ഇന്ദു, ശ്രീകുമാർ
ചേർത്തല: ജോലി വാഗ്ദാനംചെയ്തു തട്ടിപ്പു നടത്തിയ കേസിൽ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം ജെ.എം. അപ്പാർട്ടുമെന്റിൽ രണ്ട് ഡി ഫ്ളാറ്റിൽ ഇന്ദു (സാറ -35), ചേർത്തല നഗരസഭ 34-ാം വാർഡ് മന്നനാട്ട് വീട്ടിൽ ശ്രീകുമാർ (53) എന്നിവരെയാണു ചേർത്തല പോലീസ് അറസ്റ്റുചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങളിലും മാനേജ്മെന്റ് സ്കൂളുകളിലും ജോലി വാഗ്ദാനംചെയ്ത് കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായാണു പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്.
ഇതുവരെ 38-ഓളം പരാതികളാണ് ഇവർക്കെതിരേ ചേർത്തല പോലീസിനു ലഭിച്ചത്. ചേർത്തലയിലെയും ആലപ്പുഴയിലെയും മുതിർന്ന രാഷ്ട്രീയ നേതാക്കളടക്കമാണു തട്ടിപ്പിനിരയായത്. വിവാഹത്തിലൂടെ ആലപ്പുഴ കലവൂരിലെത്തിയ സാറയെന്നു വിളിക്കുന്ന ഇന്ദുവാണു തട്ടിപ്പിലെ മുഖ്യ സൂത്രധാരയെന്നാണ് പോലീസ് പറയുന്നത്. ഇവർക്കെതിരേ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ രണ്ടു സാമ്പത്തിക വഞ്ചനക്കേസുകൾ നിലവിലുണ്ട്. വയനാട് അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ ഒൻപതു പേരിൽ നിന്നായി 18 ലക്ഷം തട്ടിയതായ പരാതിയും ഉണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡുചെയ്തു.
യുവതിയുമായി നേരിട്ടു ബന്ധമുള്ളയാളാണു ചേർത്തല സ്വദേശി ശ്രീകുമാർ. വർഷങ്ങൾക്കുമുൻപ് താലൂക്കിൽ ആർ.എസ്.എസ്. നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന ഇയാൾവഴിയാണു തട്ടിപ്പിനിരയായവർ യുവതിക്കു പണം നൽകിയതെന്നാണ് പോലീസ് പറയുന്നത്. യുവതി തന്റെ മക്കൾക്കു ജോലി നൽകാമെന്നുപറഞ്ഞ് 5.15 ലക്ഷം തട്ടിയെന്നുകാട്ടി ശ്രീകുമാറും പോലീസിനു പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ദു പിടിയിലായത്.
ചോദ്യം ചെയ്യലിൽ ശ്രീകുമാറിനും തട്ടിപ്പുമായി ബന്ധമുണ്ടെന്നു വെളിപ്പെടുത്തലുണ്ടായതോടെയാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ ജാമ്യത്തിൽ വിട്ടു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഹോംകോയിലെയും മാനേജ്മെന്റ് സ്കൂളുകളിലെയും വ്യാജ ലെറ്റർപാഡുകളിൽ പ്രവേശനരേഖയടക്കം ഒരുക്കിയും ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഇ -മെയിൽ വിലാസം ഒരുക്കിയുമാണ് ഇവർ തട്ടിപ്പു നടത്തിയത്.
ഹോംകോയിൽ പാർട്ടൈം അൺസ്കിൽഡ് ജോലിയാണു വാഗ്ദാനം ചെയ്തിരുന്നത്. ഹോംകോയിലേക്കു മൂന്നുലക്ഷവും സ്കൂളുകളിലേക്കുള്ള നിയമനത്തിന് എട്ടുലക്ഷം വരെയും വാങ്ങിയതായാണു പരാതി. ചേർത്തല ഡിവൈ.എസ്.പി. ടി.ബി. വിജയൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ സി. വിനോദ്കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ. എം.എം. വിൻസെന്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ശ്രീകുമാർ സംഘപരിവാർ സംഘടനകളുടെ യാതൊരു ചുമതലകളും വഹിക്കുന്നില്ലെന്നും ഇയാളുമായോ സാമ്പത്തിക തട്ടിപ്പു കേസുമായോ ആർ.എസ്.എസിനോ സംഘപരിവാർ സംഘടനകൾക്കോ ബന്ധമില്ലെന്നും ആർ.എസ്.എസ്. ജില്ലാ കാര്യകാരി പറഞ്ഞു.
ഇരകളേറെയും രാഷ്ട്രീയ ബന്ധത്തിൽ കുടുങ്ങിയവർ
ചേർത്തല: ജോലി വാഗ്ദാനംചെയ്തു യുവതിയുടെ നേതൃത്വത്തിൽനടന്ന തട്ടിപ്പിൽ ഇരയായവരിൽ ഏറെയും രാഷ്ട്രീയബന്ധമുള്ളവർ. പരാതിനൽകിയ 40 പേരിൽ ഭൂരിഭാഗവും ചേർത്തല, ആലപ്പുഴ മേഖലയിലെ സംഘപരിവാർ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. തട്ടിപ്പിന് ഇരയായവരിൽ ബി.ജെ.പി.യുടെ പ്രമുഖനേതാക്കളും ഉണ്ടെന്നാണു സൂചന.
ഇവർക്കാർക്കും മുഖ്യസൂത്രധാരിയായ ഇന്ദുവുമായി (സാറ) നേരിട്ടുബന്ധമില്ല. രണ്ടാംപ്രതി ശ്രീകുമാർ വഴിയാണ് ഇവരെല്ലാം പണം കൈമാറിയതെന്നാണ് പോലീസിൽ മൊഴി നൽകിയിരിക്കുന്നത്.
വർഷങ്ങൾക്കു മുൻപു സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ചുമതലക്കാരനായിരുന്ന ശ്രീകുമാറിന്റെ ബന്ധത്തിലാണു പണംനൽകിയത്. വർഷങ്ങളായി സംഘടനയുമായി ബന്ധമില്ലെങ്കിലും പഴയ ബന്ധത്തിന്റെ വിശ്വാസത്തിലാണു പലരും പണം നൽകിയത്. മകന് ഇവർവഴി ജോലിയായിട്ടുണ്ടെന്ന ശ്രീകുമാറിന്റെ വാക്കുകളാണ് ഇവരെ കുടുക്കിയത്. 2021 ഏപ്രിൽ മുതലാണു പണം നൽകിത്തുടങ്ങിയത്. ഒക്ടോബറോടെ തട്ടിപ്പു ബോധ്യപ്പെട്ടവർ പണം തിരിച്ചുകിട്ടാൻ ശ്രമംതുടങ്ങിയിരുന്നു. എന്നാൽ, പരാതി നൽകുന്നതിനു ശ്രീകുമാർ നിരുത്സാഹപ്പെടുത്തിയിരുന്നതായും എങ്ങനെയെങ്കിലും പണം തിരികെവാങ്ങി നൽകാമെന്ന ഉറപ്പുനൽകിയിരുന്നുവെന്നും പരാതിക്കാരിൽ ഒരാൾ പറഞ്ഞു. ശ്രീകുമാറിനെയും യുവതി കുരുക്കിയതായാണ് ആരോപണമെങ്കിലും പണമിടപാടുകളെല്ലാം ഇയാൾക്കു വിനയാകുകയായിരുന്നു.
അരങ്ങുവാണ 'മാഡം' ഒടുവിൽ കുടുങ്ങി
ചേർത്തല: സിനിമ സ്റ്റെലിലായിരുന്നു ഇന്ദുവിന്റെ ഇടപെടലുകൾ. ജോലി നൽകാൻ പ്രാപ്തയെന്ന് ഇരകളെ വിശ്വസിപ്പിക്കുന്ന രീതിലുള്ള സാങ്കേതിക ക്രമീകരണങ്ങളെല്ലാം ഒരുക്കിയാണു ശ്രീകുമാർ വഴി ഇന്ദു ഇരകളെ കുടുക്കിയത്. പണം നൽകിയവരിൽ ഭൂരിഭാഗം പേർക്കും ഇവരെ നേരിട്ടറിയില്ലായിരുന്നു. മുൻ കോൺഗ്രസ് മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തിന്റെ മകളാണ് ഇന്ദു. ഈ ബന്ധവും ഇവർ തട്ടിപ്പിനുപയോഗിച്ചിരുന്നു. ശ്രീകുമാറിന്റെ മാഡം വിളികളിൽനിന്നു മാത്രമായിരുന്നു മറ്റുള്ളവർക്കു യുവതിയെ അറിയാമായിരുന്നത്.
പൊതുമേഖല സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള അടുത്തബന്ധവും സ്വാധീനവും തെളിയിക്കാനുള്ള വ്യാജപ്പണികളൊരുക്കിയായിരുന്നു ഇവരുടെ ഇടപെടൽ. തട്ടിപ്പുപണം ഉപയോഗിച്ചു വാങ്ങിയ ആഡംബരക്കാറുകളിലായിരുന്നു യാത്ര. പഴയ തട്ടിപ്പുകേസുകൾ ഒതുക്കിത്തീർക്കുന്നതിനും ആഡംബരത്തിനും ഇവർ പണം ഉപയോഗിച്ചിരുന്നതായും പോലീസിനു വിവരംലഭിച്ചിട്ടുണ്ട്.
കലവൂരിൽ വിവാഹം കഴിച്ചെത്തിയെങ്കിലും തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.
പരാതിക്കാരൻ പ്രതിയായി
ചേർത്തല: ഇന്ദു നടത്തിയ തട്ടിപ്പിൽ രണ്ടാംപ്രതിയായ ചേർത്തല സ്വദേശി ശ്രീകുമാർ കുടുങ്ങിയതു സ്വയം നൽകിയ പരാതിയിലൂടെ. ഇന്ദുവിനെതിരേ ശ്രീകുമാർ കഴിഞ്ഞദിവസം ചേർത്തല പോലീസിൽ പരാതി നൽകിയിരുന്നു.
മക്കളുടെ ജോലിക്കായി 5.15 ലക്ഷം തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ദു പിടിയിലായത്. ഇന്ദുവിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ശ്രീകുമാറിനെയും അറസ്റ്റുചെയ്യുന്നത്. പരാതിക്കാരുടെ മൊഴിയും പണമിടപാടുരേഖകളും ശ്രീകുമാറിനു തിരിച്ചടിയായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..