സഹീർകുട്ടി
ചാത്തന്നൂര്‍ : പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ജോലി വാഗ്ദാനം ചെയ്ത് 5000 രൂപയുടെ ഏലയ്ക്കയും കുരുമുളകും വാങ്ങി കബളിപ്പിച്ചയാളെ പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
വര്‍ക്കല കുരയ്ക്കണ്ണി ഇറയില്‍ പുരയിടത്തില്‍ സഹീര്‍കുട്ടി (50) ആണ് പിടിയിലായത്. തൃപ്പൂണിത്തുറ സ്വദേശി പുരുഷോത്തമനെയാണ് കബളിപ്പിച്ചത്.
പോലീസ് പറയുന്നത്: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പുരുഷോത്തമനെ പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് സഹീര്‍കുട്ടി ജോലി വാഗ്ദാനം ചെയ്തത്. ഇതിനായി പാരിപ്പള്ളിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. മേല്‍ത്തരം ഏലയ്ക്കയും കുരുമുളകും വാങ്ങിക്കൊണ്ടുവരണമെന്നും അതിന്റെ പണം പാരിപ്പള്ളിയില്‍െവച്ച് നല്‍കാമെന്നും വിശ്വസിപ്പിച്ചു.
തുടര്‍ന്ന് പരവൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പുരുഷോത്തമനോട് സമീപത്തെ പഴക്കടയില്‍ പൊതി ഏല്‍പ്പിച്ചശേഷം ഓട്ടോറിക്ഷയില്‍ പാരിപ്പള്ളിയില്‍ വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് പുരുഷോത്തമന്‍ പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി ജീവനക്കാരോട് സഹീര്‍കുട്ടിയെ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. തിരികെ പരവൂരിലെ പഴക്കടയിലെത്തിയപ്പോള്‍ അവിടെ ഏല്‍പ്പിച്ചിരുന്ന സാധനങ്ങള്‍ ഡോക്ടര്‍ എന്നു പരിചയപ്പെടുത്തിയ ആള്‍ വാങ്ങിക്കൊണ്ടു പോയതായി അറിഞ്ഞു. തുടര്‍ന്ന് പരവൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ വര്‍ക്കലയില്‍നിന്ന് പോലീസ് പിടികൂടി. സമാനസ്വഭാവമുള്ള കേസ് ഇയാളുടെ പേരില്‍ വര്‍ക്കല സ്റ്റേഷനിലുണ്ടെന്ന് പോലീസ് പറഞ്ഞു. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ എ.നിസാര്‍, എസ്.ഐ.മാരായ നിഥിന്‍ നളന്‍, ഷൂജ, എ.എസ്.ഐ. പ്രമോദ്, സി.പി.ഒ.മാരായ ശ്യാംലാല്‍, അനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..