ജോ അറിഡി, വധശിക്ഷയ്ക്ക് മുൻപ് ജോ അറിഡി തന്റെ ടോയ് ട്രെയിൻ സഹതടവുകാരന് നൽകുന്നു| Photo Credit: Wikimedia Commons, http://friendsofjoearridy.com/
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്. നീതിനിര്‍വഹണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വര്‍ഷങ്ങളായി പാടി പഴകിയ വാചകം എന്നതിനപ്പുറം അതിന്റെ പ്രസക്തി എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? ജോ അറിഡി എന്ന യുവാവിന്റെ ജീവിത കഥ അതിന് ഉദാഹരണമാണ്. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന, ഒരു ചെറിയ കുട്ടിയുടെ മനസ്സുമായി ജീവിച്ച ആ ഇരുപത്തിമൂന്നുകാരന്, താൻ ചെയ്യാത്ത കുറ്റത്തിനാണ് കൊളറാഡോയിലെ ജയിലില്‍ വധശിക്ഷ ഏറ്റുവാങ്ങിയത്. ഗ്യാസ് ചേംബറിനകത്തേക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ അവനെ കടത്തിവിടുമ്പോഴും ചെറുചിരിയോടെയാണ് അവന് നടന്നുനീങ്ങിയത്. മരണമെന്തെന്ന് അവന് അറിയുമായിരുന്നില്ല. തൊട്ടടുത്ത നിമിഷം ചേംബറിനുളളില്‍ ജീവിതം ഒടുങ്ങുമെന്ന് അവൻ തിരിച്ചറിഞ്ഞുമില്ല. ഒരുപക്ഷേ അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ഇന്നും ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്ന ഒരു വധശിക്ഷ. 'ഹാപ്പിയെസ്റ്റ് മാന്‍ ഓണ്‍ ദ ഡെത്ത് റോ' എന്നാണ് ജയില്‍ അധികൃതരും പിന്നീട് ലോകവും അവനെ വിശേഷിപ്പിച്ചത്. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന നിരപരാധിയുടെ മരണം!
ആരാണ് ജോ അറിഡി?
സിറിയയില്‍ നിന്ന് ജോലി തേടി അമേരിക്കയിലെ കൊളറാഡോയില്‍ കുടിയേറിയ മേരി അറിഡിയുടെയും ഹെന്റി അറിഡിയുടെയും മകനായി 1915 ലാണ് ജോ അറിഡിയുടെ ജനനം. പുവേബ്ലോയിലെ സ്റ്റീല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു ജോയുടെ പിതാവ്. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടിയാണ് ജോയെന്ന് മാതാപിതാക്കള്‍ക്ക് തുടക്കത്തില്‍ മനസ്സിലായിരുന്നില്ല. ദാരിദ്ര്യത്തോട് മല്ലടിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുളള നെട്ടോട്ടത്തിലായിരുന്നു ആ കുടുംബം.
ജനിച്ച് അഞ്ചു വയസ്സു തികയുംവരെ ജോയുടെ നാവില്‍ നിന്ന് അമ്മ എന്ന വാക്കുപോലും ഉയര്‍ന്നില്ല. എലമെന്ററി സ്കൂളില്‍ ഒരു വര്‍ഷം പോയെങ്കിലും പിന്നീട് പഠനം അവസാനിപ്പിക്കേണ്ടി വന്നു. ജോ മറ്റു കുട്ടികളില്‍ നിന്ന് വിഭിന്നനാണെന്നും ബുദ്ധിസാമര്ഥ്യമില്ലെന്നും അതുകൊണ്ടുതന്നെ പഠനം എളുപ്പമായിരിക്കില്ലെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു അത്. പ്രാഥമിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ജോ കാര്യമായി ഒന്നും ചെയ്യാനില്ലാതെ തന്റെ കൊച്ചുവീടിനുളളില് പത്ത് വയസ്സുവരെ ചെലവഴിച്ചു. മറ്റുകുട്ടികളെപ്പോലെ മാനസിക വളര്‍ച്ച എത്താത്തതിനാല്‍ സമപ്രായക്കാരില്‍ നിന്ന് ജോ തിരസ്കാരവും പരിഹാസവും നേരിട്ടു. അതുകൊണ്ടുതന്നെ വീട് തന്നെയായിരുന്നു ജോയുടെ പ്രധാന ലോകം.
അങ്ങനെയിരിക്കെയാണ് ജോയുടെ പിതാവ് ഹെന്റിക്ക് ജോലി നഷ്ടപ്പെടുന്നത്. ദാരിദ്ര്യത്തില്‍ നിന്ന് അതിദാരിദ്ര്യത്തിലേക്ക് ജീവിതം കൂപ്പുകുത്തിയതോടെ ജോയെയും കൊണ്ട് ഹെന്റി സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും വീടുകളില്‍ കയറിയിറങ്ങി. ബൗദ്ധിക വെല്ലുവിളി നേരിടുന്ന മകന് സുരക്ഷിതമായ ഒരിടം വേണം, അതു മാത്രമായിരുന്നു ഹെന്റിയുടെ ലക്ഷ്യം. അന്വേഷണങ്ങള്‍ക്കൊടുവില്‍ കൊളറാഡോയിലെ ഗ്രാന്‍ഡ് ജംഗ്ഷനില്‍ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ ജോ പ്രവേശനം നേടി. പക്ഷേ ആ സ്കൂള്‍ കാലഘട്ടവും ജോയ്ക്ക് മധുരമായ ഓര്മകളായിരുന്നില്ല സമ്മാനിച്ചത്. സ്കൂളിലെയും സമീപപ്രദേശത്തെയും സമപ്രായക്കാരില്‍ നിന്ന് ശാരീരികമായും മാനസികമായും കടുത്ത പീഡനം ജോ അനുഭവിച്ചു. എല്ലായ്പ്പോഴും നിഷ്കളങ്കമായി ചിരിച്ചുകൊണ്ടിരുന്ന ജോയ്ക്ക് ഒരിക്കല്‍ പോലും തന്റെ അക്രമികളെ ചെറുക്കാനും കഴിഞ്ഞില്ല.
കൗമാരം പിന്നിട്ട സമയത്താണ് സ്കൂളില്‍ നിന്ന് ജോ ഒളിച്ചോട്ടത്തിന് മുതിരുന്നത്. റെയില്‍ കാറിന്റെ പിറകില്‍ പിടിച്ച് കയറിയ ജോ എത്തിപ്പെട്ടത് വയോമിങ് സംസ്ഥാനത്തെ ഷയാന്‍ എന്ന പട്ടണത്തിലാണ്. 1936 ഓഗസ്റ്റ് മാസത്തിന്റെ അവസാനത്തിലായിരുന്നു അത്.
ഡ്രയിന്‍ കുടുംബത്തിലെ കൊലപാതകം
ജോ ഒളിച്ചോടിയ അതേ ഓഗസ്റ്റിലാണ് പുവേബ്ലോയിലെ ഡ്രയിന്‍ കുടുംബത്തില്‍ അതിദാരുണമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. റിലി ആര്‍തര്‍ ഡ്രയിന്‍, മിന്നി ആര്‍തര്‍ ഡ്രയിന്‍ ദമ്പതികളും പെണ്മക്കളുമടങ്ങുന്ന ഡ്രയിന്‍ കുടുംബത്തെ പിടിച്ചുലച്ച ആ സംഭവം കുടുംബവുമായി യാതൊരു ബന്ധവുമില്ലാതിയിരുന്ന ജോയുടെ ജീവിതത്തെ കീഴ്മേല്‍ മറിച്ചു.
ഓഗസ്റ്റിലെ ഒരു ദിവസം റിലിയും മിന്നിയും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ കണ്ടത് തങ്ങളുടെ രണ്ട് പെണ്മക്കള് രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ്. ഉറങ്ങിക്കിടന്ന പെണ്‍കുട്ടികളെ ആരോ മഴുകൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പതിനഞ്ചുകാരിയായ ഡൊറോത്തി ഡ്രയിന്റെ ജീവന് നഷ്ടപ്പെട്ടിരുന്നു. ക്രൂരമായി ബലാത്സംഗത്തിന് ഇരയാവുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇളയ മകള്‍ ബാര്‍ബറ ഡ്രയിന്‍ അത്ഭുതകരമായി മരണത്തെ അതിജീവിച്ചു. സമീപപ്രദേശത്ത് രണ്ടു സ്ത്രീകള്‍ക്ക് ബലാത്സംഗം നേരിടേണ്ടി വന്നതും ഏതാണ്ട് ഇതേ സമയത്താണ്. ഈ രണ്ടു സംഭവത്തിന് പിന്നിലും ഒരാളാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെത്തിയത്. അജ്ഞാതനായ ആ അക്രമകാരി കൊളറാഡോയില്‍ വലിയ ഭീതി സൃഷ്ടിച്ചു. ജനങ്ങളില്‍ നിന്നും സര്‍ക്കാരില്‍ നിന്നുമുള്ള സമ്മര്‍ദം കടുത്തതോടെ അയാളെ എങ്ങനെയെങ്കിലും പിടികൂടുക എന്നത് മാത്രമായി പോലീസിന്റെ ലക്ഷ്യം.
ജോ അറിഡി അറസ്റ്റിലാകുന്നു
പ്രതിയെ അന്വേഷിച്ച് കൊളറാഡോയിലും സമീപപ്രദേശങ്ങളിലും വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഷയാന്‍ പ്രദേശത്തെ റെയില്‍പാളത്തിന് സമീപം അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ജോ പോലീസിന്റെ പിടിയിലാകുന്നത്. കൗണ്ടി ഷെരീഫായിരുന്ന ജോര്‍ജ്ജ് കരോളാണ് ജോയെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍ പെണ്‍കുട്ടികളെ ആക്രമിച്ചതും ഡൊറോത്തിയെ കൊലപ്പെടുത്തിയതുമെല്ലാം ജോ സമ്മതിച്ചുവെന്നായിരുന്നു പോലീസ് ഭാഷ്യം. ഗ്രാന്‍ഡ് ജംഗ്ഷനില്‍ നിന്ന് ഷയാനിലേക്ക് പുവേബ്ലോ വഴിയാണ് ജോ യാത്ര ചെയ്തതെന്ന് പോലീസ് സ്ഥാപിച്ചു. മാധ്യമങ്ങളും അത് ഏറ്റുപിടിച്ചതോടെ ജോ പ്രതിയാണെന്ന് ജനങ്ങളും വിശ്വസിച്ചു.
ജോയ്ക്കെതിരേയുള്ള നിയമനടപടികളുമായി മുന്നോട്ട് പോകവെയാണ് പുവേബ്ലോ പോലീസ് മറ്റൊരു പ്രതിയെ അറസ്റ്റ് ചെയ്ത വിവരം പോലീസ് ഉദ്യോഗസ്ഥനായ ജോര്‍ജ്ജ് കരോള്‍ മനസ്സിലാക്കുന്നത്. ഡ്രെയിന്‍ കുടുംബത്തിലെ മുന്‍ജീവനക്കാരനായിരുന്ന ഫ്രാങ്ക് അഗ്യൂലറായിരുന്നു ആ പ്രതി. മെക്സികോയില്‍ നിന്ന് ജോലി തേടി അമേരിക്കയിലെത്തിയതായിരുന്നു ഫ്രാങ്ക് അഗ്യൂലര്. കൊലപാതകത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഫ്രാങ്ക് അഗ്യൂലറെ ഡൊറോത്തിയുടെ പിതാവ് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടത്. കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് പറയപ്പെടുത്ത മഴുവും പോലീസ് ഫാങ്ക് അഗ്യൂലറുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഈ സംഭവങ്ങള്‍ അറിഞ്ഞ ജോര്‍ജ്ജ് കരോള്‍ മറ്റൊരു വാദവുമായി മുന്നോട്ട് വന്നു. ജോ ഒരുപാട് തവണ തന്നോട് കുറ്റം സമ്മതിച്ചുവെന്നും ഫ്രാങ്ക് എന്ന വ്യക്തി കുറ്റകൃത്യത്തില്‍ തന്റെ പങ്കാളിയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നുവെന്നുമായിരുന്നു ജോര്‍ജ്ജ് കരോള്‍ അവകാശപ്പെട്ടത്. എന്നാല്‍ പോലീസിനോട് ഡൊറോത്തിയുടെ കൊലപാതകത്തില്‍ കുറ്റം ഏറ്റുപറഞ്ഞ ഫ്രാങ്ക് അഗ്യൂലര് ജോയെ അറിയില്ലെന്നും ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നുമാണ് പറഞ്ഞത്. എന്നാല്‍ അത് മുഖവിലക്കെടുക്കാന്‍ ജോര്‍ജ്ജ് കരോളും അദ്ദേഹത്തിന്റെ സംഘവും തയ്യാറായില്ല.
ഒടുവില്‍ കേസ് വിചാരണയ്ക്ക് എടുത്തപ്പോള്‍, ജോയുടെ അഭിഭാഷകന് തന്റെ കക്ഷി ബൗദ്ധിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് വാദിച്ചു. കൂടാതെ ജോയെ പരിശോധിച്ച മൂന്ന് മനഃശാസ്ത്ര വിദഗ്ധര്‍ അഭിഭാഷകന്റെ വാദത്തെ അടിവരയിടുന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ജോയുടെ ഐ.ക്യു 46 ആണെന്നും ഒരു ആറ് വയസ്സുകാരന്റെ മാനസിക വളര്‍ച്ച മാത്രമാണുള്ളതെന്നും ശരിയും തെറ്റും തിരിച്ചറിയാന്‍ സാധിക്കില്ലെന്നും ക്രിമിനല്‍ ഉദ്ദേശ്യത്തോടെ ഒരു പ്രവൃത്തിയും ചെയ്യാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും റിപ്പോര്‍ട്ട് ഉദ്ധരിച്ച് അഭിഭാഷകര്‍ വാദിച്ചു.
.jpg?$p=e291388&&q=0.8)
അക്കാലത്ത് ശിക്ഷ വിധിക്കാന്‍ തെളിവുകളേക്കാള്‍ പ്രതിയുടെ കുറ്റസമ്മതം മാത്രം മതിയായിരുന്നു. പോലീസിനെ കണ്ട് ഭയപ്പെടുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് ജോ ചോദ്യം ചെയ്യലിന് ഹാജരായത്. പോലീസ് അവന്റെ മാനസികാവസ്ഥയെ പരമാവധി ചൂഷണം ചെയ്ത് കുറ്റം സമ്മതിപ്പിച്ചു. ഒരു വലിയ വാചകം തെറ്റുകൂടാതെയോ മുറിയാതെയോ സംസാരിക്കാന്‍ ജോയ്ക്ക് കഴിയുമായിരുന്നില്ല. നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവും അദ്ദേഹത്തിനില്ലായിരുന്നു. എഴുത്തും വായനയും അറിയാത്തതിനാല്‍ കുറ്റം ഏറ്റുപറഞ്ഞുകൊണ്ടുള്ള സാക്ഷ്യപത്രം എഴുതിയത് ജോ ആയിരുന്നില്ല. അദ്ദേഹത്തിന് പകരം പോലീസുകാര്‍ നിറംപിടിപ്പിച്ച കഥകള്‍ എഴുതിപിടിപ്പിച്ചു. കൊല്ലപ്പെട്ട ഡൊറോത്തിയെയും സഹോദരിയെയും താന്‍ ബേസ് ബോള്‍ ബാറ്റുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു സാക്ഷ്യപത്രത്തില്‍ എഴുതിയിരുന്നത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ടാണ് ഡ്രയിന്‍ സഹോദരിമാര്‍ക്ക് പരിക്കേറ്റതെന്നും മരംകൊണ്ടുള്ള ബേസ്ബോള്‍ ബാറ്റ് കൊണ്ടു പ്രഹരമേറ്റാല്‍ ഇത്തരത്തിലുള്ള പരിക്ക് സംഭവിക്കില്ലെന്നും ഫോറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ജോയ്ക്കെതിരേ പോലീസ് മുന്നോട്ടുവച്ച സാഹചര്യ തെളിവുകള്‍ക്കപ്പുറം ശാസ്ത്രീയമായ തെളിവുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രവുമല്ല ഡൊറോത്തിയുടെ സഹോദരി ബാര്‍ബറ ഫ്രാങ്ക് അഗ്യൂലറിനെ മാത്രമേ തിരിച്ചറിഞ്ഞുള്ളൂ. അവര്‍ നല്കിയ മൊഴിയിലും ജോയുടെ പേരുണ്ടായിരുന്നില്ല. ഇത്രയേറെ ഘടകങ്ങള്‍ വ്യക്തമായിരുന്നിട്ട് കൂടി പ്രതിയുടെ കുറ്റസമ്മതം മാത്രം കണക്കിലെടുത്ത് കോടതി ജോയ്ക്ക് വധശിക്ഷ വിധിച്ചു. ഫ്രാങ്ക് അഗ്യൂലാറിനും സമാനമായ ശിക്ഷ നല്കി.
ഗെയില്‍ എല്‍. അയര്‍ലന്‍ഡിന്റെ രംഗപ്രവേശം
ശിക്ഷ വിധിക്കപ്പെട്ട് ജോ ജയില്‍വാസം അനുഭവിക്കുന്ന കാലത്താണ് ഗെയില്‍ എല്‍. അയര്‍ലന്‍ഡ് എന്ന അഭിഭാഷകന്റെ രംഗപ്രവേശം. ജോയ്ക്ക് വേണ്ടി ഗെയില്‍ ശക്തമായി വാദിച്ചു. വധശിക്ഷ റദ്ദാക്കാന്‍ നിരന്തരം അപ്പീലുകള്‍ നല്കിക്കൊണ്ടേയിരുന്നു. കൊലപാതകം ഒറ്റയ്ക്ക് ചെയ്തതാണെന്ന് ഫ്രാങ്ക് അഗ്യൂലാര്‍ മൊഴി നല്‍കിയത് നീതിപീഠത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഗെയില്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ജോയുടെ പരിമിതികളെക്കുറിച്ച് മെഡിക്കല്‍ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നതിന് ഗെയില്‍ മുന്‍കൈ എടുത്തു. വധശിക്ഷ എന്ന് പറഞ്ഞാല്‍ എന്താണെന്ന് പോലും ജോയ്ക്ക് അറിയില്ലെന്നും ബൗദ്ധിക വെല്ലുവിളി നേരിടുന്ന ഒരാള്‍ക്ക് നല്‍കേണ്ട എല്ലാ പരിഗണനയും നല്‍കണമെന്നും ഗെയില്‍ കോടതിയില്‍ ശക്തമായി വാദിച്ചു. വധശിക്ഷ റദ്ദാക്കാനുള്ള അപ്പീല്‍ നല്കവേ കൊളറാഡോ സുപ്രീംകോടതിയില്‍ അന്ന് ഗെയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു, 'എന്നെ വിശ്വസിക്കൂ, അവനെ വിഷവാതക ചേംബറിലേക്ക് വിട്ടുകൊടുക്കുന്ന നിമിഷം മുതല്‍ കൊളറാഡോ മുഴുവന്‍ നാണക്കേടില്‍ ജീവിക്കേണ്ടിവരും.'
പക്ഷേ ഗെയിലിന്റെ വാദങ്ങള്‍ക്ക് ജോയെ രക്ഷിക്കാനായില്ല. വധശിക്ഷയ്ക്ക് ഒന്‍പത് തവണ സ്റ്റേ വാങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചുവെങ്കിലും ജോയുടെ വധശിക്ഷ നടപ്പിലാക്കാൻ തന്നെയായിരുന്നു ഔദ്യോഗിക തീരുമാനം. ചെയ്ത തെറ്റ് എന്താണെന്നും കൊളറാഡോ പെനിടെന്ഷറിയില് തന്നെ പാര്‍പ്പിച്ചിരിക്കുന്നത് എന്തിനാണെന്നും ജോയ്ക്ക് മനസ്സിലായിരുന്നില്ല അവന് ആരോടും അത് ചോദിച്ചതുമില്ല. തടവില്‍ പാര്‍ക്കുമ്പോഴും ജോ അതീവസന്തോഷവാനായിരുന്നു. നിഷ്കളങ്കമായ ആ ചിരി മുഖത്ത് തുടര്‍ന്നു. മരണം കാത്തുകിടക്കുന്ന സന്തോഷവാനായ തടവുകാരന് (The happiest prisoner on death row), എന്നാണ് ജയില്‍ വാര്‍ഡനായ റോയ് ബെസ്റ്റ് ജോയെ വിശേഷിപ്പിച്ചത്.
അവനിലെ ആറ് വയസ്സുകാരനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി റോയ് ബെസ്റ്റ് കളിപ്പാട്ടങ്ങള്‍ സമ്മാനമായി നല്കി. ടോയ് ട്രെയിനായിരുന്നു അവയില്‍ അവന് ഏറ്റവും പ്രിയപ്പെട്ടത്. മരണം തൊട്ടടുത്ത് എത്തിയതിന്റെ ആശങ്കകളൊന്നുമില്ലാതെ ഒട്ടുമിക്ക സമയങ്ങളിലും സെല്ലിലെ തറയില്‍ ഇരുന്ന് അവന് ട്രെയിന്‍ ഓടിച്ച് കളിക്കുമായിരുന്നുവെന്ന് പിന്നീട് ജയില്‍ വാര്ഡന് വെളിപ്പെടുത്തിയിട്ടുണ്ട്. ജയിലിലെ അന്തേവാസികളാലും ഉദ്യോഗസ്ഥരാലും ജോ അത്രമേല്‍ സ്നേഹിക്കപ്പെട്ടു. ഒരുപക്ഷേ കഠിനമായ ജീവിതത്തില്‍ ജോ ഏറ്റവും സന്തോഷിച്ചത് മരണത്തിന് തൊട്ടുമുന്‍പുള്ള ജയിലിലെ ആ മൂന്ന് വര്‍ഷങ്ങളായിരിക്കാം. അതിനിടെ ജോയുടെ ശിക്ഷ ഇളവ് ചെയ്യണമെന്ന് റോയ് ബെസ്റ്റ് കൊളറാഡോ ഗവര്‍ണറായിരുന്ന ടെല്ലര്‍ അമ്മോണ്സിനോട് അപേക്ഷിച്ചു. എന്നാല്‍ അവന്റെ ശിക്ഷ ഇളവ് ചെയ്യാനോ മാപ്പ് നല്‍കാനോ അമ്മോണ്സും തയ്യാറിയില്ല. ജോയ്ക്കൊപ്പം പ്രതിയായ ഫ്രാങ്ക് അഗ്യൂലറിന്റെ വധശിക്ഷ 1937 ല്‍ നടപ്പാക്കി.
ഒടുവില്‍ ഗ്യാസ് ചേംബറിലേക്ക്
.jpg?$p=d64a5f4&&q=0.8)
1939 ജനുവരി 6, ജോയുടെ വധശിക്ഷ നടപ്പാകേണ്ട ദിനം വന്നെത്തി. പതിവുപോലെ ഉന്മേഷവാനായി എഴുന്നേറ്റ ജോ പ്രഭാതകൃത്യങ്ങളെല്ലാം പൂര്‍ത്തിയാക്കി ടോയ് ട്രെയിന്‍ കളികളില്‍ മുഴുകി. വൈകുന്നേരമായപ്പോഴേക്കും നടപടികളെല്ലാം പൂര്‍ത്തിയാക്കി ഗ്യാസ് ചേംബറിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ജയില്‍ അധികൃതര്‍ അവന്റെ സെല്ലിലെത്തി. അവസാനമായി എന്താണ് കഴിക്കാന്‍ വേണ്ടത് എന്ന് ചോദ്യത്തിന്, ഐസ്ക്രീം എന്നായിരുന്നു അവന്റെ മറുപടി. വധശിക്ഷയെക്കുറിച്ച് ചോദിച്ചപ്പോള്‍, ജോ അതെന്താണെന്ന് അറിയാതെ പകച്ചുനിന്നു. ഗ്യാസ് ചേംബറിന്റെ അര്‍ഥം എന്താണെന്ന് പോലും അവന് അറിയുമായിരുന്നില്ല. 'ഇല്ല, ഇല്ല, ജോ മരിക്കില്ല.' എന്ന് അവന് വാര്‍ഡനോട് പറഞ്ഞു. തന്റെ പ്രിയപ്പെട്ട ടോയ് ട്രെയിനുകളെല്ലാം സഹതടവുകാരന് സമ്മാനമായി നല്‍കിയാണ് അവന് മരണത്തിലേക്ക് നടന്നത്.
ഐസ്ക്രീം മുഴുവന്‍ കഴിച്ചിട്ടില്ലെന്നും ബാക്കിയുള്ളത് റഫ്രിജറേറ്ററില്‍ വച്ചാല്‍ പിന്നീട് കഴിക്കാമെന്നും ജോ വാര്‍ഡനോട് അഭ്യര്‍ഥിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഗ്യാസ് ചേംബറിലേക്ക് കൊണ്ടുപോകുമ്പോള്‍ അവന് പുഞ്ചിരിച്ചു. ഒരു നിമിഷം പരിഭ്രാന്തനായപ്പോള്‍ വാര്ഡന് അവന്റെ കൈ പിടിച്ച് ആശ്വസിപ്പിച്ചു. ഈ സമയമെല്ലാം വാര്ഡന് കരയുകയായിരുന്നു. ഗ്യാസ് ചേംബറിലേക്ക് വളരെ ശാന്തനായി ചെറുപുഞ്ചരിയോടെ പ്രവേശിച്ച് അവിടുത്തെ കസേരയില്‍ ബന്ധിക്കപ്പെട്ട ജോ പതിയെ മരണത്തെ പുല്കി. സഹതടവുകാരും ജയില്‍ അധികൃതരും ഹൃദയഭാരത്തോടെയാണ് ഈ മുഹൂര്‍ത്തത്തിന് സാക്ഷിയായത്. ഗ്യാസ് ചേംബറിന് പുറത്തെടുത്ത ജോയുടെ മൃതദേഹം കണ്ടപ്പോള്‍ അവര്‍ക്ക് സങ്കടം സഹിക്കാനായില്ല. കനോണ്‍ സിറ്റിയിലെ ഗ്രീന്‍വുഡ് സെമിത്തേരിയില്‍ ജോയുടെ മൃതദേഹം സംസ്കരിച്ചു.
ജോ അറിഡിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്
1991 വരെ ജോ അറിഡി പേര് വിസ്മൃതിയിലാണ്ടു. അമേരിക്കന്‍ എഴുത്തുകാരനായ റോബര്‍ട്ട് പെര്സ്കേ ജോയുടെ ജീവിതത്തെ ആസ്പദമാക്കി 'ഡെഡ്ലി ഇന്നസെന്റ്' എന്ന പുസ്തകം എഴുതുന്നതുവരെ. ഭിന്നശേഷിക്കാര്‍ക്ക്, പ്രത്യേകിച്ച് ബൗദ്ധിക വെല്ലുവിളി അനുഭവിക്കുന്നവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണ് പെര്സ്കേ. അമേരിക്കന്‍ എഴുത്തുകാരിയായ മാര്‍ഗരീറ്റ് യംങിന്റെ മോര്‍ഡറേറ്റ് ഫാബിള്‍ (1944) എന്ന കൃതിയിലെ ഒരു കവിതയാണ് പെര്സ്കേയ്ക്ക് പുസ്തകമെഴുതാന്‍ പ്രചോദനമായത്. ജോയെ വധശിക്ഷയ്ക്ക് വിധേയമാക്കുമ്പോള്‍ ജയില്‍ വാര്‍ഡന്റെ തകര്‍ന്ന മാനസികാവസ്ഥ വിവരിക്കുകയാണ് ഈ കവിതയിലൂടെ മാര്‍ഗരീറ്റ് യങ്.
'The man you kill tonight is six years old, He has no idea why he dies.' ഇന്ന് രാത്രി നിങ്ങള്‍ കൊല്ലുന്ന ആ മനുഷ്യന് ഒരു ആറ് വയസ്സുകാരനാണ്, അവന് അറിഞ്ഞുകൂടാ, എന്തിനാണ് താന്‍ മരിക്കുന്നതെന്ന്- കവിതയിലെ ഈ വാചകങ്ങള്‍ പെര്സ്കേയുടെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ചു. തുടര്‍ന്നാണ് പെര്സ്കേയുടെ തൂലികയില്‍ നിന്ന് ഡെഡ്ലി ഇന്നസെന്റ് പിറവിയെടുക്കുന്നത്. ഈ പുസ്കതം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. മാനസിക വൈകല്യമുള്ള കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് യു.എസ് സുപ്രീം കോടതി 2002ലാണ് വിധിക്കുന്നത്. ഡൊറോത്തിയുടെ കേസ് പുനഃപരിശോധിക്കണെന്നും ജോയ്ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഫ്രണ്ടസ് ഓഫ് ജോ അറിഡി എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ കാമ്പയിന് ആരംഭിച്ചു. ജോയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ഗെയില്‍ എല്‍. അയര്‍ലന്‍ഡിന്റെ പേരക്കുട്ടി ടെറി ബ്രാഡിറ്റും ഈ സംഘത്തിലുണ്ടായിരുന്നു. തന്റെ മുത്തച്ഛന് ജോയ്ക്ക് വേണ്ടി നടത്തിയ പോരാട്ടത്തെക്കുറിച്ച് ടെറി ബ്രാഡിറ്റ് അറിയുന്നത് അമ്മയില്‍ (ഗെയില്‍ എല്‍. അയര്‍ലന്‍ഡിന്റെ മകള്‍) നിന്നാണ്. മുത്തച്ഛനെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്നും ജോയുടെ മരണശേഷമാണെങ്കിലും അദ്ദേഹം തുടങ്ങി വച്ച പോരാട്ടം തങ്ങള്‍ക്ക് പൂര്‍ത്തിയാക്കണമെന്നുമാണ് ടെറി ബ്രാഡിറ്റ് പറഞ്ഞത്.
ചരിത്ര മാപ്പ്
ജോയുടെ നിരപരാധിത്വം അംഗീകരിക്കണമെന്നും അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയില്‍ പതിറ്റാണ്ടുകളായി അവശേഷിക്കുന്ന കളങ്കം മായ്ച്ചുകളയണമെന്നും ആവശ്യപ്പെട്ട് ശക്തമായ കാമ്പയിനാണ് ഫ്രണ്ടസ് ഓഫ് ജോ അറിഡി പ്രവര്‍ത്തകര്‍ നയിച്ചത്. ജോയുടെ കേസിനെക്കുറിച്ച് വര്‍ഷങ്ങളോളം ഗവേഷണം നടത്തിയ പ്രാദേശിക അറ്റോര്‍ണി ഡേവിഡ് എ മാര്‍ട്ടിനെസ് ഗവര്‍ണര്‍ക്ക് ഈ വിഷയം ഉന്നയിച്ച് അപേക്ഷ സമര്‍പ്പിച്ചു. അതില്‍ ഉന്നയിച്ച പ്രധാന വസ്തുതകള്‍ ഇങ്ങനെയായിരുന്നു. ഡൊറോത്തിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഭീതിയില്‍ ജനങ്ങളുടെയും അധികൃതരുടെയും കണ്ണില്‍ പൊടിയിടാനാണ് ഷെരീഫ് ജോര്‍ജ്ജ് കരോള്‍ ജോയെ പ്രതിയാക്കിയത്. ബൗദ്ധിക വെല്ലുവിളി നേരിടുന്ന ജോയ്ക്ക് കുറ്റം സമ്മതിക്കാനോ നിഷേധിക്കാനോ ഉളള തിരിച്ചറിവില്ല. കൊലപാതകം നടക്കുന്ന സമയത്ത് ജോ പ്യൂബ്ലോയില്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞത് പോലീസ് കെട്ടിച്ചമച്ച കഥയാണ്. കേസിലെ പ്രതിയായിരുന്ന ഫ്രാങ്ക് അഗ്യൂലാര്‍ ജോയെ അറിയില്ലെന്ന് പറഞ്ഞിട്ടും അത് മുഖവിലയ്ക്കെടുക്കാതെ ജോയുടെ കുറ്റസമ്മതത്തില്‍ മാത്രം ഊന്നിയ വധശിക്ഷ.
ജനുവരി 7, 2011. കൊളറാഡോ ഗവര്‍ണര്‍ ബില്‍ റിറ്റര്‍, ജോയ്ക്ക് പൂര്‍ണവും നിരുപാധികവുമായ മരണാനന്തര മാപ്പ് നല്കി. ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പിലെ പ്രസ്താവന ഇങ്ങനെയായിരുന്നു.
'തെളിവുകള്‍ സൂചിപ്പിക്കുന്നത് 23-കാരനായ ജോ അറിഡി നിരപരാധിയാണെന്നാണ്. വ്യാജവും നിര്‍ബന്ധിതവുമായ കുറ്റസമ്മതം ഉള്‍പ്പെടെ ഒട്ടേറെ തെറ്റുകള്‍ ഈ കേസില്‍ സംഭവിച്ചിട്ടുണ്ട്. കൊല്ലപ്പെടുന്ന സമയത്ത് ജോ അറിഡി പുവേബ്ലോയില് ഇല്ലായിരുന്നു. ഐക്യു 46 മാത്രം ഉണ്ടായിരുന്ന അദ്ദേഹത്തിന് ഒരു കൊച്ചുകുട്ടിയുടെ മാനസിക വളര്‍ച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരണാനന്തര മാപ്പ് നല്‍കുന്നത് അസാധാരണമായ പ്രതിവിധിയാണ്. ജോ അറിഡി വധശിക്ഷ ഏറ്റുവാങ്ങിയ കുറ്റത്തിന് നിരപരാധിയായിരുന്നു. വിചാരണയും വധശിക്ഷയും നടക്കുന്ന സമയത്തെ അദ്ദേഹത്തിന്റെ മാനസികനിലയെ പരിഗണിക്കാതിരുന്നത് വലിയ വീഴ്ചയാണ്.
.jpg?$p=1e1d396&&q=0.8)
ജോ അറിഡിയ്ക്ക് മാപ്പ് നല്‍കുന്നതിലൂടെ കൊളറാഡോയുടെ ചരിത്രത്തിലെ ഈ തെറ്റ് മായ്ച്ചുകളയാന്‍ സാധിക്കുകയില്ല. എന്നിരുന്നാലും ജോയുടെ സത്പേര് പുനഃസ്ഥാപിക്കുക എന്നത് നീതിയുടെയും ലളിതമായ മാന്യതയുടെയും അടയാളമാണ്.'
ഗ്രീന്‍വുഡിലെ സെമിത്തേരിയില്‍ ജോയെ അടക്കിയ കല്ലറയ്ക്ക് സമീപം ഫ്രണ്ട്സ് ഓഫ് ജോ അറിഡിയുടെ നേതൃത്വത്തില്‍ മാര്‍ബിളില്‍ തീര്‍ത്ത ഒരു സ്മാരക ശില സ്ഥാപിച്ചിട്ടുണ്ട്. ഒരു ട്രെയിനുമായി കളിക്കുന്ന ജോയുടെ ചിത്രം ആലേഖനം ചെയ്തിട്ടുളള കല്ലില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു.
''ഇതാ ഇവിടെ ഒരു നിരപരാധിയായ മനുഷ്യന് കിടക്കുന്നു''
Content Highlights: Joe Arridy tragic story of the Happiest Man on Death Row, US Judicial system
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..