.
1978 നവംബർ 17 ഒരു ഞായറാഴ്ച. ഗയാനയ്ക്ക് സമീപമുള്ള പീപ്പിള്‍സ് ടെംപിൾസ് എന്ന കൾട്ടിന്റെ തലവൻ ജിം ജോൺസ് തന്റെ അനുയായികളോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടുന്നു. ഭൂമിയിലെ പെെശാചിക ശക്തികളുടെ, ശത്രുക്കളുടെ വലയിൽ വീഴാതെ മോക്ഷം. അതായിരുന്നു അയാളുടെ വാഗ്ദാനം. ബാരലുകളിൽ നിറച്ചു വച്ചിരുന്ന സയനൈഡ് കലർത്തിയ പഴച്ചാറുകൾ അനുയായികൾക്ക് മുന്നിൽ നിരത്തി വച്ചു. ആരാധ്യ പുരുഷന്റെ വാക്കുകൾ കേട്ട വിശ്വാസികളിൽ പലർക്കും അത് ദൈവവചനം പോലെ തോന്നിയെങ്കിലും കുറച്ചുപേർ മടിച്ചു നിന്നു. അപ്പോൾ അയാൾ ഇങ്ങനെ പറഞ്ഞു, 'നിങ്ങൾക്ക് മരിക്കാൻ മറ്റു വഴികളില്ല, ഭയപ്പെടേണ്ട, മനുഷ്യത്വരഹിതമായ ലോകത്തിന്റെ അവസ്ഥയിൽ വിപ്ലവകരമായ ആത്മഹത്യയാണ് നമ്മൾ നടത്തുന്നത്.' ആദ്യം സംഘത്തിലെ കുട്ടികളെ കൊല്ലാനായിരുന്നു അയാളുടെ നിർദ്ദേശം. അതിനെതിരേ അയാളുടെ ഭാര്യയടക്കം പ്രതിഷേധിച്ചുവെങ്കിലും മുന്നോട്ട് പോകാനായിരുന്നു തീരുമാനം. ഒടുവിൽ സംഘത്തിലെ ഓരോരുത്തരായി ഹൃദയവേദനയോടെ സ്വന്തം കുഞ്ഞുങ്ങൾക്ക് വിഷം പകർന്നു. മടിച്ച നിന്ന മുതിര്‍ന്നവരെ ബലപ്രയോഗത്തിലൂടെ കീഴടക്കി വായിൽ വിഷം ഒഴിച്ചു നൽകി. ചിലർ സ്വമേധയാ എടുത്തു കുടിച്ചു. തൊള്ളായിരത്തിലേറെ മനുഷ്യരാണ് അന്നവിടെ മരിച്ചുവീണത്.
ആരാണ് ജിം ജോൺസ്
1931 മെയ് 13ന് ഇന്ത്യാനയിലെ ക്രീറ്റിലാണ് ജെയിംസ് വാറൻ ജോൺസ് എന്ന ജിം ജോൺസ് ജനിച്ചത്. ഒന്നാംലോക മഹായുദ്ധത്തിലെ സേനാനിയായിരുന്ന ജെയിംസ് തുർമാൻ, ലിനറ്റ് ജോൺസ് എന്നിവരാണ് മാതാപിതാക്കൾ. യുദ്ധഭൂമിയിൽ നിന്ന് രാസായുധത്താൽ പരിക്കേറ്റ ജെയിംസ് തുർമാന് തന്റെ കുടുംബം നോക്കാൻ പര്യാപ്തമായ വരുമാനം ഉണ്ടായിരുന്നില്ല. 1934ലെ മഹാമാന്ദ്യത്തിൽ രാജ്യം മുഴുവൻ സാമ്പത്തികപ്രതിസന്ധി നേരിടേണ്ടി വന്നതോടെ മുന്‍സൈനികര്‍ക്ക് ലഭിച്ചിരുന്ന പെന്‍ഷനും മുടങ്ങി. സാമ്പത്തിക ബാധ്യതയും വരുമാനമില്ലായ്മയും കടുത്തതോടെ ഒടുവിൽ താമസിച്ചുകൊണ്ടിരുന്ന വീട്ടിൽ നിന്ന് ജെയിംസ് തുർമാനും കുടുംബത്തിനും ഒഴിയേണ്ടി വന്നു. തുടർന്ന് ലിൻ പട്ടണത്തിലേക്ക് മാറി ജീവിതം കരുപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ജെയിംസ് തുർമാനെ വിവിധ രോഗങ്ങൾ പിടിമുറുക്കി. ദാരിദ്യത്തോടൊപ്പം ആരോഗ്യപ്രശ്നങ്ങളും വർധിച്ചതോടെ ജെയിംസിനും ലിനറ്റിനും സ്വന്തം കുട്ടികളെ പരിചരിക്കാനോ ശ്രദ്ധിക്കാനോ സാധിച്ചില്ല. തികച്ചും ഒറ്റപ്പെട്ടാണ് ജിം ജോൺസ് തന്റെ ബാല്യകാലം മുഴുവൻ ചെലവഴിച്ചത്. സ്‌കൂളിൽ പോകാത്ത സമയങ്ങളിലെല്ലാം തെരുവിൽ അവൻ അലഞ്ഞു തിരഞ്ഞു നടന്നു.
മതവിശ്വാസികളായിരുന്നു ജിം ജോൺസിന്റെ കുടുംബം. മാതാപിതാക്കളുടെ പാത പിന്തുടർന്ന് ഞായറാഴ്ച പള്ളിയിൽ പോകുന്നതിൽ ജിം ജോൺസ് മുടക്കം വരുത്തിയിരുന്നില്ല. ഒരു പാസ്റ്ററുടെ ഭാര്യയായിരുന്ന മർട്ടിൽ കെന്നഡി എന്ന സ്ത്രീ ജിം ജോൺസിന് ഒരു ബൈബിൾ നൽകുകയും ആത്മീയ കാര്യങ്ങൾ പഠിക്കാൻ പ്രോത്സാഹിക്കുകയും ചെയ്തു. സ്‌കൂളിൽ പോലും ജിം ജോൺസ് പള്ളിയിൽ ധരിക്കുന്ന വസ്ത്രം ധരിച്ചുകൊണ്ടാണ് പോയിരുന്നത്. ലിൻ പട്ടണത്തിലെ മിക്ക പള്ളികളിലും സംഘടിപ്പിച്ചിരുന്ന പ്രാർഥനകളിലും ശുശ്രൂഷകളിലും അവൻ പങ്കെടുത്തു. നന്നായി പ്രസംഗിക്കാനുള്ള കഴിവ് സ്വായത്തമാക്കിയ ജിം പാസ്റ്റർമാരെ അനുകരിക്കാൻ തുടങ്ങി. നേതൃത്വപാടവം അയാളിലേക്ക് കൂടുതൽ ആളുകളെ ആകർഷിച്ചു.
കാലം മുന്നോട്ട് പോകവേ ആത്മീയ കാര്യങ്ങളിൽ ജിം പുലർത്തിയിരുന്ന നിലപാട് മറ്റുള്ള പല വിശ്വാസികൾക്കും ഉൾക്കൊള്ളാനായില്ല. വളര്‍ത്തുമൃഗങ്ങള്‍ക്കുവേണ്ടി ശവസംസ്‌കാര ചടങ്ങുകൾക്ക് സംഘടിപ്പിച്ച് കാർമികത്വം വഹിച്ചിരുന്നു ജിം ജോൺസ്. ഒരിക്കൽ അത്തരത്തിലുള്ള ഒരു ചടങ്ങ് സംഘടിപ്പിക്കാൻ സ്വന്തം വളർത്തു പൂച്ചയെ ജിം കുത്തിക്കൊന്നുവെന്നുംആരോപണമുണ്ട്. കൂടാതെ പറക്കാനുള്ള കഴിവുണ്ടെന്നും അമാനുഷിക ശക്തികളുണ്ടെന്നും അയാൾ മറ്റുള്ളവരോട് വീമ്പിളക്കി.പറക്കാനാകുമെന്ന് അവകാശപ്പെട്ട് ഒരിക്കൽ കെട്ടിടത്തിൽ നിന്നെടുത്ത് ചാടിയ ജിമ്മിന്റെ കൈ ഒടിഞ്ഞു പരിക്കേറ്റു. നാട്ടുകാർക്ക് മുന്നിൽ അപഹാസ്യനായെങ്കിലും അയാൾ അവകാശ വാദങ്ങൾ അവസാനിപ്പിച്ചതേയില്ല.
മതങ്ങളിൽ മാത്രല്ല, സാമൂഹിക-സാംസ്‌കാരിക-തത്വചിന്തകളിലും ജിമ്മിന് അഭിനിവേശമുണ്ടായിരുന്നു. അഡോൾഫ് ഹിറ്റ്‌ലർ, ജോസഫ് സ്റ്റാലിൻ, കാൾ മാർക്‌സ്, മഹാത്മാഗാന്ധി എന്നീ ലോകനേതാക്കളെ വായനയിലൂടെ മനസ്സിലാക്കിയതോടെ ജിം പുസ്തകങ്ങളുടെ ലോകത്ത് കൂടുതൽ സമയം ചെലവഴിച്ചു. വ്യക്തമായ രാഷ്ട്രീയ നിലപാടുകളൊന്നും ജിമ്മിനുണ്ടായിരുന്നില്ല. എന്നാൽ രണ്ടാം ലോക മഹായുദ്ധകാലമായപ്പോൾ ഹിറ്റ്ലറുടെ നിലപാടുകളോട് ഇയാൾക്ക് ആരാധന തോന്നി. തുടർന്ന് സൗഹൃദകൂട്ടായ്മകളില്‍ ഹിറ്റ്ലറിനെ പുകഴ്ത്താനും സ്വേച്ഛാധിപതിയെപ്പോലെ പെരുമാറാനും തുടങ്ങി. തന്റെ സമപ്രായക്കാർ വിനോദങ്ങളിൽ ഏർപ്പെടുന്നത് ജിമ്മിന് ഇഷ്ടമായിരുന്നില്ല. അവരിൽ പലരെയും പ്രാർഥിക്കാനും ആത്മീയ കാര്യങ്ങളിൽ മുഴുകാനും ജിം നിർബന്ധിക്കുമായിരുന്നു. ജിമ്മിൽ നിന്ന് പലരും അകലം പാലിക്കാനുള്ള പ്രധാനകാരണം ഇവയെല്ലാമായിരുന്നു.
വംശീയക്കെതിരേ നിലപാടെടുത്ത ജിം
എവിടെയും താൻ തോൽക്കുന്നത് ജിമ്മിന് ഇഷ്ടമായിരുന്നില്ല. കായിക മത്സരങ്ങളിൽ അയാൾ പങ്കെടുക്കാൻ വിമുഖത കാണിച്ചത് അതുകൊണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. എന്നാൽ ചെറിയ കുട്ടികളെ ജിം ബേസ് ബോൾ പരിശീലിപ്പിച്ചിരുന്നു. ഒരിക്കൽ ബേസ് ബോൾ ഗെയിമിനിടെ ആഫ്രിക്കൻ അമേരിക്കക്കാർ വിവേചനം അനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജിം വംശീയതയ്ക്കെതിരേ ശക്തമായ നിലപാട് പ്രഖ്യാപിച്ചു. ഇത് ബേസ് ബോൾ കളിക്കാർക്കിടയിൽ ജിമ്മിന്റെ സ്വാധീനം വർധിക്കുന്നതിന് കാരണമായി. എന്നാൽ ഒരിക്കൽ ഒരു നായയെ കളിക്കാരുടെ കൺമുന്നിൽ വച്ച് അയാൾ കെട്ടിടത്തിൽ നിന്ന് താഴെയിട്ട് കൊലപ്പെടുത്തി. അതോടെ ബേസ് ബോൾ ലീഗുകളിൽനിന്ന് ജിമ്മിനെ സംഘാടകർ പൂർണമായും ഒഴിവാക്കി.
പതിനേഴാം വയസ്സിൽ ജിം ഒരു ആശുപത്രിയിൽ സഹായിയായി ജോലിയ്ക്കു കയറി. തുടക്കത്തിൽ സഹപ്രവർത്തകരുടെ ഇഷ്ടം പിടിച്ചുപറ്റിയെങ്കിലും അധികം വൈകാതെ തന്നെ ജിമ്മിന്റെ വിചിത്രമായ സ്വഭാവങ്ങൾ അവരിൽ ആശങ്കയുളവാക്കി. ഈ കാലത്ത് തന്നെയാണ് നഴ്സിംഗ് ട്രെയ്നിയായിരുന്ന മാർസെലിൻ മേ ബാൾഡ്വിന്നുമായി പ്രണയത്തിലാകുന്നത്. ആശുപത്രിയിലെ ജോലി ഉപക്ഷേിച്ച് മെഡിക്കൽ പഠനത്തിനായി ജിം ഇന്ത്യാനയിലെ ബ്ലൂമിംഗ്ടണിലേക്ക്
താമസം മാറി. പഠനകാലത്ത് ജിം കമ്മ്യൂണിസത്തിൽ ആകൃഷ്ടനായി. അമേരിക്കയിൽ കമ്മ്യൂണിസത്തിനെതിരേ കടുത്ത എതിർപ്പ് ഉയർന്നിരുന്ന കാലത്തായിരുന്നു അത്. 1949 ൽ ബാൾഡ്വിന്നിനെ ജിം വിവാഹം കഴിച്ചു. ഇന്ത്യനാ പോളിസിലേക്ക് താമസം മാറിയ ജിമ്മിന്റെയും ബോൾഡ്വിന്നിന്റെയും ജീവിതം തുടക്കത്തിൽ സന്തോഷകരമായിരുന്നുവെങ്കിലും പോകെ പോകെ വിശ്വാസത്തിന്റെ പേരിൽ വഴക്കടിച്ചു. മെത്തേഡിസറ്റ് സഭാ വിശ്വാസിയായിരുന്നു ബാൾഡ്വിൻ. അതിൽ നിന്ന് വിട്ടുനിൽക്കണമെന്നായിരുന്നു ജിമ്മിന്റെ ആവശ്യം. മെഡിക്കൽ പഠനം ഉപേക്ഷിച്ച് സെക്കന്‍ഡറി വിദ്യാഭ്യാസത്തിൽ ബിരുദമെടുത്ത ജിം കമ്മ്യൂണിസ്റ്റ് പാർട്ടിയായ ഓഫ് യു.എസ്.എയുടെ യോഗങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ഇതിന്റെ പേരിൽ സർക്കാറിൽ നിന്ന് ജിമ്മിന്റെ കുടുംബത്തിന് പീഡനം നേരിടേണ്ടി വന്നുവെന്നാണ് പറയപ്പെടുന്നത്. കമ്മ്യൂണിസവും മതവിശ്വാസവും തമ്മിലുള്ള ഒരു സംഘട്ടനം ജിമ്മിന്റെ മനസ്സിൽ നടക്കുന്നതിനാൽ അസ്ഥിരമായിരുന്നു ജിമ്മിന്റെ പ്രവൃത്തികളെല്ലാം.
1952ന്റെ തുടക്കത്തിൽ, ജിം കുടുംബത്തോടെ താൻ ഒരു മെത്തഡിസ്റ്റ് ശുശ്രൂഷകനാകുമെന്ന് പ്രഖ്യാപിച്ചു. വേനൽ അവധികളിൽ കുട്ടികളെ പഠിപ്പിക്കാൻ സോമർസെറ്റ് സൗത്ത്സൈഡ് മെത്തഡിസ്റ്റ് പള്ളിയിലെ പാസ്റ്ററായി ജിമ്മിന് നിയമനവും ലഭിച്ചു. എന്നാൽ അതേ സമയം തന്നെ ജിം പെന്തക്കോസ്ത് പള്ളികൾ സന്ദർശിക്കുകയും പ്രസംഗിക്കുകയും ചെയ്തു. 1954 ൽ പള്ളിയിലെ പണം മോഷ്ടിച്ചതിന് പുറത്താക്കി. താൻ മോഷ്ടിച്ചിട്ടില്ലെന്നും കറുത്ത വർഗക്കാരെ സഭയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചതിനാണ് തന്നെ പുറത്താക്കിയത് എന്നാണ് ജിം പറഞ്ഞത്. തുടർന്ന് ഇന്ത്യാനയിലെ ഒരു പെന്തക്കോസ്ത് ലാറ്റർ റെയിൻ കൺവെൻഷൻ സന്ദർശിച്ചു. അവിടെയുള്ളവർ ജിമ്മിന് സ്‌നേഹോഷ്മളമായ സ്വീകരണമാണ് നൽകിയത്. ഇയാളെ ജനങ്ങൾക്ക് മുന്നിൽ അത്ഭുത സിദ്ധികളുള്ള ശുശ്രൂഷകനായാണ് അവതരിപ്പിച്ചത്. മെത്തഡിസ്റ്റ് സഭ വിട്ട് പെന്തക്കോസ്തിൽ ചേരാൻ ജിം ഭാര്യ നിർബന്ധിച്ചുകൊണ്ടിരുന്നു. ഒടുവിൽ അത് വിജയിക്കുകയും ചെയ്തു.
തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പദവിയിലും ജനശ്രദ്ധയിലും ജിം സംതൃപ്തനായിരുന്നില്ല. താനൊരു പ്രവാചകനാണെന്നും അമാനുഷിക ശക്തികളുണ്ടെന്നും ജിം സ്വയം വിശ്വസിച്ചു. പണവും പ്രശസ്തിയും അധികാരവും തന്നിലേക്ക് വന്നുചേരണമെങ്കിൽ ഏതെങ്കിലും സഭയുടെ കീഴിൽ ഒതുങ്ങി നിൽക്കാതെ താനൊരു പ്രസ്ഥാനം ആരംഭിക്കുമെന്ന് ജിം തീരുമാനിക്കുന്നത് ഈ ഘട്ടത്തിലാണ്. തുടർന്ന് 1956 ലാണ് പീപ്പിൾസ് ടെംപിൾ ചർച്ച സ്ഥാപിക്കുന്നത്. വ്യത്യസ്ത ആശയധാരകളിൽ ആകൃഷ്ടനായിരുന്ന ജിം ജോൺസ് കമ്മ്യൂണിസവും ക്രിസ്തുമതവും സോഷ്യലിസവുമെല്ലാം ഉൾപ്പെടുത്തിയാണ് പിപ്പിൾസ് ടെംപിൾ ചർച്ച് രൂപീകരിച്ചത്. ഈ സമയത്തെല്ലാം രോഗശാന്തി സുവിശേഷകനും ആഗോള രോഗശാന്തി നവോത്ഥാനത്തിലെ പെന്തക്കോസ്ത് നേതാവുമായ വില്യം ബ്രാൻഹാമുമായി ജോൺസ് സഹകരിച്ചു പ്രവർത്തിക്കുകയായിരുന്നു. ഈ കൂട്ടുകെട്ടിലൂടെ വിശ്വാസികൾക്കിടയിൽ ബ്രാൻഹാമിനുണ്ടായ സ്വാധീനം തന്റെ വളർച്ചയ്ക്കും പ്രയോജനപ്പെടുത്താൻ ജിമ്മിന് സാധിച്ചു. ജിമ്മും ബ്രാൻഹാമും ചേർന്ന് നടത്തിയ പ്രാർഥനയും ശുശ്രൂഷകളും വലിയ വിജയമായിരുന്നു. അവരുടെ ആദ്യ സംയുക്ത പ്രചാരണത്തിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്. വംശീയതയെക്കെതിരേ നിലപാട് സ്വീകരിച്ചതിനാൽ ഒരുപാട് കറുത്ത വർഗക്കാരെ ഈ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ജിമ്മിന് സാധിച്ചു. തുടക്കക്കാലത്ത് അത്ഭുത രോഗശാന്തി ചെയ്തും പാവപ്പെട്ടവർക്ക് സൗജന്യഭക്ഷണം നൽകിയും പീപ്പിൾസ് ടെംപിൾസിന്റെ സ്വാധീനം ഊട്ടിയുറപ്പിച്ചു. രാഷ്ട്രീയത്തിലെയും സമൂഹത്തിലെയും ഉന്നതരുമായി അതിലൂടെ ബന്ധം സ്ഥാപിച്ചു. 1970 കൾ ആയതോടെ പിപ്പിൾസ് ടെംപിൾസ് അമേരിക്കയിലെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. അവിടെയെല്ലാം വൃദ്ധ സദനങ്ങളും അനാഥാലയങ്ങളും സ്ഥാപിച്ച് കൂടുതൽ ജനശ്രദ്ധനേടാൻ ജിമ്മിന് കഴിഞ്ഞു. ഇതിലൂടെ മില്യൺ കണക്കിന് ഡോളറുകളാണ് സംഭാവനയായി ജിം സമാഹരിച്ചത്. തന്റെ വാക്ചാതുര്യം കൊണ്ട് വേദികളിൽ ജിം വിസ്മയം തീർത്തു. സമൂഹത്തിന്റെ വിവിധ തുറയിൽപ്പെട്ട മനുഷ്യർ ആശ്വാസം തേടി പിപ്പിൾസ് ടെംപിളിലേക്ക് ഒഴുകിയെത്തി.
പീപ്പിൾസ് ടെംപിളിന്റെ പിറവി, ക്രൂരനായ കൾട്ട് തലവനിലേക്കുള്ള പരിണാമം
പണംകൊണ്ടും പദവികൊണ്ടും രാഷ്ട്രീയത്തിലെ സ്വാധീനം കൊണ്ടും പീപ്പിൾസ്ടെംപിളിനെ വെല്ലാൻ മറ്റൊരു പ്രസ്ഥാനവും ഇല്ലാതായതോടെ ജിമ്മിനെതിരേ മറ്റു ആത്മീയസംഘടനകൾ തിരിഞ്ഞു. ഇയാളുടെ അത്ഭുത രോഗശാന്തി തട്ടിപ്പാണെന്നുള്ള ആരോപണവും ശക്തമായി. ഈ സാഹചര്യത്തിൽ തന്റെ പ്രസ്ഥാനം തകരാതെ മുന്നോട്ട് കൊണ്ടുപോകാൻ ജിം വളരെ വിചിത്രമായ വഴികളാണ് സ്വീകരിച്ചത്. സംഘടനയുടെ ചട്ടക്കൂട് ശക്തമാക്കുകയും നിയമം തെറ്റിക്കുന്ന അനുയായികളെ അതിക്രൂരമായി ശിക്ഷിക്കാനും തുടങ്ങി. മയക്കുമരുന്ന് പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ച് യുവാക്കളെ തന്റെ സ്വാധീന വലയത്തിൽ ജിം കെട്ടിയിട്ടു. തന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാൻ ആയുധനങ്ങൾ വാങ്ങി ശേഖരിക്കുകയും അതുപയോഗിക്കാൻ കഴിവുള്ള ആളുകളെ നിയമിക്കുകയും ചെയ്തു. ചുരുക്കത്തിൽ തന്റെ കീഴിൽ ജിം ഒരു സായുധസേനയെ വളർത്തികൊണ്ടുവരികയായിരുന്നു. ഒട്ടേറെ മനുഷ്യാവകാശ സംഘട്ടനങ്ങളാണ് അക്കാലത്ത് പീപ്പിൾസ് ടെംപിളിനെതിരേ ആരോപിക്കപ്പെട്ടത്. ഏതാനും അനുയായികൾ പ്രസ്ഥാനത്തിൽനിന്ന് രക്ഷപ്പെട്ട് വന്ന് തങ്ങൾ അനുഭവിച്ച പീഡനങ്ങൾ മാധ്യമസഹായത്തോടെ
പരമ്പരയായി പുറത്ത് വിട്ടു. ഇത് വലിയ ചലനമാണ് ഉണ്ടാക്കിയത്. അന്വേഷണ ഏജൻസികളുടെ റഡാറിൽ പീപ്പിൾസ് ചർച്ച് ഇടം നേടുന്നത് അതിലൂടെയാണ്.
അന്വേഷണ ഏജൻസികളെ ഭയന്ന് ഗയാനയിലേക്കുള്ള കൂടുമാറ്റം
തനിക്കുമേൽ അന്വേഷണ ഏജൻസികളുടെ നിഴൽ വീണതോടെ ഭയന്ന ജിം ജോൺസ് അമേരിക്കയിൽനിന്ന് അനുയായികളെയും കൂട്ടി ഗയാനയിലേക്ക് പലായനം ചെയ്തു. ഈ സമയത്ത് മയക്കുമരുന്നിന്റെ ഉപയോഗവും മാനസിക പ്രശ്‌നങ്ങളും ഇയാളെ രൂക്ഷമായി ബാധിച്ചു തുടങ്ങിയിരുന്നു. ലോകത്ത് ഒരു വലിയ ദുരന്തം സംഭവിക്കാൻ പോവുകയാണെന്നും ഏത് സമയത്തും തങ്ങൾ ആക്രമിക്കപ്പെടുമെന്നും ജിം വിശ്വസിച്ചു. തന്റെ അനുയായികളിൽ പലരെയും അത് ബോധ്യപ്പെടുത്താൻ ഇയാൾക്ക് കഴിഞ്ഞു. അങ്ങനെ ഗയാന സർക്കാറിന്റെ സഹായത്തോടെ 3000 ഏക്കറോളം ഭൂമി തരപ്പെടുത്തി. പീപ്പിൾസ് ടെംപിൾ അഗ്രികള്‍ച്ചറല്‍ പ്രൊജ്ക്ട് എന്നാണ് അതിനെ ജിം വിശേഷിപ്പിച്ചത്. സ്വയം പര്യാപ്തമായ ഒരു സോഷ്യലിസ്റ്റ് സ്വർഗം ആയിരുന്നു ജോൺ അവിടെ വിഭാവനം ചെയ്തത്.
ജോൺസ് ടൗണിലെ 'ഡാഡ്'
1977 ൽ ജിമ്മും അനുയായികളും കാടുപിടിച്ചിരുന്ന ആ പ്രദേശം വെട്ടിത്തെളിച്ച് കൃഷി ആരംഭിച്ചു. പിന്നീട് തനിക്കും അനുയായികൾക്കുമായി ജോൺസ് ടൗൺ എന്ന പേരിൽ ഒരു നഗരം സ്ഥാപിച്ചു. അവിടെ പാർപ്പിട സമുച്ചയങ്ങളും വിദ്യാലയവും കച്ചവട കേന്ദ്രങ്ങളും ആരംഭിച്ചു. ഇതോടെ ജോൺസ് ടൗണിൽ താമസിക്കാൻ ആളുകൾ വിവിധയിടങ്ങളിൽനിന്ന് പലായനം ചെയ്‌തെത്തി. കൂടാതെ മയക്കുമരുന്നും ആയുധങ്ങളുമെല്ലാം അവിടേക്ക് ഒഴുകിയെത്തി.
ജോൺസ് ടൗണിലെത്തിയതിന് ശേഷം ജിം അനുയായികളുടെ ഡാഡ് ആയി മാറി. ഒരു ടെലഫോണും ടെലിവിഷനും മാത്രമായിരുന്നു പുറംലോകത്തെക്കുറിച്ചറിയാൻ ജോൺസ് ടൗണിൽ ഉണ്ടായിരുന്നത്. പുറമേ നിന്നുള്ള വസ്തുക്കളൊന്നും അവിടെ ഉപയോഗിക്കാൻ അനുവാദം ഇല്ലായിരുന്നു. കൃഷിയിൽ നിന്ന് കാര്യമായ വരുമാനം ഇല്ലാതെ വരികയും ജലക്ഷാമം നേരിടുകയും ചെയ്തതോടെ ജനങ്ങൾ പട്ടിണിയിലായി. ഒരു പാക്കറ്റ് ബ്രഡും ഒരു കുപ്പി വെള്ളവുമായിരുന്നു ഓരോ കുടുംബത്തിനും ഓരോ ദിവസം ലഭിച്ചുകൊണ്ടിരുന്നത്. പോഷകാഹാരക്കുറവ്കൊണ്ട് പലരും രോഗികളായി തീർന്നു. സാംക്രമിക രോഗങ്ങൾ പടർന്നതോടെ പലരുടെയും ജീവൻ പോലും നഷ്ടമായി. ഈ പ്രതിസന്ധിയിലും പുറംലോകത്തിന്റെ സഹായം തേടില്ലെന്ന് ജിം ശഠിച്ചു.
തങ്ങളുടെ ജീവിതനിലവാരം മോശമായതോടെ ജിമ്മിനെതിരേ അനുയായികൾ പലരും പരോക്ഷമായി രംഗത്തെത്തി. അത് മണത്തറിഞ്ഞ ജിം മറ്റൊരു തന്ത്രം പ്രയോഗിച്ചു. സംശയം തോന്നുന്നവരെ രാത്രികാലങ്ങളില്‍ വിളിച്ചു വരുത്തി, വിഷമാണെന്ന വ്യാജേന ചില ദ്രാവകങ്ങൾ കുടിക്കാൻ നൽകും. ജിം പറയുന്നതെന്തും അനുസരിക്കണമെന്നാണ് ജോൺസ് ടൗണിലെ നിയമം. അത് മരിക്കാൻ പറഞ്ഞാൽ പോലും അനുസരിക്കാൻ അവർ ബാധ്യസ്ഥരാണ്. ദ്രാവകം കുടിക്കുന്നവർ തന്നോട് വിധേയത്വമുള്ളവരാണെന്നും അല്ലാത്തവർ ശത്രുക്കളാണെന്നും ജിം വിധിയെഴുതി. തന്നെ അനുസരിക്കാത്തവരെ ക്രൂരമായി ശിക്ഷിച്ചു.
പ്രശ്‌നങ്ങൾ രൂക്ഷമായതോടെ ജോൺസ് ടൗണിൽ നടക്കുന്ന വിവരങ്ങൾ പുറംലോകത്തെ അറിയിക്കാൻ ജിമ്മിന്റെ സഹായിയായ ഡെബറ ബ്ലാക്കി എന്ന യുവതി തീരുമാനിച്ചു. ജിമ്മിനെ കബളിപ്പിച്ച് ഗയാനയിലെ തലസ്ഥാനമായ ജോർജ് ടൗണിലെ ഡെബറ അമേരിക്കൻ എംബസിയിൽ അഭയം തേടി അവിടുത്തെ ഉദ്യോഗസ്ഥരോട് ജോർജ് ടൗണിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞു. ഒടുവിൽ അന്വേഷണ ഉദ്യോഗസ്ഥരെ സമീപിച്ച് ജിമ്മിനെതിരേ മൊഴി നല്‍കുകയും ചെയ്തു.
ലിയോ റയാന്റെ മരണം
മതസ്വാതന്ത്ര്യത്തിന് മേലുള്ള കൈകടത്തലുകൾ ആയി വ്യാഖ്യാനിക്കുമോ എന്ന് ഭയന്ന് തുടക്കത്തിൽ ജോൺസ് ടൗണിലെ പ്രശ്‌നങ്ങളിൽ ഇടപെടാൻ അന്വേഷണ ഏജൻസികൾ മടിച്ചു. എന്നാൽ സമ്മർദ്ദം ഏറിയതോടെ അമേരിക്കൻ കോൺഗ്രസ് അംഗം ലിയോ റയാൻ അവിടം സന്ദർശിക്കാൻ തീരുമാനിക്കുന്നു. വിമാന മാർഗം ഗയാനയിലെത്തിയ ലിയോ റയാനും സംഘവും ജോൺസ് ടൗണിലേക്ക് പ്രവേശിക്കാനുള്ള അനുമതിക്കായി കാത്ത് നിന്നു. റയാനടക്കം നാല് പേർക്കാണ് സന്ദർശനാനുമതി നൽകിയത്. ജോൺസ് ടൗണിൽ നിന്ന് രക്ഷപ്പെട്ടവർ നൽകിയ മൊഴിയും അവിടുത്തെ അന്തരീക്ഷവുമായി യാതൊരു ബന്ധവുമില്ലെന്നാണ് റയാന് തുടക്കത്തിൽ തോന്നിയത്. വളരെ സമാധാനമായ അന്തരീക്ഷം. ജോൺസ് ടൗണിലെ അംഗങ്ങളുമായി സംസാരിച്ചപ്പോഴും തങ്ങൾക്ക് സംതൃപ്തരാണെന്നും യാതൊരു കുഴപ്പവുമില്ലെന്നാണ് അവർ പറഞ്ഞത്. എന്നാൽ ഈ സമയത്തെല്ലാം തോക്കേന്തി അവിടെ ചുറ്റിത്തിരിയുന്ന കാവൽക്കാരെ കണ്ടപ്പോൾ റയാനും സംഘത്തിനും എന്തോ അപകടം മടുത്തു. ജിം സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുക്കവേ റയാന്റെ സംഘത്തിലെ ഒരാൾക്ക് ഒരു കുറിപ്പ് ലഭിച്ചു, തങ്ങൾ അപകടത്തിലാണെന്നും രക്ഷപ്പെടുത്തണമെന്നുമായിരുന്നു അതിന്റെ ഉള്ളടക്കം. ഈ കാര്യം റയാൻ ജിമ്മിനോട് പറഞ്ഞപ്പോൾ താൽപര്യമുള്ളവർ പോകട്ടേ എന്നായിരുന്നു അയാളുടെ മറുപടി. റയാനൊപ്പം പോകാൻ തയ്യാറായി പതിനഞ്ചോളം അനുയായികൾ മുന്നോട്ട് വന്നതോടെ അന്തരീക്ഷം മാറി. ജിമ്മിന്റെ ഒരു അനുയായി റയാന് നേരേ ഒരു കത്തിയുമായി കുതിച്ചു. അയാളിൽ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട റയാൻ തനിക്കൊപ്പം വരാൻ തയ്യാറായവരുമായി കിലോമീറ്ററുകൾ ദൂരെ നിർത്തിയിട്ടിരിക്കുന്ന വിമാനങ്ങൾക്ക് അരികിലേക്ക് കുതിച്ചു. രണ്ട് വിമാനങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. അതിൽ ഒരു വിമാനത്തിൽ ജോൺസ് ടൗണിൽ നിന്ന് പുറത്തുവന്നവരാണ് കയറിയത്. അക്കൂട്ടത്തിൽ ജിമ്മിന്റെ മുൻ അനുയായി ഡെബറ ബ്ലാക്കിയുടെ സഹോദൻ ലാറി ബ്ലാക്കിയും ഉണ്ടായിരുന്നു (ഡെബറയാണ് ജോൺസ് ടൗണിലെ ക്രൂരതകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തത്). വിമാനം പറന്നുയർന്നപ്പോൾ ലാറി ബ്ലാക്കി ഒരു തോക്കെടുത്ത് മറ്റുള്ളവർക്ക് നേരേ വെടിയുതിർത്തു. അപ്രതീക്ഷിതമായ ആ അക്രമണത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റു. വിമാനത്തിലെ മറ്റു യാത്രക്കാർ ലാറിയെ കീഴ്‌പ്പെടുത്തിയ ശേഷം ബന്ധനസ്ഥനാക്കി. വൈകാതെ തന്നെ ആ വിമാനം ജോർജ് ടൗണിലെത്തി. അതിനിടെ അതിദാരുണമായ ഒരു സംഭവം അരങ്ങേറി. റയാനെയും സംഘത്തെയും ലക്ഷ്യമാക്കി വലിയ വാഹനങ്ങളിൽ ആയുധങ്ങളേന്തിയ ജിമ്മിന്റെ അനുയായികൾ നിർത്തിയിട്ടിരുന്ന വിമാനത്തെ വളഞ്ഞ് തുടരെ വെടിവെച്ചു. റയാൻ അടക്കം അഞ്ചു പേർ തൽക്ഷണം അവിടെ കൊല്ലപ്പെട്ടു.
കൂട്ട ആത്മഹത്യയുടെ ആ ദിനം
റയാന്റെ മരണത്തോടെ അമേരിക്കൻ അന്വേഷണ ഏജൻസികളും സായുധസേനയും ജോൺസ് ടൗണിലേക്ക് വരുമെന്നും തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമെന്നും ജിമ്മിന് ഉറപ്പായി. അതിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ കണ്ടെത്തിയ വഴി അതിവിചിത്രമായിരുന്നു. ആത്മഹത്യ ചെയ്യുക. താൻ മാത്രമല്ല, തന്റെ അനുയായികൾ എല്ലാവരും. തുടർന്ന് വിശ്വസ്തരായ അനുയായികളോട് വീപ്പകൾ നിറയെ പൊട്ടാസ്യം സയെൈനഡുപോലുള്ള മാരക രാസവസ്തുക്കൾ ചേർത്തുകൊണ്ടുള്ള പഴച്ചാറുകൾ തയ്യാറാൻ ജിം ആവശ്യപ്പെട്ടു.
റയാന്റെ മരണവാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം ജിം ഇങ്ങനെ പറഞ്ഞു. 'അമേരിക്ക നമ്മുടെ സ്വസ്ഥമായ ജീവിതത്തെ നശിപ്പിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇനി അവർ നമ്മളെ വെറുതെ വിടില്ല. നമ്മുടെ ചെറിയ കുട്ടികളെപ്പോലും വേട്ടയാടും. നമുക്ക് സമാധാനത്തോടെ ജീവിക്കാൻ സാധിക്കില്ലെങ്കിൽ സമാധാനത്തോടെ മരിക്കാം. ഇതാ നാം ആത്മഹത്യയിലൂടെ വിപ്ലവം നടത്താൻ പോകുന്നു.' തൊട്ടുപിന്നാലെ എല്ലാവരോടും വിഷപാനീയം എടുത്ത് കുടിക്കാൻ ജിം ആഹ്വാനം ചെയ്തു. ആദ്യം കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ള കുട്ടികൾക്കാണ് വിഷം നൽകിയത്. അതിനെ എതിർത്ത ചില മാതാപിതാക്കളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി തടഞ്ഞുവച്ചു. തങ്ങളുടെ മക്കൾ മരിച്ചുവീഴുന്നത് കണ്ടുനിന്ന അവർക്ക് മറ്റൊന്നും പിന്നീട് ചെയ്യാനുണ്ടായിരുന്നില്ല. അവർ സ്വമേധയാ വിഷം എടുത്തു കുടിച്ചു. ചെറുത്തു നിന്നവർക്ക് മേൽ വിഷം കുത്തിവച്ചു. ചിലർ അഭിമാനത്തോടെയും സന്തോഷത്തോടെയും ബാരലുകൾക്ക് നേരേ നടന്ന് വിഷം കോരി കുടിച്ചു. ഈ സമയത്തെല്ലാം ജിം മൈക്കിലൂടെ തന്റെ അനുയായികളുടെ ധൈര്യത്തെ പ്രകീർത്തിച്ചുകൊണ്ടേയിരുന്നു. നിലത്തുകമിഴ്ന്ന് കിടക്കുന്ന തന്റെ അനുയായികളെ അഭിമാനത്തോടെ നോക്കി, അവരുടെ ചേതനയറ്റ ശരീരങ്ങൾ നൽകിയ നിർവൃതിയിൽ കയ്യിൽ കരുതിയിരുന്ന തോക്ക് തലയിൽ വച്ച് കാഞ്ചിയമർത്തി ജിം ജീവനൊടുക്കി. 'ദ ഗ്രേറ്റ് ഡാഡ് ഓഫ് ജോൺസ് ടൗൺ' എന്ന അധ്യായത്തിന് അതോടെ തിരശ്ശീല വീണു.
ജോൺസ് ടൗണിലെ 909 അംഗങ്ങളാണ് കൊല്ലപ്പെട്ടത്. അവരിൽ 276 കുട്ടികളും ഉൾപ്പെടുന്നു. ഗയാന പോലീസും അമേരിക്കൻ അന്വേഷണ ഏജൻസികളും ജോൺസ് ടൗണിലേക്ക് ഇരച്ചുകയറിയപ്പോൾ ഭീകരമായ ആ കാഴ്ച കണ്ട് നടുങ്ങിപ്പോയി. പിന്നീട് എഫ്ബിഐ പിന്നീട് 45 മിനിറ്റ് ദൈർഘ്യമുള്ള ജിമ്മിന്റെ ശബ്ദരേഖ കണ്ടെടുത്തു. ആത്മഹത്യ ചെയ്യാൻ അനുയായികളെ പ്രേരിപ്പിക്കുന്ന ആ ശബ്ദശകലങ്ങള്‍ പിന്നീട് 'ഡെത്ത് ടേപ്പ്' എന്നാണ് അറിയപ്പെട്ടത്
മറ്റുള്ളവരുടെ മനസ്സിന്റെ കടിഞ്ഞാൺ തങ്ങളുടെ കൈകളിലാക്കി അവരെ നിയന്ത്രിക്കാൻ പ്രത്യേക കഴിവുള്ളവരായിരിക്കും ഭൂരിഭാഗം 'കൾട്ട്' തലവൻമാരും. അന്ധവിശ്വാസങ്ങളായിരിക്കും അവരുടെ ആയുധം. അധികാരത്തിന്റെ ബലത്തിൽ അനുയായികളെകൊണ്ട് എത്ര വലിയ നീച പ്രവൃത്തി ചെയ്യാനും ഇവർക്ക് സാധിക്കും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ജിം ജോൺസ് എന്ന സ്വയം പ്രഖ്യാപിത ആൾദൈവം.
Content Highlights: Jim jones, the story of cult leader, most dangerous religious group, sins and sorrows
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..