ജോലി തട്ടിപ്പുനടത്തിയ കേസിലെ പ്രതി ഇന്ദുവിനെ ചേർത്തല കോടതിയിൽനിന്നു പുറത്തേക്കു കൊണ്ടുപോകുന്നു
ചേര്‍ത്തല: ജോലി വാഗ്ദാനംചെയ്തു കോടികളുടെ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി ഇന്ദുവിനെ നാലുദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം വനിതാജയിലിലായിരുന്ന ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിടുകയായിരുന്നു.
ചൊവ്വാഴ്ച തെളിവെടുപ്പു തുടങ്ങും. തട്ടിപ്പിനു സഹായിച്ചവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്. വ്യാജരേഖകളുണ്ടാക്കിയ കംപ്യൂട്ടറും ഫോണും കണ്ടെത്തിയിട്ടില്ല. ഇതിനായി ആലപ്പുഴയിലും തിരുവനന്തപുരത്തും എത്തിച്ച് അന്വേഷണം നടത്തും. ഇതിനുപുറമേ നെയ്യാറ്റിന്‍കരയിലും മ്യൂസിയം പോലീസ് പരിധിയിലും ചേര്‍ത്തല, ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സ്ഥാപനങ്ങളിലും സ്‌കൂളുകളിലും തെളിവെടുപ്പു നടത്തുന്നുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളിലും മാനേജ്മെന്റ് സ്‌കൂളുകളിലും ജോലി വാഗ്ദാനംചെയ്തു തട്ടിപ്പുനടത്തിയ കേസില്‍ തിരുവനന്തപുരം ജെ.എം. അപ്പാര്‍ട്ട്മെന്റില്‍ രണ്ട് ഡി ഫ്‌ളാറ്റില്‍ ഇന്ദു(സാറ-35), ചേര്‍ത്തല നഗരസഭ മന്നനാട്ട് വീട്ടില്‍ ശ്രീകുമാര്‍ (53) എന്നിവരെ കഴിഞ്ഞദിവസമാണ് അറസ്റ്റുചെയ്തത്. മുപ്പത്തിയെട്ടോളം പേരില്‍നിന്നായി മൂന്നുമുതല്‍ എട്ടരലക്ഷം രൂപവരെ വാങ്ങിയായിരുന്നു തട്ടിപ്പ്. ഈ പണം കാറും ആഡംബരസാമഗ്രികളും വാങ്ങുന്നതിനും മുന്‍ പരാതികള്‍ പരിഹരിക്കുന്നതിനുമായി വിനിയോഗിച്ചതായാണു വിവരം.
പരാതികള്‍ അതതു സ്റ്റേഷനില്‍ നല്‍കണമെന്നു പോലീസ്
ഇന്ദുവിനെതിരേയുള്ള പരാതികള്‍ അതതു സ്റ്റേഷനില്‍ത്തന്നെ നല്‍കാനാണു പോലീസ് പറയുന്നത്. കേസിന്റെ തുടര്‍നടപടിക്കും അന്വേഷണത്തിനും ഇതാണു നല്ലതെന്ന നിഗമനത്തിലാണിത്.
ആലപ്പുഴയ്ക്കു പുറമേ തിരുവനന്തപുരം, കോട്ടയം, വയനാട്, എറണാകുളം ജില്ലകളില്‍നിന്നാണു പരാതികളുള്ളത്. എല്ലാം സാമ്പത്തികതട്ടിപ്പു പരാതികളാണ്.
ബന്ധങ്ങള്‍തേടി പോലീസ്
ഇന്ദുവിന്റെ ആലപ്പുഴയിലെയും തിരുവനന്തപുരത്തെയും ബന്ധങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കും. ഇവരുടെ ഭര്‍ത്താവ് കലവൂര്‍ സ്വദേശി ഷാരോണിനെയും ചോദ്യംചെയ്തിരുന്നു. ഇയാളുടെ പണമിടപാടുകളും പരിശോധിക്കുന്നുണ്ട്. ഇരുവരുടെയും അക്കൗണ്ടിലേക്കു പണം എത്തിയതായാണു വിവരം. കൊലക്കേസ് പ്രതിയായ ഇയാള്‍ക്കു തട്ടിപ്പുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും.
ശ്രീകുമാറിനെതിരേയും പരാതികള്‍
തട്ടിപ്പില്‍ ഇടനിലക്കാരനായിരുന്ന ചേര്‍ത്തല സ്വദേശി ശ്രീകുമാറിനെതിരേയും പരാതികളുണ്ട്. ഇയാള്‍ ജോലിചെയ്തിരുന്ന ചേര്‍ത്തലയിലെ സ്ഥാപനത്തിലെ സഹജീവനക്കാരില്‍നിന്നടക്കം പണം തട്ടിയതായാണു പരാതി. കേസില്‍ അറസ്റ്റിലായതോടെ ഇയാളെ പിരിച്ചുവിട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..