു കേസ്. വളാഞ്ചേരി സി.ഐ. കെ.എ. സുലൈമാന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സി. വാസുവാണ് ഹാജരായത്.
കൊടുംക്രൂരത
പത്തുമാസം ഗര്‍ഭിണിയായ ഉമ്മുസല്‍മയെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത്. കണ്ടുനിന്ന മകന്‍ ദില്‍ഷാദിനെയും ഇതേരീതിയില്‍ കൊലപ്പെടുത്തി. കൊലപാതകത്തിനിടെ ഉമ്മുസല്‍മ പാതി പ്രസവിക്കുകയും ശുശ്രൂഷകിട്ടാതെ നവജാതശിശു മരിക്കുകയുംചെയ്തു. ദിവസങ്ങള്‍ക്കുശേഷം നാട്ടുകാരാണ് മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ പുഴുവരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണവിവരം അറിഞ്ഞിട്ടും വീട്ടില്‍ നിത്യസന്ദര്‍ശകനായ ഷരീഫിന് പരാതിയൊന്നുമുണ്ടായില്ല. ഉമ്മുസല്‍മയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മരണം ആത്മഹത്യയാണെന്നു വരുത്താന്‍ ഇയാള്‍ ഇരുവരുടെയും കൈഞരമ്പുകള്‍ മുറിക്കുകയായിരുന്നുവെന്ന് ശാസ്ത്രീയപരിശോധനയില്‍ തെളിഞ്ഞു. കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞ താക്കോലും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
Content Highlights: kadampuzha double murder case accused attempted to suicide in jail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..