ജീവനാംശം തേടിയതിന് പിന്നാലെ മകനെ പീഡിപ്പിച്ചെന്ന കേസ്; ഒരമ്മയ്‌ക്കെതിരെ അവസാനിക്കാത്ത വേട്ടയാടല്‍


പി.സനിത

കടയ്ക്കാവൂർ പോക്‌സോ കേസിൽ ആരോപണവിധേയയായ അമ്മ മാധ്യമങ്ങളോട് സംസാരിക്കുന്നു | Screengrab: Mathrubhumi News

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ 13കാരനെ അമ്മ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയ്ക്ക് ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മകന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഈ കേസിനെ വീണ്ടും ശ്രദ്ധേയമാക്കുകയാണ്. മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് അച്ഛന്‍ നല്‍കിയ പരാതിയിലായിരുന്നു കേസ്. പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന് സംശയിച്ചുകൂടെയെന്നും അങ്ങനെയെങ്കില്‍ അമ്മയും ഈ കേസിലെ ഇരയാവില്ലെയെന്നുമാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായബെഞ്ചിന്റെ ചോദ്യം. ഈ കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്ന ഹൈക്കോടതിനിര്‍ദേശപ്രകാരം ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആരോപണം കെട്ടിച്ചമച്ചതാണെന്നും അമ്മ നിരപരാധി ആണെന്നും കാണിച്ച് പോക്‌സോ കോടതി അമ്മയെ കുറ്റമുക്തയാക്കുകയുംചെയ്തു. അതേ കേസിലാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 14 കാരനായ മകനു വേണ്ടിയെന്ന പേരില്‍ പിതാവ് സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്.

പോക്‌സോകേസില്‍ പരാതിക്കാരനായകുട്ടി അമ്മയ്‌ക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ പിതാവിന്റെ താല്പര്യം ഉണ്ടാകാമെന്നു സംശയം പ്രകടിപ്പിച്ച് കോടതി. കണ്‍സിലീയേഷന്‍ റിപ്പോര്‍ട്ട് അടക്കമുള്ള അനിവാര്യമായ രേഖകള്‍ ഹര്‍ജിക്കൊപ്പം ഇല്ലെന്ന് കാണിച്ചാണ് കോടതിയുടെ പരാമര്‍ശം. ഹൈക്കോടതിയുടെ ഇടപെടലും അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടും പിതാവിനെ സംശയിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കുട്ടിയുടെ മാതാവുമായുള്ള വിവാഹമോചനക്കേസിന്റെ ഭാഗമായി കുട്ടിയില്‍ സമ്മര്‍ദം ചെലുത്തി നല്‍കിയതാവും ഈ പരാതിയെന്നും അങ്ങനെയെങ്കില്‍ അമ്മയെയും ഇരയായി പരിഗണിക്കുകയാകും നീതിയുടെ താല്പര്യമെന്നുംകോടതി പറഞ്ഞു.ആരോപണങ്ങള്‍ കുട്ടിയുടെ അഭിഭാഷകന്‍ നിഷേധിച്ചെങ്കിലും അപ്പീല്‍ ഫയലില്‍സ്വീകരിച്ച് നോട്ടീസ് അയക്കാന്‍കോടതി തയ്യാറായില്ല.സൂര്യകാന്ത് ,അഭയ് എസ്.കെ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
രേഖകള്‍ ഹാജരാക്കാന്‍ രണ്ടാഴ്ച സമയവും നല്‍കി.


തുടക്കം വിവാഹമോചനക്കേസ്

ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതും ജീവനാംശം ആവശ്യപ്പെട്ടതും ആയ കേസുകള്‍ ആറ്റിങ്ങല്‍ കോടതിയില്‍ നില്‍ക്കുമ്പോഴാണ് മകനെ ഉപയോഗിച്ച് പോക്‌സോ കേസ് കൊടുത്ത് അമ്മയെ തേജോവധം ചെയ്യാനുള്ള നീക്കം നടത്തുന്നത്. നാലുമക്കളുളള ദമ്പതിമാരുടെ ഒരു മകന്‍ മാത്രമാണ് ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമുള്ളത്.

വിശദമായ അന്വേഷണം നടത്താതെ തന്നെ പോലീസ് എഫ്.ഐ.ആറിട്ടുഎന്ന ആക്ഷേപം ഈ കേസില്‍ തുടക്കംമുതല്‍ പോലീസിനെതിരെയുണ്ട്. അമ്മയുടെ അറസ്റ്റില്‍ നടപടിക്രമങ്ങളെല്ലാം പാലിയ്ക്കപ്പെട്ടോ എന്നതും പരിശോധനാ വിധേയമാക്കേണ്ടതാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു. വാറന്റൊക്കെ തയ്യാറാക്കിയത് പിന്നീടാണ്.എത്രയും പെട്ടെന്ന് പോക്‌സോ കേസില്‍ അവരെ റിമാന്‍ഡ് ചെയ്യിച്ച് ജയിലിലെത്തിക്കണമെന്ന കുബുദ്ധിയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു പോലീസും എന്നൊരു ആരോപണം ആദ്യം മുതലുണ്ട്.

അമ്മയെ അറിയാവുന്ന നാട്ടുകാര്‍ കര്‍മസമിതിയുണ്ടാക്കിയാണ് ആ കുടുംബത്തോട് ചേര്‍ന്നുനിന്നത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ആ സ്ത്രീ മരിച്ചു ജീവിക്കുകയാണ്. കുടുംബത്തിന്റെ പിന്തുണഒന്നുകൊണ്ട് മാത്രമാണ് ആത്മഹത്യ ചെയ്യാതിരുന്നത്. ഈകേസില്‍ പരാതക്കാരനായ പിതാവിന്റെ പങ്കിനെപറ്റി ഇനി വിശദമായ അന്വേഷണം വേണം. . അമ്മയെ ഇരയാക്കിയതാണോ അല്ലയോ എന്ന് തെളിയിക്കപ്പെടണം. സുപ്രീം കോടതിയുടെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. എന്തായാലും കേസ് രണ്ടാഴ്ച കഴിഞ്ഞ് കോടതി വീണ്ടും പരിഗണിക്കും.


കടയ്ക്കാവൂര്‍ പോക്‌സോ കേസ് .....ഒറ്റനോട്ടത്തില്‍

* മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് 2020 ഡിസംബര്‍ 28 ന് കടയ്ക്കാവൂരിലെഅമ്മയെ അറസ്റ്റ് ചെയ്യുന്നു.
* പോലീസ് നല്‍കിയ എഫ്.ഐ.ആറില്‍ പറയുന്ന പോലെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും എഫ്.ഐ.ആര്‍ തിരുത്തണമെന്നും ആവശ്യപ്പെട്ട് ശിശുക്ഷേമസമിതി അധ്യക്ഷ എന്‍. സുനന്ദ സംസ്ഥാനപോലീസ് മേധാവി, ആഭ്യന്തര സെക്രട്ടറി,ഐ.ജി ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ക്ക് കത്തു നല്‍കുന്നു.
* കേസ് ഹൈക്കോടതിയിലെത്തുന്നു. ഒരു മാസത്തെ ജയില്‍വാസത്തിനുശേഷം അമ്മയ്ക്ക ജാമ്യം .വിശദമായ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. ഒപ്പം ലോക്കല്‍ പോലീസ് ഒരു അറസ്റ്റിനു മുമ്പ് നടത്തേണ്ട പ്രാഥമിക അന്വേഷണത്തെ പറ്റിയുള്ള അക്കമിട്ടുള്ള ഓര്‍മപ്പെടുത്തല്‍
* എസ്.പി ദിവ്യാഗോപിനാഥിന്റെ അന്വേഷണ റിപ്പോര്‍്ട്ട് പോക്‌സോ കോടതിയിലേക്ക്. റിപ്പോര്‍ട്ടെത്തിയിട്ടും നടപടി വൈകുന്നതിനാല്‍ വീണ്ടും ഹൈക്കോടതിയിലേക്ക്
* ഹൈക്കോടതി വേഗം നടപടിയെടുക്കാന്‍ ആവശ്യപ്പെടുന്നു,അമ്മയെ കുറ്റവിമുക്തയാക്കുന്നു.
* വ്യാജപരാതി നല്‍കിയവര്‍ക്കെതിരെയും നടപടിയെടുത്ത് ജയിലിലടച്ചവര്‍ക്കെതിരെയും ഒരു നടപടിയും ഉണ്ടായില്ല.


ആരോപണങ്ങള്‍, പാളിച്ചകള്‍

കടയ്ക്കാവൂരിലെ അമ്മയ്‌ക്കെതിരെ മൈനറായ മകനെ ഉള്‍പ്പെടുത്തി പിതാവ് മെനഞ്ഞുകെട്ടിയ ആരോപണങ്ങള്‍ തുടക്കത്തില്‍ തന്നെ പൊളിഞ്ഞുവീഴുന്നതായിരുന്നു. കേസെടുത്തത് ശിശുക്ഷേമസമിതി റിപ്പോര്‍ട്ട് പ്രകാരമാണെന്ന കടയ്ക്കാവൂര്‍ പോലീസിന്റെ അവകാശവാദം ജില്ലാശിശുക്ഷേമസമിതി അധ്യക്ഷ എന്‍.സുനന്ദ അന്ന് തന്നെ തള്ളിയിരുന്നു. കേസിന്റെ എഫ്.ഐ.ആറില്‍ വിവരം നല്കിയ ആളിന്റെ സ്ഥാനത്ത് ശിശുക്ഷേമസമിതി അധ്യക്ഷയുടെ പേരാണ് നല്‍കിയിരുന്നത്. എന്നാല്‍ അത്തരമൊരു വിവരം താന്‍ നല്‍കിയിട്ടില്ലെന്ന് അന്നവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ കേസില്‍ ആദ്യം പരാതി ലഭിച്ച പോലീസ് കൗണ്‍സലിങ്ങിനു വേണ്ടിമാത്രമാണ് കുട്ടിയെ ശിശുക്ഷേമസമിതിയ്ക്കു മുന്നില്‍ ഹാജരാക്കിയത്. അതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയ്ക്ക് കൗണ്‍സലിങ്ങ് നല്‍കി ആ റിപ്പോര്‍ട്ട് പോലീസിനു കൈമാറുക മാത്രമാണ് ചെയ്തത്. പരാതി നല്‍കുകയോ എഫ്.ഐ.ആറില്‍ പറയുന്നപോലെ ഇത്തരമൊരു സംഭവമുണ്ടാവുകയോ ചെയ്‌തെന്ന് പോലീസിനെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് സുനന്ദ അന്ന് വ്യക്തമാക്കിയിരുന്നു.
എഫ്.ഐ.ആര്‍ തയ്യാറാക്കുന്നതില്‍ കടയ്ക്കാവൂര്‍ പോലീസിന് വീഴ്ച സംബന്ധിച്ചെന്ന കാര്യം ആദ്യം പറഞ്ഞത് ജില്ലാ ശിശുക്ഷേമസമിതി അധ്യക്ഷയാണ്. എഫ്.ഐ.ആര്‍ തിരുത്തണമെന്നും അന്നവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി,ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി,ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്ക് ജില്ലാശിശുക്ഷേമസമിതി കത്ത് നല്‍കിയിരുന്നു.
അന്നത്തെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഐ.ജി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ സമയം ആരോപണവിധേയയായ അമ്മ ജയിലിലായിരുന്നു.
ഒരുമാസം നീണ്ട ജയില്‍ വാസത്തിനൊടുവില്‍ ഹൈക്കോടതി അവര്‍ക്ക് ജാമ്യം അനുവദിച്ചു. കേസ് ഡയറിയില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈകോടതി വിശദമായ അന്വേഷണത്തിന് ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തിലുളള പ്രത്യേകസംഘത്തെ നിയോഗിക്കാനും നിര്‍ദേശിച്ചിരുന്നു. കേസില്‍ സത്യം കണ്ടെത്തണമെന്ന കര്‍ശനനിര്‍ദേശം 2021ജനുവരി 22-ന് ഹൈകോടതി ജഡ്ജി വി.ഷെര്‍സി നല്‍കിയാണ്.
ജാമ്യഹര്‍ജിയില്‍ ്അതുവരെയുള്ള അന്വേഷണം പോലും വിലയിരുത്തി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഇത്തരം കേസുകളില്‍ അന്വേഷണം എത്തരത്തിലായിരിക്കണമെന്നും കോടതി അന്ന് അക്കമിട്ടു വിശദീകരിച്ചു.
മനുഷ്യത്വമില്ലാത്തതും അസാധരണവുമായ പരാതികള്‍ ലഭിച്ചാല്‍ പ്രാഥമികമായ അന്വേഷണം നടത്തിമാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാവൂ എന്ന് എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും കര്‍ശനനിര്‍ദേശം നല്‍കണമെന്ന് അന്നത്തെ പോലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കി.
ഈ കേസില്‍ അമ്മയ്‌ക്കെതിരെ ആരെങ്കിലും കുട്ടിയെ സമ്മര്‍ദം ചെലുത്തി പറഞ്ഞ് പഠിപ്പിച്ചതാണെങ്കില്‍ അവരെ അറസ്റ്റ് ചെയ്യാനും നിയമാനുസൃതനടപടി സ്വീകരിക്കാനും കോടതി
അന്നാവശ്യപ്പെട്ടിരുന്നു.

ദിവ്യാഗോപിനാഥിന്റെ റിപ്പോര്‍ട്ട്

പോലീസിന്റെ ഐ.സി.ടി വിഭാഗം എസ്.പി ദിവ്യാ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേസ് ഏറ്റെടുത്തു.സംഘത്തിന്റെ ആവശ്യപ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ഷര്‍മദിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചു.എട്ട് വിദഗ്ദ ഡോക്ടര്‍മാര്‍ അടങ്ങുന്നസംഘം രണ്ടാഴ്ചയോളം കുട്ടിയെ ആശുപത്രിയില്‍ പാര്‍പ്പിച്ച് പരിശോധിച്ചു.എന്നിട്ടും ആരോപണത്തിന് തെളിവുകളൊന്നും ലഭിച്ചില്ല.

ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തെളിവുകളില്ലെന്നും പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ആരോപണം വ്യാജമാണെന്നും കാണിച്ച് എസ്.പി ദിവ്യാഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം പോക്‌സോകോടതിക്ക് റിപ്പോര്‍ട്ട് കൈമാറി. അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കേസില്‍തുടര്‍നടപടികള്‍ അവസാനിപ്പിച്ച് പോക്‌സോകോടതി ജഡ്ജികെ.വി.രജനീഷ് ഉത്തരവിട്ടു. ഇതോടെ അമ്മ കുറ്റവിമുക്തയായി.

കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം പോക്‌സോകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടി വൈകുന്നുവെന്ന് കാട്ടി അമ്മ ഹൈക്കോടതിയെ വീണ്ടും സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച് അന്വേഷണ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ കേസ് വേഗം അവസാനിപ്പിക്കണമെന്ന ഉത്തരവ് ഹൈക്കോടതി പോക്‌സോ കോടതിക്ക് കൈമാറുകയായിരുന്നു.
കേസ് തീര്‍ന്നെങ്കിലും കൊടിയമാനസിക പീഡനത്തിലൂടെ കടന്നുപോയ കടയ്ക്കാവൂരിലെ അമ്മയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെയൊ കേസെടുത്ത് ജയിലിലടച്ചവര്‍ക്കെതിരെയോ ഒരു നടപടിയുണ്ടായില്ല. ഇത്തരം വ്യാജപരാതികള്‍ ഉന്നയിക്കുന്നവര്‍ കൈയ്യും വീശി നടന്നുപോകുന്ന അവസ്ഥ അങ്ങേയറ്റം നാണക്കേടാണ്. യഥാര്‍ഥ ഇരകള്‍ക്ക് നീതി ലഭിക്കേണ്ടത് സത്യത്തിന്റ ജയം കൂടിയാകും.

Content Highlights: kadakkavoor pocso case-indepth-supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented