രഘുവരൻനായർ
തിരുവല്ലം: രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററില്‍ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരുകോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. നേമം പള്ളിച്ചല്‍ ഭഗവതിനട ശിവാലയക്കോണം ഇന്ദുഭവനില്‍ രഘുവരന്‍നായരെ(65) യാണ് തിരുവല്ലം പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ റിമാന്‍ഡു ചെയ്തു. മൂന്നുവര്‍ഷം മുമ്പ് പൗഡിക്കോണം സ്വദേശികളായ രണ്ടുപേരില്‍നിന്നായി രണ്ടരലക്ഷം രൂപ വീതം കബളിപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നൂറുകണക്കിനു പേരെയാണ് ഇയാള്‍ പറ്റിച്ചതെന്ന് പോലീസ് പറഞ്ഞു.
ആരോഗ്യവകുപ്പിലെ പ്യൂണ്‍ തസ്തികയില്‍നിന്ന് വിരമിച്ചശേഷമാണ് ഇയാള്‍ തട്ടിപ്പു തുടങ്ങിയത്. താന്‍ ഫുഡ് ഇന്‍സ്‌പെക്ടറായിരുന്നെന്നും രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലെ ഉദ്യോഗസ്ഥരെ അറിയാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പു നടത്തിയത്.
രണ്ടുലക്ഷം മുതല്‍ 10 ലക്ഷം രൂപവരെയാണ് ഓരോരുത്തരും ജോലിക്കുവേണ്ടി നല്‍കിയത്. ഇതിനായി അവരുടെ വീട്ടിലെത്തി ബന്ധുക്കളുമായി ചര്‍ച്ചചെയ്തശേഷം പണം വാങ്ങുന്നതിനുള്ള കരാര്‍രേഖയും എഴുതിക്കൊടുക്കും. തുടര്‍ന്ന് ആ സ്ഥലത്തുനിന്ന് കടന്നുകളയുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു.
പണം നല്‍കുന്നവരുടെ തസ്തികയ്ക്കനുസരിച്ചുള്ള പരീക്ഷയുടെ ചോദ്യപ്പേപ്പറും അതിന്റെ ഉത്തരമടങ്ങിയ പേപ്പറും നല്‍കുമെന്നാണ് ഇയാള്‍ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്. പണം നഷ്ടപ്പെട്ടവരുടെ എണ്ണം കൂടിയതോടെയാണ് പോലീസ് അന്വേഷണമാരംഭിച്ചത്.
ജില്ലയില്‍ തിരുവല്ലം, പൂജപ്പുര, നേമം, വലിയതുറ, നെയ്യാറ്റിന്‍കര എന്നീ സ്റ്റേഷനുകളിലും കേസുകളുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ അറിയിച്ചു. ഫോര്‍ട്ട് എ.സി.പി. ഷാജിയുടെ നേതൃത്വത്തില്‍ തിരുവല്ലം ഇന്‍സ്‌പെക്ടര്‍ സുരേഷ് വി.നായര്‍, എസ്.ഐ.മാരായ ബിപിന്‍ പ്രകാശ്, വൈശാഖ്, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രിയദേവ്, സുഭാഷ്, പോലീസുകാരായ രാജേഷ് ബാബു, സുജിത് ലാല്‍, രാജീവ് കുമാര്‍, അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..