പ്രതീകാത്മക ചിത്രം | മാതൃഭൂമി
നോയിഡ: പോലീസ് കമ്മീഷണറുടെ നമ്പറിലേക്ക് ഇന്‍കമിങ് കോളുകള്‍ ഡൈവേര്‍ട്ട് ചെയ്ത് ശല്യമുണ്ടാക്കിയ യുവാവ് അറസ്റ്റില്‍. ആഗ്ര സ്വദേശിയായ ദീപകി(20)നെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നോയിഡ പോലീസ് കമ്മീഷണര്‍ അലോക് സിങ്ങിന്റെ പി.ആര്‍.ഒ. നല്‍കിയ പരാതിയില്‍ സുരജ്പുര്‍ പോലീസാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടിയത്.
നോയിഡ പോലീസ് കമ്മീഷണറുടെ നമ്പറിലേക്ക് ഇന്‍കമിങ് കോളുകള്‍ ഡൈവേര്‍ട്ട് ചെയ്ത യുവാവ്, ട്രൂകോളറില്‍ കമ്മീഷണറുടെ ഫോട്ടോ ദുരുപയോഗം ചെയ്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് താന്‍ ഇതെല്ലാം ചെയ്തതെന്നാണ് പ്രതിയുടെ മൊഴി.
നേരത്തെ നോയിഡയില്‍ ജോലി ചെയ്തിരുന്ന യുവാവ് ഈ വര്‍ഷമാദ്യം ആഗ്രയിലേക്ക് ജോലിമാറിയിരുന്നു. ഇവിടെവെച്ച് ഒരു പെണ്‍കുട്ടിയുമായി പരിചയത്തിലായി. യുവാവിന്റെ പ്രണയാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചു. സഹോദരനോടും ഇക്കാര്യം പറഞ്ഞു. എന്നാല്‍ ഇതിനുശേഷവും യുവാവ് പെണ്‍കുട്ടിയെ ഫോണില്‍ വിളിക്കുകയും മെസേജുകള്‍ അയക്കുകയും ചെയ്തു. ശേഷം തന്റെ ഫോണിലേക്ക് വരുന്ന ഇന്‍കമിങ് കോളുകള്‍ കമ്മീഷണറുടെ നമ്പറിലേക്ക് ഡൈവേര്‍ട്ടും ചെയ്തു. ഇതോടെയാണ് നോയിഡ പോലീസ് കമ്മീഷണര്‍ക്ക് തുരുതുരാ ഫോണ്‍കോളുകള്‍ വന്നത്.
പെണ്‍കുട്ടിയെയും കുടുംബത്തെയും പേടിപ്പിക്കാനും താന്‍ വലിയ സ്വാധീനമുള്ളയാളാണെന്ന് കാണിക്കാനുമാണ് ഇന്‍കമിങ് കോളുകള്‍ ഡൈവേര്‍ട്ട് ചെയ്തതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. കോളുകള്‍ ഡൈവേര്‍ട്ട് ചെയ്തതിന് പുറമേ ട്രൂകോളര്‍ ആപ്പില്‍ കമ്മീഷണറുടെ പേരും ഫോട്ടോയുമാണ് ഇയാളുടെ നമ്പറിനൊപ്പം ചേര്‍ത്തിരുന്നതെന്നും പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള പ്രതി നിലവില്‍ തൊഴില്‍രഹിതനാണെന്നും പോലീസ് പറഞ്ഞു. യുവാവിനെതിരേ ഐ.ടി. നിയമങ്ങളടക്കം ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Content Highlights: jilted lover diverted incoming calls to police commissioner number arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..